ഭീകരവാദം ഉന്മൂലനംചെയ്ത്, സമാധാനം പുന$സ്ഥാപിച്ചതായി വൻശക്തികൾ ആഹ്ലാദംകൊണ്ട അഫ്ഗാനിസ്താനിൽനിന്നുള്ള ഏറ്റവും ഒടുവിലത്തെ വർത്തമാനം ലോകത്തെ നടുക്കുന്നതാണ്. ബുധനാഴ്ച രാവിലെ തലസ്ഥാനനഗരിയായ കാബൂളിെൻറ ഹൃദയഭാഗത്തുണ്ടായ ട്രക് ബോംബ് സ്ഫോടനത്തിൽ തൊണ്ണൂറിലേറെ പേർ കൊല്ലപ്പെടുകയും നാനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുന്നു. വിദേശ എംബസികൾ, ടെലിവിഷൻ സ്റ്റേഷനുകൾ, സ്്്റ്റാർ ഹോട്ടലുകൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന, ഭീകരവാദികൾ ഒരിക്കലും നുഴഞ്ഞുകയറാൻ സാധ്യത ഇല്ല എന്ന് ഇതുവരെ കരുതപ്പെട്ട സുരക്ഷിത മേഖലയിലാണ് ലോകത്തെ നടുക്കിയ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന സിവിലിയന്മാരാണെന്നാണ് റിപ്പോർട്ട്. വിദേശ നയതന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും ജീവഹാനിയോ പരിക്കോ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ഇന്ത്യൻ എംബസിക്കു 100 മീറ്റർ അകലെയാണ് സംഭവമെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല എന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വെളിപ്പെടുത്തിയത്. മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് ഉപയോഗിക്കുന്ന ട്രക്കിൽ സ്ഫോടകവസ്തുക്കൾ നിറച്ചാണ് ആക്രമണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. സ്ഫോടനത്തിെൻറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ അങ്ങേയറ്റം അപലപിച്ചുകൊണ്ട് താലിബാൻ നേതൃത്വം രംഗത്തുവന്നിട്ടുമുണ്ട്. റമദാൻ വ്രതം ആരംഭിച്ച ഒരു ഘട്ടത്തിൽ ഇത്രക്കും ഹീനമായ കൂട്ടക്കൊല ആസൂത്രണം ചെയ്തതിനെ അഫ്ഗാൻ ഭരണകൂടമടക്കം വിവിധ കേന്ദ്രങ്ങൾ ശക്തമായി അപലപിച്ചിട്ടുണ്ട്. സമീപകാലത്തായി അഫ്ഗാനിൽ ശക്തിപ്രാപിച്ചുവരുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളാവാം ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനിക്കപ്പെടുന്നത്.
അഫ്ഗാനിസ്താെൻറ ദുരന്തപൂർണമായ സമീപകാല ചരിത്രം ആഗോളശക്തികളുടെ സൃഷ്ടിയാണ്. 2001 സെപ്റ്റംബർ 11ന് അമേരിക്കക്കുനേരെയുണ്ടായ ഭീകരാക്രമണത്തിെൻറ ഉത്തരവാദികൾ അൽഖാഇദ നേതാവ് ഉസാമ ബിൻലാദിനും കൂട്ടരുമാണെന്ന് ആരോപിച്ച് അമേരിക്കയുടെ നേതൃത്വത്തിൽ സൈന്യം കടന്നാക്രമണം നടത്തിയത് ഉസാമയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു. മുല്ല ഉമറും അദ്ദേഹത്തിെൻറ ശിഷ്യന്മാർ നേതൃത്വം കൊടുക്കുന്ന താലിബാൻ ഭരണകൂടവും അതിന് സന്നദ്ധമാകാത്തതിെൻറ മറവിലാണ് ഏകപക്ഷീയവും സർവനാശകാരിയുമായ യുദ്ധം തുറന്നുവിടുന്നത്. നാറ്റോ സൈന്യം ഒരു പതിറ്റാണ്ട് നീണ്ട പട്ടാളഅതിക്രമത്തിലൂടെ അഫ്ഗാൻ എന്ന രാജ്യത്തെ തകർത്തെറിഞ്ഞു. അധുനാധുനിക ആയുധങ്ങൾ ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ തുടർന്ന യുദ്ധത്തിൽ എത്രലക്ഷം പേർ കൊല്ലപ്പെട്ടെന്നോ ജനസംഖ്യയുടെ എത്ര ശതമാനം അവരുടെ ജീവിതവ്യവസ്ഥയിൽനിന്ന് പിഴുതെറിയപ്പെട്ട് അഭയാർഥികളായി വലിച്ചെറിയപ്പെട്ടെന്നോ സത്യസന്ധമായ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. ചരിത്രപുരാതനമായ ആ നാട് ഒരിക്കലും പഴയപ്രതാപത്തിലേക്ക് തിരിച്ചുനടക്കാൻ സാധിക്കാത്തവിധം തകർത്തെറിയപ്പെട്ടുവെന്ന് ചുരുക്കിപ്പറയാം. അതിനിടയിൽ, ഉസാമ ബിൻലാദിനെയും മുല്ല ഉമറിനെയുമെല്ലാം വിദേശപട്ടാളം വകവരുത്തിയിട്ടും ഭീകരവാദത്തിന് അറുതികണ്ടില്ല. തങ്ങളുടെ സൈനികരുടെ ശവപ്പെട്ടികൾ രാജ്യത്തേക്ക് പ്രവഹിക്കുന്നത് അനന്തമായി നീണ്ടപ്പോൾ ആദ്യം ബ്രിട്ടനും പിന്നീട് യു.എസും അഫ്ഗാനിലെ ദൗത്യം വിജയപ്രദമായി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് സൈന്യത്തെ പിൻവലിച്ച് പ്രശ്നസങ്കീർണതയിൽനിന്ന് തലയൂരുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. അപ്പോഴും അധികാരം ജനങ്ങൾക്ക് തിരിച്ചുനൽകാനോ ജനാധിപത്യവ്യവസ്ഥ പുഷ്ടിപ്പെടുത്താനോ ക്രിയാത്മകമായി ഒന്നും ചെയ്തില്ല എന്നു മാത്രമല്ല, കാബൂളിൽ തങ്ങളുടെ ഇംഗിതങ്ങൾക്കൊത്ത് ആടാനും പാടാനും പഠിച്ച പാവകളെ മാത്രം പ്രതിഷ്ഠിക്കുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്ക് തയാറായതുമില്ല.
അങ്ങനെയാണ് 2004 തൊട്ട് 2014 വരെ ഹാമിദ് കർസായിയെയും അതിനുശേഷം അശ്റഫ് ഗനിയെയും കാബൂളിൽ കുടിയിരുത്തുന്നത്. പാശ്ചാത്യൻ കമ്പനികളുടെ തലപ്പത്തിരുന്ന് യജമാനസേവ മന$പാഠമാക്കിയവർ എന്നതിൽകവിഞ്ഞ് രാഷ്ട്രീയ ദീർഘദൃഷ്ടിയോ ഭരണപാടവമോ തെളിയിച്ചവരായിരുന്നില്ല ഇവർ. 2015ലെ ഒരു പഠനമനുസരിച്ച് ലോകത്തിലെതന്നെ ഏറ്റവും അപകടംപിടിച്ച തലസ്ഥാനനഗരി കാബൂളാണ്. ഒടുവിലത്തെ കണക്കനുസരിച്ച് രാജ്യത്തിെൻറ 30 ശതമാനവും താലിബാെൻറ അധീനതയിലാണെത്ര. ആ യാഥാർഥ്യമാകണം, ആർക്കെതിരെയാണോ ഒരു ദശകത്തിലേറെ തങ്ങൾ യുദ്ധം ചെയ്തത് അവരുമായി സന്ധിസംഭാഷണം നടത്തി ഭരണം പങ്കിടുന്നതിനെക്കുറിച്ചുപോലും ആലോചിക്കാൻ വൻശക്തികളെ നിർബന്ധിതരാക്കിയത്. താലിബാനിൽനിന്ന് വേർപെട്ടുപോയ ഒരു വിഭാഗം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദശൈലി സ്വീകരിച്ച് സജീവമായതാണ് സമീപകാലത്ത് അഫ്ഗാനിൽ സ്ഫോടനങ്ങളും കൂട്ടക്കുരുതിയും നിത്യസംഭവമാക്കിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അരനൂറ്റാണ്ടിലേെറയായി അശാന്തിയുടെ കരിനിഴലിൽ കഴിയുന്ന അഫ്ഗാനിസ്താന് കാലുഷ്യത്തിൽനിന്ന് പെട്ടെന്നൊന്നും കരകയറാൻ കഴിയില്ല എന്ന സൂചനയാണ് ബുധനാഴ്ചത്തെ സംഭവവികാസങ്ങൾ കൈമാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.