കഴിഞ്ഞ ദിവസം ബൻസാരി ശേത് എൻഡോവ്മെന്റ് പ്രഭാഷണം നിർവഹിച്ച് സുപ്രീംകോടതി മുൻ ജഡ്ജി റോഹിൻടൻ എഫ്. നരിമാൻ നടത്തിയ അഭിപ്രായപ്രകടനങ്ങൾ രാജ്യസ്നേഹികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ജനാധിപത്യത്തിന് അപായകരമായിത്തീരുന്ന ഈവർഷത്തെ നാല് സംഭവങ്ങൾ പ്രഭാഷണത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ജമ്മു-കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പുകൾ റദ്ദുചെയ്ത കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനത്തെ ശരിവെച്ച സുപ്രീംകോടതി ഉത്തരവ്, ഫെഡറൽ തത്ത്വങ്ങളിൽ എപ്രകാരം വെള്ളംചേർക്കുന്നു എന്നതായിരുന്നു ഒരു വിഷയം.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ തിരഞ്ഞെടുക്കുന്ന മൂന്നംഗ സമിതിയിൽ ചീഫ് ജസ്റ്റിസിനു പകരം കാബിനറ്റ് മന്ത്രിയെ നിർദേശിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ ബില്ലിലെ മാറ്റമായിരുന്നു മറ്റൊന്ന്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ 23 മാസത്തോളം ഒപ്പിടാതെ പിടിച്ചുവെക്കുകയും സുപ്രീംകോടതി അത് പരിഗണിക്കുന്ന ഘട്ടംവന്നപ്പോൾ അവയിലൊന്നിൽ ഒപ്പുവെച്ച് ബാക്കി ഏഴും മൊത്തമായി രാഷ്ട്രപതിക്ക് റഫർചെയ്യുകയും ചെയ്ത കേരള ഗവർണറുടെ നടപടിയാണ് മൂന്നാമത്തേത്. നാലാമത്തേത് പ്രധാനമന്ത്രി മോദിയെ കുറിച്ച ബി.ബി.സി ഡോക്യുമെന്‍ററി നിരോധിച്ച് ബി.ബി.സി ഓഫിസുകളിൽ നടത്തിയ റെയ്‌ഡുകളും.

മേൽപറഞ്ഞതിൽ ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും മൗലികമായി ബാധിക്കുന്നതായിരുന്നു ബി.ബി.സിക്കെതിരെ സ്വീകരിച്ച പ്രതികാര നടപടി. രാഷ്ട്രീയമായ അഭിപ്രായം അടങ്ങിയ പ്രമേയത്തിന്‍റെ പേരിൽ മാത്രമാണ് ‘ഇന്ത്യ-ദി മോദി ക്വസ്റ്റ്യൻ’എന്ന ബി.ബി.സി ഡോക്യുമെന്‍ററി നിരോധിക്കപ്പെട്ടത്. വീക്ഷണവൈജാത്യങ്ങളുടെ നിലനിൽപ് ജനാധിപത്യത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് എടുത്തുപറയേണ്ടതില്ല. സമൂഹ മാധ്യമങ്ങളിൽനിന്ന് അത് നീക്കംചെയ്യണമെന്ന ഉത്തരവിറങ്ങുമ്പോഴേക്കും ഇതര മാർഗങ്ങളിലൂടെ വലിയ വിഭാഗം ജനം അത് കണ്ടുകഴിഞ്ഞിരുന്നു. തുടർന്ന് വിദേശനാണ്യ വിനിമയ നിയമലംഘനം ആരോപിച്ച് ബി.ബി.സിക്കെതിരെ റെയ്‌ഡുകളും തുടർനടപടികളുമുണ്ടായി. രാജ്യത്തെ രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാൻ ആദായ നികുതി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവയെ ഉപയോഗിക്കുന്നതിനു സമാനമായിരുന്നു അത്.

അത്തരം നടപടികൾ മാധ്യമസ്വാതന്ത്ര്യത്തിനെതിരെയാണ് എന്ന് കണ്ടുകഴിഞ്ഞാൽ ഉടനെ ജുഡീഷ്യറി, എക്സിക്യൂട്ടിവിന്റെ കൈക്കുപിടിച്ച് അത് തടയണമെന്നായിരുന്നു നരിമാന്‍റെ അഭിപ്രായം. അത് പതിവു ഭരണനിർവഹണമാണെന്നും മാധ്യമ സ്ഥാപനമാണെന്ന കാരണത്താൽ രാജ്യത്തെ സാമ്പത്തിക നിയമങ്ങൾ ലംഘിക്കാൻ പറ്റില്ല എന്നുമാണ് ഇത്തരം ഘട്ടങ്ങളിൽ എപ്പോഴും സർക്കാറിൽനിന്ന് വരാറുള്ള വിശദീകരണം. എന്നാൽ, മാധ്യമങ്ങൾക്കുനേരെ നിയന്ത്രണമുണ്ടാകുമെന്ന് കാണുന്ന നിമിഷം കോടതികൾ അവയെ നുള്ളാനുള്ള ജാഗ്രത കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ പേരിലാണ് നികുതി റെയ്‌ഡ്‌ എന്നുകണ്ടാൽ അക്കാരണത്താൽതന്നെ റെയ്‌ഡ്‌ നിയമവിരുദ്ധവും ഭാരണഘടനവിരുദ്ധവുമാണെന്ന് കോടതി പറയണം. എല്ലാ റെയ്‌ഡുകളും അന്വേഷണങ്ങളും നടത്തുന്നത് രാഷ്ട്രീയ എതിരാളികളുടെയോ വിമർശിക്കുന്ന മാധ്യമങ്ങളുടെയോ ഇടങ്ങളിൽ മാത്രമാണെന്ന് വരുമ്പോൾ കോടതികൾക്ക് അത് മനസ്സിലാക്കി പ്രതികരിക്കാൻ സാധിക്കുമോ എന്നതാണ് ഇവിടെ പ്രസക്തം.

ഇതോട് ചേർത്തുവെക്കാവുന്നതാണ് കഴിഞ്ഞ ഞായറാഴ്ച ജസ്റ്റിസ് ഇ.എസ്. വെങ്കട്ടരാമയ്യ ശതാബ്ദി സ്മാരക പ്രഭാഷണത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ പരാമർശങ്ങൾ. പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്നു തോന്നുന്ന നിയമംതന്നെ ഒരു പ്രത്യേക വിഭാഗത്തിനെതിരായ മർദനോപാധികളായേക്കാമെന്ന കാര്യം കോടതികൾ അംഗീകരിച്ചതാണെന്നും യഥാർഥ തുല്യത പുലരണമെങ്കിൽ സാമൂഹികാവസ്ഥയുടെ പശ്ചാത്തലത്തിൽ അവയുടെ അനന്തരഫലങ്ങൾ മുൻകൂട്ടിക്കാണാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേവലം നിയമത്തിന്റെ അക്ഷരത്തിനപ്പുറമുള്ള നീതിയുടെ വീക്ഷണം ന്യായാധിപന്മാരെ നയിക്കണമെന്ന തത്ത്വത്തിനാണ് ചീഫ് ജസ്റ്റിസ് അടിവരയിടുന്നത്. ഭരണകൂടത്തിന്റെ നടപടികളെയും ഇതേ മാനദണ്ഡത്തിൽതന്നെ കൈകാര്യം ചെയ്യാനാകണം. ഇക്കഴിഞ്ഞ ഒരു വർഷം ഇ.ഡിയും ഇൻകം ടാക്‌സ് അധികാരികളും നടത്തിയ മുഴുവൻ റെയ്‌ഡുകളും മറ്റു നടപടികളും എന്തുകൊണ്ടാണ് ബി.ജെ.പി വിരുദ്ധ കക്ഷികൾക്കും അവരുടെ നേതാക്കൾക്കുമെതിരെ മാത്രമാകുന്നത് എന്ന സാമാന്യബുദ്ധിയുടെ ചോദ്യംതന്നെ ബന്ധപ്പെട്ട കേസുകൾ വരുമ്പോൾ കോടതികളുടെ ശ്രദ്ധയിലും വരേണ്ടതുണ്ട്.

സാമ്പത്തികവും ഭരണപരവുമായ നിയമലംഘനങ്ങൾ ആരോപിച്ച് മാധ്യമപ്രവർത്തകരുടെ അടിസ്ഥാന തൊഴിലുപകരണങ്ങളായ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പിടിച്ചെടുക്കുന്നതിനുപകരം ബലപ്രയോഗമില്ലാതെതന്നെ അന്വേഷണങ്ങൾ ആകാമെന്നിരിക്കെ, അനാവശ്യ അറസ്റ്റും പ്രഹസനങ്ങളും ഒഴിവാക്കി അന്വേഷണത്തിൽ സത്യസന്ധത ഉറപ്പുവരുത്താൻ കോടതികൾ ജാഗ്രത കാണിച്ചാൽ ഒരതിരുവരെ ഭരണകൂടത്തിന്റെ അത്യാചാരങ്ങൾക്ക് തടയിടാനാകും. അത്തരം ജാഗ്രത്തായ മാർഗങ്ങൾ അവലംബിച്ചാലേ ജനാധിപത്യത്തിന്റെ സംരക്ഷകരെന്ന മാധ്യമങ്ങളുടെ പങ്കിന് ഭരണത്തിന്റെ മൂന്നാം തൂണായ നീതിപീഠത്തിന്റെ സംരക്ഷണം ലഭിക്കൂ. ജസ്റ്റിസ് നരിമാന്‍റെ അഭിപ്രായപ്രകടനങ്ങൾക്ക് അത്തരം ചിന്തകളിലേക്ക് ന്യായാധിപന്മാരെ പ്രേരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അത്രയും ശുഭകരമാകും.

News Summary - Justice RF Nariman Statement On BBC Raids, Governors' Inactions, ECI Bill, 370 Judgment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.