കഴിഞ്ഞ അഞ്ചുവർഷമായി ആഗോളതലത്തിൽ ഭീതി പരത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദം അതിെൻറ അന്തിമദശയിലേക്ക് പ്രവേശിച്ചിരിക്കയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇറാഖിലെ സുന്നി ഭൂരിപക്ഷ നഗരവും ഒരുവേള ഐ.എസിെൻറ ശക്തികേന്ദ്രവുമായ മൂസിൽ പട്ടണം മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ലോകം ആകാംക്ഷയോടെയാണ് ശ്രവിച്ചത്. നഗരത്തിെൻറ നിയന്ത്രണം പൂർണമായും സർക്കാർ സൈന്യത്തിെൻറ നിയന്ത്രണത്തിലാണെങ്കിലും ഒറ്റപ്പെട്ട ഏറ്റുമുട്ടലുകൾ അരങ്ങേറുന്നുണ്ടെത്ര. ഇക്കഴിഞ്ഞ ജൂൺ അവസാനവാരം മൂസിലിലെ ചരിത്രപ്രധാനമായ അൽനൂരി മസ്ജിദ് തകർക്കപ്പെട്ടതോടെ ഐ.എസ് പരാജയം സമ്മതിച്ചിരിക്കയാണെന്ന് ഹൈദർ അബാദി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു. 2014 ജൂണിൽ അബൂബക്കർ ബഗ്ദാദി ഖലീഫയായി അവരോധിതനായത് ഈ പള്ളിയിൽവെച്ചായിരുന്നുവെന്നതുകൊണ്ട് പള്ളിയുടെ തകർച്ച ഖലീഫയുടെ സ്വാധീനത്തിെൻറ അന്ത്യമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. റമാദി, ഫല്ലൂജ എന്നീ പട്ടണങ്ങൾ തിരിച്ചുപിടിച്ചതിനു ശേഷമാണ് ഇറാെൻറ പരിശീലനം കിട്ടിയ മിലിഷ്യയുടെയും യു.എസ് പോർവിമാനങ്ങളുടെയും സഹായത്തോടെ ‘ഖലീഫ’യുടെ ആസ്ഥാനം പിടിച്ചെടുക്കുന്നത്. അതേസമയം, അബൂബക്കർ ബഗ്ദാദി എന്നോ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്ന റഷ്യൻ അധികൃതരുടെ ഭാഷ്യം ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് ആവർത്തിക്കുകയുണ്ടായി. അതിനിടയിൽ, ബഗ്ദാദി കഴിഞ്ഞ റമദാനിൽതന്നെ വടക്കൻ സിറിയയിലെ അൽറഖ്ഖക്ക് സമീപം അമേരിക്കൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായി ഐ.എസ് അനുകൂല അറബിക് വാർത്ത ഏജൻസി അൽഅമക് അറിയിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. ഏറ്റവുമൊടുവിൽ കിട്ടുന്ന വിവരമനുസരിച്ച് ടൈഗ്രീസിെൻറ തീരത്തെ ഹവിജ പട്ടണത്തിലേക്ക് ശേഷിക്കുന്ന ഐ.എസ് സൈനികർ നീങ്ങിയിരിക്കയാണെന്നും അബൂ ഹൈതം അൽഉബൈദിയാണ് അവർക്ക് നേതൃത്വം നൽകുന്നതെന്നും കാണുന്നു. ഹവിജക്ക് പുറമെ തൽ അഫർ, സലാഹുദ്ദീൻ പ്രവിശ്യ, അൻബർ, ദിയാല മേഖലകളും ഐ.എസിെൻറ നിയന്ത്രണത്തിലാണെത്ര.
മൂസിലിെൻറ തകർച്ചയും ബഗ്ദാദിയുടെ മരണവും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദം ഉയർത്തുന്ന വെല്ലുവിളിയിനിന്ന് ലോകത്തിനു ശമനം കാണാനാവുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പ്രതീക്ഷിക്കാനാവില്ല. കാരണം, ഐ.എസ് എന്ന പ്രഹേളികയുടെ പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചുപോലും വിരുദ്ധങ്ങളായ വിശദാംശങ്ങളാണ് ഇപ്പോഴും ‘ആധികാരിക’ ഉറവിടങ്ങളിൽനിന്നുപോലും ലഭ്യമാകുന്നത്. ലോകത്തെ ഞെട്ടിച്ച രഹസ്യ റിപ്പോർട്ടുകൾ പുറംലോകത്ത് എത്തിച്ച എഡ്വേഡ് സ്നോഡെൻറ അഭിപ്രായത്തിൽ ഇസ്രായേലിെൻറ ചാരസംഘടനയായ മൊസാദ് പരിശീലനം നൽകി വളർത്തിയെടുത്ത ഏജൻറാണെത്ര ബഗ്ദാദി. തീവ്രവാദിസംഘങ്ങളെ ഏകോപിപ്പിക്കുക എന്ന ദൗത്യമാണ് ഐ.എസിലൂടെ ഇതുവരെ നിറവേറ്റിയത്. എന്തുതന്നെയായാലും ഏത് ജനവിഭാഗത്തിെൻറ പേരിലാണോ രംഗപ്രവേശനം ചെയ്തത് ആ വിഭാഗത്തിന് സർവനാശവും വിതച്ചാണ് ഈ മനുഷ്യൻ ചരിത്രത്തിലേക്ക് വിലയം പ്രാപിച്ചതെന്ന് പശ്ചിമേഷ്യ ഇന്നകപ്പെട്ട ദാരുണാവസ്ഥ വിളിച്ചുപറയുന്നു. പത്താം നൂറ്റാണ്ട് മുതൽ സാംസ്കാരിക, വാണിജ്യ രംഗത്ത് മുന്നേറിയ മൂസിൽ നഗരം ഇന്ന് േപ്രതഭൂമിയാണ്. മനുഷ്യർക്ക് ജീവിക്കാൻ പറ്റിയ ഒരു കെട്ടിടംപോലും പോരാട്ടവീര്യം കാണിച്ച ഇരുപക്ഷവും ബാക്കിവെച്ചില്ല എന്നതാണ് സത്യം. പത്തുലക്ഷം മനുഷ്യർ അഭയാർഥികളായി മരുഭൂമിയിൽ അലയുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് യു.എൻ മനുഷ്യാവകാശ ഏജൻസികൾ വിവരിക്കുന്നു. മൂസിൽ ഐ.എസിൽനിന്ന് മോചിപ്പിക്കപ്പെട്ടതോടെ ഇറാഖിൽ സമാധാനം പുലരുമെന്ന് ആർക്കും ഗാരൻറി നൽകാനാവില്ല. മരുഭൂമിയിലേക്ക് പിൻവലിഞ്ഞ ഐ.എസ് പോരാളികൾ അവസരം തരപ്പെടുമ്പോൾ കനത്ത പ്രതികാരബുദ്ധിയോടെ തിരിച്ചുവന്നുകൂടായ്കയില്ല. 2006^10 കാലഘട്ടത്തിൽ അബൂ മുസ്അബ് അൽസർഖാവിയുടെ നേതൃത്വത്തിലുള്ള അൽഖാഇദ സംഘം തിരിച്ചുവന്നതും അബൂബക്കർ ബഗ്ദാദിയുടെ കീഴിൽ െഎ.എസായി രൂപാന്തരപ്പെട്ടതുമെല്ലാം നമ്മുടെ മുന്നിൽ മുന്നറിയിപ്പായുണ്ട്.
പോരാട്ടമുഖത്തിെൻറ സ്വഭാവം വ്യത്യസ്തമാകാമെങ്കിലും ഇറാഖിൽ ഐ.എസ് വിരുദ്ധസഖ്യം നേടിയ വിജയം സിറിയയിലും ആവർത്തിക്കപ്പെടാനുള്ള സാധ്യതയാണ് പലരും എടുത്തുകാട്ടുന്നത്. 2013 തൊട്ട് തങ്ങളുടെ ആസ്ഥാനകേന്ദ്രമായി ഐ.എസ് മാറ്റിയെടുത്ത റഖ്ഖക്ക് വേണ്ടി ഉഗ്രപോരാട്ടങ്ങൾ തുടരുകയാണ്. അതുപോലെ, കിഴക്കൻ സിറിയയിലെ ഏറ്റവും വലിയ നഗരമായ ദയ്ർ ഇസ്സക്കു വേണ്ടിയും. യു.എസ് സഹായത്തോടെ കുർദുകൾ നയിക്കുന്ന സിറിയൻ െഡമോക്രാറ്റിക് ഫോഴ്സസ് വൻ മുന്നേറ്റങ്ങൾ നടത്തുന്നുണ്ടെത്ര. എന്നാൽ, സിറിയയിൽ പോരാട്ടം സങ്കീർണമാക്കുന്നത് വിവിധ താൽപര്യങ്ങൾ ഏറ്റുമുട്ടുന്നതുകൊണ്ടാണ്. റഷ്യയുടെയും ഇറാെൻറയും പിന്തുണയുള്ള ബശ്ശാർ അൽഅസദിെൻറ സൈന്യവും അമേരിക്കയുടെയും അറബ് രാജ്യങ്ങളുടെയും പിന്തുണയുള്ള സിറിയൻ െഡമോക്രാറ്റിക് ഫോഴ്സും തമ്മിലുള്ള പോരാട്ടങ്ങൾക്കിടയിൽ കുർദുവിരുദ്ധ സമീപനവുമായി തുർക്കി തന്ത്രങ്ങൾ മെനയുന്നത് കാര്യങ്ങൾ കുഴഞ്ഞുമറിയാൻ കാരണമാകുന്നു. മൂസിൽ തിരിച്ചുപിടിച്ചതുകൊണ്ടോ ബഗ്ദാദി കൊല്ലപ്പെട്ടതുകൊണ്ടോ ഭീകരവാദവെല്ലുവിളി അവസാനിക്കുമെന്ന അമിതപ്രതീക്ഷ അസ്ഥാനത്തായിരിക്കാം. ഇത്തരം ശക്തികളെ നിലനിർത്തുന്ന സാഹചര്യവും അവക്ക് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളും മാറാത്തകാലത്തോളം സമാധാനപൂർണമായ പശ്ചിമേഷ്യയെക്കുറിച്ച് സ്വപ്നം കാണുന്നതുതന്നെ പോഴത്തമാവാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.