കേരളത്തില്‍ ആദ്യമായി സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ പൊലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നു-തന്‍െറ ഒൗദ്യോഗിക ഫോണും ഇ-മെയിലും ചോര്‍ത്തുന്നുവെന്ന്. മുഖ്യമന്ത്രിയുമായുള്ള സംഭാഷണമടക്കം ഒൗദ്യോഗിക അന്വേഷണ വിവരങ്ങള്‍വരെ ചോര്‍ത്തപ്പെട്ടിരിക്കുന്നുവെന്ന ഗൗരവതരമായ ആരോപണങ്ങളും സംശയങ്ങളുമാണ് ജേക്കബ് തോമസിന്‍െറ പരാതിയുടെ ഉള്ളടക്കം. ഒരു വിഭാഗം ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസും തമ്മില്‍ ശീതസമരത്തിലായിരിക്കെ ഈ പരാതിക്ക് ഏറെ അര്‍ഥവ്യാപ്തിയുണ്ട്. വിജിലന്‍സ് അന്വേഷണം നേരിടുന്ന ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഉപയോഗിച്ചാണ് ചോര്‍ത്തല്‍ പരിപാടി സംഘടിപ്പിച്ചതെന്നാണ് ഉപശാലാ വര്‍ത്തമാനങ്ങള്‍. അതുകൊണ്ടാണത്രെ ഡി.ജി.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നല്‍കണമെന്ന് ജേക്കബ് തോമസ് ആവശ്യമുന്നയിച്ചത്. വിജിലന്‍സ്് ഡയറക്ടര്‍ ജേക്കബ് തോമസിന്‍െറ പരാതി ശ്രദ്ധയില്‍പെട്ടിട്ടില്ളെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ പ്രഥമ പ്രതികരണം. നിയമപരമായി ഫോണ്‍ ചോര്‍ത്തണമെങ്കില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി നിര്‍ബന്ധമാണ്. ജേക്കബ് തോമസിന്‍െറ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ളെന്നാണ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ടെലിഗ്രാഫ് നിയമത്തിന്‍െറയും ഐ.ടി നിയമത്തിന്‍െറയും അടിസ്ഥാനത്തില്‍ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി പ്രകാരം ആരുടെയും ഫോണും ഇ-മെയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറുപത് ദിവസംവരെ ചോര്‍ത്താവുന്നതാണ്. പിന്നെയും ചോര്‍ത്തണമെങ്കില്‍ വീണ്ടും അപേക്ഷിക്കുകയും ആഭ്യന്തര സെക്രട്ടറിയില്‍നിന്ന് അനുമതി വാങ്ങുകയും ചെയ്യണമെന്നാണ് ചട്ടം. അടിയന്തര സാഹചര്യമാണെങ്കില്‍ ഐ.ജി റാങ്കിനു മുകളിലുള്ള ഏത് ഉദ്യോഗസ്ഥനും ആരുടെയും ഫോണ്‍ ഏഴുദിവസത്തേക്ക് ചോര്‍ത്താം. പിന്നീട് ആഭ്യന്തര സെക്രട്ടറിയില്‍നിന്ന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നിര്‍ബന്ധമായും നേടിയെടുക്കണം. അതുകൊണ്ടാണ്, ആഭ്യന്തര വകുപ്പ് അറിയാതെ ഫോണ്‍ ചോര്‍ത്താനാകില്ളെന്നും മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മുന്‍ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.
രാജ്യസുരക്ഷ, അതീവപ്രാധാന്യമുള്ള അന്വേഷണങ്ങളില്‍ ചോര്‍ത്തലല്ലാതെ മറുവഴിയില്ലാതാകുന്ന അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ മാത്രമേ ഫോണ്‍ ചോര്‍ത്തലിന് അനുമതി നല്‍കാവൂ എന്നാണ് വ്യവസ്ഥയെങ്കിലും പൗരന്മാരുടെ സ്വകാര്യതകളിലേക്ക് ഭരണകൂടവും പൊലീസ് സംവിധാനവും ലാഘവത്തോടെ, നിയമവിരുദ്ധമായി നിരന്തരം ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നത് സര്‍വസാധാരണമാണ്. ടെലിഫോണ്‍, ഇ-മെയില്‍ ടെക്സ്റ്റുകള്‍, വോയ്സ് മെസേജുകള്‍ എന്നിവ ചോര്‍ത്തിക്കൊടുക്കുന്ന സാങ്കേതിക വിദ്യകളുടെയും അത് ചെയ്തുകൊടുക്കുന്ന ഏജന്‍സികളുടെയും പ്രധാന ഗുണഭോക്താക്കള്‍ ഇപ്പോള്‍ ഭരണകൂടങ്ങളാണ്. സൈബര്‍ കുറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന്‍െറയും ഹാക്കര്‍മാരെ പ്രതിരോധിക്കുന്നതിന്‍െറയും മറവില്‍ പൊലീസ് സഹകരണത്തോടെ തിരുവനന്തപുരത്ത് ഫോണ്‍ ചോര്‍ത്തലുകളും ഇ-മെയില്‍ നിരീക്ഷണങ്ങളും നിയമവിധേയമല്ലാതെ നടക്കുന്നതിന്‍െറ തെളിവുകള്‍ നേരത്തേതന്നെ പുറത്തുവന്നതാണ്്. അതിപ്പോള്‍ വിജിലന്‍സ് ഡയറക്ടറുടെ ഒൗദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തുന്നിടത്തേക്ക് വരെ എത്തിയിരിക്കുന്നുവെന്നും ലജ്ജാകരമായ ഉദ്യോഗസ്പര്‍ധ തീര്‍ക്കാനുള്ള ഉപകരണമാക്കിയിരിക്കുന്നുവെന്നും തെളിയിക്കുകയാണ് വിജിലന്‍സ് മേധാവിയുടെ പരാതി.
ഫോണ്‍ ചോര്‍ത്തല്‍ നടപടി അവലോകനം ചെയ്യാന്‍ ആഭ്യന്തര സെക്രട്ടറി, പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിയും വിലയിരുത്തല്‍ യോഗവുമൊക്കെ ഉണ്ടായിട്ടും അതിലൊരാളുടെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതി ലാഘവബുദ്ധിയോടെ കാണാന്‍ പാടുള്ളതല്ല. ഭരണനിര്‍വഹണരംഗത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള പോര് ഒൗദ്യോഗിക രേഖകള്‍ ചോര്‍ത്തുന്നതിലേക്കും ഭരണരംഗത്തിന് അപമാനകരമാകും വിധമുള്ള കുറ്റകൃത്യനിര്‍വഹണത്തിലേക്ക് ആപതിച്ചതും ഞെട്ടിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ, പരാതി വാസ്തവമാണെങ്കില്‍ സംശയത്തിന്‍െറ ഇരുളില്‍ നില്‍ക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നത്.
അതല്ല, പരാതി അവാസ്തവമാണെങ്കില്‍ ഭരണനിര്‍വഹണ രംഗത്ത് ഉദ്യോഗസ്ഥ പാരസ്പര്യത്തിന്‍െറ പ്രതിച്ഛായ പൊതുമണ്ഡലത്തില്‍ തകര്‍ത്തുകളഞ്ഞതിനും പൊലീസ് സംവിധാനത്തിന്‍െറ വിശ്വാസ്യത കെടുത്തിക്കളഞ്ഞതിനും വിജിലന്‍സ് ഡയറക്ടര്‍ നടപടിക്ക് വിധേയമാകേണ്ടതാണ്. ഭരണനിര്‍വഹണ രംഗത്തിന്‍െറ സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും ജാഗ്രതയോടെ ഇടപെടേണ്ട സമയമിതാണ്. അഴിമതിക്കാരും തന്‍പ്രമാണിമാരുമായ ഉദ്യോഗസ്ഥ ലോബികളെ നിലക്കുനിര്‍ത്താനും കളങ്കിതമായ ഉന്നതോദ്യോഗസ്ഥമേഖല ശുദ്ധീകരിക്കാനുമുള്ള ഉചിതസന്ദര്‍ഭമാണിതെന്ന യാഥാര്‍ഥ്യത്തെ ദൃഢപ്പെടുത്തുന്നതുമാണ് ലജ്ജാകരമായ ഈ ഉദ്യോഗപ്പോര്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.