അവസാനത്തെ തലനാരിഴവരെയും വിട്ടുകൊടുക്കാതെ പൊരുതും എന്നായിരുന്നു പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ വീരവാദം. തലയെണ്ണമനുസരിച്ച് ഇംറാന്‍റെ തലയുരുളാൻ മതിയായ ഭൂരിപക്ഷമുണ്ടെന്നുറപ്പിച്ച പ്രതിപക്ഷത്തെയും രാഷ്ട്രീയനിരീക്ഷകരെയും ഒരുപോലെ സ്തബ്ധരാക്കിയാണ് ഞായറാഴ്ച അവിശ്വാസപ്രമേയത്തെ 'അതിജീവിച്ച്' പാക് പ്രധാനമന്ത്രി അതിശയനായത്. അവിശ്വാസം പാസായാൽ പ്രധാനമന്ത്രിസ്ഥാനത്തേക്കു പകരക്കാരനെവരെ കണ്ടുവെച്ചു ഇറങ്ങിയ പ്രതിപക്ഷത്തെ കളിയെ വെല്ലുന്ന കരുനീക്കങ്ങളിലൂടെ ഈ മുൻ ക്രിക്കറ്റർ അടിച്ചു പറത്തി.
ഈ വിജയത്തിന്‍റെ ആയുസ്സ് നിർണയിക്കേണ്ടത് സുപ്രീംകോടതിയാണ്. ആഭ്യന്തര രാഷ്ട്രീയപ്രതിയോഗികളെ കൈകാര്യം ചെയ്യാനുള്ള ഉത്സാഹത്തിൽ നടത്തിയ കൈവിട്ട കളികൾക്ക് ആ രാജ്യം എന്തു വില നൽകേണ്ടിവരും എന്ന കാര്യവും കാണാനിരിക്കുന്നേയുള്ളൂ. പ്രതിപക്ഷത്തിനു മുന്നിൽ മുട്ടുമടക്കില്ലെന്ന പിടിവാശിയിൽ തൽക്കാലം ഇംറാൻ ജയിച്ചുനിൽക്കുകയാണ്.
ദേശീയ അസംബ്ലി പിരിച്ചുവിട്ട് ജനവിധി തേടാനുള്ള തീരുമാനത്തോടെ എതിരാളികളെ അദ്ദേഹം വെട്ടിലാക്കി. പിന്തുണക്കുവേണ്ടി ജനകീയ കോടതിയിലേക്കു പോകാൻ ജനാധിപത്യവാദികൾക്കെന്താണിത്ര മടി എന്ന ചോദ്യം പ്രതിപക്ഷത്തിനുള്ള വായടപ്പനാണ്. ജയിച്ചുനിൽക്കുന്ന ഇംറാനെ പിടിച്ചുകെട്ടാനാവില്ലെന്നറിയാവുന്നതിനാൽ പ്രതിയോഗികൾ മുഴുക്കെ സുപ്രീംകോടതിയുടെ 'നീതിപൂർവകമായ' ഇടപെടലിനു കാത്തുനിൽക്കുകയാണ്.
ഒമ്പതംഗ പ്രതിപക്ഷസഖ്യമായ പാകിസ്താൻ ഡെമോക്രാറ്റിക് മൂവ്മെന്‍റ് മാർച്ച് എട്ടിനാണ് അവിശ്വാസപ്രമേയത്തിനു നോട്ടീസ് നൽകുന്നത്. സാധാരണഗതിയിൽ ഭരണകക്ഷിയുടെ സ്വാധീനം ഉപയോഗിച്ച് പ്രതിപക്ഷനിരയിൽ വിള്ളലുണ്ടാക്കി അവിശ്വാസത്തെ അതിജീവിക്കുകയാണ് പതിവ്. 1989ൽ ബേനസീർ ഭുട്ടോയും 2006ൽ ശൗക്കത്ത് അസീസും അവിശ്വാസപ്രമേയത്തെ മറികടന്നിരുന്നു. എന്നാൽ, ഇത്തവണ ഇംറാന് പാളയത്തിൽ പടയായിരുന്നു മുഖ്യഭീഷണി.
ഭരണകക്ഷിയിൽനിന്നു രണ്ടു ഡസനോളം പേർ മറുകണ്ടം ചാടി. കൂറുമാറിയവർക്ക് ആജീവനാന്ത അയോഗ്യത കൽപിച്ചെടുക്കാനായി കോടതിയെ സമീപിക്കാനുള്ള നീക്കം പരാജയസാധ്യത വർധിച്ചുവന്ന പശ്ചാത്തലത്തിൽ കൈയൊഴിഞ്ഞു. അതിൽ പിന്നെ പ്രതിപക്ഷത്തെ പരാജയപ്പെടുത്താനുള്ള തന്ത്രം മെനയുകയായിരുന്നു.
റഷ്യയോടും ചൈനയോടും അടുപ്പം കാണിച്ചതു പിടിക്കാത്ത അമേരിക്കയും യൂറോപ്യൻ യൂനിയനും തന്നെ അധികാരഭ്രഷ്ടനാക്കാൻ ശ്രമിക്കുകയാണെന്ന ഗൂഢാലോചന ആരോപണമായിരുന്നു പിന്നെ. ഇംറാൻ ഖാൻ അവിശ്വാസത്തെ അതിജീവിച്ചാൽ പാകിസ്താനിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അമേരിക്കയുടെ, ദക്ഷിണ മധ്യേഷ്യൻ കാര്യങ്ങൾക്കായുള്ള അസി. സ്റ്റേറ്റ് സെക്രട്ടറി ഡോണൾഡ് ലൂ, പാക് നയതന്ത്ര പ്രതിനിധിയെ അറിയിച്ചതായി ലഭിച്ച കേബിൾ സന്ദേശമാണ് വിദേശ ഇടപെടലും ഗൂഢാലോചനയുമായി ഇംറാൻ വ്യാഖ്യാനിച്ചത്.
കേവലം ഒരു രാഷ്ട്രീയാരോപണം എന്ന നിലയിലാണ് ആദ്യമൊക്കെ അത് വിലയിരുത്തപ്പെട്ടതെങ്കിലും പിന്നീട് കാര്യം ഗുരുതരമായി. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാജ്യത്തെ ഉന്നത സിവിൽ-സൈനികവേദിയായ ദേശീയ സുരക്ഷ സമിതി (എൻ.എസ്.സി) യോഗം ചേർന്ന് നയതന്ത്രതലത്തിൽ അമേരിക്കക്ക് ചുട്ട മറുപടികൊടുക്കാൻ തീരുമാനിച്ചു. അമേരിക്കൻ ഉദ്യോഗസ്ഥനും നയതന്ത്രപ്രതിനിധിയും തമ്മിൽ നടന്ന അനൗപചാരിക വർത്തമാനം മാത്രമാണിതെന്നും ഗൂഢാലോചനയിലേക്കു വലിച്ചുനീട്ടാവുന്നതായി ഒന്നും അതിൽ ഇല്ലെന്നും നേരത്തേ രാഷ്ട്രീയനിരീക്ഷകർ വെളിപ്പെടുത്തിയതാണ്.
എന്നാൽ, കഴിഞ്ഞ ദിവസം അവിശ്വാസപ്രമേയ നോട്ടീസ് കൈപ്പറ്റിയ കാര്യം ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചയുടൻ വാർത്താപ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി ഈ വാദവുമായി ചാടിയെണീറ്റു. പാക് ഭരണഘടനയുടെ അഞ്ചാം ഖണ്ഡിക പ്രകാരം ദേശക്കൂറ് ഓരോ പൗരന്‍റെയും അടിസ്ഥാനഗുണമായിരിക്കണമെന്നും സർക്കാറിനെ പുറന്തള്ളാൻ വിദേശ ഗൂഢാലോചന നടക്കുന്നുവെന്നും അതിന്‍റെ ഭാഗമാണ് പ്രമേയമെന്നും വാദിച്ചു.
പ്രമേയത്തിന്‍റെ ഭരണഘടനാ സാധുത വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതു മുഖവിലക്കെടുത്ത ഡെപ്യൂട്ടി സ്പീക്കർ പ്രമേയം തള്ളിക്കളഞ്ഞു. ഉടനെ പ്രസിഡന്‍റിനെ കണ്ട് ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രധാനമന്ത്രി ശിപാർശ ചെയ്തു. അദ്ദേഹം ഉടനെ അത് അംഗീകരിച്ച് ഉത്തരവിടുകയും ചെയ്തു.
ഒരു കോടി തൊഴിൽ, അരക്കോടി പാർപ്പിടം, വിലക്കയറ്റം പിടിച്ചുനിർത്തൽ തുടങ്ങി ഒരുപിടി വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ ഇംറാൻ സർക്കാർ നാലു വർഷം കഴിയുമ്പോൾ രാജ്യത്തെ 7.80 കോടി ജനങ്ങൾ ദാരിദ്ര്യരേഖക്കു താഴെ എന്ന ദയനീയനിലയിലാണ്. ഭരണരംഗത്തെ വീഴ്ചകളെ ബാഹ്യശക്തികളുടെ ഭീഷണി കാണിച്ചു അടക്കിനിർത്തുക എന്ന മുൻഗാമികളുടെ രീതിതന്നെയാണ് ഇംറാനും സ്വീകരിച്ചത്. അത് അൽപം കൂടി കടന്നു പ്രത്യക്ഷ അമേരിക്കൻവിരോധത്തിലേക്കും അതിനെ ചുറ്റിപ്പറ്റിയ ഗൂഢാലോചന സിദ്ധാന്തങ്ങളിലേക്കും നീണ്ടു.
ആ ഗൂഢാലോചനയിൽ പ്രതിപക്ഷം കക്ഷിചേർന്നു എന്നാരോപിക്കുന്നതിലൂടെ രാഷ്ട്രീയപ്രതിയോഗികൾക്കുമേൽ മൊത്തമായി ദേശദ്രോഹത്തിന്‍റെ താറടിക്കുകയാണ് ഇംറാൻ ചെയ്തത്. ഒരു അനൗപചാരിക നയതന്ത്ര കേബിൾ സന്ദേശം ഊതിവീർപ്പിച്ചതിലൂടെ രാഷ്ട്രാന്തരീയ നയതന്ത്രങ്ങളിൽ പാലിക്കേണ്ട സാമാന്യമര്യാദയാണ് അദ്ദേഹം ലംഘിച്ചത്. എന്നാൽ, ഇംറാന് ഇപ്പോൾ ഇതൊന്നുമല്ല കാര്യം.
അദ്ദേഹത്തിനു അങ്കം ജയിച്ചേ തീരൂ. അവസാന ഓവറിലെ പരിമിതമായ പന്തുകളിൽ എതിരാളിയുടെ കുറ്റി തെറിപ്പിക്കേണ്ട ക്രിക്കറ്റ് ക്രീസിലെ പഴയ പരാക്രമ മൂഡിലാണിപ്പോൾ പഴയ പാക് ക്യാപ്റ്റൻ. എന്നാൽ, രാഷ്ട്രീയഗോദയിൽ തെറിക്കുന്നത് ഇംറാനോ, പ്രതിപക്ഷമോ എന്ന് ഇനി കോടതി വിധിപറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.