മ​ക​നെ ന​ഷ്​​ട​പ്പെ​ട്ട ഒ​രു മാ​താ​വും ഭ​ര​ണ​കൂ​ട​വും

പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിെൻറ നേതൃത്വത്തിലെ ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റെടുത്തതിെൻറ അറുപതാം വാർഷികദിനമായിരുന്നു ഇന്നലെ (ബുധൻ). അതിെൻറ പ്രസക്തിയും പ്രാധാന്യവും പ്രതിപാദിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ ഇന്നലെ എഴുതിയ ലേഖനത്തിൽ ഇങ്ങനെ വായിക്കാം: ‘അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ന്യായമായ സമരങ്ങൾ നടത്തുമ്പോൾ അതിനെ അടിച്ചമർത്താനുള്ള ഉപകരണമായി പൊലീസിനെ ഉപയോഗിക്കില്ലെന്ന് ഇ.എം.എസ് മന്ത്രിസഭ പ്രഖ്യാപിച്ചു. പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാർക്ക് ഇരിക്കാൻ ഒരു ബെഞ്ച് എല്ലാ സ്റ്റേഷനിലും ഇട്ട പരിഷ്കാരവും ഈ സർക്കാറിേൻറതായിരുന്നു’. പൊലീസ് സ്റ്റേഷനിൽ വരുന്നവർക്ക് ഇരിക്കാൻ ബെഞ്ച് ഇടാനുള്ള തീരുമാനം ഒരു സർക്കാറിെൻറ പ്രധാനപ്പെട്ട നയപരമായ തീരുമാനമാകുന്നത് ഇന്ന് ആലോചിക്കുമ്പോൾ നിസ്സാരമായി തോന്നിയേക്കാം.

പക്ഷേ, പൊലീസിനെക്കുറിച്ച ജനകീയവും ജനാധിപത്യപരവുമായ കാഴ്ചപ്പാട് വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത്, ഇ.എം.എസ് സർക്കാർ അങ്ങനെയൊരു തീരുമാനമെടുത്തത് ചരിത്രപ്രധാനം തന്നെയാണ്. മുതലാളിത്ത അധികാരഘടനയുടെ മർദനോപകരണം മാത്രമാണ് പൊലീസ് എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്. അത്തരമൊരു വ്യവസ്ഥക്കകത്ത് പ്രവർത്തിക്കുന്ന ഇടതുപക്ഷ സർക്കാർ വലിയ സൂക്ഷ്മതയോടെയായിരിക്കണം പൊലീസ് സംവിധാനത്തെ കാണേണ്ടത് എന്ന നിലപാട് അവർക്കുണ്ടായിരുന്നു. ആ ചിന്തയിൽനിന്നാണ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാർക്ക് ഇരിക്കാൻ ബെഞ്ച് എന്ന തീരുമാനം സർക്കാർ എടുക്കുന്നത്. എന്നാൽ, ഇവിടെ വിഷയം അതല്ല. ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ മന്ത്രിസഭയുടെ അറുപതാം വാർഷികം ആഘോഷിക്കുന്ന ദിവസം തന്നെയാണ് മകനെ നഷ്ടപ്പെട്ടതിൽ വേദനിക്കുന്ന, പരാതിക്കാരിയായ ഒരു മാതാവിനെ പൊലീസ് ആസ്ഥാനത്തിന് പുറത്ത് പൊലീസ് ദയാരഹിതമായി വലിച്ചിഴക്കുന്നതും അത് വലിയ വാർത്തയും വിവാദവുമാകുന്നതും.

89 ദിവസം മുമ്പാണ് കോഴിക്കോട് വളയം സ്വദേശിയായ ജിഷ്ണു പ്രണോയി എന്ന വിദ്യാർഥി തൃശൂർ പാമ്പാടി നെഹ്റു കോളജിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. കോളജ് മാനേജ്മെൻറിെൻറ ക്രൂരമായ നടപടികളിൽ മനംനൊന്ത ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്നാണ് കരുതപ്പെടുന്നത്. ജിഷ്ണുവിനെ കൊല്ലുകയായിരുന്നുവെന്നാണ് അവെൻറ മാതാവ് മഹിജയടക്കമുള്ള ബന്ധുക്കൾ ആരോപിക്കുന്നത്. എന്തു തന്നെയായാലും അവെൻറ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയെന്നത് പ്രാഥമിക നീതിയാണ്. എന്നാൽ, ഈ വിഷയത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് തുടക്കം മുതലേ തികഞ്ഞ അലംഭാവമാണ് ഉണ്ടായത്. പ്രതികൾക്ക് എളുപ്പത്തിൽ മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യമാകുന്നതരത്തിലാണ് കുറ്റപത്രം തയാറാക്കപ്പെട്ടതെന്നതാണ് ഒരു വിമർശനം. മുൻകൂർ ജാമ്യം ലഭിച്ചിട്ടില്ലാത്ത പ്രതികളെയും അറസ്റ്റ് ചെയ്യാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സ്ഥാപന മാനേജ്മെൻറിെൻറ സ്വാധീനവലയത്തിലാണ് പൊലീസും സർക്കാറും ഭരണകക്ഷിയുമെന്നതാണ് ഇതിെൻറ കാരണമെന്നാണ് വിമർശകർ പറയുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമിതാണ്: ജിഷ്ണു പ്രണോയ് വിഷയത്തിൽ പൊലീസിന് വീഴ്ച വന്നിട്ടുണ്ട്. പ്രതികളോട് ഭരണകൂടം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പരാതിയിൽ കഴമ്പുണ്ട്.

പൊലീസിെൻറ ഈ നിലപാടിനെതിരെ ജിഷ്ണുവിെൻറ ബന്ധുക്കൾ തുടക്കം മുതലേ ശക്തമായി രംഗത്തുണ്ടായിരുന്നു. നിരവധിതവണ അവർ പരാതികൾ ഉന്നയിച്ചു. തങ്ങളുടെ പരാതി വേണ്ടവിധം സ്വീകരിക്കപ്പെടുന്നില്ലെന്ന് കണ്ടപ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ആസ്ഥാനത്ത് ജിഷ്ണുവിെൻറ മാതാവും സംഘവും പ്രതിഷേധവുമായി എത്തുന്നത്. എന്നാൽ, പൊലീസ് അവരോട് സ്വീകരിച്ച സമീപനം കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നത് തന്നെയാണ്.
ജിഷ്ണുവിേൻറത് സി.പി.എം അനുഭാവ കുടുംബമാണ്. അവരെ ആരെങ്കിലും പിന്നിൽനിന്ന് നിയന്ത്രിക്കുകയാണെന്ന് കരുതാൻ ന്യായമില്ല. അവർ ഇടതു തീവ്രവാദികളാൽ വഴിതെറ്റിക്കപ്പെട്ടതാണെന്ന് സി.പി.എം എം.എൽ.എ പറഞ്ഞത് വിവരക്കേടായി മാത്രമേ കാണാൻ കഴിയൂ. ജനകീയ ആവശ്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിലെ ആ പാർട്ടിയുടെ അജ്ഞതയാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം.

ജിഷ്ണുവിെൻറ മാതാവിനോട് പൊലീസിെൻറ ഭാഗത്തുനിന്നുണ്ടായ സമീപനം പ്രതിപക്ഷം വലിയ വിഷയമാക്കിയെടുത്തിട്ടുണ്ട്. അത് സ്വാഭാവികം. സി.പി.എമ്മാണ് പ്രതിപക്ഷത്തെങ്കിൽ അവരും ഇതുപോലെയോ ഇതിലും രൂക്ഷമായോ ആണ് പ്രതികരിക്കുകയെന്നതും സ്വാഭാവികമാണ്. അതേസമയം, മുള്ളു കൊണ്ട് എടുക്കേണ്ട കാര്യങ്ങളെ തൂമ്പ കൊണ്ട് എടുക്കുന്ന സമീപനം സർക്കാർ സ്വീകരിക്കരുതായിരുന്നു. അൽപം കൂടി ഔചിത്യത്തോടെ പെരുമാറാൻ പൊലീസിന് സാധിക്കേണ്ടതായിരുന്നു. അതുണ്ടായില്ല. അതിെൻറ പഴി സർക്കാർ കേൾക്കേണ്ടിവരും. എന്നല്ല, ഇനിയുള്ള കാലം ആ മാതാവിനെ വലിച്ചിഴക്കുന്ന ദൃശ്യങ്ങൾ പിണറായി വിജയൻ സർക്കാറിനെ വേട്ടയാടിക്കൊണ്ടിരിക്കുകയും ചെയ്യും.

മുമ്പ് പലതവണ ഈ കോളത്തിൽ സൂചിപ്പിച്ചതുപോലെ, സംസ്ഥാന ആഭ്യന്തരവകുപ്പ് വലിയ പരാജയമായി മാറിക്കഴിഞ്ഞിരിക്കുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിതന്നെ ഇക്കാര്യം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് ഇന്നലത്തെ സംഭവം തെളിയിക്കുന്നത്. അൽപം കൂടി മര്യാദയും പ്രഫഷനൽ മികവുമുള്ള പൊലീസ് സംവിധാനം എന്നാണ് നമുക്ക് കാണാൻ സാധിക്കുക?

Tags:    
News Summary - first ministry in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.