സംേഝാത എക്സ്പ്രസ് സ്ഫോടനക്കേസിൽ എൻ.െഎ.എ കോടതിയുടെ വിധി ന്യായത്തിലെ പരാമർശങ്ങൾ ഇന്ത്യൻ ജുഡീഷ്യറിയുടെ കനത്ത പരാജയത ്തെപ്പറ്റിയുള്ള സത്യസന്ധമായ ഏറ്റുപറച്ചിൽകൂടിയാണ്. കേസിെൻറ ഗ തി വിശകലനം ചെയ്തുകൊണ്ട് കഴിഞ്ഞയാഴ്ച ഞങ്ങൾ ‘ആവിയായിപ്പോകു ന്ന കാവിഭീകരതാ കേസുകളെ’പ്പറ്റിയും അവക്കു പിന്നിലെ അധോഭരണകൂട ത്തെ (ഡീപ് സ്റ്റേറ്റ്)പറ്റിയും എഴുതിയിരുന്നു. എന്നാൽ, ഇപ്പോൾ പരസ്യപ്പെടുത്തിയ പൂർണ വിധിന്യായത്തിൽ പ്രോസിക്യൂഷെൻറ പരാജയം കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്; കരുതിക്കൂട്ടി കേസ് തോൽക്കുകയാണ് ഇതിൽ നടന്നതെന്ന് േകാടതി വെട്ടിത്തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും വരികൾക്കിടയിൽ ആ ആരോപണവും ധ്വനിക്കുന്നുണ്ട്. ഏതുനിലക്കും ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന് പറ്റിയിരിക്കുന്നത് ഒറ്റപ്പെട്ട അപഭ്രംശമല്ലെന്നും അടിസ്ഥാനപരമായ രോഗബാധയാണെന്നുമാണ് ഉത്തരവാദപ്പെട്ട ജഡ്ജിയുടെ വിധിയിൽ സൂചിപ്പിക്കുന്നത്. ഇത് ഗൗരവത്തിലുള്ള പരിഗണനയർഹിക്കുന്നുണ്ട്; പ്രത്യേകിച്ച് സമാനമായ മറ്റു ചില കേസുകളിൽ ജഡ്ജിമാർ പറഞ്ഞതിെൻറ ആവർത്തനം ഇതിലും കാണുേമ്പാൾ.
എൻ.െഎ.എ കോടതി ജഡ്ജി ജഗദീപ് സിങ് കുറിക്കുന്നു, കടുത്ത മനോവ്യഥയോടെയാണ് താൻ പ്രതികളെ കുറ്റമുക്തരാക്കിക്കൊണ്ട് വിധിപറയുന്നതെന്ന്. നിയമാനുസൃതം അംഗീകരിക്കാവുന്ന തെളിവുകൾ പ്രോസിക്യൂഷൻ സമർപ്പിച്ചില്ല. ‘‘മതിയായ തെളിവുകൾ കിട്ടാതെ ഹീനമായ കുറ്റകൃത്യം തീർപ്പാക്കേണ്ടിവരുന്നത് മനോവ്യഥയുണ്ടാക്കുന്നു.’’ സ്ഫോടനത്തിൽ കൊല്ലപ്പെട്ട 68 പേരോടും കുടുംബങ്ങളോടുമുള്ള പാതകവും നീതിന്യായത്തെ അട്ടിമറിക്കലുമാണിത്. തെളിവ് ശേഖരിക്കാതിരിക്കലും ഉള്ളത് നശിപ്പിക്കലും സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും മൊഴി മാറ്റൽ, ന്യായരഹിതമായ കാലവിളംബം, വിവിധ കേസുകളിലെ കുറ്റവാളികൾ സ്ഥിരമായി വെറുതെ വിട്ടയക്കപ്പെടുന്ന സ്ഥിതിവിശേഷവും ശിക്ഷാമുക്തി (ഇംപ്യൂണിറ്റി)യും -ഇതെല്ലാം ചേർന്ന് ജുഡീഷ്യറിയെ പരിഹാസപാത്രമാക്കുന്നു. ആസൂത്രിതമായി ഭീകരാക്രമണങ്ങളും മർദനങ്ങളും സംഘടിപ്പിക്കുന്നവർക്ക് ഭരണസംവിധാനങ്ങൾതന്നെ പിന്തുണ നൽകുേമ്പാൾ പ്രോസിക്യൂഷൻ എന്നത് കുറ്റം തെളിയിക്കാനുള്ള ഉപാധി അല്ലാതാകും; പകരം കുറ്റവാളികളെ രക്ഷപ്പെടുത്തുന്ന സംവിധാനമാകും. അടുത്തകാലത്ത് സമാനമായ പല കേസുകളിലും സംഭവിച്ചത് അതാണ്. അവയിലൊന്നും അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ മുന്നോട്ടുവന്നിട്ടുമില്ല.
സംേഝാത കേസിൽ സ്വാമി അസിമാനന്ദ അടക്കം എല്ലാ പ്രതികളും കുറ്റമുക്തരാക്കപ്പെടാൻ ഇടയായതെങ്ങനെയെന്ന് ജഡ്ജി ജഗദീപ് സിങ് പറയുന്നുണ്ട്. കൊലപാതകം, ഗൂഢാലോചന, സ്ഫോടകവസ്തു നിയമത്തിെൻറയും റെയിൽവേ ചട്ടങ്ങളുടെയും ലംഘനം തുടങ്ങിയവയാണ് ചുമത്തിയ കുറ്റങ്ങൾ. എന്നാൽ, അതിവിദഗ്ധരെന്നറിയപ്പെടുന്ന എൻ.െഎ.എ അന്വേഷകർക്ക്, കുറ്റവാളികളുടെ ഉദ്ദേശ്യം സ്ഥാപിക്കാവുന്ന ഒരൽപം തെളിവുപോലും കണ്ടെത്താനായില്ല; ബോംബ് വസ്തുക്കൾ എവിടെനിന്ന്, എങ്ങനെ കിട്ടി എന്ന് കണ്ടെത്തിയില്ല; ആര് ശേഖരിച്ചു എന്ന് മനസ്സിലായില്ല; സ്ഫോടകവസ്തുക്കൾകൊണ്ട് ആരാണ് ബോംബ് നിർമിച്ചതെന്നറിയില്ല; തീവണ്ടിയിൽ ആര് കൊണ്ടുവെച്ചു എന്നറിയില്ല. ആകെക്കൂടി എൻ.െഎ.എ കൊടുത്തത് നിയമത്തിൽ നിലനിൽക്കാത്ത കുറെ പ്രസ്താവനകൾ മാത്രം. വസ്തുതകളില്ല, തെളിവുരേഖകളില്ല; തൊണ്ടികളില്ല. ഫലം, അനേകം പേരെ കരുതിക്കൂട്ടി കൊന്ന ഭീകരർക്ക് ശിക്ഷയില്ല. ഇങ്ങനെ കേസ് തോൽക്കാൻ പാകത്തിൽ തെളിവുകൾ ഇല്ലാതാക്കുന്നതു മാത്രമല്ല തന്ത്രം. ജഡ്ജി ചൂണ്ടിക്കാട്ടിയപോലെ, അനേകം സാക്ഷികൾ വിചാരണവേളയിൽ കൂറുമാറി. സാക്ഷികളെ സംരക്ഷിക്കാൻ നിയമവും സംവിധാനങ്ങളും അത്യാവശ്യമാണെന്ന് സുപ്രീംകോടതി പലകുറി നിർദേശിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നില്ല. ഒട്ടനേകം കേസുകളിൽ സാക്ഷികൾ ഒന്നൊന്നായി കോടതിയിൽ മൊഴിമാറ്റി പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതുണ്ടാക്കിക്കൊണ്ടിരിക്കുന്നു. സംേഝാത കേസിൽ പ്രതി സുനിൽ ജോഷിയെ കൊന്നതും തെളിവ് നശിപ്പിക്കാനായിരുന്നെന്ന് കരുതപ്പെടുന്നു. വേറെ മൂന്നു പ്രതികളെ പിടികൂടാൻ അധികൃതർക്കൊട്ട് കഴിഞ്ഞുമില്ല.
1987ൽ 42 നിരപരാധികൾ കൊല്ലപ്പെട്ട ഹാശിംപുര കൂട്ടക്കൊലയിലും ഒടുവിൽ സംഭവിച്ചത് ഇതൊക്കെതന്നെയാണ്. ഉത്തർപ്രദേശിലെ പി.എ.സി എന്ന സായുധസേനയാണ് കൂട്ടക്കൊല നടത്തിയതെങ്കിലും ഒറ്റയാൾപോലും ശിക്ഷിക്കപ്പെട്ടില്ല. 16 പ്രതികളെയും വിട്ടയക്കേണ്ടിവന്നതിൽ അന്ന് ഡൽഹി വിചാരണ കോടതിയും ദുഃഖം പ്രകടിപ്പിച്ചിരുന്നു. ‘‘മതിയായ തെളിവ് സംഘടിപ്പിക്കുന്നതിലും കുറ്റം ചെയ്തവരെ കണ്ടെത്തുന്നതിലും അന്വേഷണ ഏജൻസിയും പ്രോസിക്യൂഷനും പരാജയപ്പെട്ടതുമൂലം അനേകം പേരുടെ ദാരുണമായ കൊല ശിക്ഷിക്കപ്പെടാതെ പോവുകയാണെ’’ന്ന് അന്നും ജഡ്ജി നിരീക്ഷിച്ചു. തെളിവ് സംരക്ഷിക്കുന്നതിൽ കടുത്ത അനാസ്ഥയാണ് അതിലും അധികൃതർ കാണിച്ചത്. കൊല ചെയ്യാനുപയോഗിച്ച തോക്ക് തൊണ്ടിമുതലായി സൂക്ഷിക്കുന്നതിന് പകരം പി.എ.സിക്കുതന്നെ തുടർന്നും ഉപയോഗിക്കാൻ നൽകുകവരെ ചെയ്തു; രണ്ട് പ്രഥമവിവര റിപ്പോർട്ടുകളിൽ ഒന്ന് നശിപ്പിച്ചു. സാക്ഷികളെ വിസ്തരിക്കാതെയും തെളിവുകൾ അവഗണിച്ചും കേസ് തോറ്റുകൊടുക്കുകയാണ് ചെയ്തത്.
തെളിവ് ഹാജരാക്കാതിരിക്കുക, സാക്ഷികളെ കൂറുമാറ്റുകയോ ഒഴിവാക്കുകയോ ചെയ്യുക എന്നത് ഇൗ രണ്ടു കേസുകളിൽ മാത്രം സംഭവിച്ചതുമല്ല. ഇതിനെല്ലാം പുറമെയാണ് കേസന്വേഷണത്തിലും കോടതി നടപടികളിലും വരുന്ന വമ്പിച്ച കാലവിളംബം. സംേഝാത സ്ഫോടനം നടന്ന് വർഷങ്ങളോളം കേസ് ഇഴഞ്ഞു; നാലു വർഷത്തിനുശേഷം എൻ.െഎ.എ ഏറ്റെടുത്തു. സംഭവം നടന്ന് 12 വർഷമെടുത്തു വിധി വരാൻ. ഹാശിംപുര കൂട്ടക്കൊലയുടെ വിധിക്ക് 28 വർഷമെടുത്തത് പരിഗണിക്കുേമ്പാൾ ഇത് ‘അതിവേഗ’മാണെന്ന് പറയാം. തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഒതുക്കാനും കുറ്റവാളികൾ രക്ഷപ്പെടാനുമൊക്കെ സഹായിക്കുന്നുണ്ട് ഇൗ കാലതാമസവും. ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന ഇത്തരം വീഴ്ചകൾ ഇല്ലാതാക്കാൻ അടിയന്തര നടപടികൾ ഉണ്ടായേ പറ്റൂ. അതിനുള്ള ഒരു നിമിത്തമാകെട്ട സംേഝാത കേസിൽ ജഡ്ജി നടത്തിയ വികാരഭരിതമായ തുറന്നുപറച്ചിൽ. പ്രോസിക്യൂഷൻ തോറ്റുകൊടുത്ത വലിയ കേസുകളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തുന്നത് ഉചിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.