ബി.ജെ.പി ഇതര രാഷ്​ട്രീയത്തി​െൻറ അസ്​തിത്വ പ്രതിസന്ധി

'ആരാണ് കൂടുതൽ ഹിന്ദു എന്ന കാര്യത്തിൽ ബി.ജെ.പിയുമായി മത്സരിക്കുകയല്ല നാം ചെയ്യേണ്ടത്; ആരാണ് കൂടുതൽ മതേതരം എന്ന് ചോദിക്കുകയാണ് വേണ്ടത്. നാം നമ്മുടെ നിലനിൽപിന് ന്യായം കണ്ടെത്തേണ്ടത് ബി.ജെ.പിയുടെ നിറം കെട്ട അനുകരണത്തിലല്ല, മറിച്ച് ബി.ജെ.പിക്ക് ബദലായിക്കൊണ്ടാണ്' -മുതിർന്ന കോൺഗ്രസ്​ നേതാവും ബുദ്ധിജീവിയുമായ മണി ശങ്കർ അയ്യർ 'ദ ഹിന്ദു' പത്രത്തിൽ വ്യാഴാഴ്ച എഴുതിയ ലേഖനത്തിൽ നിന്നാണ് മേൽവരികൾ.

ഒറ്റ ദിവസം കൊണ്ട് ഒരു സംസ്​ഥാനം തന്നെ ഇല്ലാതാവുക, പകരം രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ രൂപവത്​കരിക്കപ്പെടുക- ഇന്ത്യൻ രാഷ്​ട്രീയത്തിൽ മുന്നനുഭവമില്ലാത്ത സംഗതിയാണത്. കഴിഞ്ഞ വർഷം ആഗസ്​റ്റ്​​ അഞ്ചിന് ജമ്മു-കശ്മീരിെൻറ കാര്യത്തിൽ സംഭവിച്ചത്​ അതാണ്.

പക്ഷേ, ആ അട്ടിമറിയുടെ വാർഷികത്തിൽ അതേക്കുറിച്ച് ഓർക്കാൻപോലും സാവകാശം നൽകാതെ രാമക്ഷേത്രത്തിന് ശിലയിട്ടാണ് ബി.ജെ.പി അതി​െൻറ പദ്ധതികളുമായി മുന്നോട്ടുപോവുന്നത്. അടുത്ത വർഷം ഒരു പക്ഷേ, ആഗസ്​റ്റ്​ അഞ്ചിന് അവർ ഏക സിവിൽകോഡ് പ്രഖ്യാപിച്ചേക്കും.

തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിൽ ബി.ജെ.പി കാണിക്കുന്ന ക്രമപ്രവൃദ്ധവും വ്യവസ്​ഥാപിതവുമായ നടപടികൾ കാണുന്നവർക്ക് അങ്ങനെ തോന്നാനേ നിവൃത്തിയുള്ളൂ. മറ്റൊരു പരിേപ്രക്ഷ്യത്തിൽ നോക്കുമ്പോൾ നല്ല വൃത്തിയിലും വെടിപ്പിലും സ്വന്തം കാര്യങ്ങൾ നടപ്പാക്കുന്നതിൽ അവർ വിജയിക്കുന്നുണ്ട്.

ആർക്കും പ്രത്യേകിച്ച് അവ്യക്തതകളൊന്നുമില്ലാതെ തന്നെ ബി.ജെ.പി രാഷ്​ട്രീയപദ്ധതികൾ മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്. എന്നാൽ, ബി.ജെ.പി ഇതര രാഷ്​ട്രീയത്തിെൻറ ഭാവിയെന്ത് എന്ന ചോദ്യത്തിന് അവ്യക്തമായ ഉത്തരമെങ്കിലും കണ്ടെത്താൻ അതത് കക്ഷികൾക്കുതന്നെ സാധിക്കുന്നില്ല എന്നതാണ് ഇന്ത്യൻ രാഷ്​ട്രീയത്തി​െൻറ പുതിയ വിശേഷം.

തങ്ങളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്/ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് ഒരു ധാരണയുമില്ല എന്നതിെൻറ നിദർശനമായിരുന്നു രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് നേതാക്കൾ പുറപ്പെടുവിച്ച പ്രസ്​താവനകൾ. മണി ശങ്കർ അയ്യർ

സൂചിപ്പിച്ചതുപോലെ ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്​ട്രീയത്തെ അനുകരിക്കുകയാണ് വഴി എന്ന് വിചാരിക്കുന്നവർ നേതൃനിരയിൽ ധാരാളമുണ്ട്. എന്നാൽ, ഹിന്ദുത്വത്തെ നല്ല സാന്ദ്രതയിൽ കൊണ്ടുനടക്കുന്ന സംഘ്​പരിവാരമുള്ളപ്പോൾ തങ്ങളുടെ നിറംമങ്ങിയ ഹിന്ദുത്വം കൊണ്ട് എന്ത് കാര്യം എന്ന്​ അവർ ആലോചിക്കുന്നില്ല.

അണികളെയും വോട്ടർമാരെയും ബി.ജെ.പിക്ക് എറിഞ്ഞു കൊടുക്കാനേ യഥാർഥത്തിൽ അത് ഉപകരിക്കുകയുള്ളൂ. ഇനി, ഹിന്ദുത്വ രാഷ്​ട്രീയത്തെ നേർക്കുനേർ നിന്ന് അഭിമുഖീകരിച്ചാൽ ഭൂരിപക്ഷസമുദായത്തിെൻറ വോട്ട് നഷ്​ടപ്പെടുമോ എന്ന ഭയവുമുണ്ട് അവർക്ക്. ഇടതുപക്ഷത്തിെൻറ കാര്യം ഇതേക്കാൾ തമാശയാണ്. ഹിന്ദുത്വ വളർച്ചക്കാവശ്യമായ സാംസ്​കാരിക ഘടകങ്ങളെല്ലാം ഉൽപാദിപ്പിക്കുകയും രാഷ്​ട്രീയമായി ഹിന്ദുത്വപാർട്ടിയെ എതിർക്കുകയും ചെയ്യുകയാണ് അവർ ചെയ്യുന്നത്. അത് കൊണ്ട് ആർക്ക് എന്തു കാര്യം എന്ന്​ അവർ ആലോചിക്കുന്നില്ല.

രാഷ്​ട്രീയഭാവനയുടെ അഭാവമാണ് ബി.ജെ.പി ഇതര രാഷ്​ട്രീയം ഇന്ത്യയിൽ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. പുതിയ രാഷ്​ട്രീയഭാവനകൾ രൂപപ്പെടുത്താതെ അതിനെ മറികടക്കാൻ കഴിയില്ല. ബി.ജെ.പിയുടെ കേന്ദ്രീകൃതവും സൈനികവത്കൃതവും ഏകശിലാത്മകവുമായ ദേശീയത പദ്ധതിയെ ചോദ്യം ചെയ്യുകയാണ് ബി.ജെ.പി ഇതര പാർട്ടികൾക്ക് ചെയ്യാൻ സാധിക്കുന്ന പ്രധാന കാര്യം.

നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം അങ്ങേയറ്റം തന്ത്രപരമായി അവർ നടപ്പാക്കുന്ന ഒരു പദ്ധതി, സംസ്​ഥാനങ്ങളുടെ അധികാരങ്ങൾ പ​െയ്യപ്പയ്യെ ഇല്ലാതാക്കുക എന്നതാണ്. സംസ്​ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കുകയാണെന്ന് പറഞ്ഞുകൊണ്ടല്ല അവരിത് ചെയ്യുന്നത്. മറിച്ച്, മനോഹരമായ പദ്ധതികളിലൂടെ സംസ്​ഥാനങ്ങളുടെ പ്രസക്തി കുറക്കുകയാണ്. ജി.എസ്​.ടി മുതൽ ഏറ്റവും ഒടുവിലത്തെ ദേശീയ വിദ്യാഭ്യാസ പദ്ധതിവരെയുള്ള കേന്ദ്രസർക്കാറി​െൻറ സുപ്രധാന ചുവടുകളുടെയെല്ലാം പൊതുധാരയായി വർത്തിക്കുന്നത് അധികാരരഹിതമായ സംസ്​ഥാനങ്ങളും സർവാധികാരിയായ കേന്ദ്ര ഭരണകൂടവും എന്ന ആശയമാണ്.

എന്നാൽ, ഇതിനെ ഫലപ്രദമായി തിരിച്ചറിയുന്നതിൽ പ്രതിപക്ഷ രാഷ്​ട്രീയപാർട്ടികൾ പരാജയപ്പെടുകയാണ്. മറ്റൊരർഥത്തിൽ ബി.ജെ.പിയുടെ ദേശീയത പദ്ധതിയെ അനുകരിക്കാൻ ശ്രമിക്കുന്നതിനാൽ അതിനെ ചെറുക്കാനുള്ള ആശയപരമായ ശേഷിയും അവർക്കില്ലാതാവുന്നു. പ്രാദേശിക പാർട്ടികളുടെ പ്രസക്തി വർധിക്കുന്നത് ഇവിടെയാണ്. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, മഹാരാഷ്​ട്ര, ഒഡിഷ, ബിഹാർ, പശ്ചിമ ബംഗാൾ, തെക്കു കിഴക്കൻ സംസ്​ഥാനങ്ങൾ എന്നിവിടങ്ങളിൽ പ്രാദേശിക പാർട്ടികൾക്ക് വലിയ സ്വാധീനമുണ്ട്.

പലയിടത്തും അവർ ഭരണകക്ഷികളുമാണ്. ഉപദേശീയതകൾക്ക് അർഹമായ പരിഗണന ലഭിക്കുന്ന രാഷ്​ട്രീയ ഭാവനയെ ത്വരിപ്പിക്കാൻ അവർക്ക് സാധിക്കും. ഇത്തരം രാഷ്​ട്രീയപാർട്ടികളുമായുള്ള സമ്പർക്കത്തിലൂടെ തങ്ങളുടെ രാഷ്​ട്രീയത്തെ വികസിപ്പിക്കാൻ കോൺഗ്രസ്​ അടക്കമുള്ള ദേശീയ പാർട്ടികൾക്ക് കഴിയേണ്ടതുണ്ട്.

ദേശീയ തലത്തിൽ സംഘ്​പരിവാർ രാഷ്​ട്രീയത്തിനെതിരെ ഏറ്റവും മികച്ച പ്രതിരോധം തീർക്കാൻ സാധിക്കുന്ന രണ്ട് സാമൂഹികവിഭാഗങ്ങൾ ദലിതരും മുസ്​ലിംകളുമാണ്. എന്നാൽ, പരമ്പരാഗത സവർണ നേതൃത്വത്തിെൻറ പിടിയിൽനിന്ന് കുതറിമാറാൻ സാധിക്കാത്തതുകൊണ്ട് ഈ രാഷ്​ട്രീയത്തി​െൻറ പ്രഹരശേഷി മനസ്സിലാക്കാനോ അതിനെ സംയോജിപ്പിക്കാനോ കോൺഗ്രസിന് സാധിക്കുന്നില്ല.

ബി.ജെ.പി രാഷ്​ട്രീയത്തിനെതിരെ ഉയർത്താവുന്ന ഏറ്റവും മികച്ച രാഷ്​ട്രീയ മുന്നണിയാണത്. ദലിതരും മുസ്​ലിംകളുമടങ്ങുന്ന സാമൂഹിക മുന്നണി, വിവിധ ഉപദേശീയതകൾ എന്നിവയുമായി ബന്ധപ്പെടുത്തി തങ്ങളുടെ രാഷ്​ട്രീയഭാവനയെ പുനർനിർണയിക്കാതെ പ്രതിപക്ഷത്തിന് മുന്നോട്ടു പോവാൻ സാധ്യമല്ല എന്നതാണ് വാസ്​തവം. വെറുതെ ബി.ജെ.പിയെ അനുകരിച്ചിട്ട് ഒരു കാര്യവുമില്ല എന്നവർ മനസ്സിലാക്കണം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.