മുന്‍ കേന്ദ്രമന്ത്രിയും കേരളത്തില്‍നിന്നുള്ള പാര്‍ലമെന്‍റംഗവുമായ ഇ. അഹമ്മദിന്‍െറ അവസാന നിമിഷങ്ങളില്‍ അധികൃതര്‍ കാണിച്ച മര്യാദക്കേടുകള്‍ ഏതൊരാളെയും വേദനിപ്പിക്കുന്നതാണ്. വിദഗ്ധ ഡോക്ടര്‍മാരായ മക്കള്‍ക്കുപോലും കയറിക്കാണാന്‍ അവസരം നിഷേധിക്കപ്പെട്ടതും മരണം സംഭവിച്ച ശേഷം അതു വ്യക്തമാക്കാന്‍ കൂട്ടാക്കാതിരുന്നതും ഏറെ ചര്‍ച്ചചെയ്യപ്പെട്ടുകഴിഞ്ഞു. അവസാനമായി മുഖം ഒരു നോക്ക് കാണാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് ശരീരം വിട്ടുകിട്ടിയത് എന്നാണ് പാര്‍ലമെന്‍റംഗങ്ങള്‍ വെളിപ്പെടുത്തിയത്. യുദ്ധവേളകളില്‍ ശത്രുപക്ഷത്തെ സൈനികര്‍ക്കുനേരെയാണ് ഇത്തരം അതിക്രമം നടന്നതായി കേള്‍ക്കാറ്, അല്ളെങ്കില്‍ നിയമത്തെ വെല്ലുവിളിക്കുന്ന സംഘങ്ങളുടെ അപഥസഞ്ചാര കേളികളില്‍.
രാജ്യതലസ്ഥാനത്ത് സര്‍ക്കാറിന്‍െറ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന രാം മനോഹര്‍ ലോഹ്യ (ആര്‍.എം.എല്‍) ആശുപത്രിയില്‍ വെച്ചാണ് ഈ അനീതികളെല്ലാം നടന്നത്. രാജ്യത്തെ പ്രധാന വ്യക്തികളും സാധുക്കളായ മനുഷ്യരും ഒരേപോലെ ആശ്രയിക്കുന്ന ചികിത്സാലയമാണത്. ആശുപത്രി അധികൃതര്‍ സ്വമേധയാ ചെയ്തതോ മറ്റാരെങ്കിലും ചെയ്യിച്ചതോ എന്നത് സമഗ്രാന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. പാര്‍ലമെന്‍റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് സാക്ഷിയായിരിക്കവെ ശാരീരിക വൈഷമ്യങ്ങളുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു ബഹുമാന്യ അംഗത്തിനു നല്‍കിയ ചികിത്സയിലെ വീഴ്ചകളെ മറച്ചുപിടിക്കാനും മൃതദേഹത്തോട് പുലര്‍ത്തിയ മാന്യതരാഹിത്യത്തിന് ന്യായങ്ങള്‍ ചമക്കാനും കേന്ദ്ര ഭരണകൂടം കാണിക്കുന്ന ധിറുതി അനാശാസ്യപ്രവണതയാണ്.
തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായാല്‍ അവിടേക്ക് കൊണ്ടുപോവരുതെന്ന് കേരളത്തില്‍നിന്നുള്ള ഒരു പാര്‍ലമെന്‍റംഗം പരസ്യമായി പ്രഖ്യാപിക്കുകപോലുമുണ്ടായി. അടിയന്തര നിലയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളോ അവരുടെ ഉയിരറ്റ ദേഹങ്ങളോ അപമാനിക്കപ്പെടുന്നത് ആദ്യമായല്ല. രാജസ്ഥാനിലെ ബിവാറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അമൃത് കൗര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം മേശയില്‍ സൂക്ഷിച്ച മൃതദേഹം എലി കടിച്ച് വികൃതമാക്കിയ കേസ് ദേശീയ മനുഷ്യാവകാശ കമീഷന്‍െറ ഇടപെടലിനു വഴിയൊരുക്കിയിരുന്നു. ജോധ്പുരിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയില്‍ 70 പിന്നിട്ട വയോധികന്‍ ചികിത്സയിലിരിക്കെ എലികള്‍ കടിച്ചുമുറിച്ച സംഭവത്തിലും കമീഷന്‍ ഇടപെട്ടിരുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് കാരണംകാണിക്കല്‍ നോട്ടീസയച്ചെങ്കിലും ഒരുവരി മറുപടിപോലും തിരിച്ചയച്ചില്ല.
തുടര്‍ന്ന് ആശുപത്രിയില്‍ നേരിടേണ്ടിവന്ന വിഷമതകള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഈ തുക ഇരയുടെ വിലാസത്തിലത്തെുമ്പോഴേക്കും അദ്ദേഹം ഇഹലോകത്തുനിന്നുതന്നെ താമസം മാറിയിരുന്നു. ഇ. അഹമ്മദിനെപ്പോലെ ലോകമറിയുന്ന ഒരു നേതാവിനു നേരെ ഇപ്രകാരം നടക്കുമ്പോള്‍ അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന സാധാരണ ജനത്തിന്‍െറ കാര്യം പറയേണ്ടതുണ്ടോ. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ഇതെല്ലാം നടക്കുന്നത് അനാസ്ഥയോ കെടുകാര്യസ്ഥതയോ മറ്റു ചില സ്വാധീനങ്ങളോ കാരണമാണെങ്കില്‍ വന്‍കിട സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും മരിച്ചവരോട് പണക്കൊതിമൂലം പുലര്‍ത്തുന്ന മര്യാദക്കേടുകള്‍ ചികിത്സയില്ലാത്ത വ്യാധിയായി പടരുകയാണ്. മരണം സംഭവിച്ചുവെന്ന് ഉറപ്പാക്കിയ ശേഷവും മണിക്കൂറുകളോളം വെന്‍റിലേറ്ററില്‍ ബന്ദിയാക്കിവെച്ച് വിവര്‍ണമാക്കിയ ശരീരങ്ങള്‍ വിട്ടുനല്‍കി പണം റാഞ്ചുന്ന സംഭവങ്ങള്‍ കേരളത്തില്‍ ദിവസേന നടക്കുന്നു.
ഇതോടു ചേര്‍ത്തുവായിക്കണം, വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ ഭൗതിക ദേഹങ്ങളോട് രാജ്യം പുലര്‍ത്തുന്ന അനാദരവ്. മൃതശരീരം എത്തിക്കുന്നതിന് നേരിടുന്ന കടമ്പകളറിഞ്ഞാല്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാവിനെങ്കിലും സമാധാനം ലഭിക്കുംവിധം മരിച്ച മണ്ണില്‍തന്നെ മറമാടിയേക്കൂ എന്നു പറഞ്ഞുപോകും ബന്ധുക്കള്‍. വിദേശരാജ്യങ്ങളിലെ പൗരന്മാരുടെ മരണം കോണ്‍സുലേറ്റ് സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കപ്പെടാറേയില്ല. വിമാനക്കമ്പനികള്‍ ആടുമാടുകളെയെന്നപോലെ തൂക്കിനോക്കി വിലനിശ്ചയിച്ചാണ് ഓരോ മൃതദേഹവും കടത്തിവിടുക.
സാമ്പത്തിക ഭദ്രതയുള്ളവരുടെയും സുഹൃദ്ബന്ധുബലമുള്ളവരുടെയും ശരീരങ്ങള്‍ ഏറെ താമസമില്ലാതെ നാടത്തെിയേക്കും. എന്നാല്‍, ഭാരിച്ച ആ തുക നല്‍കാന്‍ കഴിയാത്തവരുടെ ശരീരങ്ങള്‍ ആഴ്ചകളോളം മോര്‍ച്ചറികളുടെ തണുത്തിരുണ്ട മൂലകളില്‍ തള്ളിയിടും. മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലത്തെിക്കും എന്ന പ്രഖ്യാപനം പലവട്ടം അധികാരികളുടെ പ്രസ്താവനകളായി പല ഡേറ്റ്ലൈനുകളില്‍ നാം വായിച്ചതോര്‍ക്കുക. പല രാജ്യങ്ങളുടെയും വിമാനക്കമ്പനികള്‍ താന്താങ്ങളുടെ നാട്ടിലേക്കുള്ള മൃതശരീരങ്ങള്‍ സൗജന്യമായി എത്തിക്കുമ്പോള്‍ എയര്‍ ഇന്ത്യ ഈടാക്കുന്നതാവട്ടെ, മേഖലയിലെ ഏറ്റവും ഉയര്‍ന്ന നിരക്കും.
അഹമ്മദിനോടും മറ്റു മനുഷ്യരോടും ചെയ്തുപോയ അപരാധം ഇനി മായ്ക്കാനാവില്ല; എന്നാല്‍, മറ്റൊരാളിലും ആവര്‍ത്തിക്കാതിരിക്കാനാവും. പാര്‍ലമെന്‍റംഗത്തിനു മാത്രമല്ല, ജീവിച്ചിരിക്കെ മനുഷ്യരെന്ന പരിഗണന ലഭിക്കാതിരുന്നവര്‍ക്കുപോലും മരണത്തിലെങ്കിലും മാന്യത ഉറപ്പാക്കിയേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.