ആരെങ്കിലും കേള്‍ക്കുന്നുണ്ടോ അലപ്പോയുടെ കൂട്ടനിലവിളി?

അഞ്ചുവര്‍ഷമായി കൊടുമ്പിരികൊള്ളുന്ന സിറിയന്‍ ആഭ്യന്തരയുദ്ധം അതിന്‍െറ വേദനജനകവും ഭീതിദവുമായ അന്ത്യത്തിലേക്ക് അടുക്കുമ്പോള്‍ അത്യപൂര്‍വമായൊരു മാനുഷിക ദുരന്തത്തിനാണ് ലോകം സാക്ഷിയാവുന്നത്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലപ്പോയുടെമേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള കടുത്ത പോരാട്ടത്തില്‍ ഇതുവരെ വിമതപോരാളികളുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍മേഖല സിറിയന്‍-റഷ്യന്‍ പട്ടാളത്തിനു മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. അതോടെ അവിടെ ബാക്കിയായ മനുഷ്യരുടെ ഭാവി വലിയൊരു ചോദ്യചിഹ്നമായി മാറുകയാണ്.

തുര്‍ക്കിയും റഷ്യയും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ നഗരത്തില്‍ അകപ്പെട്ടവരെ വിമതരുടെ വരുതിയിലുള്ള ഇദ്ലിബിലേക്കോ മറ്റേതെങ്കിലും സുരക്ഷിത താവളത്തിലേക്കോ എത്തിക്കാന്‍  അസദ് ഭരണകൂടം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ആ ധാരണ പാലിക്കപ്പെട്ടില്ല എന്നു മാത്രമല്ല, അലപ്പോവാസികള്‍ ആശങ്കപ്പെട്ടതുപോലെ കൂട്ട നരമേധം നടമാടുകയാണ് ഒരുവേള സിറിയയുടെ വാണിജ്യതലസ്ഥാനമായിരുന്ന ഈ മഹാനഗരത്തില്‍. റഷ്യന്‍ ബാരല്‍ ബോംബുകളും മോര്‍ട്ടാറുകളും തകര്‍ത്തെറിഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പിഞ്ചുകുഞ്ഞുങ്ങളടക്കം, ട്വിറ്ററിലൂടെ ലോകത്തിനു കൈമാറിക്കൊണ്ടിരിക്കുന്ന സന്ദേശങ്ങള്‍, അവര്‍ അകപ്പെട്ട പ്രതിസന്ധിയുടെ ആഴവും പരപ്പും വരച്ചുകാട്ടുന്നുണ്ട്. ഏതു സമയവും തങ്ങള്‍ കൂട്ടനരമേധത്തിനു ഇരകളാവാമെന്നും ആര്‍ക്കെങ്കിലും തങ്ങളെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ നാളെവരെ കാത്തിരിക്കാന്‍ സമയമില്ളെന്നും കേണുപറയുകയാണ് മരണമുഖത്തു നിസ്സഹായരായി കഴിയുന്നവര്‍.

പഴയ സാറിസ്റ്റ് കൈരാതത്തിന്‍െറ ഓര്‍മകളുണര്‍ത്തിക്കൊണ്ട്, റഷ്യന്‍ പട്ടാളം പുറത്തെടുക്കുന്ന നിഷ്ഠുരത കിഴക്കന്‍ അലപ്പോയില്‍ ബാക്കിയായ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ ഏതുനിമിഷവും കവര്‍ന്നെടുത്തേക്കാവുന്ന ഭീകരമായ അവസ്ഥ. വിമത മിലീഷ്യ സമാധാന ധാരണ ലംഘിച്ചുവെന്നുപറഞ്ഞ്, വീണ്ടും ഷെല്ലാക്രമണം തുടരുമ്പോള്‍, വാസ്തവത്തില്‍ ഡമസ്കസ്-തെഹ്റാന്‍ -ബഗ്ദാദ് ഭരണകൂടങ്ങള്‍ ആവിഷ്കരിച്ച ഗൂഢാലോചനയാണ് സമാധാനനീക്കങ്ങള്‍ അട്ടിമറിക്കുന്നതെന്നാണ് നിഷ്പക്ഷ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അലപ്പോയില്‍നിന്ന് നേരത്തേ തന്നെ ഒരുലക്ഷത്തിലേറെ മനുഷ്യര്‍ പലായനം ചെയ്തിരുന്നു.

പ്രാണനുംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിമത പോരാളികളെയും, സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള സിവിലിയന്മാരെയും സുരക്ഷിത താവളത്തിലത്തെിക്കുന്നതിനുപകരം അവരുടെ ജീവന്‍കൊണ്ട് വിലപേശി, ചില ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് ശിയ തീവ്രവാദികള്‍ ശ്രമിക്കുന്നതത്രെ. സുന്നി വിമതരുടെ നിയന്ത്രണത്തിലുള്ള ശിയ ഭൂരിപക്ഷപ്രദേശമായ കഫ്റിയ, ഫുആ എന്നിവിടങ്ങളില്‍നിന്ന് പോരാളികള്‍ പൂര്‍ണമായി പിന്മാറുകയും ആയുധങ്ങള്‍വെച്ച് കീഴടങ്ങുകയും വേണമെന്നാണ് പുതുതായി വെക്കുന്ന നിബന്ധന. അതിനിടയില്‍, എത്ര നിരപരാധികള്‍ ബോംബുകള്‍ക്കും പീരങ്കികള്‍ക്കും മുന്നില്‍ ജീവന്‍ വെടിയേണ്ടിവരും എന്നേ ഇനി അറിയാനുള്ളൂ. ‘ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് എനിക്കറിയാം; ഇതെന്‍െറ അവസാനത്തെ സന്ദേശമായിരിക്കും’ എന്ന് പറഞ്ഞ് ട്വിറ്ററിലൂടെ തന്‍െറ മുഖം കാണിച്ച ബനാ അല്‍ആബിദ് എന്ന ഏഴുവയസ്സുകാരി നാളെ പുലരുമ്പോഴേക്കും ബാക്കിയാവുമോ എന്ന ചോദ്യത്തിനു പോലും പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു.

അറബ്വസന്തത്തിന്‍െറ മുല്ലപ്പൂമണം പരന്നൊഴുകിയ ഒരു കാലസന്ധിയില്‍, ഏകാധിപതിയും ക്രൂരനുമായ ബശ്ശാര്‍ അല്‍അസദിനെ നിഷ്കാസിതനാക്കി ജനകീയ ഭരണം സ്ഥാപിക്കാന്‍ ഒരു വിഭാഗം സിറിയക്കാര്‍ വന്‍ശക്തികളുടെ പിന്തുണയോടെ ആരംഭിച്ച ഒരു പ്രക്ഷോഭം ഇമ്മട്ടിലൊരു മഹാദുരന്തമായി പര്യവസാനിച്ചതിനു ആരാണ് ഉത്തരവാദിയെന്ന് ഇനി അന്വേഷിക്കുന്നതുപോലും പാഴ്വേലയായിരിക്കാം. 2012ല്‍ അസദ് ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിനു തുടക്കം കുറിച്ചപ്പോള്‍ അമേരിക്കയും ബ്രിട്ടനുമൊക്കെ ആ നീക്കത്തിനു അനുകൂലമായി നിന്നിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ റഖ ആസ്ഥാനമാക്കി സിറിയയിലുടനീളം ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയും എല്ലാ വിധത്തിലുമുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തതാണ്. സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുടെ ആശീര്‍വാദത്തോടെ, അസദ് വിരുദ്ധപക്ഷത്ത് അണിനിരന്ന വിവിധ ഗ്രൂപ്പുകള്‍ ഫ്രീസിറിയന്‍ ആര്‍മിയുടെ കുടക്കീഴില്‍ ജബ്ഹത്ത്, അന്നുസ്റ പോലുള്ള ഗ്രൂപ്പുകളുമായി ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ് ഒരുവര്‍ഷം മുമ്പുവരെ ബശ്ശാറിന്‍െറ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്ന ധാരണ പരത്തിയിരുന്നു.

എന്നാല്‍, 2015ല്‍ വ്ളാദിമിര്‍ പുടിന്‍െറ കടന്നുവരവാണ് എല്ലാം തകിടംമറിച്ചത്. റഷ്യന്‍ സൈന്യം ബാരല്‍ ബോംബുകള്‍ ഉപയോഗിച്ചുനടത്തിയ നിരന്തരമായ ആക്രമണങ്ങളില്‍ പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും ആശുപത്രികെട്ടിടങ്ങള്‍ അടക്കം ധൂമപടലങ്ങളാക്കി മാറ്റുകയും ചെയ്തു. ഇതിനകം അഞ്ചുലക്ഷം മനുഷ്യര്‍ക്കാണ് ജീവഹാനി നേരിട്ടത്. ജനസംഖ്യയുടെ പകുതിയും അഭയാര്‍ഥികളായി അലയുകയാണിന്ന്്. ഒടുവിലിതാ, രക്തം മരവിപ്പിക്കുന്ന കൂട്ടക്കുരുതിയും. സിറിയ ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് തുറിച്ചുനോക്കുന്നത്. അലപ്പോ തിരിച്ചുപിടിച്ചാലും രാജ്യത്തിന്‍െറ മൂന്നില്‍ രണ്ടു ഭാഗം പ്രദേശങ്ങളും വിമത പോരാളികളുടെ കൈയിലാണെന്നതുകൊണ്ട് അസദ് എല്ലാം നേടി എന്ന് പറയാനാവില്ല. അതേസമയം, സിറിയന്‍ യുദ്ധത്തിന്‍െറ ഒടുക്കത്തിനുള്ള തുടക്കമാണിതെന്ന നിരീക്ഷകരുടെ വിലയിരുത്തലില്‍ കൂടുതല്‍ ശക്തനും ക്രുദ്ധനുമായ ഒരു സ്വേച്ഛാധിപതിയുടെ തിരിച്ചുവരവാണ് ഭയക്കേണ്ടത്.

Tags:    
News Summary - did anyone heared alappo's cry?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.