ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ‘വർഗീയ- ഫാഷിസ്റ്റ് ആക്രമണങ്ങൾക്കെതിരെ’ ജൂലൈ 18ന് ഡൽഹി ജന്തർമന്തറിൽ സംഘടിപ്പിക്കപ്പെട്ട റാലി പല കാരണങ്ങളാൽ പ്രസ്താവ്യമാണ്. ‘‘മുസ്ലിം ലീഗ് ചരിത്രത്തിൽതന്നെ രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിൽനിന്നുള്ള പ്രവർത്തകരെ വൻതോതിൽ പങ്കെടുപ്പിച്ച് നടത്തിയ മാർച്ച് പാർട്ടി ചരിത്രത്തിൽ പുതിയ അധ്യായം’’ ആയി എന്നാണ് പാർട്ടിയുടെ മലയാള മുഖപത്രം പ്രസ്തുത പരിപാടിയെക്കുറിച്ച് എഴുതുന്നത്. ‘‘അധികാരത്തിെൻറ ശീതളച്ഛായയിൽ സവർണ അധികാരശക്തികൾ ദലിതുകൾക്കും മുസ്ലിം ന്യൂനപക്ഷങ്ങൾക്കുംനേരെ നടത്തുന്ന നിഷ്ഠുരമായ കൊലപാതകങ്ങൾക്കും അക്രമ ഭീകര പ്രവർത്തനങ്ങൾക്കുമെതിരെ ശക്തമായ താക്കീത്’’ ആയിരുന്നു മാർച്ച് എന്നും പാർട്ടി മുഖപത്രം അവകാശപ്പെടുന്നുണ്ട്. പേര് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് എന്നാണെങ്കിലും ആ പാർട്ടിയുടെ പ്രവർത്തന മണ്ഡലം കഴിഞ്ഞ കുറെ കാലമായി കേരളത്തിൽ പരിമിതപ്പെട്ടു കിടക്കുകയായിരുന്നു. സംസ്ഥാന പ്രസിഡൻറ് അഖിലേന്ത്യ പ്രസിഡൻറിനെ നിശ്ചയിക്കുന്ന പാർട്ടി എന്നൊക്കെ എതിരാളികൾ അതിനെ പരിഹസിക്കാറുണ്ട്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിൽ മാത്രമാണ് ഇപ്പോൾ പരിമിതമായ അർഥത്തിലെങ്കിലും സംഘടന സജീവമായിട്ടുള്ളത്. ഒരു കാലത്ത് കേരളത്തിനു പുറത്ത് ഉത്തർപ്രദേശ്, അസം, ബംഗാൾ, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നിയമസഭ പ്രാതിനിധ്യം ഉണ്ടായിരുന്ന പാർട്ടിയാണ് ഇതെന്ന് അറിയുമ്പോഴാണ് ലീഗിെൻറ കേരളത്തിലേക്കുള്ള പിൻവലിയലിെൻറ നേർചിത്രം നമുക്ക് ലഭിക്കുക. മറ്റൊരർഥത്തിൽ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിെൻറ പിന്മടക്കത്തിെൻറയും ദൗർബല്യത്തിെൻറയും ചിത്രംകൂടിയാണ് അത് കാണിക്കുന്നത്.
മുസ്ലിം ലീഗിെൻറ കേരളത്തിലേക്കുള്ള പിന്മടക്കം കേവലം ഘടനാപരം മാത്രമായിരുന്നില്ല. രാഷ്ട്രീയ ഉള്ളടക്കത്തിലും ഈ പിന്മാറ്റം ഉണ്ടായിരുന്നു. അതായത്, ദേശീയതലത്തിൽ മുസ്ലിം സമൂഹം അനുഭവിക്കുന്ന നോവുന്ന പ്രശ്നങ്ങൾ ലീഗിനെ വലിയതോതിൽ അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. ഇബ്രാഹീം സുലൈമാൻ സേട്ട് അഖിലേന്ത്യ പ്രസിഡൻറായിരിക്കെ പാർലെമൻറിന് അകത്തും പുറത്തും നടത്തിയ ഗംഭീരമായ ഇടപെടലുകൾ മാത്രമായിരുന്നു അപവാദമായുണ്ടായിരുന്നത്. അസാധാരണമായ വ്യക്തിപ്രഭാവമുള്ള നേതാവെന്ന നിലക്ക് അദ്ദേഹത്തിെൻറ ഇടപെടലുകൾ പരക്കെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിെൻറ മുൻകൈകളെ പാർട്ടിയുടെ മുന്നേറ്റമാക്കി മാറ്റാനോ പാർട്ടി സംഘടന ശക്തിപ്പെടുത്താനോ സംസ്ഥാന നേതൃത്വം ശ്രദ്ധകൊടുത്തില്ല. എന്നല്ല, ഒടുവിൽ സേട്ടിന് പാർട്ടിയോട് കലഹിച്ച് ഇറങ്ങിപ്പോകേണ്ട അവസ്ഥയിൽ കാര്യങ്ങളെത്തി. അതിന് സമാന്തരമായി, നമ്മൾ ഇത്തരം കുഴഞ്ഞ പ്രശ്നങ്ങളിലൊന്നും ഇടപെടേണ്ടെന്നും കേരളത്തിലെ അധികാരപങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുഴപ്പമില്ലാതെയങ്ങ് നോക്കിനടത്തിയാൽ മതിയെന്നുമുള്ള തലത്തിലേക്ക് പാർട്ടിയിലെ ഒരു വിഭാഗം ആശയപരമായിതന്നെ എത്തിപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുന്നതുപോലും അവർക്ക് ഇഷ്ടമില്ലാതായി. അങ്ങനെ സംസാരിക്കുന്നവരെയും ഇടപെടലുകൾ നടത്തുന്നവരെയും തീവ്രവാദികളാക്കി പൈശാചികവത്കരിക്കുന്ന വരേണ്യയുക്തിയുടെ പ്രചാരകരാവുന്നതിൽപോലും ലീഗ് നേതൃത്വത്തിൽ ചിലർക്ക് മടിയില്ലാതായി. കീഴാള വിഭാഗത്തിെൻറ വിമോചനത്തിനു വേണ്ടി യത്നിക്കുന്ന പാർട്ടി എന്ന നിലയിൽനിന്ന് അധികാരത്തിെൻറ ആസക്തികൾക്കു പിറകെ പോകുന്ന പാർട്ടി എന്ന ആക്ഷേപം അതിന് കേൾക്കേണ്ടിവന്ന സാഹചര്യം അങ്ങനെയാണുണ്ടായത്.
എന്നാൽ, അത്തരമൊരു പ്രതിച്ഛായയെ മറികടന്ന് മുസ്ലിം രാഷ്ട്രീയത്തെ ഗുണപരമായി വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ലീഗ് തുടക്കംകുറിക്കുന്നു എന്നതിെൻറ സൂചനകൾ അടുത്ത കാലത്തായി കാണുന്നുണ്ട്. ഹരിയാനയിലും ഝാർഖണ്ഡിലും ഗോരക്ഷക ഗുണ്ടകളുടെ ഹത്യക്കിരയായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഡൽഹിയിൽ നടത്തിയ റാലി പ്രസക്തമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആസുര ഹിന്ദുത്വവാദശക്തികൾ അധികാരത്തിൽ വന്നത് മുസ്ലിം ലീഗിലും വീണ്ടുവിചാരങ്ങൾക്ക് വഴിതെളിയിച്ചിട്ടുണ്ട് എന്നുകൂടിയാണ് ഇത് കാണിക്കുന്നത്. ആ അർഥത്തിൽ, ന്യൂനപക്ഷ കീഴാള രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ വാർത്തയാണത്.
ഡൽഹി റാലി വിജയകരമായിരുന്നു എന്നു പറയുമ്പോൾതന്നെ, നിലവിലെ സാഹചര്യത്തിൽ വെറും ടോക്കൺ സമരങ്ങൾകൊണ്ട് മാത്രം ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവും ഉണ്ടാകണം. ന്യൂനപക്ഷ സമൂഹം ചരിത്രത്തിലില്ലാത്തവിധം അരക്ഷിതമായ നാളുകളിലൂടെ കടന്നുപോകുമ്പോൾ, വിശേഷിച്ചും, കൂടുതൽ ഗൃഹപാഠം ചെയ്ത് മികച്ച ആസൂത്രണത്തോടുകൂടി കാര്യങ്ങൾ മുന്നോട്ടുനീക്കിയാൽ മാത്രമേ ന്യൂനപക്ഷ രാഷ്ട്രീയത്തിന് ദേശീയതലത്തിൽ പിടിച്ചുനിൽക്കാൻപോലും പറ്റുകയുള്ളൂ. അതിന് നല്ല അധ്വാനം വേണം. ആശയങ്ങളും കാഴ്ചപ്പാടുകളും വേണം. ഗോവയിൽ തിങ്ക് ടാങ്ക് സംഘടിപ്പിക്കാൻ പാർട്ടി തീരുമാനിച്ചതായി പാർട്ടി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചിട്ടുണ്ട്. ഇത്തരം ശ്രമങ്ങളെ ഗൗരവത്തിലെടുത്ത് ഘടനയിലും സ്വഭാവത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോവുകയാണെങ്കിൽ ഇന്ത്യയിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന് ക്രിയാത്മകമായ സംഭാവനകൾ നൽകാൻ മുസ്ലിം ലീഗിന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.