ലോകമാകെ പടരുന്ന കോവിഡ്- 19 ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കവിയുകയും മരണസംഖ്യ 2,10,000 കടക് കുകയും ചെയ്തിരിക്കെ എന്തു വിലകൊടുത്തും ഈ മഹാമാരിയെ തളക്കാനും തുരത്താനുമുള്ള തീവ ്രയത്നത്തിലാണ് ഏതാണ്ടെല്ലാ രാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ സഞ്ചാ രവും സമ്പർക്കവും പരമാവധി നിയന്ത്രിച്ചുകൊണ്ടേ പ്രതിരോധയത്നങ്ങൾ സഫലമാവൂ എന്ന തിരിച്ചറിവിെൻറ ഫലമായി സർക്കാറുകൾ സ്വീകരിക്കുന്ന കർക്കശ നടപടികളെ ചോദ്യം ചെയ ്യുകയോ ചെറുക്കുകയോ ചെയ്യുന്നതിൽ അർഥമില്ല.
മറ്റെല്ലാറ്റിനേക്കാളും വലുതും വില പ്പെട്ടതും മനുഷ്യജീവനാണ് എന്ന സത്യം സർവാംഗീകൃതമാണ്. ലോക്ഡൗൺ നീട്ടിക്കൊണ്ടുപേ ാവുന്നതുമൂലമുണ്ടാവുന്ന കടുത്ത നഷ്ടവും അസൗകര്യങ്ങളും ബോധ്യപ്പെടാത്തതുകൊണ്ട ല്ല, അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ നടപടികൾ വേണ്ടിവരുന്നത്. മാനവ സമൂഹത്തിെൻറ മൊത്തം അതിജീവനവും നിലനിൽപും സർവോപരി പ്രശ്നമാവുേമ്പാൾ, മറ്റെല്ലാം അവഗണിച്ചും കോവിഡിെനതിരായ പോരാട്ടം ദരിദ്ര, സമ്പന്ന, വർഗ, വർണ മത ഭേദം കൂടാതെ സർവരുടെയും സഹകരണം അനുപേക്ഷ്യമാക്കിത്തീർക്കുന്നു.
എന്നാൽ, ഇക്കാര്യം പൂർണമായും ശരിയായിരിക്കെത്തന്നെ കൊറോണയോടുള്ള പോരാട്ടത്തിെൻറ പേരിൽ ചില രാജ്യങ്ങൾ നിയമവാഴ്ച കാറ്റിൽ പറത്തുകയും മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിനെതിരെ മുന്നറിയിപ്പ് നൽകേണ്ടിവന്നിരിക്കുന്നു ഐക്യരാഷ്ട്രസഭക്ക്്. ഏത് അടിയന്തര സാഹചര്യങ്ങളെയും നിക്ഷിപ്ത താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ഭരണകൂടങ്ങളുടെ നേരെയാണ് യു.എൻ മനുഷ്യാവകാശ കമീഷണർ മിഷേൽ ബേഷ്ലെറ്റ് ജേറിയ ശക്തമായി വിരൽ ചൂണ്ടിയിരിക്കുന്നത്. ഒഴിച്ചുകൂടാനാവാത്തതോ അടിയന്തര സ്വഭാവമുള്ളതോ ആയ നടപടികളുടെ മറവിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിനെയാണ് അവർ ചോദ്യം ചെയ്യുന്നത്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ രാജ്യങ്ങൾക്കവകാശമുണ്ട്. എന്നാൽ, അത്തരം ഏതു നടപടിയും അനുപേക്ഷ്യവും വിവേചനരഹിതവുമായിരിക്കണം എന്നാണ് അവർ ഊന്നിപ്പറയുന്നത്. ലോക്ഡൗണും കർഫ്യൂവും പാലിക്കാൻ വേണ്ടി അമിതമോ മാരകമോ ആയ രീതികളാണ് പൊലീസും മറ്റു സുരക്ഷ സേനകളും പ്രയോഗിക്കുന്നതെന്ന നിരവധി പരാതികളാണ് ലോകത്തിെൻറ വിവിധഭാഗങ്ങളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മനുഷ്യാവകാശ കമീഷണർ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും പാവങ്ങളും പതിതരുമായ ജനവിഭാഗങ്ങളുടെ നേരെയാണ് ഇമ്മാതിരി ആക്രമണങ്ങൾ അനുവർത്തിക്കുന്നതെന്ന് അവർ വിലപിക്കുന്നുണ്ട്. അങ്ങേയറ്റം ഹതാശരായി ആഹാരം അന്വേഷിച്ചു നടക്കുന്നവരെ കർഫ്യൂ ലംഘിച്ചു എന്ന പേരിൽ വെടിവെക്കുകയും തടവിലാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഒരുനിലക്കും സ്വീകാര്യമല്ല, നിയമവിരുദ്ധമായ െചയ്തിയാണത് എന്നും മിഷേൽ ജെറിയ ഓർമിപ്പിക്കുന്നു. അന്യായവും അക്രമപരവുമായ അറസ്റ്റുകളെയും അപലപിക്കുന്നുണ്ട് അവർ.
ഒട്ടൊക്കെ ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും പുലരുന്ന പ്രബുദ്ധ കേരളത്തിലിരുന്ന് കാര്യങ്ങളെ വിലയിരുത്തുേമ്പാൾ യു.എൻ മനുഷ്യാവകാശ കമീഷെൻറ ഉത്കണ്ഠയുടെ പ്രസക്തിയും ആഴവും നമുക്ക് വേണ്ടയളവിൽ പിടികിട്ടണമെന്നില്ല. കമീഷൻ അപലപിച്ചതുപോലുള്ള ആത്യന്തിക നടപടികൾ നമ്മുടെ സംസ്ഥാനത്ത് പൊലീസിൽനിന്നോ മറ്റു നിയമപാലകരിൽനിന്നോ സംഭവിക്കുന്നുണ്ടെന്ന് സാമാന്യമായി പരാതികളുമില്ല. ലോക്ഡൗൺ നമ്മുടെതന്നെ അതിജീവനത്തിനും സുരക്ഷക്കും അനിവാര്യമാണെന്ന് ജനങ്ങളിൽ മഹാഭൂരിപക്ഷം തിരിച്ചറിയുന്നതിനാൽ അതിെൻറ നടത്തിപ്പിൽ ബലപ്രയോഗം കൂടിയ അളവിൽ വേണ്ടിവരുന്നില്ലെന്നതാണ് മുഖ്യകാരണം.
ലംഘനങ്ങളുടെ നേരെ താക്കീതും മുന്നറിയിപ്പും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതും അത് ജനങ്ങളിലേക്കെത്തിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പ്രശംസാർഹമായ പങ്കും എടുത്തുപറയേണ്ടതാണ്. വിമർശനങ്ങളും പരാതികളും ഉയരുേമ്പാൾ പെട്ടെന്ന് പരിഹാരം കാണുന്നതിൽ സർക്കാർ കാണിക്കുന്ന നിഷ്കർഷയും മാതൃകാപരമാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും കേരളത്തെപ്പോലെയാണെന്ന് അവകാശപ്പെടാൻ പക്ഷേ, നിർഭാഗ്യവശാൽ പ്രയാസമുണ്ട്. ലോകത്തിലെ മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെട്ടതാണെന്ന് അംഗീകരിക്കുന്നതോടൊപ്പം തന്നെ നിയമപാലകരുടെ ഭാഗത്തുനിന്ന് അപൂർവമല്ലാത്ത അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയേ തീരൂ.
ഡൽഹിയിലെ തബ്ലീഗ് ആസ്ഥാനത്തെ ആത്മീയ പരിപാടികളിൽ പങ്കെടുത്തവർ കോവിഡ്- 19 നിയന്ത്രണങ്ങൾ യഥാസമയം പാലിച്ചില്ലെന്ന പരാതിയിൽ കഴമ്പുണ്ടായിരിക്കെത്തന്നെ ആ സംഭവത്തെ മറയാക്കി മത ന്യൂനപക്ഷ സമുദായത്തിനും അവരുടെ വിശ്വാസത്തിനുമെതിരെ ഒരു വിഭാഗം ദേശീയ മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളും അഴിച്ചുവിട്ട ദുഷ്പ്രചാരണങ്ങൾ കാണാതിരുന്നുകൂടാ. കോവിഡ് ബാധിതരല്ലാതിരുന്നിട്ടും പിടികൂടി ക്യാമ്പുകളിലടക്കപ്പെട്ട തബ്ലീഗ് പ്രവർത്തകർക്ക് മരുന്നും ഭക്ഷണവും നിഷേധിക്കപ്പെട്ടു. തത്ഫലമായി രണ്ടു ഹതഭാഗ്യർക്ക് ജീവൻ നഷ്ടമായി. ഇതേപ്പറ്റി ഡൽഹി ന്യൂനപക്ഷ കമീഷൻ സംസ്ഥാന ഗവർണർക്കും മുഖ്യമന്ത്രിക്കും കത്തെഴുതേണ്ടിവന്നതും യു.എൻ മനുഷ്യാവകാശ കമീഷൻ ശ്രദ്ധിച്ചില്ലെന്ന് ഇന്നത്തെ സാഹചര്യത്തിൽ നാം കരുതരുത്.
ഈ നഗ്നമായ വിവേചനവും അടിസ്ഥാനരഹിതമായ പ്രോപഗണ്ടയും നമ്മുടെ സുഹൃദ്രാജ്യങ്ങളായ ഗൾഫ് നാടുകളിൽ സൃഷ്ടിച്ച രോഷവും വികാരവും നിസ്സാരവത്കരിക്കുന്നത് പമ്പര വിഡ്ഢിത്തമാവും. അതുപോലെ, വിവിധ സംസ്ഥാനങ്ങളിലെ അതിഥി തൊഴിലാളികൾ അഭയവും ആഹാരവും തേടി സ്വന്തം ഊരുകളിലേക്ക് നൂറുകണക്കിന് കിലോമീറ്റർ പൊരിവെയിലത്ത് നടന്ന് തളർന്നുവീഴുന്ന ദൃശ്യങ്ങൾ ലോക മീഡിയ ഒപ്പിയെടുത്തിട്ടുണ്ട്. കരളലിയിക്കുന്ന ഇത്തരം കദനകഥകൾ സർക്കാർ ശ്രദ്ധയിലും ജനശ്രദ്ധയിലും കൊണ്ടുവരുന്ന മനുഷ്യാവകാശ പ്രവർത്തകരും മാധ്യമങ്ങളും നേരിടുന്ന ഭീഷണികളും വിലക്കുകളും നടേ ഉദ്ധരിച്ച യു.എൻ മനുഷ്യാവകാശ കമീഷണറുടെ വിമർശനത്തിന് ശരവ്യമായിട്ടുണ്ടെന്നും കാണാതിരുന്നുകൂടാ. കോവിഡ് എന്ത് നഷ്ടം സഹിച്ചും തുരത്തപ്പെടേണ്ടതു തന്നെ; എന്നാൽ, അതൊരിക്കലും മുതലെടുപ്പിനും അധികാര ദുർവിനിയോഗത്തിനുമുള്ള രക്ഷാകവചമായിക്കൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.