കോണ്‍ഗ്രസുകാര്‍ എന്നാണ് നന്നാവുക?

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വര്‍ധിച്ച പ്രാതിനിധ്യം നല്‍കി ഡി.സി.സികള്‍ക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് പുതിയ ഉണര്‍വ് ലഭിക്കുമെന്ന പ്രതീക്ഷ പൊതുവെ ഉയര്‍ന്നിരുന്നു. പതിവിന് വിപരീതമായി, ധീരമായ സംഘടനാ തീരുമാനം എന്ന നിലക്ക് അത് പ്രകീര്‍ത്തിക്കപ്പെട്ടു. ദേശീയതലത്തില്‍ ദിനംദിനേ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പാര്‍ട്ടിയെ നമ്മുടെ സംസ്ഥാനത്തെങ്കിലും ജീവന്‍ കെട്ടുപോകാതെ നിലനിര്‍ത്താന്‍ അത് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍, അത്തരം പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി കോണ്‍ഗ്രസുകാര്‍ അവരുടെ പതിവ് സ്വഭാവങ്ങള്‍ പുറത്തെടുത്തുകൊണ്ടിരിക്കുന്നതിന്‍െറ വാര്‍ത്തകളാണ് കഴിഞ്ഞ രണ്ടുദിവസമായി വന്നുകൊണ്ടിരിക്കുന്നത്.

ഗ്രൂപ്പും ഗ്രൂപ്പുവഴക്കും കോണ്‍ഗ്രസ് സംസ്കാരത്തിന്‍െറ ഭാഗമാണ്. ഗ്രൂപ്പുകളാണ് ആ പാര്‍ട്ടിയെ എപ്പോഴും സജീവമായി നിലനിര്‍ത്തുന്നത്. തങ്ങളൊരു ജനാധിപത്യ പാര്‍ട്ടിയാണെന്നും സജീവവും ചടുലവുമായ ആഭ്യന്തര ജനാധിപത്യത്തിന്‍െറ സ്വാഭാവികത മാത്രമാണ് ഗ്രൂപ്പിസമെന്നുമാണ് ഇതേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ സിദ്ധാന്തം പറയാറുണ്ടായിരുന്നത്. എല്ലാ പാര്‍ട്ടികളും സി.പി.എമ്മിനെപോലെ കേന്ദ്രീകൃത ജനാധിപത്യത്തിന്‍െറയും ലെനിനിസ്റ്റ് അച്ചടക്കത്തിന്‍െറയും രീതി സ്വീകരിക്കണമെന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. പാര്‍ട്ടി പദവികള്‍ക്കുവേണ്ടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും പ്രചാരണം നടത്തുകയും പൊതുതെരഞ്ഞെടുപ്പ് നടത്തുന്ന അതേമട്ടില്‍  അംഗങ്ങള്‍ വോട്ട് ചെയ്ത് പാര്‍ട്ടി നേതാക്കളെ തെരഞ്ഞെടുക്കുകയും ചെയ്യുന്ന രീതി പല വിദേശരാജ്യങ്ങളിലും നമുക്ക് കാണാം. ശക്തവും പരസ്യവുമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പദവികളില്‍ നേതാക്കള്‍ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍, പാര്‍ട്ടി നിശ്ചയിക്കപ്പെട്ട നയത്തിന്‍െറ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായി പോകുന്നതാണ് അത്തരം നാടുകളിലെ രീതി. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍െറ വികസിതരൂപമാണത്. എന്നാല്‍, കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസത്തെയും വിഴുപ്പലക്കലുകളെയും ആ ഗണത്തില്‍പെടുത്താനേ പറ്റുന്നതല്ല. അത് വളര്‍ന്ന് ക്രമസമാധാന പ്രശ്നമാവുന്ന അവസ്ഥയാണ് ബുധനാഴ്ച കൊല്ലം ഡി.സി.സിയില്‍ കണ്ടത്. പുതിയ വിവാദങ്ങളിലെ ഒരു പ്രധാന കക്ഷിയും കോണ്‍ഗ്രസ് വക്താവുമായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ ഡി.സി.സി ഓഫിസില്‍ വെച്ച് കൈയേറ്റം ചെയ്യുന്ന അവസ്ഥയുണ്ടായി.

രാജ്മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്ത സംഭവവും വലിയ പുതുമയുള്ള ഒന്നല്ല. 2004ല്‍ ഗ്രൂപ് വഴക്കിന്‍െറ ഭാഗമായി തിരുവനന്തപുരത്ത് പരസ്യമായി തുണിയുരിക്കപ്പെട്ട ആളാണ് അദ്ദേഹം. ഗ്രൂപ്പിന്‍െറ പേരിലുള്ള ഇതേക്കാള്‍ വലിയ തല്ലുകള്‍ പാര്‍ട്ടിയില്‍ മുമ്പും ഉണ്ടായിട്ടുണ്ട്.  പക്ഷേ, കൊല്ലം സംഭവത്തെതുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രതികരണങ്ങള്‍ ഗൗരവമുള്ളതാണ്. മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. മുരളീധരന്‍ ഏര്‍പ്പാടാക്കിയ ഗുണ്ടകളാണ് തന്നെ ആക്രമിച്ചതെന്നാണ് അദ്ദേഹത്തിന്‍െറ ആരോപണം. തന്നെ കൊല്ലാന്‍ മുരളീധരന് പദ്ധതിയുണ്ടെന്നും ഉണ്ണിത്താന്‍ പറയുന്നു. ഗുണ്ടകളെ ഉപയോഗിച്ച് തിരിച്ചടിക്കാന്‍ തനിക്ക് കഴിയുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കുന്നുണ്ട്. ഈ ആരോപണങ്ങളും ഭീഷണിയും നിസ്സാരമായി തള്ളാന്‍ കഴിയില്ല. തനിക്ക് ഗുണ്ടകളെ ഉപയോഗിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസിന്‍െറ ഉത്തരവാദപ്പെട്ട നേതാവ് പരസ്യമായി പറയുന്നുവെങ്കില്‍ ആ പാര്‍ട്ടിയുടെ നേതൃത്വം എന്തുമാത്രം അധപ്പതിച്ചുവെന്നാണ് അത് തെളിയിക്കുന്നത്. തന്‍െറ കൈവശമുള്ള ഗുണ്ടകളാരൊക്കെ എന്ന് വെളിപ്പെടുത്താന്‍ ഉണ്ണിത്താന്‍ തയാറാവുമോ? മുരളീധരനെതിരെ അദ്ദേഹം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ക്രിമിനല്‍ ഗൂഢാലോചനയുടെ വകുപ്പില്‍പെടുന്നതാണ്. ആ നിലക്കുള്ള നിയമനടപടികള്‍ക്ക് അദ്ദേഹം സന്നദ്ധമാവുമോ? ഇത്തരം ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല എന്നറിയാം. അതേസമയം, ഗ്രൂപ്പിസം നാട്ടിലെ ക്രമസമാധാനത്തെ ബാധിക്കുന്നുവെങ്കില്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.

നടന്നുകഴിഞ്ഞ സംഭവങ്ങളുമായി ബന്ധപ്പെട്ട് ന്യായങ്ങളും മറുന്യായങ്ങളും എല്ലാവര്‍ക്കും പറയാനുണ്ടാവും. അതെന്തായാലും ജനങ്ങള്‍ക്ക് മുമ്പില്‍ പാര്‍ട്ടിയെ വഷളാക്കുന്ന കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യം അത്യധികം ഭീഷണമായ അവസ്ഥയിലൂടെ കടന്നുപോവുമ്പോള്‍ പ്രതിപക്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ഈ മട്ടില്‍ പോവുന്നത് ശരിയല്ല. നോട്ട് നിരോധനം, വര്‍ഗീയതയുടെ വളര്‍ച്ച, റേഷന്‍ പ്രതിസന്ധി തുടങ്ങി സാധാരണ ജീവിതങ്ങളെ നേരിട്ട് ബാധിക്കുന്ന വലിയ വിഷയങ്ങള്‍ മുന്നിലുള്ളപ്പോള്‍  മുഖ്യ പ്രതിപക്ഷകക്ഷി പരസ്പരം കൂട്ടത്തല്ല് മേളകള്‍ നടത്താനാണ് മുതിരുന്നതെങ്കില്‍ ആ പാര്‍ട്ടി നശിക്കാന്‍ പോവുന്നുവെന്നതിന്‍െറ സൂചനയാണത്. ശക്തിയും ചടുലതയുമുള്ള ഒരു മധ്യ-ഇടതു പാര്‍ട്ടി രാജ്യത്തിന്‍െറ ആവശ്യമാണ്. ആ ദൗത്യം ഏറ്റെടുക്കാനുള്ള ചരിത്രപരമായ ചുമതല കോണ്‍ഗ്രസിനുണ്ട്. തമ്മില്‍ തല്ലി ഉള്ള ഊര്‍ജം അവര്‍ നശിപ്പിച്ചുകളയരുത്.

Tags:    
News Summary - congress internal struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.