പരസ്പരബന്ധിതമല്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്നു സംഭവങ്ങൾ നമ്മുടെ രാജ്യത്തിെൻറ സാമൂഹികസംവിധാനങ്ങളിൽ വേരൂന്നിയ ജാതീയതയുടെ ആഴം വെളിപ്പെടുത്തുന്നവയാണ്. അതിലൊന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിജിക്കുനേരെ നടത്തിയ ജാതിയധിക്ഷേപങ്ങളും അതിനോടുള്ള മാധ്യമ സമീപനവുമാണ്. സംഘ്പരിവാർ നയിക്കുന്ന തീവ്രവലതുരാഷ്ട്രീയത്തിെൻറ ആശയധാര വർണാശ്രമാധിഷ്ഠിതമാെണന്നത് അത്ര ഗോപ്യമായ വസ്തുതയൊന്നുമല്ല. സംവരണ പ്രക്ഷോഭകാലത്ത് അവരത് പലവുരു മറയില്ലാതെ ഉറെക്കത്തന്നെ പ്രഖ്യാപിച്ചതാണ്. രാഷ്ട്രപിതാവിനുനേരെ നടത്തിയ അവഹേളനപരമായ പരാമർശം നിയമവ്യവസ്ഥയിൽ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. ഭരിക്കുന്ന പാർട്ടിയുടെ ദേശീയ പ്രസിഡൻറിെൻറ ഗുരുതരമായ അധിക്ഷേപ പ്രസ്താവന ഗൗരവത്തിൽ ജനസമൂഹത്തിൽ ചർച്ചയാക്കുകയും നിയമനടപടികളിലേക്ക് സർക്കാറിൽ സമ്മർദമുണ്ടാക്കുകയും ചെയ്യുന്നതിനു പകരം അതൊരു കോൺഗ്രസ്-ബി.ജെ.പി വാഗ്വാദം മാത്രമായി ചുരുക്കാനാണ് ദേശീയ മാധ്യമങ്ങൾ താൽപര്യം കാണിച്ചത്. സവർണ സാമൂഹികക്രമത്തിന് അധികാരത്തിെൻറ സമസ്ത മേഖലകളിലും അസാധാരണമായ മേൽക്കൈ ലഭിച്ചിട്ടുള്ള സമകാലിക സന്ദർഭത്തിൽ മാധ്യമങ്ങൾ പുലർത്തുന്ന സ്വയം സെൻസർഷിപ് ഭരണകൂടദാസ്യത്തിെൻറ അപമാനകരമായ ഉദാഹരണങ്ങളായിത്തീർന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, ഭരണകൂടവേട്ടയാടലിനെ സംബന്ധിച്ച ഭയാശങ്കയിൽനിന്നുണ്ടാകുന്ന നിശ്ശബ്ദതയിലുപരി മാധ്യമങ്ങളുടെ വർണതാൽപര്യങ്ങളാണ് പലപ്പോഴും ഏകപക്ഷീയ വാർത്താവിന്യാസങ്ങളുടെ മർമമെന്നതാണ് കൂടുതൽ ഭീതിജനകം.
പശുവിനെ ദേശീയ മൃഗമാക്കണമെന്ന രാജസ്ഥാൻ ഹൈകോടതി ജഡ്ജി മഹേഷ് ചന്ദ്ര ശർമയുടെ ഉൾവിളി ഒറ്റപ്പെട്ടതെല്ലന്നും രാജ്യത്തെ ധാരാളം കോടതിമുറികളിൽനിന്ന് ഇനി ഉയരാനുള്ള വിചിത്ര നിർദേശങ്ങളിലേക്കുള്ള സൂചനയാണതെന്നും വ്യക്തമാകുന്ന ഹൈദരാബാദ് ഹൈകോടതി ന്യായാധിപൻ ബി. ശിവശങ്കര റാവുവിെൻറ കഴിഞ്ഞ ദിവസെത്ത വിധിപ്രസ്താവമാണ് രണ്ടാമത്തെ സംഭവം. കാലിക്കശാപ്പിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനുശേഷം വിവിധ കോടതികളുെട നിരീക്ഷണങ്ങളിലും വിധിപ്രസ്താവനകളിലും ഭരണകൂട വിധേയത്വത്തോടൊപ്പം സവർണ ജാതിസമൂഹങ്ങളുടെ മൂല്യസങ്കൽപങ്ങൾക്ക് നിയമാനുസൃത അംഗീകാരം നൽകാനുള്ള കോടതികളുടെ തന്ത്രപ്പാടുകളും ദർശിക്കാനാകും. കാലികളെ കശാപ്പിന് കൊണ്ടുവന്ന കേസിൽ ശിക്ഷിക്കപ്പെട്ട രാമാവത്ത് ഹമുന നൽകിയ അപ്പീൽ പരിഗണിക്കവെയാണ് പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണിക്കാമെന്ന വാദം കോടതി ഉയർത്തുന്നത്. ഏതു നിയമത്തിെൻറ, വകുപ്പുകളുടെ പിൻബലത്തിലാണ് ഇത്തരം ഏകപക്ഷീയ വിധികൾ വരുന്നതെന്ന് ചോദിക്കേണ്ട സമയമെത്തിയിരിക്കുന്നു. കാരണം, കോടതിയെന്നത് ജഡ്ജിമാരാെണന്നും അവരിൽ പലരും വർണബോധത്തിെൻറ ഉപാസകരാെണന്നും വ്യക്തമാകുന്ന കാലത്ത് കോടതിയുടെ ‘ജാതി’ അന്വേഷിക്കേണ്ടിവരുന്നത് നീതിയുടെ അനിവാര്യതാൽപര്യമാകുകയാണ്. ബലിപെരുന്നാളിന് കാലികളെ അറുക്കുന്നത് ഇസ്ലാം വിശ്വാസികളുടെ മൗലികാവകാശമല്ലെന്ന തരത്തിൽ വിചാരണാകേസുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിലേക്കുള്ള കോടതികളുടെ കടന്നുകയറ്റം നിയമത്തിെൻറ വ്യാഖ്യാനത്തിലുപരി വിധികർത്താക്കളുടെ ജാതിതാൽപര്യങ്ങൾ വിധിന്യായങ്ങളായി മാറുന്നുവോ എന്ന സംശയത്തിന് ഇടവരുത്തുകയാണ്.
മിശ്രഭോജനത്തിെൻറ നൂറാം വാർഷികമാഘോഷിക്കുന്ന കേരളത്തിലെ ഗോവിന്ദപുരം അബേദ്കർ കോളനിയിൽ അയിത്തത്തോട് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന നിസ്സംഗതയും ന്യായീകരണങ്ങളുമാണ് മൂന്നാമത്തേത്. കേരളത്തിലെ ഒരു ഗ്രാമത്തിൽ തുടരുന്ന അയിത്തത്തെ ശരിയാംവിധം അഭിമുഖീകരിക്കാൻ പഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷത്തിന് സാധിക്കുന്നില്ല. കേരളത്തിലെ ബീഫ് സമരങ്ങളോട് ഇടതുവലത് പാർട്ടികൾ ദേശീയതലത്തിൽ സ്വീകരിച്ച സമീപനങ്ങളും സവർണ ജാതിബോധത്തെ അരക്കിട്ടുറപ്പിക്കുംവിധമാണ്. ചുരുക്കത്തിൽ, വ്യക്തിസമത്വത്തിലേക്കും തുല്യതാധിഷ്ഠിത ജാതിരഹിത സാമൂഹികക്രമത്തിലേക്കും എത്തിച്ചേരാൻ കീഴാളവത്കരിക്കപ്പെട്ട ജാതിവിഭാഗങ്ങൾക്ക് ഇനിയും നൂറ്റാണ്ടുകളോളം സഞ്ചരിക്കേണ്ടിവരുമെന്ന ദുരന്തയാഥാർഥ്യമാണ് മാധ്യമങ്ങളുടെയും കോടതികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്താവനകളും നിസ്സംഗതകളും അലസ സമീപനങ്ങളും ബോധ്യപ്പെടുത്തുന്നത്. ഇന്ത്യൻ സാമൂഹികജീവിതത്തിൽ മേൽജാതി വിഭാഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് പൊതു അംഗീകാരവും നിയമാനുസൃത പിന്തുണയുമുണ്ട് എന്ന അവസ്ഥ സൃഷ്ടിക്കുന്നതിൽ ഹിന്ദുത്വശക്തികൾ വിജയിക്കുന്നുവെന്നതിെൻറ അടയാളക്കുറികൂടിയാണ് ഈ സംഭവങ്ങളെല്ലാം. പൂർണ മനുഷ്യനാകാനുള്ള ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും പ്രക്ഷോഭങ്ങൾക്കു മുന്നിലുള്ള പ്രതിബന്ധങ്ങൾ അത്ര ചെറുതല്ലെന്നാണ് ഈ മൂന്നു സംഭവങ്ങളും വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.