കാലാവസ്ഥ: അവഗണനക്ക് വില കൊടുക്കേണ്ടിവരും

ഠിനമായ ചൂട് വീണ്ടും കേരളം അനുഭവിച്ച് തുടങ്ങുന്നു. ഭൂമി മൊത്തം അനുഭവിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ ഭാഗമാണ് ഇതെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഓരോ വർഷവും പ്രതിസന്ധി രൂക്ഷമാകുമ്പോഴും പരിഹാരശ്രമങ്ങൾ മന്ദഗതിയിലാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ താപനിലയുടെ കണക്കുകൾ നോക്കിയാൽ ഇ​പ്പോൾ അനുഭവപ്പെടുന്നത് റെക്കോഡ് ചൂടാണെന്നും വർഷംപ്രതി ആ റെക്കോഡ് പുതിയ റെക്കോഡിന് വഴിമാറുന്നു എന്നും ഡിസംബറിൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ട് കാണിച്ചു. ഇത് പുതിയ വാർത്തയല്ലതാനും. 1901-2023 കാലത്ത് കേരളത്തിൽ പകൽ സമയത്തെ പരമാവധി ചൂട് 1.7 ഡിഗ്രി സെൽഷ്യസ് കണ്ട് വർധിച്ചതായും കണക്കുണ്ട്. ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല. ഭൂമി അനുഭവിച്ച ഏറ്റവും കടുത്ത ചൂട് 2024ലേതാണ്; അതിന് മുമ്പ് ആ പദവി 2023നായിരുന്നു. മാത്രമല്ല, ഇനിയും വർഷങ്ങളെടുക്കുമെന്ന് ശാസ്ത്രലോകം കരുതിയിരുന്ന 1.5 ഡിഗ്രി താപവർധന കഴിഞ്ഞവർഷം തന്നെ നടന്നുകഴിഞ്ഞു. കാലാവസ്ഥാ ഉച്ചകോടികളുടെ കൂട്ടത്തിൽ ഏറ്റവും ഫലശൂന്യമായത് നടന്നതും 2024ൽതന്നെ - അസർബൈജാനിൽ നടന്ന ‘കോപ് 29’. കൊടും കാലാവസ്ഥകൾ (ഉഷ്ണതരംഗം, അതിവർഷം, കടുത്ത വരൾച്ച, കൊടുങ്കാറ്റ്) ലോകമെങ്ങും വലിയ ദുരന്തങ്ങളാണ് ഓരോ വർഷവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞവർഷം വയനാട്ടിലുണ്ടായ പ്രളയം ഇത്തരമൊന്നാണ്. അത് അവസാനത്തേതാണെന്നും കരുതാനാവില്ല. കേരളത്തിൽ മുമ്പ് ഏറ്റവും കൂടുതൽ മഴ കിട്ടിയിരുന്നത് ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നെങ്കിൽ ഇപ്പോൾ അത് തകിടം മറിഞ്ഞു. ആഗസ്റ്റിൽ പെരുമഴയും മറ്റ് മാസങ്ങളിൽ വരണ്ട അവസ്ഥയുമായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് 2024ൽ ആറുദിവസം ഉഷ്ണതരംഗ അവസ്ഥയുണ്ടായി. മുൻ ഫെബ്രുവരികളെ അപേക്ഷിച്ച് കഴിഞ്ഞമാസം ഏറ്റവും ചൂടുള്ളതായിരുന്നു എന്നതും ശുഭസൂചനയല്ല.

മനുഷ്യൻ വരച്ച രാജ്യാതിർത്തികൾ ഭൂമിയുടെ മൊത്തം പ്രതിസന്ധിക്ക് ബാധകമല്ല. അതുകൊണ്ട് പരിഹാരവും ഒരുമിച്ചേ ഉണ്ടാകൂ. എന്നാൽ, ബുദ്ധിശൂന്യമായ നേതൃത്വമാണ് മിക്ക രാജ്യങ്ങളിലും ഭരണത്തിലെന്നത് മറ്റൊരു പ്രതിസന്ധിയായിരിക്കുന്നു. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിൽ ലോകരാഷ്ട്രങ്ങൾ അംഗീകരിച്ച ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാകില്ല എന്ന ആശങ്ക ഇപ്പോൾ ശാസ്ത്രജ്ഞർ പ്രകടിപ്പിക്കുന്നുണ്ട്. വ്യവസായവത്കരണത്തിന് മുമ്പുണ്ടായിരുന്ന അന്തരീക്ഷ താപത്തിൽ ഒന്നര ഡിഗ്രിവരെ കൂടിയാൽ പിടിച്ചുനിൽക്കാമായിരുന്നു. എന്നാൽ, പാരിസിൽ ധാരണയായത് താപവർധന രണ്ട് ഡിഗ്രിവരെ പിടിച്ചുനിർത്താനേ മാർഗമുള്ളൂ എന്നാണ്. ഇപ്പോൾ ആ ലക്ഷ്യവും മറികടക്കാൻ പോവുകയാണെന്ന് ഏതാണ്ട് തീർച്ചയായിട്ടുണ്ട്. ധ്രുവങ്ങളിലെ മഞ്ഞ് 40 ശതമാനത്തോളം കുറഞ്ഞു. സമുദ്രജലനിരപ്പ് ഉയർന്നുതുടങ്ങി. കടൽജലം ചൂടുപിടിക്കുന്നതനുസരിച്ച് കടൽജീവികൾ അസ്തിത്വഭീഷണിയിലാണ്. മറ്റ് ജീവിവർഗങ്ങളും ഭീഷണി നേരിടുന്നുണ്ട്. ആവാസവ്യവസ്ഥകൾ നശിക്കുന്നതും കാലാവസ്ഥാ വ്യതിയാനവും പരസ്പരം ബന്ധ​പ്പെട്ടതാണ്. ഇതിന്റെ ഫലമായി, കടുത്ത ഭക്ഷ്യക്ഷാമം കൂടി ഒരു സാധ്യതയായി രൂപംകൊണ്ടിരിക്കുന്നു. തിരിച്ചുവരവ് സാധ്യമല്ലാത്തവിധം നാം നിർണായകഘട്ടം (ടിപ്പിങ് പോയന്റ്) കടക്കുകയും സ്ഥിതിഗതികൾ പിടിവിടുകയും ചെയ്യാനുള്ള സാധ്യതവരെ ശാസ്ത്രജ്ഞർ മുന്നിൽ കാണുന്നുണ്ട്.

ഈ ഘട്ടത്തിൽപോലും ഭരണകൂടങ്ങൾ സത്യത്തോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. അമേരിക്കയിൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത ഉടനെ ഡോണൾഡ് ട്രംപ് ഒപ്പിട്ട ഉത്തരവ് പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറിക്കൊണ്ടുള്ളതാണല്ലോ. മിക്ക രാജ്യങ്ങളിലും ദുരന്തവേളകളിലെ ചർച്ചാവിഷയം മാത്രമാണ് കാലാവസ്ഥാ പ്രതിസന്ധി. ഊർജം, വ്യവസായം, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങൾ ഭരണതലനയങ്ങൾ മുഖേന മാത്രം ഉണ്ടാകേണ്ടതാണ്. പല രാജ്യങ്ങളിലും പ്രഖ്യാപനങ്ങൾക്കനുസരിച്ച് കാര്യങ്ങൾ പ്രാവർത്തികമാകുന്നില്ല. കാർബൺ രഹിത സമ്പദ്‍വ്യവസ്ഥ കടലാസിലുണ്ടെങ്കിലും പതുക്കെയാണ് നടപ്പാകുന്നത്. വികസിതരാജ്യങ്ങൾ 2050ഓടെ കാർബൺമുക്തമാകണമെന്ന ധാരണ ട്രംപിന്റെയും അദ്ദേഹം തുടങ്ങിവെച്ച തീരുവയുദ്ധത്തിന്റെയും കാലത്ത് ഓർമിക്കപ്പെടുമോ എന്നുപോലും തീർച്ചയില്ല. ബജറ്റുകളിലോ രാഷ്ട്രീയകക്ഷികളുടെ വാർഷിക യോഗങ്ങളിലോ കാലാവസ്ഥ ഇപ്പോഴും ഗൗരവപ്പെട്ട വിഷയമല്ല. ഉത്തരവാദിത്തബോധമില്ലാത്ത ഭരണകർത്താക്കളെ മാത്രം ആശ്രയിക്കുന്ന സ്ഥിതി തുടർന്നുകൂടാ എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്നത്തെ അവസ്ഥയുടെ ഗുണഭോക്താക്കളെ കാത്തുനിന്നിട്ട് കാര്യമില്ലെന്ന് പൊതുസമൂഹം തിരിച്ചറിയണം. ഭരണകൂടങ്ങൾക്കുമേൽ സമ്മർദം ചെലുത്തുന്നതുമുതൽ വീടുകൾ തോറും പരിഹാരശ്രമങ്ങൾ തുടങ്ങുന്നതുവരെയുള്ള ബൃഹത്തായ കർമപദ്ധതി ആവശ്യമായിരിക്കുന്നു. 

Tags:    
News Summary - Climate change: Neglect will have to pay the price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.