രോഹിതിനെ കൊന്നിട്ടും വിടാത്ത ജാതിക്കോയ്മ

ജാതിപീഡനം സഹിക്കവയ്യാതെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല അവകാശസംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലി നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ജാതിക്കോമരങ്ങളുടെ അധികാരസ്ഥാപനങ്ങളായി മാറിയ രാജ്യത്തെ വിവിധ കലാശാലകളിലെ അപസര്‍പ്പകാനുഭവങ്ങള്‍ പുറത്തത്തെിക്കാന്‍ രോഹിതിന്‍െറ രക്തസാക്ഷ്യം ഉതകിയെന്നതു നേര്. രാജ്യമനസ്സാക്ഷിയെ പിടിച്ചുലച്ച കാമ്പസിലെ ദലിത്-പിന്നാക്ക വിവേചനങ്ങളുടെയും പീഡനങ്ങളുടെയും ദുരിതകഥകള്‍ ഇരകളുടെ ഐക്യദാര്‍ഢ്യത്തിനും ബഹുജനപ്രതിഷേധത്തിനുമിടയാക്കുകയും ചെയ്തു.

രോഹിതിന്‍െറ ഒന്നാം രക്തസാക്ഷിത്വ വാര്‍ഷികദിനത്തില്‍ രാജ്യത്തെ വംശീയവെറിയുടെ ഇരകളൊന്നായി ഹൈദരാബാദിലും മറ്റു കാമ്പസുകളിലും കൂട്ടായി പ്രതിഷേധിച്ചു. വിവിധയിടങ്ങളില്‍ രോഹിത് ഉയര്‍ത്തിയ പ്രശ്നങ്ങളേറ്റുപിടിച്ചു വിവിധ പരിപാടികള്‍ നടന്നു. ഇതൊക്കെ നടക്കുമ്പോഴും രോഹിതിന്‍െറയും കൂട്ടുകാരുടെയും ജീവിതത്തെ വേട്ടയാടിയവരാരും നിയമത്തിനു മുന്നില്‍ ഹാജരാക്കപ്പെട്ടില്ല. എന്നുതന്നെയല്ല, ജീവിതത്തിലും മരണത്തിലും പാവം ദലിത് വിദ്യാര്‍ഥിയെ വിടാതെ പിന്തുടര്‍ന്നവര്‍ മരണാനന്തരവും നിന്ദ്യമായ ജാതിവേട്ട തുടരുകയാണ്. രോഹിതിന്‍െറ ആത്മത്യാഗത്തിനു വര്‍ഷമൊന്നു തികയുമ്പോള്‍ സ്വന്തം ജാതിപ്പേരില്‍ കൃത്രിമത്വം കാണിച്ചു എന്ന ഇല്ലാക്കഥ മെനഞ്ഞു കുടുംബത്തെ അപമാനിക്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍.

സവര്‍ണ ഫാഷിസത്തിന്‍െറ ജാതിക്കോയ്മയുടെ ഇരയാണ് രോഹിത് വെമുല. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ആക്ടിവിസ്റ്റായ രോഹിത് കഴിഞ്ഞ വര്‍ഷം ജനുവരി 17നാണ് കലാശാല ഹോസ്റ്റലിലെ 207ാം നമ്പര്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. ഗവേഷണമേഖലയില്‍പോലും നേരിടുന്ന പീഡനത്തിനെതിരെ തുറന്ന പോരാട്ടത്തിനു മുതിര്‍ന്ന രോഹിത് നേരത്തേ അധികൃതര്‍ക്കെഴുതിയ കത്തില്‍ ദലിത് വിദ്യാര്‍ഥികള്‍ക്ക് വിഷവും കയറും നല്‍കാന്‍ ‘ശിപാര്‍ശ’ ചെയ്തിരുന്നു. നില്‍ക്കക്കള്ളിയില്ലാതെ രോഹിത് ആ വഴിതന്നെ തെരഞ്ഞെടുത്തു.

2015 ആഗസ്റ്റ് മൂന്നിന് കാമ്പസില്‍ നടത്തിയ പരിപാടിയെ തുടര്‍ന്ന് അംബേദ്കറിസ്റ്റുകളുമായി അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് ഉണ്ടാക്കിയ കശപിശ അന്നു അധികൃതര്‍ തീര്‍പ്പാക്കിയെങ്കിലും കേന്ദ്ര ഭരണകൂടവും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വിഷയം ഏറ്റെടുക്കുകയായിരുന്നു. എച്ച്.സി.യു കാമ്പസില്‍ ജാതിതീവ്രവാദികളും ദേശവിരുദ്ധരും വിഹരിക്കുകയാണെന്നും എ.ബി.വി.പിക്കെതിരായ അവരുടെ നീക്കം തടയണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ അന്നത്തെ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്ക് കത്തെഴുതി. മന്ത്രിയുടെ നിര്‍ദേശത്തിനൊത്ത് സംഘ് സഹയാത്രികനായ വി.സി നീങ്ങിയതാണ് അഞ്ച് ദലിത് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനിലേക്കും രോഹിതിന്‍െറ ആത്മഹത്യയിലേക്കും നയിച്ചത്. എതിര്‍കക്ഷികളായ എ.ബി.വി.പിക്കാര്‍ക്കെതിരെ നടപടിയുണ്ടായതുമില്ല.

രോഹിതിന്‍െറ മരണത്തില്‍ വി.സിക്കെതിരെ 1989ലെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അടുത്തിടെ ഭേദഗതിചെയ്ത ഈ നിയമമനുസരിച്ച് ദലിതുകളെ സാമ്പത്തികമായി ബഹിഷ്കരിക്കുന്നതും സാമൂഹികമായി ഒറ്റപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണ്. വാക്കോ എഴുത്തോ ആംഗ്യമോ വ്യംഗ്യാര്‍ഥപ്രയോഗമോ വഴി അവഹേളിക്കുന്നതും വിദ്യാഭ്യാസ, തൊഴില്‍, കച്ചവടകേന്ദ്രങ്ങളില്‍ പ്രവേശനവും ഇടപഴകലും നിഷേധിക്കുന്നതുമൊക്കെ ശിക്ഷ വിധിക്കാന്‍ മതിയായ കാരണങ്ങളാണ്. എന്നാല്‍, കണിശമായ നിയമങ്ങളുണ്ടായിട്ടും വി.സിക്കെതിരെ നടപടിയുണ്ടായില്ളെന്നു മാത്രമല്ല, അക്കാദമികതലത്തില്‍ അയോഗ്യത ആരോപിക്കപ്പെട്ട അദ്ദേഹത്തിന് മികവിനുള്ള അവാര്‍ഡ് നല്‍കി ആദരിക്കുകയായിരുന്നു കേന്ദ്രം.

ഒപ്പം കേസില്‍നിന്നു വി.സിയെയും ബന്ധപ്പെട്ടവരെയും രക്ഷപ്പെടുത്താന്‍ ഒൗദ്യോഗിക മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തി മരിച്ച രോഹിതിനെ ദലിത് ജാതിയില്‍നിന്നു ഒ.ബി.സിയാക്കി മാറ്റുകയും ചെയ്തു! റെയില്‍വേയില്‍ തൂപ്പുജോലി ചെയ്തിരുന്ന ദലിത് വിഭാഗത്തിലെ മാല സമുദായക്കാരായ മാതാപിതാക്കളുടെ മകളായ രോഹിതിന്‍െറ അമ്മ രാധികയെ ഒ.ബി.സി വിഭാഗത്തിലെ വഡേര സമുദായക്കാരിയായ ഗുണ്ടൂരിലെ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് അഞ്ജനി ദേവി വളര്‍ത്തുപുത്രിയായി സ്വീകരിക്കുകയായിരുന്നു. ദലിത് ആണെന്നറിയാതെ രാധികയെ എടുത്ത അവര്‍ ശൈശവവിവാഹത്തിനു കണ്ടത്തെിയ വരന്‍ ഗുറജാലയിലെ ഒ.ബി.സി വിഭാഗത്തില്‍പെട്ട മണികുമാരനായിരുന്നു.

ജാതിയറിയാതെ വിവാഹം കഴിച്ച മണികുമാരന്‍ മുഴുക്കുടിയനും മര്‍ദകനുമായതിനാല്‍ അയാളെ ഉപേക്ഷിച്ച് മൂന്നു മക്കളെ പോറ്റാനായി ഗുണ്ടൂരിലേക്ക് മാറുകയായിരുന്നു രാധിക. സുപ്രീംകോടതി വിധിയനുസരിച്ച് ദലിത്, ആദിവാസി വിഭാഗങ്ങളുടെ ജാതിനിര്‍ണയത്തില്‍ അമ്മയുടെ ജാതി മാനദണ്ഡമാക്കാം. രോഹിതിന് ഇതുവരെയുള്ള സര്‍ട്ടിഫിക്കറ്റുകളും ദൃക്സാക്ഷ്യങ്ങളുമൊക്കെ അനുകൂലമായുണ്ടെങ്കിലും അതൊക്കെ തള്ളി മൊഴിചൊല്ലിയ അച്ഛനെ തേടിപ്പിടിച്ച് പാട്ടിലാക്കി രോഹിതിനെ ഒ.ബി.സിയാക്കി മാറ്റി ജില്ല കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഇതോടെ ദലിത് പീഡകരായ പ്രതികള്‍ വാദികളും ഇരകളായ രോഹിതും കുടുംബവും ജാതിപ്പേരില്‍ വ്യാജരേഖ ചമച്ച പ്രതികളുമായി മാറുകയാണ്.

രാജ്യത്തെ ദലിത് വിഭാഗങ്ങള്‍ക്കെതിരായ ഭീകരതയെ ശക്തമായ നിയമനടപടികളിലൂടെ നേരിടുന്നതിനുപകരം മര്‍ദകരുടെ പക്ഷം ചേര്‍ന്ന് കൂടുതല്‍ വഷളാക്കുകയാണ് സംഘ്പരിവാറിന്‍െറ കേന്ദ്രഭരണകൂടവും അവരുടെ താളത്തിനു തുള്ളുന്ന സംസ്ഥാന സര്‍ക്കാറും. രോഹിതിനെ മരണത്തിനു ശേഷവും പിന്തുടര്‍ന്ന് ആക്രമിക്കുന്ന കേന്ദ്ര ഭരണകൂടവും പാര്‍ട്ടിയും  സംഘ്പരിവാറിന്‍െറ ജാതിമേധാവിത്വത്തിന്‍െറയും വംശവെറിയുടെയും തനിനിറമാണ് വെളിപ്പെടുത്തുന്നത്.

Tags:    
News Summary - caste system killed rohith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.