കാനഡയില്‍ ഒണ്ടേറിയോയിലെ പീറ്റര്‍ബറോ പ്രദേശത്തെ മുസ്ലിംപള്ളിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് സാക്ഷ്യം വഹിക്കാന്‍ ക്രൈസ്തവ, ജൂത മതനേതാക്കളും മേയറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഒത്തുകൂടി. വെള്ളിയാഴ്ച പ്രസംഗവും നമസ്കാരവും കഴിയുന്നതുവരെ അവര്‍ പള്ളിയിലെ പിന്‍നിരയിലിരുന്നു. ജനുവരി 29ന് ക്യുബെക് പള്ളിയില്‍ അതിക്രമിച്ചു കയറിയ വലതുപക്ഷ ഭീകരന്‍ ആറു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവും മുസ്ലിംസമുദായത്തോട് ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കാനത്തെിയതായിരുന്നു ഇതര മതനേതാക്കള്‍. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം’, ‘നിങ്ങളെ ഞങ്ങള്‍ സ്നേഹിക്കുന്നു’ എന്നീ സന്ദേശങ്ങളെഴുതിയ പ്ളക്കാര്‍ഡുകളുമായി ചുറ്റുവട്ടത്തുള്ള വിവിധ സമുദായ കുടുംബങ്ങള്‍ ഒന്നടങ്കം പള്ളിക്കു പുറത്തു തടിച്ചുകൂടിയിരുന്നു. ഇതിന്‍െറ മറുപടിയെന്നോണം ഈ ഞായറാഴ്ച പിക്കറിങ്ങിലെ ചര്‍ച്ചില്‍ പ്രഭാത കുര്‍ബാനക്കത്തെിയ ക്രൈസ്തവ വിശ്വാസികളെ സ്വീകരിക്കാന്‍ 20 മുസ്ലിം വീട്ടമ്മമാര്‍ കുഞ്ഞുങ്ങളെയും കൂട്ടി റോസാപ്പൂക്കളുമായി എത്തി. ‘കഴിഞ്ഞയാഴ്ച തങ്ങള്‍ക്ക് സ്നേഹത്തണല്‍ വിരിച്ചവരോട് നന്ദി കാണിക്കേണ്ടേ’ എന്നായിരുന്നു ആ കുടുംബിനികളുടെ ന്യായം.
ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കയില്‍ പ്രവേശന നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെയാണ് ട്രംപ് ആരാധകനും കടുത്ത വംശവെറിക്കാരനുമായ ആക്രമി ക്യുബെക് പള്ളിയില്‍ അഴിഞ്ഞാടിയത്. എന്നാല്‍, സംഭവത്തെ രാഷ്ട്രീയമോ വംശീയമോ ആയ മുതലെടുപ്പിന് ഉപയോഗിക്കുന്ന ലോകനടപ്പില്‍നിന്നു മാറി നടക്കുകയായിരുന്നു കാനഡ. രാജ്യത്തുടനീളം ആക്രമണശേഷമുള്ള ആദ്യ വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ക്കരികില്‍ മനുഷ്യമതില്‍ തീര്‍ത്തും സ്നേഹവലയങ്ങള്‍ നിര്‍മിച്ചും അവര്‍ സംഘര്‍ഷഭീതിയെ സൗഹാര്‍ദത്തിലേക്കു വഴിനടത്താനുള്ള മാതൃക ഉയര്‍ത്തിക്കാട്ടി.
2015ല്‍ ഫ്രാന്‍സിലും ഡെന്മാര്‍ക്കിലും ജൂതവംശക്കാര്‍ സെമിറ്റിക്വിരുദ്ധ വംശീയവെറിക്കിരയായപ്പോള്‍ ഓസ്ലോയില്‍ സിനഗോഗുകള്‍ക്കു ചുറ്റും പ്രദേശത്തെ മുസ്ലിംകള്‍ മനുഷ്യവലയം തീര്‍ത്തിരുന്നു. അതിനുള്ള ഉപകാരസ്മരണ കൂടിയായി കാനഡയില്‍ വെള്ളിയാഴ്ച രൂപം കൊണ്ട സ്നേഹച്ചുറ്റുകള്‍. സകലശക്തിയോടെയും മുമ്പെങ്ങുമില്ലാത്ത ഐക്യത്തോടെയും ഇരുട്ടില്‍നിന്നു നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവന ജനത ഒന്നടങ്കം ഏറ്റുപിടിച്ചു. ആക്രമിയെയും സമുദായത്തെയും വ്യക്തിഹത്യ ചെയ്യാനോ, വംശീയ വാദപ്രതിവാദങ്ങള്‍ക്കോ മുസ്ലിം ക്രൈസ്തവ വിഭാഗങ്ങള്‍ മുതിര്‍ന്നില്ല. പള്ളി അതിക്രമം കരുവാക്കി തീവ്രവലതുവാട്ടത്തിലേക്കു ചായുന്ന അവസരം മുതലെടുക്കാന്‍ രാഷ്ട്രീയക്കാരോ, മതവിരുദ്ധ പ്രചാരണത്തിന് മതേതരക്കാരോ മിനക്കെട്ടില്ല. ഒരു രാജ്യം, ഒരു ജനത എന്ന വികാരത്തോടെ അവര്‍ ശാന്തിദൂതന്മാരായി ലോകത്തിനു മുന്നില്‍ മികച്ചുനിന്നു. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാനിറങ്ങുന്ന വംശീയവെറി പൂണ്ട രാഷ്ട്രീയക്കാരുടെയും മതേതര അധരവ്യായാമക്കാരുടെയും ഇന്ത്യയില്‍നിന്ന് കൗതുകത്തോടെ മാത്രമേ ഈയനുഭവം നോക്കിക്കാണാനാവൂ. ഇതോടു ചേര്‍ത്തുവായിക്കേണ്ടതാണ് ബ്രിട്ടനിലെ മുസ്ലിം കൗണ്‍സില്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ (എം.സി.ബി) എന്ന സംഘടന ആരംഭിച്ച ‘എന്‍െറ പള്ളി സന്ദര്‍ശിക്കൂ’ കാമ്പയിന്‍. ബ്രെക്സിറ്റ് വോട്ട് ജയത്തിനു ശേഷം ഇംഗ്ളണ്ടില്‍ പലയിടത്തായി മുസ്ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ പൊട്ടിപ്പുറപ്പെടുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തെ 150 പള്ളികളെ അണിചേര്‍ത്ത് ഫെബ്രുവരി വാരാന്ത്യങ്ങളില്‍ ഈ പരിപാടി നടക്കുന്നത്.
ഇതര മതവിശ്വാസികളെയും ഒരു വിശ്വാസവുമില്ലാത്തവരെയും പള്ളി കാണാനും അനുഷ്ഠാനങ്ങള്‍ പരിചയപ്പെടുത്താനും ക്ഷണിക്കുന്നു. ഇസ്ലാമിക ശരീഅത്ത്, ഇതര വിഭാഗങ്ങളോടുള്ള ഇസ്ലാമിന്‍െറ നിലപാട്, ഐ.എസ് ആദി ഭീകരവാദ പ്രവണതകളെ നേരിടാന്‍ പള്ളികള്‍ എന്തുചെയ്യുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇമാമുമാരും പണ്ഡിതന്മാരും വിശദീകരിക്കുന്നു. അതിഥികള്‍ക്ക് ചായസല്‍ക്കാരം നടത്തുന്നു. തന്‍െറ പ്രദേശത്തെ പള്ളിയിലെ പരിപാടിയില്‍ പങ്കെടുത്ത ബ്രിട്ടനിലെ പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍, വിദ്വേഷത്തിന്‍െറ മതിലുകള്‍ക്ക് കോണ്‍ക്രീറ്റ് വിതറുന്നതിനേക്കാള്‍ സമൂഹത്തിനു ഫലവത്താണ് ഒന്നിച്ചിരുന്നുള്ള ചായകുടി എന്നു ട്രംപിനൊരു കൊട്ടുകൊടുത്താണ് ഈ മുന്‍കൈയെ പ്രശംസിച്ചത്. വാദിച്ചു ജയിക്കാനുള്ള തര്‍ക്കവേദികളല്ല, പരസ്പരം അന്വേഷിച്ചറിയാനും അടുക്കാനുമുള്ള സംവാദമാണ് മുസ്ലിം കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. ബ്രെക്സിറ്റിന്‍െറയും ട്രംപിന്‍െറയും വിജയം പടിഞ്ഞാറ് വംശീയവൈരികള്‍ക്ക് ആവേശം പകരുന്ന ഘട്ടത്തില്‍ ബഹുസ്വര സമൂഹത്തിലെ സാമൂഹിക ഇടപെടലിന്‍െറ പ്രാധാന്യം പള്ളികള്‍ തിരിച്ചറിയുകയാണെന്ന് അവര്‍ പറയുന്നു.
മതത്തിന്‍െറ പേരില്‍ അപരര്‍ക്കെതിരെ വിദ്വേഷമുണര്‍ത്തി കലഹവും കലാപവും ഊതിക്കത്തിക്കുന്ന ഇന്ത്യനവസ്ഥയില്‍ മേല്‍മാതൃകകള്‍ക്ക് പ്രസക്തിയുണ്ട്. മതവും ജാതിയും രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്ക് ദുരുപയോഗിക്കുന്നവര്‍തന്നെ തത്ഫലമായുണ്ടാകുന്ന വര്‍ഗീയ ചേരിതിരിവുകളുടെയും സംഘര്‍ഷങ്ങളുടെയും പാപഭാരം വിശ്വാസികളുടെ തലയില്‍ വെച്ചുകെട്ടി മതവിരുദ്ധപ്രചാരണത്തിലൂടെ മതേതരനാട്യക്കാരായി വിലസുന്നതാണ് നമ്മുടെ നാട്ടിലെ പതിവ്. അവരുടെ പ്രചാരണത്തിനു മുന്നില്‍ ക്ഷമാപണ അപകര്‍ഷത്തില്‍ തലകുനിക്കുകയോ പരസ്പരം പഴിക്കുകയോ ആണ് മതവിഭാഗങ്ങളുടെ ശീലം. എന്നാല്‍, മതത്തിന്‍െറ പേരു വലിച്ചിഴക്കപ്പെടുന്ന അരുതായ്മകള്‍ക്കെതിരെ മതവിശ്വാസികള്‍ക്ക് ഒന്നിച്ചിരുന്നു സംവദിക്കാന്‍, അപരരെ പഠിക്കാന്‍ ആരാധനാലയങ്ങളുടെ പടിവാതിലുകള്‍ പരസ്പരം തുറന്നുകൊടുക്കാന്‍ നമുക്കെന്നാണ് കഴിയുക?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.