ബ​ശ്ശാ​ർ പി​ന്നെ​യും ​മു​ന്നോ​ട്ട്​

സിറിയൻ സ്വേച്ഛാധിപതി ബശ്ശാർ അൽഅസദിെൻറ സൈന്യം രാസായുധം പ്രയോഗിച്ച് ഇദ്ലിബ് പ്രവിശ്യയിലെ ഖാൻ ശൈഖൂനിൽ ഒരു ഗോത്രത്തിലെ എഴുപതുപേരെ കൊലപ്പെടുത്തുകയും നൂറിലേറെ പേരെ മാരകമായി പരിക്കേൽപിക്കുകയും ചെയ്തത് അന്താരാഷ്ട്ര സമൂഹത്തിെൻറ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നു. ആഭ്യന്തരയുദ്ധം ശമനമില്ലാതെ തുടരുന്ന സിറിയയിൽ എതിരാളികളെ തുടച്ചുനീക്കാൻ ബശ്ശാർ ഏതറ്റംവരെയും പോകുമെന്നതിന് കഴിഞ്ഞ ആറു വർഷത്തെ അനുഭവം തെളിവാണ്. എന്നാൽ, യുദ്ധമര്യാദക്ക് നിരക്കാത്തതെന്ന് ലോകം വിധിയെഴുതിയ രാസായുധങ്ങളും വിഷവാതകങ്ങളും സ്വന്തം നാട്ടുകാർക്കെതിരെ ബശ്ശാർ നിർബാധം ഉപയോഗിച്ചുവരുന്നതായി ആരോപണമുണ്ടായിരുന്നു. ലോകത്തിനു മുന്നിൽ ഇത് ശക്തിയുക്തം നിഷേധിക്കുേമ്പാഴും ശത്രുനിഗ്രഹത്തിന് ഇതൊരു ഉപാധിയാക്കുന്നുണ്ട് ബശ്ശാർ എന്നു തന്നെയാണ് ഖാൻ ശൈഖൂനിൽ അൽയൂസുഫ് എന്ന ഒരൊറ്റ ഗോത്രത്തിലെ 20 പിഞ്ചു ൈപതങ്ങളെയടക്കം നക്കിത്തുടച്ച ചൊവ്വാഴ്ചയിലെ ആക്രമണം തെളിയിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ഉറക്കത്തിലാണ് സിവിലിയൻ കേന്ദ്രത്തിനുമേൽ വിഷവാഹിനി ബോംബുകൾ വർഷിച്ചത്. മരണത്തിലേക്കുണർന്ന ആ നാട് പ്രാണനുംകൊണ്ട് ആശുപത്രിയിലേക്ക് ഒാടിയപ്പോൾ അവിടെയും ബോംബിട്ടു നിഷ്ഠുര സൈന്യം. ഇതൊക്കെ ചെയ്ത ശേഷവും വിഷവാതകമടക്കമുള്ള മാരകായുധങ്ങൾ സംഭരിച്ച വിമതരുടെ കേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണമെന്നു സിറിയൻ പ്രസിഡൻറ് പച്ചക്കള്ളം പറഞ്ഞു. സ്വന്തക്കാരായ റഷ്യയും ഇറാനും അതേറ്റു പിടിച്ചു. എന്നാൽ, സിറിയയിൽ സജീവമായ എല്ലാ ജീവകാരുണ്യസംഘടനകളും ദൃക്സാക്ഷികളുമൊക്കെ രാസായുധ പ്രയോഗമാണ് നടന്നതെന്ന് തെളിവുസഹിതം സാക്ഷ്യപ്പെടുത്തുന്നു.

സിറിയൻ പ്രശ്നം ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് ചൊവ്വാഴ്ചത്തെ ആക്രമണം. യോഗത്തിനെത്തിയ മുഴുവൻ നേതാക്കളും സംഭവത്തെ അപലപിക്കുകയും സിറിയയെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രാസായുധപ്രയോഗം സ്ഥിരീകരിക്കപ്പെട്ടതോടെ സ്വന്തക്കാരായ റഷ്യ മാത്രമല്ല, സിറിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതായി ഭാവിക്കുന്ന അമേരിക്കകൂടി വെട്ടിലായിരിക്കുകയാണ്. 2013ൽ ഡമസ്കസിനടുത്ത ഗൂതയിലും സിറിയൻ സേന നടത്തിയ വിഷവാതകപ്രയോഗത്തിൽ നൂറുകണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. അന്ന് ‘ചുവന്ന വര’ ലംഘിച്ച ബശ്ശാറി
െൻറ ഒൗദ്യോഗികകേന്ദ്രങ്ങൾ ഉന്നം വെച്ച് സൈനികനീക്കം നടത്തുമെന്ന് പ്രസിഡൻറ് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഇതിനായി അമേരിക്കൻ കോൺഗ്രസിെൻറ പിന്തുണ തേടി. സിറിയ ആദ്യം സംഭവം നിഷേധിച്ചെങ്കിലും റഷ്യൻ ഇടനിലയിൽ നടത്തിയ ചർച്ചയെ തുടർന്ന് രാസായുധ പ്രയോഗത്തിനെതിരായ കരാർ അംഗീകരിച്ച് ആയുധശേഖരം നശിപ്പിച്ചതായി പ്രഖ്യാപിച്ചു. 1970 ൽ ഇൗജിപ്തിൽ നിന്നു വാങ്ങിയ രാസായുധം കഴിഞ്ഞ ജനുവരിയിലാണ് നശിപ്പിച്ചതായി പ്രഖ്യാപിച്ചത്. എന്നാൽ, ബശ്ശാർ ലോകത്തെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. അതുകൊണ്ടാകണം സിറിയയുടെ കാര്യം അവർ നോക്കിക്കൊള്ളെട്ട എന്ന നിസ്സംഗനിലപാടിൽ നിന്നു അവർക്കെതിരായ ശക്തമായ പ്രതിഷേധത്തിലേക്ക് ഡോണൾഡ് ട്രംപും മാറിയത്.

ഇത്തരം പ്രതിഷേധപ്രകടനങ്ങൾക്കപ്പുറം സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ അന്താരാഷ്ട്രസമൂഹത്തിന് ഇനിയും വിജയിക്കാനായിട്ടില്ല. െഎക്യരാഷ്ട്രസഭ തുടക്കംതൊേട്ട വിഷയത്തിൽ ഇടപെെട്ടങ്കിലും വിഫലമാകുന്നതുകണ്ട് സമാധാന ഇടനിലക്കാർ ഒന്നൊന്നായി രംഗം വിട്ടു. മൂന്നാമതായി വന്ന സ്റ്റഫാൻ ഡി. മിസ്തൂറ അഞ്ചുവട്ടം സംഭാഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. അതിനിടെ അതിർത്തിക്കപ്പുറത്തെ പ്രശ്നമായതിനാൽ സ്വന്തം പ്രശ്നമായെടുത്ത തുർക്കിയും വിഷയത്തിൽ രാഷ്ട്രീയതാൽപര്യമുള്ള ബശ്ശാർ അൽഅസദിെൻറ പ്രായോജകരെന്നു പറയാവുന്ന റഷ്യയും ഇറാനും കസാഖ്സ്താനിലെ അസ്താനയിൽ വെച്ച് ചർച്ചകൾ നടത്തി. സിറിയൻ പ്രതിപക്ഷത്തിെൻറ പിന്തുണയുറപ്പിക്കാൻ തുർക്കിയും അസദിെന മെരുക്കാൻ റഷ്യയും ഇറാനും മുൻകൈെയടുക്കുമെന്ന നിലയിലാണ് ചർച്ച മുന്നോട്ടുപോയത്. എന്നാൽ, വിമതകക്ഷികളുടെ ബഹിഷ്കരണംമൂലം അതും ഫലം കണ്ടില്ല. ഇരുപക്ഷവും അന്യോന്യനിഷ്കാസനം ഉദ്ദേശിക്കുന്നതാണ് ചർച്ചകളെ നിഷ്ഫലമാക്കുന്നത്. ഇതല്ലാത്തൊരു പരിഹാര ഫോർമുല ഉരുത്തിരിയുംവരെ ഇനിയുമെത്ര ചോര മെഡിറ്ററേനിയൻ തീരത്തൊഴുകുമെന്നതിന് ഒരു തീർപ്പുമുണ്ടാവില്ല.

Tags:    
News Summary - Bassar go forward

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.