ഭരണകൂടത്തിനും അധികാരികൾക്കും മുന്നിൽ ഒാച്ഛാനിച്ചു നിൽക്കുന്ന ‘ഹിസ് മാസ്റ്റേഴ്സ് വോയ്സു’കളായി മാധ്യമങ്ങെള വഴക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ എന്നു തോന്നുന്നു. ഭരണത്തിലേറിയതുമുതൽ മാധ്യമങ്ങൾക്കുനേരെ അടഞ്ഞ സമീപനം സ്വീകരിച്ചുവരുന്ന നരേന്ദ്ര മോദി സർക്കാർ ഇഴയാനാജ്ഞാപിക്കുേമ്പാഴേക്കും മുട്ടിലിഴയുന്നവരെമാത്രം ഗൗനിച്ചാലും പ്രസാദിപ്പിച്ചാലും മതി എന്ന നിലപാടിലാണ്. ഭരണകൂടത്തിനോ അധികാരസ്ഥാനങ്ങളിലിരിക്കുന്നവർക്കോ ആരെങ്കിലും അലോസരമുണ്ടാക്കുകയോ രാഷ്ട്രീയത്തിെൻറ തിണ്ണമിടുക്കിനെ അവഗണിക്കുകയോ ചെയ്താൽ അവരെ വശത്താക്കാനുള്ള വഴികളും കണ്ടുവെച്ചിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളെ മുഴുവൻ ബി.ജെ.പി സർക്കാർ കണ്ണുരുട്ടി പേടിപ്പിച്ചു നിർത്തിയിരിക്കുകയാണെന്ന് മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ഇൗയിടെ പറഞ്ഞത് വെറുമൊരു രാഷ്ട്രീയാരോപണമായി എഴുതിത്തള്ളാനാവില്ലെന്നാണ് വർത്തമാന ഇന്ത്യൻ മാധ്യമാനുഭവം തെളിയിക്കുന്നത്. ഭരണകൂടത്തിനെതിരായ കടുത്ത വിമർശനമുന്നയിക്കുന്നതിൽ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’ നിലനിൽക്കെത്തന്നെ സംഘ്പരിവാറുകാർ മാധ്യമപ്രവർത്തകരെ ഭീഷണിയിലൂടെ വായടപ്പിക്കാനുള്ള ശ്രമവും നടത്തിവരുന്നു. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഇൗ മാധ്യമമാരണ നയത്തിെൻറ ഭാഗമായി വേണം തിങ്കളാഴ്ച എൻ.ഡി.ടി.വി ചാനലിെൻറ സ്ഥാപകരിലൊരാളും എക്സിക്യൂട്ടീവ് ചെയർമാനുമായ പ്രണയ്റോയിയുടെ വീട്ടിൽ സി.ബി.െഎ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനെ കാണാൻ.
സർക്കാറിനുകൂടി പങ്കാളിത്തമുള്ള സ്വകാര്യ ബാങ്കിൽനിന്ന് വൻതുക വായ്പയെടുത്തതിൽ ക്രമക്കേടു വരുത്തി ബാങ്കിന് നഷ്ടമുണ്ടാക്കി എന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ് എന്നാണ് സി.ബി.െഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട് മറ്റു നാലിടങ്ങളിലും പരിശോധന നടന്നെന്നും ഏജൻസികൾ പറയുന്നു. അതേസമയം, രാഷ്ട്രീയപ്രേരിതമായ ‘യക്ഷിവേട്ട’യാണ് നടക്കുന്നതെന്ന് ചാനൽ കുറ്റപ്പെടുത്തുന്നു. ആദായനികുതി വിഭാഗത്തിെൻറയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും നോട്ടീസുകൾ നേരത്തേയും ചാനൽ മേധാവികൾ കൈപ്പറ്റിയിട്ടുണ്ടെങ്കിലും സി.ബി.െഎയെ ഇടപെടുവിക്കുന്നത് അസാധാരണമായ അനുഭവമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ഇന്നലത്തെ റെയ്ഡ് നിയമാനുസൃതമായ സ്വാഭാവിക നടപടിയായി നിരീക്ഷകർ കാണുന്നില്ല. കഴിഞ്ഞ ദിവസം ഒരു ചർച്ചയിലെ പാനലിൽനിന്ന് ബി.ജെ.പി വക്താവ് സംബിത് പാത്രയെ ഇറക്കിവിട്ടതിനുള്ള പ്രതികാരനടപടിയാണ് റെയ്ഡെന്ന ആരോപണം തള്ളിക്കളയാനാവില്ല. ചാനൽ ചർച്ചക്കിടെ അനാവശ്യമായി ബഹളം വെച്ചുകൊണ്ടിരുന്ന വക്താവിനോട് നിശ്ശബ്ദമായിരിക്കാൻ പറഞ്ഞപ്പോൾ എൻ.ഡി.ടി.വിക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് ആരോപണമുന്നയിക്കുകയായിരുന്നു. ഇൗ അപമര്യാദ പൊറുപ്പിക്കില്ലെന്നു പറഞ്ഞ് അവതാരക നിധി റസ്ദാൻ ബി.ജെ.പി വക്താവിെന ഇറക്കിവിട്ടു. ഇതിെൻറ ചൂടാറും മുമ്പാണ് തിങ്കളാഴ്ചത്തെ സി.ബി.െഎ റെയ്ഡ്. നിർഭയം ചോദ്യങ്ങൾ ചോദിച്ച് സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും മാധ്യമരംഗത്തെ സ്വതന്ത്രശബ്ദങ്ങളുടെ വായടപ്പിക്കാനുള്ള വൃഥാവ്യായാമമാണെന്നും ചാനൽ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു. എന്നാൽ, സി.ബി.െഎയുടെ പ്രവർത്തനത്തിൽ സർക്കാർ ഒരു നിലക്കും ഇടപെടില്ലെന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏജൻസി നടത്തുന്ന നീക്കങ്ങൾക്കു പിന്നിൽ യക്ഷിവേട്ടയൊന്നുമില്ലെന്നും കേന്ദ്ര വാർത്തവിനിമയ മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കിയിട്ടുണ്ട്.
നിയമം അതിെൻറ വഴിക്കെന്ന പല്ലവി ബി.ജെ.പി നേതാക്കൾ പറയുേമ്പാഴും എൻ.ഡി.ടി.വി ചാനലിനെ സാമ്പത്തികമായി തകർക്കാനും നിയമവ്യവഹാരങ്ങളിൽ കുരുക്കിയിടാനുമുള്ള ശ്രമമായി സി.ബി.െഎ റെയ്ഡിനെ കാണാനാവും. ബി.ജെ.പി ഭരണത്തിൽ മാധ്യമങ്ങളെ നിരീക്ഷണത്തടവിൽ വെക്കാൻ നടത്തുന്ന മാരണനിയമത്തിെൻറ ഭാഗമാണ് ഇതെന്നു വ്യക്തമാകുന്നത് അതിനു തെരഞ്ഞെടുത്ത സമയം ശ്രദ്ധിക്കുേമ്പാഴാണ്. ബി.ജെ.പിയെ, മോദിയെ എതിർക്കുന്നവരെ അധികാരവും ആൾശക്തിയുമുപയോഗിച്ച് ഭരണത്തിലും പുറത്തും നേരിടുന്ന പ്രവണത വർധിച്ചുവരുന്നു. കേരളത്തിലെ ചാനൽ പ്രവർത്തക മുതൽ ബർഖ ദത്ത് വരെയുള്ളവർ ആയിരക്കണക്കിന് ഭീഷണിസന്ദേശങ്ങളുടെ മുൾമുനയിലാണ് ജോലിചെയ്യേണ്ടിവരുന്നതെന്നത് ജനാധിപത്യ ഇന്ത്യക്ക് അപമാനകരമാണ്. ഗുണ്ടായിസം നിയമവിധേയമായിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിെൻറ കെട്ട കാലത്ത് സമൂഹത്തിെൻറ കാവലായി മാറേണ്ട ജനാധിപത്യത്തിെൻറ നാലാം തൂണിനെ ദുർബലപ്പെടുത്താനുള്ള ആസൂത്രിതനീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ചെറുത്തുനിൽപുയരേണ്ടത് മാധ്യമങ്ങളിൽനിന്നു തന്നെയാണ്. ജനാധിപത്യത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും അടിച്ചമർത്താനുള്ള നീക്കത്തിന് വഴങ്ങില്ലെന്നും ഇന്ത്യയുടെ യശസ്സുയർത്തുന്ന ജനാധിപത്യസംവിധാനങ്ങളെ നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ പൊരുതുമെന്നുമുള്ള എൻ.ഡി.ടി.വിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണ്. ആസുരകാലത്തെ ആർജവത്തിെൻറ ഇൗ വെളിച്ചം കെടാതെ സൂക്ഷിക്കാൻ ജനാധിപത്യവും സ്വാതന്ത്ര്യവും രാജ്യത്ത് പുലരണമെന്നാഗ്രഹിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.