തെരഞ്ഞെടുപ്പ് മതേതര പ്രവര്‍ത്തനമാണെന്നും അതിനാല്‍ ജാതി, മതം, വംശം, വര്‍ണം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിച്ചാല്‍ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പു ജയം റദ്ദാക്കാമെന്നുമുള്ള സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍െറ വിധി നിലവിലെ ജനപ്രാതിനിധ്യ നിയമത്തിന്‍െറ വ്യാഖ്യാനമാണെങ്കിലും മാറിയ സാഹചര്യങ്ങളില്‍ സുപ്രധാനമാണ്. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചില്‍ അദ്ദേഹമുള്‍പ്പെടെ നാല് ന്യായാധിപന്മാര്‍ ചേര്‍ന്ന് പുറപ്പെടുവിച്ച വിധിയോട് മൂന്നുപേര്‍ വിയോജിച്ചതും ശ്രദ്ധേയമാണ്.
ജനപ്രാതിനിധ്യ നിയമത്തിന്‍െറ 123 (3) വകുപ്പ് പ്രകാരം മതം, ജാതി, വര്‍ണം മുതലായവയുടെ പേരില്‍ വിദ്വേഷം ഇളക്കിവിടുന്ന തരത്തില്‍ വോട്ട് ചോദിക്കുന്നത് ഇപ്പോള്‍തന്നെ കുറ്റകരമായിരിക്കെ, അത് സ്ഥാനാര്‍ഥിയില്‍ പരിമിതപ്പെടുത്താതെ അയാള്‍ക്കുവേണ്ടി ആരുതന്നെ ചെയ്താലും ഇലക്ഷന്‍ അസാധുവാക്കാം എന്നതാണ് പുതിയ വിധിയുടെ കാതല്‍. അതോടൊപ്പം മതം, വംശം, ജാതി, സമുദായം, ഭാഷ എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കുന്നതും പ്രചാരണം ചെയ്യുന്നതും ചര്‍ച്ചയോ സംവാദമോ നടത്തുന്നതും നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് അസാധുവാകുന്ന കുറ്റവുമായി തീര്‍പ്പുകല്‍പിച്ചുള്ള പരമോന്നത കോടതിവിധി ബഹുസ്വര സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉളവാക്കുമെന്നതില്‍ സംശയമില്ല.
ഒരു പ്രത്യേക സ്ഥാനാര്‍ഥിക്കുവേണ്ടി ഏതെങ്കിലും മതസംഘടനയോ മതപണ്ഡിതനോ സമുദായ നേതാവോ വോട്ടഭ്യര്‍ഥന നടത്തിയാലും അത് അയാളുടെ തെരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കുമെന്നതാണ് പുതിയ വിധിയിലൂടെ ഉള്‍ത്തിരിയുന്നത്. ജാതികളുടെയും സമുദായങ്ങളുടെയും ഭൂമികയില്‍ നിലകൊള്ളുന്ന ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ദേശീയതലത്തിലും ഉണ്ടെന്നിരിക്കെ താന്താങ്ങളുടെ പിന്നിലുള്ള ജനവിഭാഗങ്ങളുടെ താല്‍പര്യസംരക്ഷണത്തിനായി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതും അവര്‍ക്കായി കാമ്പയിന്‍ നടത്തുന്നതും വോട്ട് ചോദിക്കുന്നതും കുറ്റകരവും തെരഞ്ഞെടുപ്പ്ചട്ട ലംഘനവുമായി കണക്കാക്കുമെന്ന് വന്നാല്‍ അത്തരം പാര്‍ട്ടികളുടെ അസ്തിത്വംതന്നെ ചോദ്യം ചെയ്യപ്പെടും.
ബി.എസ്.പി, അകാലിദള്‍, മുസ്ലിം ലീഗ്, മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍, യുനൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് തുടങ്ങി അതത് സമുദായങ്ങളില്‍ സ്വാധീനമുള്ള ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പം സൃഷ്ടിക്കുകയെങ്കിലും ചെയ്യും സുപ്രീംകോടതി വിധി. ഇതര സമുദായങ്ങളോട് വെറുപ്പോ വിദ്വേഷമോ വളര്‍ത്താതെതന്നെ സ്വന്തം സമുദായത്തിന്‍െറയോ ജാതിയുടെയോ ഭാഷക്കാരുടെയോ വംശത്തിന്‍െറയോ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി വോട്ട് ചോദിക്കുന്നതിന്‍െറയും പ്രചാരണം നടത്തുന്നതിന്‍െറയും സാധുത എത്രത്തോളമാണെന്ന് കോടതിവിധിയില്‍നിന്ന് വ്യക്തമല്ല. ഇതുകൊണ്ടുകൂടിയാവാം മൂന്ന് ന്യായാധിപര്‍ വിധിയോട് വിയോജിച്ചതും പാര്‍ലമെന്‍റാണ് ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയതും.
ഇന്ത്യന്‍ ഭരണഘടന മതേതരത്വത്തില്‍ ഊന്നുന്നുവെന്നതും ഇന്ത്യ മതനിരപേക്ഷ ജനാധിപത്യ രാജ്യമാണെന്നതും തര്‍ക്കമറ്റ കാര്യമാണ്. ഇവിടെ തെരഞ്ഞെടുപ്പും ജനപ്രതിനിധിസഭകളും അവയുടെ നിര്‍മിതിയുമെല്ലാം കുറ്റമറ്റരീതിയില്‍ മതനിരപേക്ഷമായിരിക്കുകയും വേണം. പക്ഷേ, ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ജീവിതത്തിന്‍െറ പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ട ഒട്ടുവളരെ വിഭാഗങ്ങള്‍ രാജ്യത്തുണ്ട്. അവര്‍ക്ക് തുല്യാവസരവും തുല്യമായ വികസനവും ഉറപ്പുവരുത്താന്‍ ഇന്നേവരെ രാജ്യത്തിന് കഴിഞ്ഞിട്ടില്ളെന്നിരിക്കെ പാലിന് കരയുന്ന കുഞ്ഞിന്‍െറ വായപോലും മൂടിക്കെട്ടുന്നതാവരുത് നിയമങ്ങളുടെ കാര്‍ക്കശ്യവും കോടതിവിധികളും.
മറുവശത്ത് ഹിന്ദുത്വമെന്നാല്‍ മതമല്ല സംസ്കാരമാണ്, അതിനാല്‍ അതിന്‍െറ പേരില്‍ വോട്ടു ചോദിക്കുന്നത് ഇലക്ഷന്‍ ചട്ടലംഘനമല്ല എന്ന സംഘ്പരിവാറിന്‍െറ വാദത്തെ ശരിവെച്ചുകൊണ്ടുള്ള 1995ലെ സുപ്രീംകോടതി വിധിയെ പരോക്ഷമായി സ്പര്‍ശിക്കാന്‍പോലും ഭരണഘടന ബെഞ്ച് തയാറായിട്ടില്ല. അത് പരിഗണനയിലുള്ള വിഷയം പോലുമായി കോടതി കണ്ടതുമില്ല. അതിനാല്‍, പുതിയ വിധിയെ ബി.ജെ.പി സ്വാഗതം ചെയ്തതിലും അദ്ഭുതമില്ല. തങ്ങളെപ്പോഴും ദേശീയതാപരമായ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത് എന്നതുകൊണ്ട് ബി.ജെ.പി ഈ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ജിയ പറഞ്ഞത്.
യോഗയും നിലവിളക്ക് കൊളുത്തലും ആയുധപൂജയും സൂര്യനമസ്കാരവും മാട്ടിറച്ചി നിരോധവും ഗീതാപഠനവും സംസ്കൃതാഭ്യസനവുമെല്ലാം കേവലം ദേശീയ സാംസ്കാരിക ചടങ്ങുകളും ആചാരങ്ങളുമാണെന്ന അവരുടെ വാദത്തിന് ജുഡീഷ്യറിയുടെ പരോക്ഷ പിന്തുണകൂടി ലഭിക്കുമ്പോള്‍ സംഘ്പരിവാറിന് എല്ലാം ശുഭകരം. ഹിന്ദുമതമെന്ന ഒന്നില്ല, ഹിന്ദു ധര്‍മമേയുള്ളൂ എന്നാണ് ഹൈന്ദവാചാര്യന്മാരുടെ ആദ്യംമുതലേയുള്ള നിലപാട്. അതിലെ തെറ്റും ശരിയും പരിശോധിക്കാന്‍ സര്‍ക്കാറുകളോ ജുഡീഷ്യറിയോ തയാറല്ലാത്തിടത്തോളം കാലം ന്യൂനപക്ഷ മതസമുദായങ്ങളും വംശീയ ന്യൂനപക്ഷങ്ങളും മാത്രം വിചാരണ ചെയ്യപ്പെടുന്ന ഏകപക്ഷീയത അവസാനിക്കാന്‍ പോവുന്നില്ല. സെക്കുലറിസത്തിന്‍െറ പേരില്‍ കോടതിവിധിയെ സ്വാഗതംചെയ്ത സി.പി.എം പക്ഷേ, ജാതിയുടെയോ മതത്തിന്‍െറയോ സമുദായത്തിന്‍െറയോ പേരില്‍ വോട്ട് ചോദിക്കുന്നതും സാമൂഹിക വിവേചനത്തെയും അനീതിയെയും പ്രശ്നവത്കരിക്കുന്നതും തമ്മിലെ അന്തരം കാണാതെപോവരുതെന്ന് ചൂണ്ടിക്കാട്ടിയത് ഇതര മതേതര പാര്‍ട്ടികള്‍കൂടി ശ്രദ്ധിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.