ശിക്ഷിക്കപ്പെടില്ല എന്ന കുറ്റവാളികളുടെ അപാരമായ ആത്മവിശ്വാസമാണ് ലഹളകളും കലാപങ്ങളും അഴിമതിയും ആവർത്തിക്കപ്പെടാൻ വഴിവെക്കുന്നത്, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന അന്വേഷണത്തിനും നടപടികൾക്കുമിടയിൽ എത്രശക്തമായ തെളിവുകളും തേച്ചുമായ്ക്കപ്പെടും
രാജ്യത്തെ നിയമപാലനത്തിന്റെയും നീതിനിർവഹണത്തിന്റെയും അവസ്ഥകളെക്കുറിച്ച് പഠിക്കുകയും ഗൗരവപൂർവം ആലോചിക്കുകയും ചെയ്യുന്നവരുടെ ശ്രദ്ധ നിർബന്ധമായും പതിയേണ്ട രണ്ട് കേസുകൾ കഴിഞ്ഞയാഴ്ച സുപ്രീംകോടതി സമക്ഷം എത്തിയിരുന്നു. ഒന്ന് ഒരു കലാപക്കേസ്, മറ്റൊന്ന് കൈക്കൂലിക്കേസും. കൈലാഷ് ചന്ദ്ര കപ്രി എന്ന പൊലീസുദ്യോഗസ്ഥനാണ് ആദ്യ കേസിലെ ആവലാതിക്കാരൻ. ഇപ്പോൾ പ്രയാഗ് രാജ് എന്ന് പേരുമാറ്റപ്പെട്ട അലഹബാദിലെ റാംബാഗ് റെയിൽവേ പൊലീസ് സ്റ്റേഷനിൽ 1989ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ഇദ്ദേഹം. ലഹളയുണ്ടാക്കൽ, പരിക്കേൽപിക്കൽ, മനഃപൂർവം അപമാനിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് 35 വർഷമായി, 1991 മുതൽ പ്രയാഗ്‌രാജ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (റെയിൽവേ) കോടതിയിൽ വിചാരണ നടപടികളും തുടങ്ങി-പക്ഷേ, നാളിതുവരെ ഒരു സാക്ഷിയെപ്പോലും പ്രോസിക്യൂഷൻ ഹാജറാക്കിയിട്ടില്ല. കേസിലെ അഞ്ചു പ്രതികളിൽ രണ്ടുപേർ മരണപ്പെട്ടു, രണ്ടു പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടു. അവശേഷിക്കുന്ന പ്രതിയായ തനിക്കെതിരായ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കപ്രി അലഹബാദ് ഹൈകോടതിയെ സമീപിച്ചെങ്കിലും പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് കണ്ട് കോടതി അതനുവദിച്ചില്ല. തുടർന്നാണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്. കേസിലെ കാലതാമസം പരിഗണിക്കുമ്പോൾ നടപടികൾ റദ്ദാക്കുന്നത് ആലോചിക്കാമെന്ന് ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് വിജയ് ബിഷ്ണോയ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിക്കുകയും ചെയ്തു.
കേസിൽ പറയുന്ന ലഹളക്കും അതിക്രമത്തിനും അപമാനത്തിനും ഇരയായവർ ആര് എന്ന കാര്യംപോലും നീതിപീഠവും പൊതുസമൂഹവുമെല്ലാം മറന്നുപോയിരിക്കുന്നു. അവർക്ക് എന്ത് സംഭവിച്ചു എന്നതു സംബന്ധിച്ച് മാധ്യമങ്ങൾക്കും തിട്ടമില്ല. മൂന്നര പതിറ്റാണ്ടിന് ശേഷവും കേസിലെ പ്രതിയായി തുടരേണ്ടിവന്ന ഉദ്യോഗസ്ഥന്റെ സങ്കടമാണ് സുപ്രീംകോടതിയിൽപോലും ഉയർത്തിക്കാണിക്കപ്പെട്ടത്. അന്വേഷണം നടത്താതെ, സാക്ഷികളെ ഹാജറാക്കാതെ സംസ്ഥാനത്തെ നിയമപാലന സംവിധാനം എന്തെടുക്കുകയായിരുന്നു എന്ന ചോദ്യം ഒരു കോണിൽനിന്നും ഉയരുന്നതുമില്ല.
അടുത്ത കേസ് ബിഹാറിൽനിന്നാണ്. ഒരാളിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കാണിച്ച് 2014ൽ, കൃത്യമായിപ്പറഞ്ഞാൽ ഒരു വ്യാഴവട്ടം മുമ്പ് ശിശുവികസന പദ്ധതി ഓഫിസറായിരുന്ന അഞ്ജനാ കുമാരിക്കെതിരെ കേസെടുത്തിരുന്നു. തൊണ്ടിമുതലായ നോട്ടുകൾ ഹാജരാക്കാതെ ദുർബലപ്പെടുത്തിയ കേസിൽ കുറ്റാരോപിതയെ വിചാരണകോടതി വെറുതെവിട്ടെങ്കിലും ഹൈകോടതി ആ തീരുമാനം റദ്ദാക്കി. പിടിച്ചെടുത്ത പണം ഹാജരാക്കിയിട്ടില്ലെങ്കിലും കേസ് രജിസ്റ്ററിലെ രേഖകൾ പരിഗണിക്കാമെന്ന് നിരീക്ഷിച്ച് മൂന്നു വർഷം കഠിനതടവിന് വിധിച്ചതിനെതിരെ പ്രതി സുപ്രീംകോടതിയിലെത്തി. കൈക്കൂലി നോട്ടുകൾ എലികൾ തിന്ന് നശിപ്പിച്ചു എന്ന വാദം അത്ഭുതപ്പെടുത്തുന്നതാണ് എന്നഭിപ്രായപ്പെട്ട പരമോന്നത കോടതി പ്രതിക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ നടപ്പാക്കുന്നത് തടയുകയും ചെയ്തു.
മേൽചൊന്ന രണ്ടു കേസുകളിലും നീതിനിഷേധത്തിന്റെ പരമ്പരകൾതന്നെ കാണാനാവും. ശിക്ഷിക്കപ്പെടില്ല എന്ന കുറ്റവാളികളുടെ അപാരമായ ആത്മവിശ്വാസമാണ് ലഹളകളും കലാപങ്ങളും അഴിമതിയും ആവർത്തിക്കപ്പെടാൻ വഴിവെക്കുന്നത്, ഒച്ചിഴയും വേഗത്തിൽ നീങ്ങുന്ന അന്വേഷണത്തിനും നടപടികൾക്കുമിടയിൽ എത്ര ശക്തമായ തെളിവുകളും തേച്ചുമായ്ക്കപ്പെടുകയും ചെയ്യുന്നു. ഉത്തർപ്രദേശിൽ പതിറ്റാണ്ടുകൾ മുമ്പ് നടന്ന പൊലീസ് അതിക്രമ സംഭവങ്ങളിലെയും വർഗീയ-വംശീയ ലഹളകളിലെയും പ്രതികൾ ഒരു ദിവസംപോലും ജയിലിൽ കിടക്കാതെയും ഉന്നത ഭരണ-ഉദ്യോഗ കസേരകളിൽ വിലസിയും രാജ്യത്തിന്റെ നിയമസംവിധാനത്തിന്റെയും ഭരണഘടനയുടെയും വിലയിടിച്ച ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാനാവും.
മധ്യപ്രദേശും ഉത്തർപ്രദേശും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ശിശുമരണങ്ങൾ നടക്കുന്ന ബിഹാർ പോലൊരു സംസ്ഥാനത്ത് ശിശുവികസന വകുപ്പിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെങ്കിൽ അതുതന്നെയാണ് അന്നാടുകളിലെ വികസന മുരടിപ്പിന്റെ ഒന്നാമത്തെ കാരണം. വിശപ്പടക്കാൻ മാർഗമില്ലാതെ പണമില്ലാതെ പണിയില്ലാതെ മനുഷ്യർ എലിയെ കഴിക്കാൻ നിർബന്ധിതരാവുന്ന നാട്ടിൽനിന്നാണ് പണം എലി തിന്നുതീർത്തു എന്ന വാർത്ത വരുന്നത് എന്നുമോർക്കണം.കുറ്റാരോപിതരായി ജയിലിലടക്കപ്പെടുകയും വിചാരണയോ തുടർനടപടികളോ ഇല്ലാതെ വർഷങ്ങളോളം വിചാരണ കാത്ത് കഴിയുകയും ചെയ്യേണ്ടിവരുന്ന ഭരണ സ്വാധീനവും നിയമപിൻബലവുമില്ലാത്ത നൂറുകണക്കിന് മനുഷ്യർക്ക് ആശ്വാസം പകരാനും നീതിപീഠത്തിന്റെ കരങ്ങൾ നീളുമെങ്കിൽ എന്ന് ആശിച്ചുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.