വിദേശനയത്തില്‍ കൂടുതല്‍ ഗൃഹപാഠം വേണം

പാകിസ്താനെതിരെ നയതന്ത്രയുദ്ധത്തിനുള്ള ഇന്ത്യയുടെ തീരുമാനത്തിന് അയല്‍നാടുകളില്‍നിന്ന് പിന്തുണ ലഭിച്ചതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ സഹകരണസംഘടനയുടെ (സാര്‍ക്) 19ാം ഉച്ചകോടി മുടങ്ങുകയാണ്. സിന്ധു നദീജല കരാര്‍ റദ്ദാക്കി ജല നയതന്ത്രത്തിലൂടെ പാകിസ്താനെ സമ്മര്‍ദത്തിലാക്കാന്‍ നോക്കുന്നതിനു പുറമെ ഇസ്ലാമാബാദില്‍ നടക്കുന്ന ‘സാര്‍ക്’ ഉച്ചകോടി മുടക്കാനും അതുവഴി അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രായോജകരായ പാകിസ്താനെ ഒറ്റപ്പെടുത്താനുമുള്ള ഇന്ത്യയുടെ നീക്കം വിജയം കാണാനിടയുണ്ട്. അതിര്‍ത്തി കടന്ന ഭീകരത മേഖലയില്‍ അക്രമം വിതക്കുകയും അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ‘ഒരു രാജ്യം’ ഇടപെടുകയും ചെയ്യുന്നത് സാര്‍ക് ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് വിഘാതമായ അന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ പിന്‍വാങ്ങുന്നുവെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു. മേഖലയിലെ പരസ്പര സഹകരണത്തിനുള്ള പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞ വിദേശകാര്യ മന്ത്രാലയം ഭീകരമുക്തമായ അന്തരീക്ഷത്തില്‍ മാത്രമേ അത് മുന്നോട്ടുപോകുകയുള്ളൂ എന്നു വ്യക്തമാക്കി. ഇതേ തീരുമാനം ബംഗ്ളാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നിവരും അറിയിച്ചു. പാകിസ്താനെ അന്തര്‍ദേശീയ തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍െറ ആദ്യപടിയാണ് ‘സാര്‍ക്’ മുടക്കാനുള്ള തീരുമാനം.
1985ല്‍ ‘സാര്‍ക്’ രൂപംകൊള്ളുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും അത് സാക്ഷാത്കരിക്കാനുള്ള ചുവടുവെപ്പുകള്‍ എല്ലായ്പോഴും മുടന്തിവരുകയാണ്. മേഖലയിലെ രാഷ്ട്രീയ, സാമ്പത്തിക സമ്മര്‍ദചേരിയും വന്‍ശക്തികളുടെ തന്ത്രപ്രധാന മേഖലയില്‍ വിലപേശല്‍ ശക്തിയായി ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുകയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, മൂന്നു പതിറ്റാണ്ടിനു ശേഷവും പ്രസ്താവ്യമായ പുരോഗതിയൊന്നും ഇതിലുണ്ടായില്ല. മേഖലയിലെ ആഗോള വ്യാപാര ഇടപാടില്‍ അഞ്ചു ശതമാനം മാത്രമേ അംഗരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്നുള്ളൂ. ആഭ്യന്തര വ്യാപാരത്തിലും സാര്‍ക് രാഷ്ട്ര സഹകരണം പത്തില്‍ ഒതുങ്ങുന്നു. വിദേശരാജ്യങ്ങളില്‍ ശതകോടികള്‍ മുടക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഒരു ശതമാനത്തിലും താഴെയാണ് മേഖലയിലെ രാജ്യങ്ങള്‍ക്കായി നീക്കിവെക്കുന്നത്. ബാങ്കോക്കിലേക്കോ സിംഗപ്പൂരിലേക്കോ പോകുന്നതിലും വിഷമമാണ് അംഗരാജ്യങ്ങള്‍ക്കിടയിലെ യാത്രയെന്നും അന്യോന്യം ടെലിഫോണ്‍ ചെയ്യാന്‍പോലും ചെലവ് കൂടുതലാണെന്നും പ്രധാനമന്ത്രി കഴിഞ്ഞ സാര്‍ക് ഉച്ചകോടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ബംഗ്ളാദേശുമായി റെയില്‍, റോഡ്, ഊര്‍ജ സഹകരണം, നേപ്പാളുമായി ഊര്‍ജപദ്ധതി, സ്വതന്ത്ര വ്യാപാരകരാറിലൂടെ ശ്രീലങ്കയുമായി കൂടുതല്‍ ഇടപാടുകള്‍, മാലദ്വീപുമായി എണ്ണരംഗത്തെ സഹകരണപദ്ധതി, അഫ്ഗാനിലെ അടിസ്ഥാനസൗകര്യ വികസനം, പാകിസ്താനുമായി ബസ്, ട്രെയിന്‍ ഗതാഗതം വികസിപ്പിച്ച് ജനങ്ങളെ കൂട്ടിയിണക്കിയ പരിപാടി തുടങ്ങി ഇന്ത്യയുടെ മുന്‍കൈയില്‍ മേഖലയില്‍ ഒരു വികസ്വരരാജ്യ കൂട്ടായ്മയുടെ ചലനമുണ്ടാക്കാന്‍ സാര്‍ക്കിന് കഴിഞ്ഞിട്ടുണ്ട്. ഈ വേദി തുടക്കത്തിലേ നേരിട്ട ബാലാരിഷ്ടത ഇന്ത്യ-പാക് ബന്ധത്തിലെ പൊരുത്തക്കേടുകളാണ്. വിരുദ്ധ നയനിലപാടുകളുള്ള അയല്‍ക്കാരുടെ തര്‍ക്കം തീര്‍ത്തിട്ട് വേദിക്ക് സജീവമായി മുന്നോട്ടുപോകാന്‍ നേരമില്ലാത്ത നിലയാണ് എന്നും. ഒടുവില്‍ ഈ പൊതുവേദിക്ക് അന്ത്യം കുറിച്ചേക്കാവുന്ന ആശങ്കയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നതും ഈ പോരുതന്നെ.
നെഹ്റുവിയന്‍ കാഴ്ചപ്പാടുകള്‍ കൈയൊഴിഞ്ഞ് ദീനദയാല്‍ ഉപാധ്യായയുടെ വഴി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചു നീങ്ങുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ വിദേശനയം ക്ഷിപ്ര ദേശീയവികാരങ്ങള്‍ക്കു ശമനം നല്‍കുന്നുണ്ട്. എന്നാല്‍, രാഷ്ട്രാന്തരീയ കരുനീക്കങ്ങള്‍ മുട്ടുശാന്തിക്ക് ചുട്ടെടുക്കേണ്ടതല്ല. ചേരിചേരാനയം കൈയൊഴിഞ്ഞ് സന്ദര്‍ഭാനുസൃതം നടത്തുന്ന ചാഞ്ചാട്ടങ്ങള്‍ക്കപ്പുറം കരുത്തുള്ള വിദേശനയം രൂപപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനു കഴിഞ്ഞിട്ടില്ല. അമേരിക്കക്കും റഷ്യക്കും മധ്യേ, ചേരിയില്ലാ നയത്തില്‍ ശക്തമായൊരു കൂട്ടായ്മക്കു രൂപം നല്‍കുകയും സാര്‍ക് എന്ന മേഖലാസഖ്യത്തിലൂടെ ശക്തി പകരുകയും ചെയ്ത ഇന്ത്യയെ അമേരിക്കന്‍ ചേരിയിലേക്ക് ഒതുക്കുന്ന നിലയിലേക്കാണ് മോദി ഗവണ്‍മെന്‍റ് നീങ്ങിയത്. യു.എന്നില്‍ പാകിസ്താനെതിരെ ശക്തമായ ആക്രമണം ഇന്ത്യ അഴിച്ചുവിട്ടെങ്കിലും കശ്മീരിലെ സൈനികാതിക്രമങ്ങളുടെ രേഖകള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കൈമാറിയ നവാസ് ശരീഫ് വാഷിങ്ടണെ പാട്ടിലാക്കാനും ചൈന, തുര്‍ക്കി, ഇറാന്‍ എന്നിവരുമായി ഇന്ത്യക്കെതിരെ ദുര്‍ബോധനം നടത്താനും കൊണ്ടുശ്രമിച്ചു. യു.എന്നില്‍ പ്രസംഗങ്ങളില്‍ ശക്തിപ്രകടനം നടത്തിയപ്പോഴും ഇന്ത്യ പാകിസ്താനൊരുക്കിയ അജണ്ടയുടെ കെണിയില്‍ കുടുങ്ങി. കശ്മീരിലേത് ആഭ്യന്തരപ്രശ്നമാണെന്നും അത് അന്തര്‍ദേശീയവത്കരിക്കരുതെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാല്‍, ബലൂചിസ്താന്‍ ഉയര്‍ത്തിക്കാട്ടിയ ആവേശത്തില്‍ ഇന്ത്യതന്നെ അത് ബലികഴിച്ചു. അതേസമയം, അന്തര്‍ദേശീയതലത്തില്‍ അമേരിക്കയടക്കമുള്ള വന്‍ശക്തികളെക്കൊണ്ട് പാകിസ്താനെതിരെ വിരലുയര്‍ത്തിക്കാന്‍ ഇന്ത്യക്കായിട്ടില്ല. മറുഭാഗത്ത്, സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായി റഷ്യ പാകിസ്താനുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നു. അസം അടക്കം വടക്കുകിഴക്ക് അതിര്‍ത്തിയില്‍ ചൈന ഒളിഞ്ഞും തെളിഞ്ഞും കളിക്കുന്നു. ഇങ്ങനെ ഉള്ളതും കളഞ്ഞ കൈവിട്ട കളിയാണ് കേന്ദ്രത്തിന്‍േറതെന്ന വിദഗ്ധവിമര്‍ശം കാണാതിരുന്നുകൂടാ. ഈ പശ്ചാത്തലത്തില്‍ സാര്‍ക് ബഹിഷ്കരണം, അതിപ്രിയ രാജ്യപദവി റദ്ദാക്കല്‍ തുടങ്ങി ഇന്ത്യന്‍ ചുറ്റുവട്ടത്തൊതുങ്ങുന്ന തീരുമാനങ്ങള്‍ക്കപ്പുറം അതിര്‍ത്തി കടന്ന ഭീകരതയെ നേരിടാന്‍ വിദേശനയത്തില്‍ കാര്യമായ ഗൃഹപാഠംതന്നെ മോദി ഗവണ്‍മെന്‍റ് ചെയ്യേണ്ടിവരും.   
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.