ജര്‍മനിയിലെ ബര്‍ലിന്‍ പ്രവിശ്യയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി തീവ്രവലതുപക്ഷ പാര്‍ട്ടിയായ ആള്‍ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) ഒന്നാം സ്ഥാനത്തത്തെി. അഭയാര്‍ഥി, കുടിയേറ്റ പ്രശ്നങ്ങളില്‍ മാനുഷിക സമീപനം സ്വീകരിക്കുന്ന അംഗലക്ക് നേരിട്ട തിരിച്ചടി നാസികളുടെ തിരിച്ചുവരവിന്‍െറ സൂചനയായിപോലും വിലയിരുത്തപ്പെടുന്നുണ്ട്. രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ പത്തിലും പ്രാതിനിധ്യം ഉറപ്പാക്കിയ എ.എഫ്.ഡി ഇസ്ലാമോ ഫോബിയ കടുത്ത രീതിയില്‍ പ്രകടിപ്പിക്കുന്ന പാര്‍ട്ടിയാണെന്നതാണ് ശ്രദ്ധേയം. അംഗല മെര്‍കലിന്‍െറ സര്‍ക്കാറും പാര്‍ട്ടിയും മുസ്ലിം അനുകൂലമൊന്നുമല്ളെങ്കിലും അവരുടെ മിതമായ സമീപനംപോലും ജര്‍മന്‍ ജനതയില്‍ വലിയൊരു വിഭാഗത്തിന് അസഹ്യമായി തോന്നുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
തന്മൂലം അംഗല അടുത്ത ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതവരെ സംശയിക്കപ്പെടുന്നുണ്ട്. പാശ്ചാത്യ ജനാഭിപ്രായത്തില്‍ വന്നുകൊണ്ടിരിക്കുന്ന ഈ മാറ്റം ജര്‍മനിയില്‍ പരിമിതമല്ല. റഷ്യന്‍ പാര്‍ലമെന്‍റായ ഡ്യൂമയിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍െറ യുനൈറ്റഡ് റഷ്യ പാര്‍ട്ടി അഭൂതപൂര്‍വമായ വിജയം കൈവരിക്കാനുള്ള കാരണങ്ങളില്‍ നിര്‍ണായകമായത് സിറിയയില്‍ അദ്ദേഹത്തിന്‍െറ സൈനിക ഇടപെടലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐ.എസിനെതിരെ എന്ന പേരില്‍ റഷ്യന്‍ വ്യോമാക്രമണങ്ങളുടെ മുഖ്യ ഉന്നം സ്വേച്ഛാധിപതി ബശ്ശാര്‍ അല്‍അസദിനെതിരെ പൊരുതുന്ന ജനാധിപത്യ പുന$സ്ഥാപന സംഘങ്ങളുടെ ശക്തികേന്ദ്രങ്ങളാണെന്നത് രഹസ്യമല്ല. 15 ലക്ഷം മുസ്ലിംകള്‍ക്ക് എട്ട് പള്ളികള്‍ മാത്രമുള്ള ഇറ്റലിയില്‍ ഇക്കൊല്ലമാദ്യത്തില്‍ പള്ളി നിരോധനിയമം പാസാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ച സാഹചര്യം ആ രാജ്യത്തും ഇസ്ലാം പേടി ശക്തിപ്പെട്ടതുതന്നെ. ഫ്രാന്‍സില്‍ നടത്തപ്പെട്ട ഒരു സര്‍വേ പ്രകാരം ആ നാട്ടിലെ 70 ശതമാനം ജനങ്ങളും ഇസ്ലാം, ഫ്രഞ്ച് സമൂഹത്തിനും സംസ്കാരത്തിനും അനുയോജ്യമല്ല എന്നാണ് കരുതുന്നത്. നെതര്‍ലന്‍ഡ്, ഡെന്മാര്‍ക്ക്, ഹംഗറി, സ്പെയിന്‍, യുക്രെയ്ന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്ര മുസ്ലിം വിരുദ്ധവികാരം മൂര്‍ച്ഛിച്ചു വരുന്നുവെന്നാണ് വ്യക്തമായ സൂചനകള്‍. അമേരിക്കയില്‍ ആസന്നമായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് കടുത്ത വംശീയതയും മുസ്ലിംവിരുദ്ധ വികാരങ്ങളും ആളിപ്പടര്‍ത്തി വിജയം കൊയ്യാനാണ് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍ററിനും പെന്‍റഗണിനും നേരെയുണ്ടായ അല്‍ഖാഇദയുടേതെന്ന് കരുതപ്പെടുന്ന ഭീകരാക്രമണമാണ് പാശ്ചാത്യലോകത്ത് ഇസ്ലാമോ ഫോബിയക്ക് പെട്ടെന്നുണ്ടായ പ്രകോപനം എന്നു തോന്നാം. തുടര്‍ന്ന് അല്‍ഖാഇദ മുതല്‍ ഐ.എസ് വരെയുള്ള ഭീകര സംഘങ്ങളുടെ തീര്‍ത്തും അപലപനീയമായ ആക്രമണങ്ങള്‍ ഈ പ്രതിഭാസത്തെ രൂക്ഷമാക്കുന്നതില്‍ വലുതായ പങ്ക് വഹിച്ചിട്ടുണ്ടെന്നതും നിഷേധിക്കേണ്ടതില്ല. പക്ഷേ, ഇസ്ലാമിനെയും മുസ്ലിംകളെയും സംശയിക്കാനും തെറ്റിദ്ധരിക്കാനും വഴിയൊരുക്കിയ ഈ സംഭവങ്ങളെയും അവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും മുഴുവന്‍ മുസ്ലിം സര്‍ക്കാറുകളും ലോക മുസ്ലിംകളില്‍ മഹാഭൂരിപക്ഷവും നിരന്തരം തള്ളിപ്പറഞ്ഞതാണെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമില്ളെന്ന് മാത്രമല്ല നടേ വിരല്‍ചൂണ്ടിയപോലെ യൂറോപ്പിലും അമേരിക്കയിലും പൊറുപ്പിക്കാനാവാത്ത ഒരു ജനവിഭാഗമായി ലോകത്തിലെ രണ്ടാമത്തെ വലിയ മതവിശ്വാസി സമൂഹത്തെ നോക്കിക്കാണുന്ന പ്രവണതക്ക് ആക്കംകൂടുകയാണ്. അവര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നവരെ ഭരണസാരഥ്യം ഏല്‍പിക്കണമെന്നുവരെ കരുതുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഒരുപടികൂടി മുമ്പോട്ടു കടന്ന് മുസ്ലിംകളും മാനുഷികമായ പെരുമാറ്റം അര്‍ഹിക്കുന്നുവെന്ന് പറയാന്‍ ധൈര്യപ്പെടുന്നവരെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന പ്രചാരണവും കനത്തുവരുന്നു.
ഹിംസാത്മക ചെയ്തികളോടുള്ള വെറുപ്പും എതിര്‍പ്പുമാണ് ഇതിന് പ്രചോദനമെങ്കില്‍ തത്തുല്യമോ അതിലും ഭീകരമോ ആയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മറ്റുള്ളവരോടും വേണമല്ളോ അതേ സമീപനം. അതുണ്ടാവുന്നില്ളെന്ന് മാത്രമല്ല അത്തരം കൂട്ടക്കൊലകളിലേര്‍പ്പെട്ടവരോട് പോലും മൃദുസമീപനവും ലഘൂകരണ ശ്രമവുമാണ് പ്രകടമാവുന്നത്. ഈ മനോഭാവത്തിന്‍െറ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോഴാണ് മറ്റ് ചില തിക്ത യാഥാര്‍ഥ്യങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നത്. അതായത്, സയണിസ്റ്റുകളും ഇവാഞ്ചലിസ്റ്റുകളും വംശീയ, ദേശീയ ഭ്രാന്തിനടിപ്പെട്ടവരും ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങളുടെ ഫലമാണ് ആഗോള വ്യാപകമായ ഇസ്ലാം പേടി എന്ന സത്യം. സോവിയറ്റ് യൂനിയന്‍െറ പതനവും തിരോധാനവും സാര്‍വദേശീയ തലത്തില്‍ ഇടതുപക്ഷത്തെ ദുര്‍ബലമാക്കുകയും നിര്‍വീര്യമാക്കുകയും ചെയ്തപ്പോള്‍ രംഗമാകെ തുറന്നുകിട്ടിയ സാമ്രാജ്യത്വ, വംശീയ, ദേശീയ ദുര്‍ഭൂതങ്ങള്‍ ഒരു പുതിയ ശത്രുവിനെ സൃഷ്ടിച്ചെടുക്കാന്‍ നടത്തിയ ആസൂത്രണങ്ങളാണ് മുസ്ലിംകള്‍ക്ക് മാത്രമല്ല അടിച്ചമര്‍ക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും വന്‍ ഭീഷണിയായിത്തീര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ സംഘ്പരിവാറിന്‍െറ മുന്നേറ്റവും ദേശീയോന്മാദത്തിന്‍െറയും വംശീയ അഹന്തയുടെയും പുറത്താണെന്ന് കാണാനാവും. ഇത്തരം ശക്തികള്‍ താല്‍ക്കാലികമായി വിജയം വരിക്കുകയോ നേട്ടങ്ങളുണ്ടാക്കുകയോ ചെയ്താലും അന്തിമമായി മനുഷ്യലോകത്തിന് അശാന്തിയും അരാജകത്വവും സംഭാവനചെയ്യാനേ അവര്‍ക്കാവൂ. യുദ്ധത്തിന്‍െറ ഭാഷയില്‍മാത്രം സംസാരിക്കുന്നവര്‍ക്ക് സമാധാനം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലിയ മൗഢ്യമുണ്ടോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.