കേരള സര്‍ക്കാറിന്‍െറ ഓണ പ്രഖ്യാപനങ്ങള്‍

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ നൂറുദിനങ്ങള്‍ പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ചേതോഹരമാണ്. അവ പ്രാവര്‍ത്തികമായാല്‍ നാട് മനോഹരവുമാകുമെന്നതില്‍ തര്‍ക്കമില്ല. വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മിച്ച് നല്‍കുന്നതിന് ‘ലൈഫ്’,  സംസ്ഥാനത്തെ മാലിന്യമുക്തമാക്കാന്‍ ഹരിത കേരളം, വിദ്യാഭ്യാസ നവീകരണത്തിന് സ്മാര്‍ട് ക്ളാസ് റൂമും ഐ.ടി അറ്റ് ഹയര്‍ എജുക്കേഷനും തുടങ്ങിയ വ്യത്യസ്തമായ ഈ സ്വപ്ന പദ്ധതികളെ  മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത് കേരളത്തിന്‍െറ മുഖച്ഛായ തന്നെ മാറ്റാന്‍ പോന്നവയാണെന്നാണ്. പദ്ധതികളില്‍ ഏറ്റവും ആകര്‍ഷകം സ്വാഭാവികമായും ലൈഫ് പദ്ധതിതന്നെ. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും 100 പാര്‍പ്പിടസമുച്ചയങ്ങള്‍ സ്ഥാപിച്ച് ഭൂമിയും വീടുമില്ലാത്ത രണ്ടുലക്ഷം പേരെ പുനരധിവസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.

വീടുപണി പാതിയില്‍ നിലച്ചുപോയവര്‍ക്കും അറ്റകുറ്റപ്പണി അനിവാര്യതയുള്ളവര്‍ക്കും  വീടുകള്‍ താമസസജ്ജമാക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. മൂന്നുലക്ഷം പേരുടെ നല്ലവീട് എന്ന സ്വപ്നം അതിലൂടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി കരുതുന്നു. വീടിനോടൊപ്പം ജീവനോപാധിയും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താനുള്ള സാധ്യതകളും ലൈഫ് പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. കേരളത്തെ മാലിന്യമുക്തമാക്കാനുള്ള ഹരിത കേരളം പദ്ധതി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘങ്ങളും ഒന്നുചേരുന്ന സാക്ഷരതാ യജ്ഞത്തെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉന്നമിടുന്നത്.  ജലസ്രോതസ്സുകളുടെ പരിശുദ്ധി വീണ്ടെടുക്കാനും ജൈവ കൃഷിയിലൂടെ ആരോഗ്യമുള്ള മണ്ണിനെയും  മനുഷ്യനെയും സൃഷ്ടിക്കാന്‍കൂടി കഴിയുമത്രെ ഹരിത കേരളം പദ്ധതിക്ക്. വിദ്യാലയ പരിഷ്കരണം സര്‍ക്കാര്‍ കലാലയങ്ങളെ മികവിന്‍െറ കേന്ദ്രങ്ങളായി പരിവര്‍ത്തിപ്പിക്കാനുതകുമെന്നും പ്രത്യാശിക്കപ്പെടുന്നു. ഇവകൂടാതെ എല്ലാ വീടുകളിലും വൈദ്യുതി,  ശുചിമുറി, വില്ളേജ് ഓഫിസുകളില്‍നിന്ന് ഓണ്‍ലൈനിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകല്‍, കൊച്ചി ജല മെട്രോ, ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതി തുടങ്ങി നല്ല ഓണക്കാല പ്രഖ്യാപനങ്ങളാണ് നൂറാം ദിനത്തില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചിരിക്കുന്നത്.

ഭൂരഹിതരില്ലാത്ത കേരളം, മാലിന്യമുക്ത  ഹരിത കേരളം, മികവുള്ള സര്‍ക്കാര്‍ കലാലയങ്ങള്‍ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവെച്ച സ്വപ്നങ്ങള്‍ ഏകദേശം ഒരു പതിറ്റാണ്ടിലധികമായി കേട്ടുകൊണ്ടിരിക്കുന്നതിനാല്‍ ആര്‍ക്കും അവയില്‍ വലിയ പുതുമയൊന്നും തോന്നാനിടയില്ല. സമാനമായ മധുരോദാര പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നടത്തിയിട്ടുണ്ട്. പിണറായി വിജയന്‍ വിശദീകരിച്ചതുപോലെ സര്‍ക്കാര്‍ ഫണ്ടുകള്‍ക്കു പുറമെ പദ്ധതിയുമായി സഹകരിക്കാന്‍ തയാറുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സാമ്പത്തിക സഹായം സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടിയും പറഞ്ഞിരുന്നു. പക്ഷേ, രാജമാണിക്യം ഐ.എ.എസിന്‍െറ നേതൃത്വത്തില്‍ അതിനുവേണ്ടി നടത്തിയ തീവ്രശ്രമങ്ങള്‍ പരാജയപ്പെട്ടു. സാമ്പത്തിക സമാഹരണത്തിനുവേണ്ടി കേരളത്തിലെ അറിയപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ അണിനിരന്ന ഭൂമിഗീതം പരിപാടികളിപ്പോള്‍ സാമ്പത്തിക തട്ടിപ്പിന്‍െറ പേരില്‍ വിജിലന്‍സിന്‍െറ അന്വേഷണത്തിലാണ്. അതുപോലെ ഹരിത കേരളത്തിനു സമാനമായ, മാലിന്യമുക്ത കേരളം സുന്ദര കേരളമെന്ന ഉമ്മന്‍ ചാണ്ടിയുടെ മുദ്രാവാക്യം കേരളത്തില്‍ പ്രഖ്യാപിച്ചത് സാക്ഷാല്‍ സാം പിത്രോഡ ആയിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഗ്രാമ-നഗര വ്യത്യാസമില്ലാതെ കുമിഞ്ഞുകൂടുന്ന മാലിന്യം നിമിത്തം പകര്‍ച്ചവ്യാധികള്‍ മുതല്‍ നായ്ക്കൂട്ടങ്ങള്‍വരെ സൃഷ്ടിക്കുന്ന  ദുരന്തങ്ങളുടെ വക്കിലൂടെയാണ് ഓരോ മലയാളിയും നടന്നുനീങ്ങുന്നത്. ഇതിനര്‍ഥം മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ സാക്ഷാത്കരിക്കുക അസാധ്യമാണെന്നല്ല. പക്ഷേ, അതിന് ദീര്‍ഘവും സുതാര്യവും ജനകീയവുമായ പുതിയ പ്രവര്‍ത്തന രീതികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടിവരും.

പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന്‍െറ ഭാഗമായി ഭൂരഹിതര്‍ക്കുവേണ്ടി സമരത്തിനിറങ്ങിയ സംഘങ്ങളെ കാണാനും ഉള്ളുതുറന്ന് സംസാരിക്കാനും മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. അവരുടെ മുന്നില്‍ മികച്ച, പ്രായോഗികമായ ധാരാളം മാര്‍ഗങ്ങളുണ്ട്. അത്തരം പോംവഴികള്‍ സ്വീകരിച്ചുകൊണ്ടുള്ള ഭൂരഹിതരുടെകൂടി പങ്കാളിത്തത്തിലൂടെ ലൈഫ് വിജയകരമാക്കാനും സാധിക്കും. കേരളത്തിലെ കൂടുതല്‍ ഭൂരഹിതരും തിങ്ങിത്താമസിക്കുന്നത് കോര്‍പറേഷന്‍ പരിധിയിലുള്ള ചേരികളിലാണ്.  ഫ്ളാറ്റ് പാര്‍പ്പിട സമുച്ചയം ഏറെ പ്രയോജനകരമാകുന്നതും അത്തരം പ്രദേശങ്ങളിലായിരിക്കും. ഏറ്റവും കൂടുതല്‍ മാലിന്യം ഉദ്ഭവിക്കുന്നതും കുമിയുന്നതും ഇത്തരം പ്രദേശങ്ങളില്‍തന്നെ. അവരെ പഠനവിധേയരാക്കാനും പ്രശ്നപരിഹാരത്തിനും സവിശേഷ പദ്ധതികള്‍തന്നെ വേണ്ടിവരും. നല്ല ഇച്ഛാശക്തിയും ബാഹ്യസമ്മര്‍ദങ്ങളെ അതിജയിക്കാനുള്ള കരുത്തും അലസരായ ഉദ്യോഗസ്ഥരെ മെരുക്കി പണിയെടുപ്പിക്കാനുള്ള ശേഷിയും പ്രകടിപ്പിച്ചാലേ ഈ സ്വപ്നങ്ങളുടെ സാഫല്യം സാധ്യമാകൂ. ഒരിക്കലും അവ സാക്ഷാത്കാരം അസാധ്യമായ സ്വപ്നങ്ങളല്ല. ആളുകളെ പ്രലോഭിപ്പിക്കുന്ന ഓണക്കാല ഓഫര്‍മാത്രമായി അവശേഷിക്കാതിരിക്കട്ടെ സര്‍ക്കാറിന്‍െറ പ്രഖ്യാപനങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.