കര്‍ഷകര്‍ നേടിയ അപൂര്‍വ വിജയം

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ഭരണ-കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ പാവപ്പെട്ട കര്‍ഷകര്‍ നിയമപോരാട്ടത്തിലൂടെ നേടിയെടുത്ത വിജയം അടിസ്ഥാഏനവര്‍ഗത്തിന്‍െറ മനോവീര്യം വര്‍ധിപ്പിക്കുന്നുവെന്ന് മാത്രമല്ല, ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോവുന്ന സര്‍ക്കാറുകള്‍ക്ക് കനത്ത താക്കീത് നല്‍കുന്നതുമാണ്. ടാറ്റയുടെ കീഴിലുള്ള നാനോ കാര്‍ നിര്‍മാണശാല സ്ഥാപിക്കുന്നതിനു നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള മുന്‍ ഇടതുസര്‍ക്കാര്‍ 2006ല്‍ ആയിരത്തോളം ഏക്കര്‍ സ്ഥലം ഏറ്റെടുത്ത നടപടി റദ്ദാക്കിയ സുപ്രീംകോടതി ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുനല്‍കാനാണ് ആജ്ഞാപിച്ചിരിക്കുന്നത്. ഇതിനകം നല്‍കിയ നഷ്ടപരിഹാരം തിരിച്ചുനല്‍കേണ്ടതില്ളെന്നും ഇതുവരെ കിട്ടാത്തവര്‍ക്ക് അത് കൊടുത്തുതീര്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ വി. ഗോപാല ഗൗഡ, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

വ്യവസായശാലകള്‍ തുടങ്ങുന്നതിനു ആവശ്യമായി വരുമ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ടെങ്കിലും, വികസനത്തിന്‍െറ പ്രഹരങ്ങള്‍ മുഴുവന്‍  സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗമായ കര്‍ഷകരുടെമേല്‍ അടിച്ചേല്‍പിക്കുന്നത്  ഒരുനിലക്കും ന്യായീകരിക്കാനാവില്ളെന്ന് പരമോന്നത നീതിപീഠം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാറുകള്‍ മാറിവരുന്നതോടെ മുന്‍തീരുമാനങ്ങള്‍ രാഷ്ട്രീയകാരണങ്ങളാല്‍ അട്ടിമറിക്കപ്പെടുന്നതിനെതിരെ ചില വാദങ്ങള്‍ ഉയര്‍ന്നെങ്കിലും നിയമവിരുദ്ധമായോ അല്ളെങ്കില്‍ അധികാരത്തിന്‍െറ ഉരുക്കു മുഷ്ടി ഉപയോഗിച്ചോ എടുക്കുന്ന തീരുമാനങ്ങള്‍ പുന$പരിശോധിക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് ന്യായാസനം എത്തിപ്പെട്ടത്. അധികാരപ്രമത്തതയില്‍, ജനരോഷം വകവെക്കാതെ, കുത്തകമുതലാളിമാര്‍ക്ക് വേണ്ടി വിടുവേല ചെയ്യുന്ന ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ വിധി. ടാറ്റപോലുള്ള വന്‍കിടക്കാര്‍ക്കെതിരെ പാവപ്പെട്ട ഗ്രാമീണര്‍ നേടിയ ഈ വിജയം നമ്മുടെ വ്യവസ്ഥിതിയില്‍ അടിസ്ഥാനവര്‍ഗത്തിനുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ഏറ്റുമുട്ടലിന്‍െറയും സംഘര്‍ഷത്തിന്‍െറയും പാതക്കപ്പുറം നിയമത്തിന്‍െറ വിശാലമാര്‍ഗം തുറന്നുകിടപ്പുണ്ട് എന്ന സന്ദേശം കൂടി സുപ്രീംകോടതി സാമാന്യജനത്തിന് കൈമാറുന്നുണ്ടിവിടെ.

2006ല്‍ ആയിരമേക്കറോളം ഫലഭൂയിഷ്ഠമായ ഇരുപ്പൂപാടശേഖരം ടാറ്റക്ക് വേണ്ടി  ഏറ്റെടുത്തപ്പോള്‍ ശക്തമായ എതിര്‍പ്പ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായെങ്കിലും ബുദ്ധദേവ് സര്‍ക്കാര്‍ ജനവികാരത്തെ തൃണവത്ഗണിക്കുകയാണുണ്ടായത്. വിവാദം കൊടുമ്പിരിക്കൊണ്ട 2008 കാലഘട്ടത്തില്‍ കാര്‍ പ്ളാന്‍റ് ടാറ്റ ഗുജറാത്തിലേക്ക് മാറ്റിയെങ്കിലും കൊല്‍ക്കൊത്ത ഹൈകോടതിയുടെ വിധി കര്‍ഷകര്‍ക്ക് എതിരായിരുന്നു. 2008 ജനുവരി 18ന്‍െറ ആ വിധിക്കെതിരെ കര്‍ഷകരും സന്നദ്ധസംഘടനകളും നല്‍കിയ അപ്പീലിന്മേലാണ് ഇപ്പോഴത്തെ വിധി. മുന്‍സര്‍ക്കാറിന്‍െറ നടപടി റദ്ദാക്കുന്നതിനും ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകിട്ടുന്നതിനും അതിനിടയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 2011ല്‍ സിംഗൂര്‍ ലാന്‍ഡ് റിഹാബിലിറ്റേഷന്‍ നിയമം കൊണ്ടുവരുകയുണ്ടായി.

ഈ നിയമനിര്‍മാണം സുപ്രീംകോടതിയുടെ സൂക്ഷ്മമായ പരിശോധനക്ക് വിധേയമായപ്പോഴാണ് മാറിവരുന്ന സര്‍ക്കാറുകള്‍ മുന്‍ സര്‍ക്കാറിന്‍െറ തീരുമാനങ്ങള്‍ അപ്പടി നടപ്പാക്കാന്‍ ബാധ്യസ്ഥമാണോ എന്ന ചോദ്യം ഉയര്‍ന്നത്. ഇടത് സര്‍ക്കാറിന്‍െറ നടപടി ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് വിരുദ്ധമാണെന്ന് കണ്ടതാണ് കര്‍ഷകര്‍ക്ക് അനുകൂലമായ വിധിക്ക് നിദാനം.‘പൊതുതാല്‍പര്യത്തിന്’എന്ന പ്രയോഗത്തില്‍ ടാറ്റ കമ്പനി പെടുമോ എന്ന കാര്യത്തില്‍ ജഡ്ജിമാര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിലും നിയമവിരുദ്ധവും സാമൂഹിക നീതിക്ക് നിരക്കാത്തതുമായ നടപടിയായിരുന്നു  ഇടതുസര്‍ക്കാറിന്‍േറത് എന്ന കാര്യത്തില്‍  തര്‍ക്കമുണ്ടായിരുന്നില്ല.  കര്‍ഷകരെ അവരുടെ സ്വന്തം ഭൂമിയില്‍ പുനരധിവസിപ്പിക്കാനുള്ള മമത സര്‍ക്കാറിന്‍െറ നിലപാട് അതോടെ പൂര്‍ണമായും സാധൂകരിക്കപ്പെടുകയായിരുന്നു.

അടിസ്ഥാനവര്‍ഗത്തിന്‍െറ പാര്‍ട്ടി എന്ന് സ്വയം വിശേഷിപ്പിക്കാറുള്ള കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രീംകോടതി വിധി കനത്ത പ്രഹരമാണ്. പാര്‍ട്ടിയുടെ അടിത്തറ തകരുന്നതിലേക്ക് നയിച്ച ബുദ്ധദേവ് സര്‍ക്കാറിന്‍െറ ഈ നടപടി എന്തുമാത്രം ജനവിരുദ്ധവും പിന്തിരിപ്പനുമായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് 204 പേജ് വരുന്ന വിധിന്യായത്തിലൂടെ നീതിപീഠം. വികസനത്തിന്‍െറ മറവില്‍ സമൂഹത്തിന്‍െറ താഴത്തേട്ടില്‍ കിടക്കുന്ന കര്‍ഷകരെ വിസ്മരിച്ചതും ഭരണത്തിന്‍െറ ഹുങ്ക് കാട്ടി അവരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതുമാണ് സിംഗൂരിലും നന്ദിഗ്രാമിലും പാര്‍ട്ടിക്ക് പറ്റിയ തെറ്റ്. ആ തെറ്റാണ് ബംഗാളില്‍ പാര്‍ട്ടിയെ ഇക്കണ്ട പതനത്തില്‍ കൊണ്ടത്തെിച്ചത്. ആ പതനത്തില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ജനകീയാടിത്തറ വിപുലപ്പെടുത്തിയതും അധികാരക്കസേര ഭദ്രമാക്കിയതും.

കമ്യൂണിസത്തെ കൈവിട്ട ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ഫലം കാണാതെ പോയത് തങ്ങളുടെ പരിദേവനങ്ങള്‍ കേള്‍ക്കാന്‍ മമത ബാനര്‍ജി ആത്മാര്‍ഥത കാണിച്ചുവെന്ന ജനങ്ങളുടെ വിലയിരുത്തലാവണം. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ബദ്ധശത്രുവായ കോണ്‍ഗ്രസുമായി കൈകോര്‍ത്തെങ്കിലും നഷ്ടപ്പെട്ട ഭൂമിക തിരിച്ചുപിടിക്കാനുള്ള സി.പി.എമ്മിന്‍െറ ശ്രമം ഫലം കാണാതെ പോയത് മൂന്നര പതിറ്റാണ്ട് സംസ്ഥാനം ഭരിച്ച പാര്‍ട്ടി ജനങ്ങളില്‍നിന്ന് എത്രമാത്രം അകന്നിട്ടുണ്ട് എന്നതിന്‍െറ തെളിവായിരുന്നു. വികസനത്തിന്‍െറ പേരില്‍ കോര്‍പറേറ്റ് ഭീമന്മാരെ വാരിപ്പുണരാനും പാവങ്ങളുടെ മണ്ണും വിണ്ണും പിടിച്ചെടുക്കാനും ആര് ശ്രമിച്ചാലും ഗതി ഇതായിരിക്കുമെന്നുള്ള മുന്നറിയിപ്പായാണ് സിംഗൂര്‍വിധി ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.