പിന്നെയും നിലവിളക്ക്

പ്രഭാതത്തില്‍ ബ്രഹ്മമുഹൂര്‍ത്തത്തിലും പ്രദോഷത്തില്‍ വിഷ്ണുമുഹൂര്‍ത്തമായ ഗോധൂളി മുഹൂര്‍ത്തത്തിലും കത്തിച്ചുവെക്കാനായി ഹൈന്ദവ ഗൃഹങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന നിലകളോടുകൂടിയ വിളക്കിനെയാണ് നിലവിളക്ക് എന്ന് പറയുന്നത്. ഹൈന്ദവ/ക്ഷേത്ര ചടങ്ങുകളിലും ഇത് സജീവമായ സാന്നിധ്യമാണ്. ഈ വിളക്ക് കുറെക്കാലമായി കേരളത്തിലെ വലിയൊരു രാഷ്ട്രീയ വിവാദമാണ്. അതിന് നിസ്സാരമല്ലാത്ത കാരണങ്ങളുമുണ്ട്.

ഹൈന്ദവ സംസ്കാരവുമായി ബന്ധപ്പെട്ട അടയാളമായിട്ടാണ് അത് കരുതപ്പെടുന്നതെങ്കിലും കേരളത്തില്‍ സര്‍ക്കാര്‍ പരിപാടികളിലെ ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമാണ് നിലവിളക്ക്. നിലവിളക്ക് കത്തിച്ചുകൊണ്ടാണ് മിക്ക ഒൗദ്യോഗിക പരിപാടികളും ഉദ്ഘാടനം ചെയ്യപ്പെടാറ്. ഒരു പ്രത്യേക മതചിഹ്നം ഒൗദ്യോഗിക പരിപാടികളുടെ ഭാഗമാകുന്നതിന്‍െറ ന്യായമെന്ത് എന്ന ചോദ്യത്തിന് പലതരം ഉത്തരങ്ങളാണ് നല്‍കപ്പെടാറ്. അത് മതമല്ല, സംസ്കാരത്തിന്‍െറ ഭാഗമാണെന്ന് ചിലര്‍ പറയും. അല്‍പം ബുദ്ധിജീവി നിലവാരം കാണിക്കുന്നവര്‍, അത് വെളിച്ചത്തിന്‍െറ ചിഹ്നമാണെന്നും വെളിച്ചത്തിനെ ഭയക്കുന്നവരാണ് ഇമ്മാതിരി ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും പറയും. ബി.ജെ.പിയെപോലുള്ള തീവ്ര ഹിന്ദുത്വവാദികള്‍, നിലവിളക്കിനെതിരായ വിമര്‍ശങ്ങള്‍ രാജ്യദ്രോഹമാണെന്നാണ് വിശ്വസിക്കുന്നത്. അങ്ങനെ പലതരം ചോദ്യങ്ങളും കാഴ്ചപ്പാടുകളുംകൊണ്ട് വിവാദങ്ങളുടെ വെളിച്ചം നല്ലപോലെ വിതറാന്‍ ഈ വിളക്കിന് സാധിച്ചിട്ടുണ്ട്.

സി.പി.എമ്മുകാരനായ മന്ത്രി ജി. സുധാകരന്‍ ആഗസ്റ്റ് 28ന്, ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്‍െറ വാര്‍ഷികവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ നടത്തിയ പ്രഭാഷണമാണ് നിലവിളക്കിനെ വീണ്ടും വിവാദത്തിന്‍െറ വെയിലില്‍ നിര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ചടങ്ങുകളില്‍ പ്രാര്‍ഥനയും നിലവിളക്കും വേണ്ടതില്ളെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മതേതര ഭരണഘടന നിലനില്‍ക്കുന്ന നാട്ടില്‍ ഇപ്പറഞ്ഞതില്‍ അതിശയകരമായിട്ടൊന്നുമില്ല. എന്നാല്‍, ജി. സുധാകരന്‍െറ നിലപാട് സാംസ്കാരിക ഫാഷിസമാണെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്. കേരളത്തിലെ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാകുന്നതിന്‍െറ തെളിവാണിതെന്നും ചില ബി.ജെ.പി നേതാക്കള്‍ ചൂണ്ടിക്കാട്ടി. സി.പി.എമ്മിന്‍െറതന്നെ എം.എല്‍.എയായ പി.കെ. ശശി ഏത് തമ്പുരാന്‍ വിലക്കിയാലും താന്‍ നിലവിളക്ക് കൊളുത്തുമെന്ന വാദവുമായി രംഗത്തു വന്നപ്പോള്‍ വിവാദത്തിന് എരിവായി. നേരത്തേ പറഞ്ഞ വെളിച്ചം/ഇരുട്ട് ദ്വന്ദ്വവാദവും അദ്ദേഹം ഉയര്‍ത്തി.

മുസ്ലിം ലീഗ് നേതാക്കള്‍  വിളക്ക് കൊളുത്താത്തത് പലപ്പോഴും വിവാദമാകാറുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത്, ഒരു ചടങ്ങില്‍ വിളക്ക് കൊളുത്താതെ മാറിനിന്ന മന്ത്രി അബ്ദുറബ്ബിനെ അതേ വേദിയില്‍വെച്ച് നടന്‍ മമ്മൂട്ടി വിമര്‍ശിച്ചത് ചര്‍ച്ചയായിരുന്നു. അതേ അബ്ദുറബ്ബിനെതിരെ നിലവിളക്കേന്തി സമരം നടത്തി കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഹിന്ദുത്വ വലതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവരുടെ വിഭാഗീയ രാഷ്ട്രീയത്തിനുള്ള നല്ളൊരു ആയുധമാണ് നിലവിളക്ക്. ഇടതുപക്ഷത്തിനാകട്ടെ, ഇനിയും കൃത്യമായ നിലപാടെടുക്കാന്‍ കഴിയാത്ത കീറാമുട്ടിയും.

സര്‍ക്കാര്‍ പരിപാടികള്‍ നിലവിളക്ക് കൊളുത്തി തുടങ്ങണമെന്ന് ഭരണ ഘടനയിലോ ഏതെങ്കിലും നിയമത്തിലോ പറയുന്നില്ല. അപ്പോള്‍ പിന്നെ, നിര്‍ബന്ധിത ഘടകം എന്നപോലെ അത് സര്‍ക്കാര്‍ ചടങ്ങുകളുടെ ഭാഗമായതെങ്ങനെ എന്നാലോചിക്കേണ്ടതുണ്ട്. നമ്മുടെ ദേശീയ സംസ്കാരത്തെയും മുഖ്യധാരാ പരികല്‍പനകളെയും നിര്‍ണയിക്കുന്നതിലുള്ള ഹിന്ദുത്വ സ്വാധീനമാണ് അത് തെളിയിക്കുന്നത്. ചോദ്യംചെയ്യപ്പെടാത്ത സാന്നിധ്യമായി വിളക്ക് ഒൗദ്യോഗിക വേദികളില്‍ കത്തിനില്‍ക്കുന്നത് അതുകൊണ്ടാണ്. വിളക്ക് കത്തിക്കാന്‍ താല്‍പര്യമില്ല എന്നു പറയുന്നവരെ രാജ്യദ്രോഹികളാക്കുന്നതും അതിന്‍െറ ഭാഗംതന്നെ. ഇനി അതല്ല, ചിലര്‍ പറയുന്നതുപോലെ അത് വെളിച്ചത്തിന്‍െറ ചിഹ്നമാണെങ്കില്‍ മെഴുകുതിരി കത്തിച്ചും ബള്‍ബ് കത്തിച്ചുമൊക്കെ ഉദ്ഘാടനങ്ങള്‍ നടത്താവുന്നതേയുള്ളൂ.

ചുരുക്കത്തില്‍, ഹൈന്ദവ ആരാധനകളുടെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഈ വിളക്കുകത്തിക്കല്‍ പരിപാടി. അങ്ങനെയല്ല, അത് മഹത്തായ സംസ്കാരത്തിന്‍െറയും പ്രകാശത്തിന്‍െറയും ഉത്തുംഗ ബിംബങ്ങളാണ് എന്ന് വിചാരിക്കുന്നവര്‍ക്ക് അങ്ങനെ വിചാരിക്കുകയുമാവാം. പക്ഷേ, തനിക്ക് അത് കത്തിക്കാന്‍ വയ്യ എന്നൊരാള്‍ പറയുമ്പോള്‍, അത്  രാജ്യദ്രോഹവും മതമൗലികവാദവുമൊക്കെയായി മാറുന്നതാണ് മനസ്സിലാവാത്തത്. നിര്‍ഭാഗ്യവശാല്‍ വിളക്കു കത്തിക്കുകയില്ല എന്ന മുസ്ലിം നേതാക്കളുടെ നിലപാടിനെ അങ്ങനെ വ്യാഖ്യാനിക്കാനാണ് ഹിന്ദുത്വ വലതുപക്ഷവും ഇടതു/മതേതര പക്ഷത്തെ ചിലരും ശ്രമിക്കാറുള്ളത്.

വിട്ടുവീഴ്ചയില്ലാത്ത ഏകദൈവത്വ സങ്കല്‍പം ഇസ്ലാമിന്‍െറ അടിസ്ഥാന പ്രമാണമാണ്. അതില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക് നിലവിളക്കിനെയല്ല, അതിന്‍െറ നൂറായിരമിരട്ടി വെളിച്ചം തരുന്ന സൂര്യനെപോലും ആരാധനയോടെ കാണാന്‍ സാധ്യമല്ല. നിലവിളക്കിനും സൂര്യനും ചന്ദ്രനും അപ്പുറമുള്ള അതീത യാഥാര്‍ഥ്യം എന്നതാണ് അവരുടെ ദൈവസങ്കല്‍പം. അതില്‍ വിശ്വസിക്കുന്ന ഒരാള്‍ക്ക്, ആരാധനകള്‍ക്ക് ഉപയോഗിക്കുന്ന വിളക്ക് കൊളുത്തുന്നത് തന്‍െറ വിശ്വാസത്തിന് എതിരാണ് എന്ന് വിചാരിക്കുന്ന ഒരാള്‍ക്ക് കൊളുത്താതെ മാറിനില്‍ക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, ആ അവകാശത്തെ മാന്യമായി അംഗീകരിക്കാന്‍ നമ്മുടെ മുഖ്യധാര അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം. മുസ്ലിംകള്‍ പൊതുവെ ഏകദൈവനാമം ചൊല്ലിക്കൊണ്ടാണ് (ബിസ്മി ചൊല്ലല്‍) എല്ലാ സത്കൃത്യങ്ങളും തുടങ്ങാറ്. സര്‍ക്കാര്‍ ചടങ്ങുകള്‍ ബിസ്മികൊണ്ട് തുടങ്ങണമെന്ന് ഒരു മുസ്ലിം നേതാവും ആവശ്യപ്പെട്ടിട്ടില്ല. വിളക്ക് കൊളുത്താന്‍വയ്യ എന്നു പറയുന്നേയുള്ളൂ. അതുപോലും അംഗീകരിക്കാന്‍ കഴിയാത്ത, ആ നിലപാടിനെ പുച്ഛിക്കുന്ന സമീപനം നമ്മുടെ ജനാധിപത്യത്തിന്‍െറ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്. പുതിയ നിലവിളക്ക് വിവാദവും ആ ദൗര്‍ബല്യത്തെതന്നെയാണ് പിന്നെയും പിന്നെയും അടയാളപ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.