ഹിരോഷിമയില്‍ ഒബാമ തലകുനിക്കണം

ജപ്പാന്‍ സന്ദര്‍ശനം നടത്തുന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ വെള്ളിയാഴ്ച ഹിരോഷിമനഗരം സന്ദര്‍ശിക്കുമ്പോള്‍ രണ്ടാം ലോകയുദ്ധവേളയില്‍ വര്‍ഷിച്ച ആറ്റംബോംബിന്‍െറയും തദ്വാര സംഭവിച്ച മാനുഷികദുരന്തത്തിന്‍െറയും പേരില്‍ മാപ്പ് ചോദിക്കില്ല എന്ന് മുന്‍കൂട്ടി വ്യക്തമാക്കിയത് ലോകസമൂഹം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാതെപോയത് ഖേദകരമാണ്. 140,000 പേരുടെ മരണത്തിനും തലമുറകളുടെ ജീവിതദുരിതങ്ങള്‍ക്കും ഇടവരുത്തിയ 1945 ആഗസ്റ്റ് ആറിലെ കിരാതവും ക്രൂരവുമായ ബോംബുവര്‍ഷം ഏഴു പതിറ്റാണ്ടിനുശേഷവും ആഗോളസമൂഹം ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്. ജപ്പാന്‍െറ തലസ്ഥാനനഗരിയായ ടോക്യോവില്‍നിന്ന് 500 കി.മീറ്റര്‍ അകലെ അതിപുരാതനമായ ഹിരോഷിമ  മൂന്നരലക്ഷം മനുഷ്യര്‍ അധിവസിക്കുന്ന പ്രധാന നഗരമായിരുന്നു. യുദ്ധത്തില്‍ ജപ്പാനെ തറപറ്റിക്കുക എളുപ്പമല്ല എന്ന് മനസ്സിലാക്കിയ അന്നത്തെ യു.എസ് പ്രസിഡന്‍റ് ഹാരി എസ്. ട്രൂമാന്‍,  ‘മാന്‍ഹാട്ടന്‍ പദ്ധതി’യിലൂടെ അതീവരഹസ്യമായി വികസിപ്പിച്ചെടുത്ത ആറ്റംബോംബുകള്‍ ഉപയോഗിച്ച് ജപ്പാനെ കത്തിച്ചുകളയാന്‍ തീരുമാനിച്ചപ്പോള്‍  ശാസ്ത്രസാങ്കേതികവിദ്യക്ക് മാനവരാശിയുടെമേല്‍ ഇത്രകണ്ട് കൊടുംനാശങ്ങള്‍ വിതക്കാന്‍ സാധിക്കുമെന്ന് ആരും നിനച്ചിരുന്നില്ല. ബി-29 ബോംബറുകള്‍ ഉപയോഗിച്ച് ‘ലിറ്റില്‍ ബോയ്’ എന്ന് പേരിട്ട 9000 പൗണ്ട് തൂക്കംവരുന്ന യൂറാനിയം-235 ബോംബ് വര്‍ഷിച്ചപ്പോള്‍ പട്ടണത്തിന്‍െറ 90 ശതമാനവും വെന്തുരുകുകയായിരുന്നു. എന്നിട്ടും, ജപ്പാന്‍ അടിയറവ് പറയുന്നില്ല എന്നുകണ്ട് മൂന്നുദിവസം കഴിഞ്ഞ് തൊട്ടടുത്ത നാഗസാക്കി പട്ടണത്തിലും ബോംബ് വര്‍ഷിച്ചു. 22 കിലോ ടണ്‍ സ്ഫോടനശേഷിയുള്ള ‘ഫാറ്റ്മാന്‍’  നിമിഷാര്‍ധംകൊണ്ട് 74,000 മനുഷ്യരെ നക്കിത്തുടച്ചു. ജപ്പാന് ഇതിലപ്പുറമൊരു ദുരന്തം ഏറ്റുവാങ്ങാനില്ല എന്ന് വന്നപ്പോള്‍ ഹിരോഹിതോ ചക്രവര്‍ത്തി അച്ചുതണ്ട് ശക്തികളുടെ മുന്നില്‍ നിരുപാധികം കീഴടങ്ങി.

രണ്ടാം ലോകയുദ്ധത്തിനുശേഷം 11 അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ കടന്നുപോയെങ്കിലും അവരാരുംതന്നെ ഹിരോഷിമയിലോ നാഗസാക്കിയിലോ കാലെടുത്തുവെക്കാന്‍ ധൈര്യം കാണിച്ചില്ല. തങ്ങളുടെ രാജ്യം തെറ്റ് ചെയ്യില്ല എന്ന ഉത്തമബോധ്യമുണ്ടായിരുന്നുവത്രെ അവര്‍ക്ക്. ആ നിലയില്‍ പ്രസിഡന്‍റ് ഒബാമയുടെ ഇപ്പോഴത്തെ തീരുമാനം ചരിത്രപരമാണ്്. എന്നാല്‍, തന്‍െറ മുന്‍ഗാമികള്‍ ചെയ്ത പാതകത്തിന് താന്‍ ക്ഷമാപണം നടത്തേണ്ടതില്ല എന്ന നിലപാടിലാണദ്ദേഹം. യുദ്ധത്തിനിടയില്‍ ഭരണനേതൃത്വം പലതരത്തിലുള്ള തീരുമാനങ്ങളുമെടുക്കും എന്ന ന്യായീകരണം അദ്ദേഹത്തില്‍നിന്ന് ശ്രവിക്കേണ്ടിവന്നത് സമാധാന നൊബേല്‍ സമ്മാനജേതാവില്‍ പ്രതീക്ഷിക്കാത്തതായിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി സിറിയയിലും ഇറാഖിലും ലിബിയയിലും അഫ്ഗാനിലുമൊക്കെ നിരന്തര യുദ്ധങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ നേതൃത്വംകൊടുക്കുന്ന ഒരു ഭരണകര്‍ത്താവിന്‍െറ, യുദ്ധത്തില്‍ എന്തുമാവാം എന്ന മനുഷ്യത്വരഹിതവും കിരാതവുമായ കാഴ്ചപ്പാടാണ്് ആറ്റംബോംബ് വര്‍ഷിച്ച ഹീനപാതകത്തിലും ദര്‍ശിക്കാന്‍ കഴിയുന്നത്.  ആണവായുധമുക്ത ലോകത്തെക്കുറിച്ച് വായ്തോരാതെ സംസാരിക്കുമ്പോഴും ആറ്റംബോംബുകള്‍ കുന്നുകൂട്ടുന്ന വന്‍ശക്തികളുടെ കാപട്യം ഇവിടെയും പ്രതിഫലിച്ചുകാണാം. മനുഷ്യരാശി നിലനില്‍ക്കുന്നകാലത്തോളം ഹിരോഷിമയിലും നാഗസാക്കിയിലും കെട്ടഴിച്ചുവിട്ട മഹാദുരന്തത്തെ ഒരാള്‍ക്കും ന്യായീകരിക്കാനാവില്ല. അവിടെ തീഗോളങ്ങളില്‍ ചുട്ടുചാമ്പലായ നിരപരാധികളായ ലക്ഷങ്ങളോടും അവരുടെ പിന്‍ഗാമികളോടും ജപ്പാന്‍ എന്ന രാജ്യത്തോടും കൈകൂപ്പി മാപ്പിരക്കാന്‍ ഒബാമ മുന്നോട്ടുവന്നിരുന്നുവെങ്കില്‍ നാഗരികസമൂഹത്തില്‍ ഇന്നും അവശേഷിക്കുന്ന നന്മയുടെയും മനുഷ്യത്വത്തിന്‍െറയും ഒൗജ്ജ്വല്യം പ്രകാശിതമായേനെ. ഒബാമയെ അത് മറ്റു യു.എസ് പ്രസിഡന്‍റുമാരില്‍നിന്ന് വ്യത്യസ്തനാക്കുകയും ചെയ്യുമായിരുന്നു.

കടന്നുപോയ തലമുറ ചെയ്ത അപരാധങ്ങള്‍ക്ക് ക്ഷമാപണം നടത്താന്‍ സമീപകാലത്ത് പലരാജ്യങ്ങളും സ്വയം മുന്നോട്ടുവന്നിട്ടുണ്ട്. 1914ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നങ്കൂരമിട്ട ഇന്ത്യയില്‍നിന്നുള്ള അഭയാര്‍ഥികളെ വഹിച്ചുള്ള ‘കോമാഗത മറു’ എന്ന കപ്പലിനെ തിരിച്ചയക്കുകയും കൊല്‍ക്കത്തയില്‍ മടങ്ങിയത്തെിയശേഷം രാഷ്ട്രീയ പ്രക്ഷോഭകരായും നിയമലംഘകരായും മുദ്രകുത്തി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ 19 പേര്‍ വെടിയേറ്റ് മരിക്കാനിടയാവുകയും ചെയ്ത സംഭവത്തിന്‍െറ പേരില്‍ കനേഡിയന്‍ പ്രധാനമന്ത്രി മേയ് 20ന്് പാര്‍ലമെന്‍റില്‍ ക്ഷമാപണം നടത്തുകയുണ്ടായി.  അര്‍മീനിയന്‍ കൂട്ടക്കൊലയുടെ പേരില്‍ തുര്‍ക്കി മാപ്പ് പറയണമെന്ന് മാര്‍പാപ്പ അടക്കമുള്ളവര്‍ ഈയിടെ ആവശ്യപ്പെട്ടത് വന്‍ വിവാദമുയര്‍ത്തി. കൊറിയന്‍ സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി സൈനികരുടെ അടിമവേശ്യകളായി വെച്ചതിന് ജപ്പാന്‍ പ്രധാനമന്ത്രി ആ രാജ്യത്തോടും ജനങ്ങളോടും മാപ്പുചോദിച്ചത് അടുത്തകാലത്താണ്. വൈരാഗ്യത്തിന്‍െറ ഇന്നലകളെ മറന്ന് സൗഹൃദത്തിന്‍െറ നല്ല പുലരികള്‍ക്കായി നയതന്ത്രതലത്തില്‍ പല മാര്‍ഗങ്ങളും ആരായുന്നത് സമാധാനകാംക്ഷിയുടെ ലക്ഷണമായാണ് എണ്ണാറ്.

90 വര്‍ഷത്തിനുശേഷം ഒബാമ ക്യൂബ സന്ദര്‍ശിച്ചത് ശത്രുതയുടെ നാളുകള്‍ കഴിഞ്ഞുവെന്ന സന്ദേശം കൈമാറാനായിരുന്നുവല്ളോ. മുന്‍ഗാമികള്‍ വിച്ഛേദിച്ച മ്യാന്മറുമായുള്ള ബന്ധം അദ്ദേഹം പുന$സ്ഥാപിച്ചതും രണ്ടുതവണ ആ രാജ്യം സന്ദര്‍ശിച്ചതും അമേരിക്കയുടെ വിദേശനയത്തിലെ കാതലായ മാറ്റമായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, യുദ്ധത്തോടും തദനുബന്ധമായ ക്രൂരതകളോടും ഒബാമയുടെ കാഴ്ചപ്പാട് മറ്റ് യു.എസ് പ്രസിഡന്‍റുമാരില്‍നിന്ന് ഭിന്നമല്ല എന്ന സത്യമാണ്് ഹിരോഷിമവിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍നിന്ന് വായിച്ചെടുക്കേണ്ടത്. ജപ്പാന്‍ സന്ദര്‍ശനംതന്നെ ചൈനയെ മുന്നില്‍ക്കണ്ടുള്ള നയതന്ത്രപരമായ ചുവടുവെപ്പുകളിലൊന്നായി ചുരുങ്ങുമ്പോള്‍ മാസങ്ങള്‍ക്കകം പ്രസിഡന്‍റ് പദവി ഒഴിയുന്ന ഒബാമ ചരിത്രപുസ്തകത്തില്‍ കാര്യമായി ഒന്നും ബാക്കിവെക്കുന്നില്ല എന്ന് നമുക്ക് വിധിയെഴുതേണ്ടിവരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.