സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍െറ നേതൃത്വത്തില്‍ 19 അംഗ ഇടതുജനാധിപത്യമുന്നണി മന്ത്രിസഭ ഇന്നു വൈകീട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതോടെ സംസ്ഥാനം സുപ്രധാന ഭരണമാറ്റത്തിനാണ് സാക്ഷ്യംവഹിക്കാന്‍ പോവുന്നതെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇടത്, വലത് മുന്നണികള്‍ മാറിമാറി ഭരിച്ചതാണ് കേരളത്തിന്‍െറ ചരിത്രമെന്നിരിക്കെ ഇത്തവണത്തെ ഊഴം ഇടതുമുന്നണിയുടേതായത് സ്വാഭാവികം മാത്രമാണെന്ന് തോന്നാമെങ്കിലും കേന്ദ്രഭരണം നടത്തുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍വശക്തിയും വിഭവങ്ങളുമുപയോഗിച്ച് കേരളത്തില്‍ വേരുറപ്പിക്കാനും നിയമസഭയില്‍ അക്കൗണ്ട് തുറക്കാനും ആസൂത്രിതമായി പണിയെടുത്ത പശ്ചാത്തലത്തിലാണ് യു.ഡി.എഫിന്‍െറ കൈകളില്‍നിന്ന് എല്‍.ഡി.എഫ് ഭരണം പിടിച്ചിരിക്കുന്നതെന്ന പ്രത്യേകത സര്‍വഥാ പ്രാധാന്യമര്‍ഹിക്കുന്നു.
ഫാഷിസത്തിന്‍െറ അഭൂതപൂര്‍വമായ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കാന്‍ ഇടതുമുന്നണിക്കേ കഴിയൂ എന്ന് മതേതര സമൂഹവും മതന്യൂനപക്ഷങ്ങളും വിശ്വസിച്ചതിന്‍െറ ഫലമാണ് 91 സീറ്റുകളോടെ എല്‍.ഡി.എഫ് നേടിയ മഹത്തായ വിജയം. അതോടൊപ്പം അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പിടിയില്‍നിന്ന് സംസ്ഥാനത്തെ മോചിപ്പിച്ച് സംശുദ്ധഭരണം സംസ്ഥാപിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന ഇടതുമുന്നണിയുടെ അവകാശവാദവും ജനങ്ങള്‍ മുഖവിലക്കെടുത്തു. ഈ ബോധത്തോടും ബോധ്യത്തോടും കൂടിയാണ് തന്‍െറ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതെന്ന ധാരണ പിണറായി വിജയനുണ്ടെന്നാണ് അദ്ദേഹത്തിന്‍െറ പ്രസ്താവന തെളിയിക്കുന്നത്.
കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവന്‍ ജനങ്ങളുടെയും സര്‍ക്കാറായിരിക്കും അധികാരത്തിലേറുന്നതെന്നും ആ മനോഭാവത്തോടെ മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയ പിണറായി അഴിമതിക്കെതിരെ കടുത്ത നടപടിയാണുണ്ടാവുക എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ തന്‍െറ ആളാണെന്ന് ചിലര്‍ പറഞ്ഞുനടക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അത്തരക്കാരെ കരുതിയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു. തീര്‍ച്ചയായും ഭരണസിരാകേന്ദ്രങ്ങളുടെ ഇടനാഴികകളിലൂടെ ചുറ്റിക്കറങ്ങുന്ന ദല്ലാളുമാരാണ് എല്ലാ സര്‍ക്കാറുകള്‍ക്കും ദുഷ്പേര്‍ സമ്പാദിച്ചുകൊടുക്കുന്ന വര്‍ഗം. അവരെ അകറ്റിനിര്‍ത്താനും വില്ളേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റുവരെയുള്ള ഭരണയന്ത്രത്തെ സുതാര്യവും ചടുലവുമാക്കിത്തീര്‍ക്കാനും സാധിച്ചാല്‍ത്തന്നെ ചില്ലിക്കാശിന്‍െറ ചെലവില്ലാതെ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്താനും അവരെ തൃപ്തിപ്പെടുത്താനും കഴിയും. സര്‍ക്കാര്‍ ജീവനക്കാരുടെ സഹകരണമാണിതിനാവശ്യം. അതിനവരെ പ്രേരിപ്പിക്കാന്‍ ജീവനക്കാരില്‍ ഭൂരിപക്ഷത്തിന്‍െറയും പിന്തുണയുള്ള ഇടതു സര്‍ക്കാറിന് സാധിക്കേണ്ടതുണ്ട്.
അതുപോലെ പ്രധാനമാണ് ക്രമസമാധാനപാലനവും. രാഷ്ട്രീയമെന്നോ രാഷ്ട്രീയേതരമെന്നോ വ്യത്യാസമില്ലാതെ എല്ലാവിധ സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും അവസാനിപ്പിക്കാനും ക്രിമിനലുകളെ മുഖംനോക്കാതെ പിടികൂടി നീതിപീഠത്തിന്‍െറ മുന്നിലത്തെിക്കാനും നട്ടെല്ലുള്ള സര്‍ക്കാറാണ് തന്‍േറതെന്ന് പിണറായിക്ക് തെളിയിക്കാനായാല്‍ സംശയമില്ല, കക്ഷിഭേദമില്ലാതെ ജനങ്ങള്‍ അദ്ദേഹത്തിന്‍െറ പിന്നിലുണ്ടാവും. സ്ത്രീകളും കുട്ടികളും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങളും സാധാരണക്കാരും പീഡിപ്പിക്കപ്പെടാത്ത, അഥവാ പീഡകരെ ഉരുക്കുമുഷ്ടിയോടെ ഒതുക്കാന്‍ കെല്‍പുള്ള ഒരു സര്‍ക്കാറിനുവേണ്ടി കാത്തിരിക്കുകയാണ് കേരളം. മാസം പിന്നിട്ടിട്ടും തുമ്പിന്‍െറ അയലത്തു പോലുമത്തൊത്ത അന്വേഷണവുമായി ഉഴലുന്ന പൊലീസിനെയാണ് ജിഷ വധക്കേസില്‍ ജനം കാണുന്നത്. കഴിവുകേടും പിടിപ്പുകേടും അഴിമതിയും മുഖമുദ്രകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാന പൊലീസ് സേനയെ മാസങ്ങള്‍ക്കകം സ്കോട്ലന്‍ഡ് യാഡാക്കി മാറ്റാനാവുന്ന മാന്ത്രികവടിയൊന്നും പിണറായിയില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ളെങ്കിലും ഒരുവക കാര്യശേഷിയും ഉത്തരവാദിത്തബോധമുള്ളവരാക്കി നീതിപാലകരെ മാറ്റാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി പ്രകടിപ്പിച്ചേ പറ്റൂ; വിശിഷ്യാ ആഭ്യന്തരവകുപ്പ് അദ്ദേഹം തന്നെ കൈയാളുമ്പോള്‍.
വികസനത്തിന്‍െറ വിശദമായ രൂപരേഖ എല്‍.ഡി.എഫിന്‍െറ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന്‍െറ മുന്നേറ്റവും പുരോഗതിയും ആഗ്രഹിക്കുന്നവരാരും അതിനോട് കാര്യമായി വിയോജിക്കാനിടയില്ല. പക്ഷേ, രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടേ മതിയാവൂ. കേന്ദ്രസര്‍ക്കാറുമായി നല്ല ബന്ധം പ്രയാസകരമായ സംസ്ഥാന സര്‍ക്കാറിന് ഉദാരമായ കേന്ദ്രസഹായമില്ലാതെ വികസന പദ്ധതികള്‍ പ്രയോഗവത്കരിക്കാന്‍ എങ്ങനെ കഴിയും എന്നതാണൊന്ന്. കാലിയായ ഖജനാവുമായി പണിതുടങ്ങുന്ന സര്‍ക്കാറിന് വിഭവക്കമ്മി എങ്ങനെ തരണം ചെയ്യാനാവുമെന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. കോര്‍പറേറ്റ് ഭീമന്മാരാണ് മോദി സര്‍ക്കാറിന്‍െറ വികസനനയം രൂപവത്കരിക്കുന്നത് എന്നിരിക്കേ വ്യത്യസ്തമായി ചിന്തിക്കുന്ന ഇടത് സര്‍ക്കാര്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളാണ് മറ്റൊരു പ്രശ്നം. പരമാവധി നികുതി പിരിച്ചും ഭരണച്ചെലവുകള്‍ നിയന്ത്രിച്ചും പ്രവാസി നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും കോഴയുടേയും കൈക്കൂലിയുടേയും വാതിലടച്ചും ജാഗ്രതയോടെ നീങ്ങിയാല്‍ നിയുക്ത ധനമന്ത്രി തോമസ് ഐസക്കിന് സര്‍ക്കാറിന്‍െറ രക്ഷക്കത്തൊന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ജാതിയോ സമുദായമോ നോക്കാതെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മിതമായ ജീവിതസൗകര്യങ്ങളും വിദ്യാഭ്യാസവും തൊഴിലും ആരോഗ്യവും ഉറപ്പുവരുത്താന്‍ പുതിയ സര്‍ക്കാറിന് സാധിക്കുമാറാകട്ടെ എന്നാശംസിക്കുകയും അക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.