ഇറാനുമായി സഹകരണത്തിന്‍െറ പുതിയ വാതിലുകള്‍ തുറക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ നാഴികക്കല്ലായി മാറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാന്‍ സന്ദര്‍ശനം. പരമ്പരാഗത വാണിജ്യവിനിമയ ബന്ധങ്ങള്‍ക്കുപരിയായി മേഖലയില്‍ പുതുതായി ഉരുത്തിരിഞ്ഞ രാഷ്ട്രീയസാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി തന്ത്രപ്രധാനമായ അയല്‍പക്ക ബന്ധങ്ങള്‍ രൂപപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഇറാന്‍ സന്ദര്‍ശനം ഉതകുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു. ഭീകരത, മയക്കുമരുന്നു കടത്ത്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിനുള്ള യോജിച്ച പരിപാടികള്‍, സാമ്പത്തികബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി വിവിധയിനങ്ങളിലായി 12 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധങ്ങളില്‍ പതിവുള്ള ധാരണപത്രങ്ങള്‍ ഇവയിലുണ്ട്. എന്നാല്‍, ചാബഹാര്‍ തുറമുഖത്തിന്‍െറ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യ ഇറാനുമായി ഒപ്പിട്ട മൂന്നു കരാറുകള്‍ രാജ്യത്തിന്‍െറ അന്തര്‍ദേശീയ വാണിജ്യ, രാഷ്ട്രീയബന്ധങ്ങളില്‍ സാരമായ മാറ്റങ്ങള്‍ക്കും സാമ്പത്തികരംഗത്തെ പുരോഗതിക്കും വഴിതുറക്കും.തെക്കുകിഴക്കന്‍ ഇറാനിലെ ചാബഹാര്‍ തുറമുഖത്ത് ഇറാന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ചരക്കുകടത്തിനായി ഇന്ത്യന്‍ പോര്‍ട്സ് ഗ്ളോബല്‍ പ്രൈവറ്റ് ലിമിറ്റഡ് രണ്ടു ടെര്‍മിനലുകളും അഞ്ച് മള്‍ട്ടി കാര്‍ഗോ ബര്‍ത്തുകളും പണിയുന്ന ഒന്നാംഘട്ട പദ്ധതിക്കാണ് ഇറാനിലെ ആര്യ ബന്ദര്‍ കമ്പനിയുമായി കരാറിലത്തെിയിരിക്കുന്നത്. പദ്ധതി പ്രയോഗത്തിലത്തെുന്നതോടെ പാകിസ്താനെ ഒഴിവാക്കി ഇന്ത്യയുമായി സുരക്ഷ, സാമ്പത്തികബന്ധങ്ങളുള്ള അഫ്ഗാനിസ്താനില്‍നിന്നുള്ള ചരക്കുനീക്കം ഇന്ത്യക്ക് സുഗമമായിത്തീരും.
ഇറാനില്‍നിന്നുള്ള ക്രൂഡ് ഓയില്‍, യൂറിയ കടത്തിന് ഇരുരാജ്യങ്ങളുടെയും സ്വതന്ത്രമായ സമുദ്രമാര്‍ഗം ഉപയോഗപ്പെടുത്തുകയും ചെയ്യാം. ചാബഹാറില്‍നിന്ന് ഇന്ത്യയുടെ കണ്ഡ്ല തുറമുഖത്തേക്കുള്ള ദൂരം മുംബൈ-ഡല്‍ഹി ദൂരത്തേക്കാള്‍ കുറവാണ്. ഇവിടെനിന്ന് അഫ്ഗാനിലെ ഹിറാത്, കാന്തഹാര്‍, കാബൂള്‍, മസാറെ ശരീഫ് പ്രദേശങ്ങളുമായി സരഞ്ച്റോഡു വഴിയുള്ള ഗതാഗതവും ഇന്ത്യക്കു മുന്നില്‍ തുറക്കുകയാണ്. ഇന്ത്യയെ ഇറാനും അഫ്ഗാനുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര തെക്കുവടക്ക് ഗതാഗത ഇടനാഴിയിലെ സുപ്രധാന താവളമാണ് ചാബഹാര്‍. തുറമുഖ വികസനപദ്ധതി പൂര്‍ത്തിയാകുന്നതോടെ റഷ്യ, ഇറാന്‍ വഴികളിലൂടെ യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കും ഇന്ത്യയുടെ ഗതാഗതബന്ധങ്ങള്‍ വികസിക്കും.
ഫര്‍സാദ് ബി ഗ്യാസ് പാടങ്ങള്‍പോലുള്ള വന്‍ പദ്ധതികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്നതോടെ സാമ്പത്തികരംഗത്ത് പുതിയ സാധ്യതകള്‍ തെളിയുകയാണ്. ഇങ്ങനെ ഇന്ത്യയുടെ വിദേശ വാണിജ്യവിനിമയ ബന്ധങ്ങളിലെ ചരിത്രപ്രധാനമായ ദൗത്യത്തിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടക്കമിട്ടിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവകരാര്‍ മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ കാലത്ത് ഒപ്പുവെച്ചെങ്കിലും അതുമൂലം അന്തര്‍ദേശീയ വാണിജ്യബന്ധങ്ങളില്‍ ഉണ്ടായിത്തീരുമെന്ന് കൊട്ടിഘോഷിക്കപ്പെട്ട മാറ്റങ്ങളോ സാമ്പത്തികനേട്ടങ്ങളോ ഇന്ത്യക്ക് ലഭ്യമായിരുന്നില്ല. സോവിയറ്റ് യൂനിയന്‍െറ പതനത്തിനു ശേഷം മേഖലയിലെ തന്ത്രപ്രാധാന്യത്തിന്‍െറ ചെലവില്‍ ഇന്ത്യക്ക് വളര്‍ത്തിയെടുക്കാമായിരുന്ന അയല്‍പക്ക ബന്ധങ്ങളും വിവിധ വിദേശശക്തികളുമായുള്ള ഉഭയകക്ഷിധാരണകളും പിന്നെയും ഏറെക്കാലം മരവിച്ചുതന്നെ കിടന്നു.
വിദേശനയത്തില്‍ പ്രഖ്യാപനങ്ങളില്‍ മാറ്റമൊന്നുമില്ളെങ്കിലും വാഷിങ്ടണിനെ അമിതമായി ആശ്രയിക്കുന്ന തരത്തിലേക്ക് ഇന്ത്യ മാറിക്കഴിഞ്ഞിരുന്നു. അതിനാല്‍ പഴയ ചേരിചേരാനയത്തിന്‍െറ ഗൃഹാതുരതകള്‍ കാത്തുസൂക്ഷിക്കുമ്പോഴും അമേരിക്കയുടെ ഹിതത്തിനൊത്ത് പുറം വാണിജ്യ, സാമ്പത്തിക, ആയുധ ഇടപാടുകളില്‍ ഇന്ത്യക്ക് മുന്നോട്ടുനീങ്ങേണ്ടി വന്നു. ഇക്കാരണത്താലാണ് ആണവകരാര്‍ ഒപ്പിടുന്നതിന്‍െറ മികവായി ചൂണ്ടിക്കാണിച്ച പുതുബന്ധങ്ങളിലേക്കുള്ള വാതിലുകള്‍ ഇന്ത്യക്കുമുന്നില്‍ തുറക്കാതെ പോയത്. ഇപ്പോള്‍ ഇറാനുമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള വന്‍ശക്തിരാജ്യങ്ങള്‍ ആണവായുധ വിഷയത്തില്‍ ധാരണയിലത്തെുകയും ഉപരോധം നീക്കുകയും ചെയ്തപ്പോള്‍ ഇന്ത്യക്കു മുന്നില്‍ ഇറാന്‍ബന്ധത്തിലേക്കുള്ള വഴിതുറന്നിരിക്കുന്നു. നേരത്തേ ഇറാനില്‍നിന്ന് ആദായത്തില്‍ ലഭ്യമാക്കാമായിരുന്ന പ്രകൃതിവാതകം അമേരിക്കയുടെ അപ്രീതി ഭയന്ന് ഇന്ത്യ വേണ്ടെന്നുവെച്ചു.
ഇറാനില്‍നിന്നു പാകിസ്താന്‍വഴി ഇന്ത്യയിലേക്ക് പ്രകൃതിവാതകം കൊണ്ടുവരുന്ന പദ്ധതിക്ക് ഇന്ത്യ മടിച്ചുനിന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെ പാകിസ്താന്‍ പദ്ധതി നടപ്പാക്കി അവസരം മുതലെടുത്തു.അമേരിക്കയുടെ കണ്ണുരുട്ടലിനെ ഭയക്കാതെ തെഹ്റാനുമായി കരാറിലേര്‍പ്പെടാനുള്ള സാഹചര്യം മോദിക്കും രാജ്യത്തിനും ഗുണമായി ഭവിച്ചു എന്നു വേണം കരുതാന്‍. കരാറിന്‍െറ തുടര്‍പ്രവര്‍ത്തനത്തില്‍ ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന ഉത്സാഹത്തെ ആശ്രയിച്ചിരിക്കുന്നു അതിന്‍െറ ഭാവി. മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം പരസ്പരസഹകരണത്തില്‍ അധിഷ്ഠിതമായി നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ഇച്ഛാശക്തിയായിരിക്കും ഇതടക്കമുള്ള രാഷ്ട്രാന്തരീയ കരാറുകളുടെ ഫലപൂര്‍ത്തീകരണത്തിന് ഗതിവേഗം കൂട്ടുന്നത്്. ഇന്ത്യയുമായി ഇണങ്ങുന്നതിന് പാകിസ്താനെ പിണക്കാന്‍ തെഹ്റാന്‍ തയാറാവില്ളെന്ന ഇറാന്‍ രാഷ്ട്രതന്ത്രജ്ഞരുടെ വിലയിരുത്തല്‍ ഇന്ത്യയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘ഒരുവേള നമ്മള്‍ മനസ്സുവെച്ചാല്‍, കാശിയും കാശാനും തമ്മില്‍ അരനാഴിക ദൂരമേ വരൂ’ എന്ന ഗാലിബിന്‍െറ വരികള്‍ പ്രധാനമന്ത്രി തെഹ്റാനില്‍ ഉദ്ധരിച്ചത് ശരിയാണ്. അകലങ്ങളെ അടുപ്പിക്കാന്‍ മനസ്സുവെക്കാതിരുന്നതിന് ഇത്രകാലം ഇന്ത്യ ഒടുക്കേണ്ടിവന്ന നഷ്ടങ്ങള്‍ ചെറുതല്ല. അതു തിരിച്ചറിഞ്ഞൊരു തിരുത്തിന് എന്‍.ഡി.എ ഗവണ്‍മെന്‍റ് മുതിരുമെങ്കില്‍ വിശ്വത്തോളം ഇന്ത്യക്കു വളരാനാകുമെന്നു തീര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.