സമീപകാലത്ത് രാജ്യം നേരിട്ട അതിഭയങ്കരമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറും ബന്ധപ്പെട്ട സംസ്ഥാന ഭരണകൂടങ്ങളും കാട്ടുന്ന കൊടിയ അലംഭാവം സുപ്രീംകോടതിയുടെ നിശിതവിമര്‍ശത്തിന് വിധേയമായിരിക്കുന്നു. ഒരു പ്രദേശം വരള്‍ച്ചബാധിത മേഖലയായി പ്രഖ്യാപിക്കേണ്ടത് സംസ്ഥാനങ്ങളുടെ കടമയാണെന്നും ഫെഡറല്‍ വ്യവസ്ഥയില്‍ കേന്ദ്രത്തിനു കാര്യമായി ഒന്നും ചെയ്യാനില്ളെന്നുമുള്ള കേന്ദ്രഗവണ്‍മെന്‍റിന്‍െറ സമീപനത്തെ പരമോന്നത നീതിപീഠം ഗൗരവത്തോടെയാണ് കണ്ടത്. ഫെഡറലിസത്തിന്‍െറ മറവില്‍ ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകി രക്ഷപ്പെടാന്‍ കേന്ദ്രത്തിനാവില്ല എന്ന് സ്വരാജ് അഭിയാന്‍ എന്ന സന്നദ്ധസംഘടന നല്‍കിയ ഹരജിയിന്മേലുള്ള വിധിയില്‍ സുപ്രീംകോടതി ഓര്‍മപ്പെടുത്തുന്നു. അന്തസ്സോടെ ജീവിക്കാനുള്ള പാവങ്ങളുടെ അവകാശമാണ് സര്‍ക്കാറുകളുടെ കൊള്ളരുതായ്മ കൊണ്ട് കവര്‍ന്നെടുക്കപ്പെടുന്നത്. ഈ വിഷയത്തില്‍ വ്യക്തമായ നിയമവും മാര്‍ഗനിര്‍ദേശവും നിലവിലുണ്ടെങ്കിലും എല്ലാം പുസ്തകത്തില്‍ മൃതാക്ഷരങ്ങളായി ഒതുങ്ങുകയാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍.
അത്യപൂര്‍വമായ വരള്‍ച്ചയെയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. 33കോടി ജനങ്ങളെ വരള്‍ച്ച പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൊടുംവരള്‍ച്ചയില്‍ കൊടുംദുരിതം അനുഭവിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ഹരിയാന തുടങ്ങി 12 സംസ്ഥാനങ്ങളെ വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ‘സ്വരാജ് അഭിയാന്‍’ സുപ്രീംകോടതിയെ സമീപിച്ചത്. 256 ജില്ലകളിലെ 2.55ലക്ഷം ഗ്രാമങ്ങളെ പിടികൂടിയ വരള്‍ച്ചയില്‍ ആറരലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യവസായികളുടെ കൂട്ടായ്മയായ ‘അസോചം’ നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 50 ജില്ലകളിലായി 9.88 കോടി ജനങ്ങളാണ് വരള്‍ച്ചയില്‍പെട്ട് നരകിക്കുന്നത്. ദുരിതബാധിതര്‍ക്ക് ആശ്വാസമത്തെിക്കാന്‍ പ്രതിമാസം ഒരാള്‍ക്ക് 3000 രൂപ വീതമെങ്കിലും ചെലവിടേണ്ടിവരുമത്രെ. സമീപകാലത്തൊന്നും ഇത്രക്കും ഘോരമായ പ്രകൃതിവിപത്തിനെ രാജ്യത്തിനു നേരിടേണ്ടിവന്നിട്ടില്ല. എന്നാല്‍, ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മുടെ ഭരണകൂടങ്ങള്‍ പൂര്‍ണമായും പരാജയപ്പെടുന്നു എന്നിടത്താണ് പ്രശ്നത്തിന്‍െറ മര്‍മം കിടക്കുന്നത്. വരള്‍ച്ചപോലുള്ള പ്രകൃതിവിപത്തുകളെ ദീര്‍ഘദൃഷ്ടിയോടെ നേരിടുന്നതിനുപകരം സംസ്ഥാനസര്‍ക്കാറുകള്‍ അങ്ങേയറ്റത്തെ അലംഭാവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. സത്യസന്ധമായി സ്ഥിതിഗതികളെ വിലയിരുത്തി പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതില്‍ അശേഷം താല്‍പര്യം കാണിക്കുന്നില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈ കാണിച്ച് തടിയൂരാനാണ് പല സംസ്ഥാനങ്ങളും ശ്രമിക്കുന്നത്. വികസന മാതൃകയായി നമ്മുടെ പ്രധാനമന്ത്രിപോലും അവതരിപ്പിക്കാറുള്ള ഗുജറാത്തിലെ സര്‍ക്കാര്‍ ഈ വിഷയത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയും മധ്യപ്രദേശുമൊന്നും ഈ വിഷയത്തില്‍ മെച്ചമല്ല. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നത് തങ്ങളുടെ കഴിവുകേടിന്‍െറ അടയാളമായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയംമൂലം ഒട്ടകപ്പക്ഷിനയം പിന്തുടരുകയാണെന്നാണ് സുപ്രീകോടതി അഭിപ്രായപ്പെട്ടത്. കേന്ദ്ര സര്‍ക്കാറാവട്ടെ, തങ്ങള്‍ക്ക് ഇതൊന്നും അറിയേണ്ടതില്ളെന്നും സംസ്ഥാനസര്‍ക്കാറുകള്‍ക്ക് സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കുക മാത്രമാണ് തങ്ങളുടെ ബാധ്യതയെന്നും പറഞ്ഞ് ദേശീയദുരന്തത്തെ അതീവലാഘവത്തോടെയാണ് സമീപിക്കുന്നത്. കര്‍ഷകരുടെ കൂട്ട ആത്മഹത്യയോ മൃഗങ്ങളുടെ കൂട്ടമരണമോ വന്‍തോതിലുള്ള കൃഷിനാശമോ അധികാരങ്ങളുടെ കണ്ണ് തുറപ്പിക്കുന്നില്ല എന്ന് മാത്രമല്ല അഭൂതപൂര്‍വമായ ഒരു ദുരന്തത്തിന്‍െറ നടുവിലും നിലവാരം കുറഞ്ഞ രാഷ്ട്രീയം കളിച്ച് സമയം പാഴാക്കുകയുമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംസ്ഥാനങ്ങളെ ജാഗരൂകരായി നിര്‍ത്തേണ്ട മോദിസര്‍ക്കാറാവട്ടെ, നാടിന്‍െറ സമ്പദ്ഘടന തകര്‍ന്നടിയുന്നതും ജനം കൂട്ട പട്ടിണിമരണത്തിലേക്ക് നടന്നുനീങ്ങുന്നതും നിസ്സംഗമായി നോക്കിനില്‍ക്കുകയുമാണ്.
വരള്‍ച്ച ദുരന്തം നേരിടുന്ന വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈകോര്‍ത്തുകൊണ്ട് കാര്യക്ഷമമായ പദ്ധതികള്‍ നടപ്പാക്കേണ്ട ആവശ്യകതയാണ് 53പേജ് വരുന്ന വിധിന്യായത്തില്‍ സുപ്രീംകോടതി വിശദീകരിക്കുന്നത്. ആറു മാസത്തില്‍ ദുരന്തനിവാരണ സേന (നാഷനല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്) രൂപവത്കരിക്കണമെന്നും മൂന്നുമാസത്തിനകം ദുരന്ത ലഘൂകരണ ഫണ്ട് ഉണ്ടാക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായി നേരിടാന്‍ ദേശീയ പദ്ധതി ആവിഷ്കരിക്കണം. വരള്‍ച്ചയെ കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് അപ്പപ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ടതും ആവശ്യമായ നിവാരണമാര്‍ഗങ്ങള്‍ നിര്‍ദേശിക്കേണ്ടതും കേന്ദ്രത്തിന്‍െറ കടമയാണ്. തരംകിട്ടുമ്പോഴെല്ലാം സംസ്ഥാന സര്‍ക്കാറുകളെ താഴെ വലിച്ചിടാനും രാഷ്ട്രീയ വൈരാഗ്യംവെച്ച് ഇകഴ്ത്തിക്കാട്ടാനും ആവേശം കാണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദുരന്തങ്ങള്‍ വരുമ്പോള്‍ രാജ്യത്തെ ഒന്നായിക്കാണാന്‍ കഴിയാതെവരുന്നത് ദൗര്‍ഭാഗ്യകരമാണ്. യഥാര്‍ഥ ദേശസ്നേഹം പ്രകടമാവേണ്ടത് ദുരിതകാലത്താണ്. വരള്‍ച്ചക്കെടുതികളെ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടാന്‍ നേതൃത്വം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാറാണ്. അതില്‍ പരാജയപ്പെടുന്നതോടെ തങ്ങളില്‍ നിക്ഷിപ്തമായ ഉത്തരവാദിത്തത്തില്‍നിന്നാണ് ഒളിച്ചോടുന്നതെന്നാണ് സുപ്രീംകോടതി ഉണര്‍ത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കണ്ണ് തുറന്നേ പറ്റൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.