ഒരു മാന്യനും ബാക്കിയില്ലേ?

‘ഗോധ്ര മുതല്‍ അഹ്മദാബാദ് വരെ നിരവധിയിടങ്ങളില്‍ നിസ്സഹായരായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആളുകള്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങളുണ്ടായി. ഇത് രാഷ്ട്രത്തിന്‍െറ നെറ്റിയിലെ തീരാകളങ്കമാണ്. ലോകദൃഷ്ടിയില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്ത സംഭവമായിപ്പോയി ഇത്. ഗുജറാത്തിലെ ഈ നാണംകെട്ട സംഭവങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ഏതു മുഖമാണിനി ലോകത്തിനു കാണിച്ചുകൊടുക്കുക എന്നെനിക്കറിഞ്ഞു കൂടാ’- ഗുജറാത്ത് വംശഹത്യയെക്കുറിച്ച് 2002 മാര്‍ച്ച് മൂന്നിന് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയി നടത്തിയ ദയനീയമായ പ്രതികരണമായിരുന്നു ഇത്. മുസ്ലിംകളായ ആയിരങ്ങളെ യമപുരിക്കയച്ച വംശഹത്യയുടെ പ്രതിക്കൂട്ടില്‍ അന്ന് മുഖ്യമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള സ്വന്തം പാര്‍ട്ടിക്കാരായിരുന്നു. അന്നത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിയായി വാഴുമ്പോള്‍ ഈ ചോദ്യം ആവര്‍ത്തിക്കേണ്ട ഭീകരാന്തരീക്ഷമാണ് നിലവിലിരിക്കുന്നതെന്നത് യാദൃച്ഛികമെന്നു കരുതുക വയ്യ.

ആഭ്യന്തരശത്രുക്കളെ തരംതിരിച്ച് നിര്‍മൂലനം ലക്ഷ്യമായി എഴുതിവെച്ച ‘വിചാരധാര’ തന്നെയായിരുന്നു രാഷ്ട്രീയ സ്വയം സേവക് സംഘാണ് തന്‍െറ ആത്മാവ് എന്നുദ്ഘോഷിച്ച വാജ്പേയിയുടെയും ആശയാടിത്തറ. എങ്കിലും ഇന്ത്യ എന്ന മതേതര രാജ്യത്തിന്‍െറ ഭരണം കൈയാളുമ്പോള്‍ ലോകത്തിനു മുന്നില്‍ നിലയും വിലയും നേടാനോ നഷ്ടപ്പെടാതിരിക്കാനോ ജനാധിപത്യ ഭരണക്രമത്തിന്‍െറ സാമാന്യമര്യാദ പാലിക്കണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍, പ്രതിയോഗിഹത്യ പ്രത്യക്ഷമായും കിരാതമായും നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ സംഘ്പരിവാറിന്‍െറ മൃഗീയപദ്ധതികളുടെ നിര്‍വാഹകരായി മാറിയ ഇപ്പോഴത്തെ കേന്ദ്ര, സംസ്ഥാന ബി.ജെ.പി ഭരണകൂടങ്ങള്‍ക്ക് മുന്‍ഗാമികളുടെ അലോസരങ്ങളൊന്നുമില്ല.

മാട്ടിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കോടികള്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുമ്പോള്‍തന്നെ അത് വേവിച്ചുതിന്നെന്ന, സൂക്ഷിച്ചെന്ന സംശയത്തിന്‍െറ പേരില്‍ മനുഷ്യരെ തല്ലിക്കൊല്ലുക, കശ്മീര്‍ വിഘടനവാദത്തെ പിന്തുണക്കുന്നവര്‍ക്കൊപ്പം ഭരണം പങ്കിടാന്‍ ഉറക്കമിളച്ചു ചര്‍ച്ചക്കിരിക്കുമ്പോള്‍ തന്നെ കശ്മീരി മുദ്രാവാക്യം വിളിച്ച ചെറുപ്പക്കാരെ രാജ്യദ്രോഹത്തിനു ജയിലിലടക്കുക, പശുവിനെ രാജ്യമാതാവാക്കാനുള്ള പ്രക്ഷോഭത്തിനുനേരെ മൗനം പൂണ്ടു ഭാരതമാതാവിനു ജയ് വിളിക്കാത്തതിനു നിയമസഭയില്‍നിന്നു പുറത്താക്കി പുകിലുണ്ടാക്കുക, ഗോരക്ഷയുടെ പേരുപറഞ്ഞ് ചന്തയിലേക്ക് പോത്തുകളുമായി പോവുന്ന പാവം മനുഷ്യരെ കൊന്ന് കെട്ടിത്തൂക്കി മാടുകളെ കൈവശപ്പെടുത്തുക - ഇങ്ങനെ മനുഷ്യത്വത്തെ കശാപ്പുചെയ്തു തിമിര്‍ക്കുന്ന ആസുരതയാണിപ്പോള്‍ സംഘ്പരിവാറിന്‍െറ പാര്‍ട്ടിപ്പണിയായും അധികാരവൃത്തിയായും ഇന്ത്യയില്‍ വേരോടിക്കൊണ്ടിരിക്കുന്നത്. കൈയറപ്പില്ലാത്ത അണികള്‍ കിരാതവൃത്തികള്‍ നടപ്പാക്കുകയും അക്രമത്തെ ¥ൈകക്കു പിടിക്കേണ്ട അധികാരസ്ഥരും പാര്‍ട്ടിനേതൃത്വവും കൈയയഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യയെന്നു പറഞ്ഞ് ഏതു പേരിലാണിനി ലോകത്തിനു മുന്നില്‍ ഞെളിഞ്ഞുനില്‍ക്കുകയെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കുന്നുണ്ടോ?

ദാദ്രി കൊലയുടെ ഞെട്ടലില്‍ നിന്നു രാജ്യം മുക്തമാകും മുമ്പേ രണ്ടുനാള്‍ മുമ്പ് ഝാര്‍ഖണ്ഡിലെ ലാതേഹാര്‍ ജില്ലയിലെ ഝാബറിനടുത്ത ബാലുമതില്‍ മുഹമ്മദ് മജ്ലൂമിനെയും (35) ഇനായതുല്ലാ ഖാന്‍ എന്ന 15 കാരനെയും ചന്തയില്‍ പോത്തുകളെ വില്‍ക്കാന്‍ കൊണ്ടുപോകുന്ന വഴി ഗോരക്ഷാ സമിതി നേതാവ് മിഥിലേഷ് പ്രസാദ് സാഹുവിന്‍െറ നേതൃത്വത്തിലുള്ള അക്രമിസംഘം ക്രൂരമായി കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി കാലികളെയും കൊണ്ടു കടന്നിരിക്കുന്നു. രണ്ടും നാലും നാള്‍ കാല്‍നടയായി കാലികളെ ചന്തയിലത്തെി ച്ച് വിറ്റുകിട്ടുന്ന വിഹിതംകൊണ്ട് കുടുംബം പോറ്റിവന്ന മൈനറടക്കമുള്ള ചെറുപ്രായത്തിലുള്ളവരെയാണ് നിഷ്കരുണം അക്രമികള്‍ വകവരുത്തി ശവം കെട്ടിത്തൂക്കി ആഘോഷിച്ചത്.

ഗോരക്ഷയുടെ പേരിലായിരുന്നു ഇതെന്ന് മുമ്പ് ഇക്കൂട്ടര്‍ നടത്തിയ ഭീഷണി എടുത്തുകാട്ടി കുടുംബങ്ങളും പ്രദേശ എം.എല്‍.എയും പറയുന്നു. അഞ്ചുപേരെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന് പഴയ കഥകള്‍ നോക്കിയാലറിയാം. ഇങ്ങനെയൊക്കെ കാപാലികത്വം അരങ്ങുതകര്‍ക്കുമ്പോഴും ബി.ജെ.പിയുടെ ഭരണ, പാര്‍ട്ടിനേതൃത്വങ്ങള്‍ മിണ്ടാന്‍ തയാറാകാത്തത് കൂടുതല്‍ അക്രമപ്രവണതകള്‍ക്കുള്ള പ്രോത്സാഹനമായി മാറുകയാണ്. കൊലക്കും കൊള്ളക്കും അണികളെ വിട്ട് അധികാരസ്ഥര്‍ മൗനമവലംബിക്കുന്ന പഴയ ഗുജറാത്തിന്‍െറ വഴിയേ ആണ് രാജ്യം നീങ്ങുന്നതെന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. ആഗ്രയില്‍ പ്രകോപനപ്രസംഗത്തിന്‍െറ പേരില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരായുള്ള കേസ് പിന്‍വലിച്ചില്ളെങ്കില്‍ ഇത്തവണ ഹോളിയാഘോഷത്തിന്‍െറ കോലം മാറുമെന്ന് കേന്ദ്രമന്ത്രി രാം ശങ്കര്‍ കതേരിയ ഭീഷണിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. മുമ്പ് മുസ്ലിംകള്‍ക്കെതിരെ അന്തിമയുദ്ധത്തിന് സമയമായെന്നുപറഞ്ഞ മാന്യദേഹം തന്നെ. അക്രമത്തിന് കുഴലൂതുന്ന ഇത്തരം മന്ത്രിമാരുള്ളപ്പോള്‍ അണികള്‍ ആളെ കൊല്ലാനും കെട്ടിത്തൂക്കാനും ആരെ ഭയക്കണം? പട്ടിക്കും പശുവിനും പോത്തിനും നല്‍കുന്ന പരിരക്ഷ മനുഷ്യന് നല്‍കാത്ത, മനുഷ്യത്വത്തെ കൊന്ന് കെട്ടിത്തൂക്കുന്ന ഈ കാട്ടാളത്തത്തിനെതിരെ ‘മാ’ എന്നുരയ്ക്കാന്‍ ഇവര്‍ക്കിടയില്‍ ഒരു മാന്യനും ബാക്കിയില്ളേ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.