കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ബഹുസ്വരതയുടെ സഹിഷ്ണുതാ പാഠവും പകര്‍ന്നുനല്‍കാനുള്ള കഠിന യത്നത്തിലാണ് ആത്മീയ സംഘങ്ങളില്‍ ചിലത്. ഈ ഉദ്ദേശ്യത്തോടെ രണ്ട് സമ്മേളനങ്ങളാണ് സമീപകാലത്ത് സംഘടിപ്പിക്കപ്പെട്ടത്. യമുനയുടെ നൈസര്‍ഗിക ഒഴുക്കും പാരിസ്ഥിതികാവസ്ഥയും തകര്‍ത്തതിന് ഹരിത ട്രൈബ്യൂണലിന്‍െറ ശകാരവും ശിക്ഷയും ഏറ്റുവാങ്ങേണ്ടിവന്ന ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്‍െറ സാംസ്കാരികാഘോഷം കേന്ദ്രസര്‍ക്കാറിന്‍െറ സൈനിക സേവനവും സാമ്പത്തിക സഹായവും നിര്‍ലോഭം ലഭിച്ച പരിപാടിയായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക പൈതൃക മാഹാത്മ്യങ്ങളും ബഹുസ്വരതയും വിളംബരം ചെയ്യപ്പെട്ട സാംസ്കാരിക കുംഭമേളയില്‍ രാജ്യം അഭിമുഖീകരിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുയര്‍ത്തുന്ന കാതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതിരിക്കുകയെന്ന അതിജീവന കലയില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കാര്‍മികത്വത്തിലും സഹകരണത്തിലും നടക്കുന്ന മറ്റൊരു ആത്മീയ ഉത്സവമാണ് വിജ്ഞാന്‍ ഭവനില്‍ ഓള്‍ ഇന്ത്യ ഉലമ ആന്‍ഡ് മശാഇഖ് ബോര്‍ഡും ലോക സൂഫി ഫോറവും ചേര്‍ന്ന് സംഘടിപ്പിച്ച ആഗോള ആധ്യാത്മിക സമ്മേളനം. ഇരു സമ്മേളനങ്ങളുടെയും മുഖ്യ ആകര്‍ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യവും സംഘ് പരിവാര്‍ സംഘങ്ങളുടെ ആശീര്‍വാദവും പിന്തുണയുമാണ്.
ആത്മീയതക്ക് ചരിത്രത്തില്‍ രണ്ടു കൈവഴികളുണ്ട്. അധികാരത്തിന്‍െറ പട്ടുമത്തെയില്‍നിന്നിറങ്ങി അശരണരുടെ വിമോചനത്തിന്‍െറ വെയിലില്‍ നഗ്നപാദരായി നിലയുറപ്പിക്കുകയാണ് അതിലൊന്ന്. സാധാരണക്കാര്‍ക്ക് വെളിച്ചവും അധികാരികള്‍ക്ക് അസ്വസ്ഥതയുടെ തീച്ചൂളകളും നല്‍കുന്നതായിരുന്നു ആ മനീഷികളുടെ മൊഴികളും ജീവിതവും. സ്വാര്‍ഥതയുടെ ഗിരിശൃംഗങ്ങളെ അതിജയിച്ച് സമത്വത്തിനും മാനവിക സാഹോദര്യത്തിനും വേണ്ടി അവര്‍ നിലകൊണ്ടു. കാലത്തെ അതിജീവിച്ച് അവരുടെ ചിന്തകളും പ്രവൃത്തികളും വിമോചനത്തിന്‍െറ പ്രചോദനമായും ആത്മീയ ശാന്തതയുടെ നീരുറവയായും അശരണര്‍ക്ക് ഇന്നും പ്രത്യാശ നല്‍കുന്നു. അതിക്രമങ്ങള്‍ സൃഷ്ടിക്കുന്ന മനസ്സാക്ഷിക്കുത്തുകള്‍ അധികാരികളുടെ ഹൃത്തടത്തില്‍നിന്ന് കഴുകി അവരെ വീണ്ടും ഗര്‍വ് നിറഞ്ഞ അസംബന്ധങ്ങള്‍ നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുകയും കൊട്ടാര ദര്‍ബാറുകളുടെ പട്ടുമത്തെകളില്‍ ഭജനമിരിക്കുകയും സുഖാഡംബരങ്ങളില്‍ അലിഞ്ഞുചേരുകയും ചെയ്യുന്ന ആത്മീയാചാര്യന്മാരുടെ വഴിയാണ് മറ്റൊന്ന്. ഇന്ത്യന്‍ സൂഫിസത്തിന്‍െറയും ആത്മീയ ധാരകളുടെയും വേരുകള്‍ ആണ്ടുകിടക്കുന്നത് ഇത്തരം വ്യാജ ആത്മീയ വേഷധാരികള്‍ പാര്‍പ്പുറപ്പിച്ച ഭരണാധികാരികളുടെ കൊട്ടാര സദസ്സുകളിലല്ല; ജാതിവ്യവസ്ഥയും സാമൂഹിക അസമത്വങ്ങളും ശിഥിലമാക്കിയ ഇന്ത്യന്‍ സംസ്കൃതികളുടെ ജീര്‍ണത ഉളവാക്കിയ നടുക്കങ്ങളിലാണ്. അവരുടെ മാതൃകകള്‍ അബൂ ഫദ്ല്‍ ഫൈസിയിലോ ശൈഖ് ഇനായത്തുല്ലയിലോ അല്ല കാണാനാകുക; ഖാജ മുഈനുദ്ദീന്‍ ചിശ്തി, ഹസ്രത് നിസാമുദ്ദീന്‍, അഹ്മദ് സര്‍ഹിന്ദി തുടങ്ങിയ സാത്വിക ശ്രേഷ്ഠരിലാണ്.
സമഗ്രാധിപത്യ സ്വഭാവവും ഫാഷിസത്തിന്‍െറ സഹജമായ അസഹിഷ്ണുതയും അവിരാമം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്‍െറ ഹിതത്തിനൊത്ത് ഒഴുകാന്‍ സുഖജീവിതം മോഹിക്കുന്ന ആത്മീയാചാര്യന്മാര്‍ തീരുമാനിച്ചതിന്‍െറ പ്രകടനങ്ങളാണ് ഡല്‍ഹി ദര്‍ബാറില്‍ അരങ്ങേറിയ ആത്മീയ ഉത്സവങ്ങള്‍. കീഴാള ജനവിഭാഗങ്ങളുടെ പ്രതിഷേധത്തിന്‍െറ സ്വരം ഉച്ചത്തിലുയര്‍ത്തുമ്പോള്‍ ആത്മീയ തന്ത്രികളുടെ നനുത്ത ഈരടികളും ഹര്‍ഷപുളകിതരാക്കുന്ന സ്തുതികീര്‍ത്തനങ്ങളും രാജ്യം ഭരിക്കുന്നവര്‍ക്ക് അനിവാര്യമാകാം. ആരും ചോദ്യംചെയ്യുകയില്ളെന്ന പൗരോഹിത്യ ധാര്‍ഷ്ട്യം പുലര്‍ത്തുന്ന പടുക്കളുടെ വ്യാമോഹങ്ങള്‍ ഏറ്റെടുക്കാന്‍ മാത്രം ആത്മീയതയും സാമൂഹികബോധവും കുറഞ്ഞവരല്ല ഇന്ത്യന്‍ മുസ്്ലിംകളും പൊതുസമൂഹവും. മതത്തിന്‍െറ ആത്മീയത മാത്രമല്ല അതിന്‍െറ വിമോചനപരതയും മര്‍ദിതപക്ഷത്തോടുള്ള ഐക്യദാര്‍ഢ്യവും തിരിച്ചറിഞ്ഞവരാണവര്‍. അതിലുപരി, ‘തീവ്രവാദ’ത്തിനെതിരെ സൂഫീധാരകളെ ശക്തിപ്പെടുത്തുകയെന്ന വ്യാജേന മുസ്ലിം സമൂഹത്തിലെ ഭിന്നതകള്‍ക്ക് ആക്കംകൂട്ടാന്‍ സാമ്രാജ്യത്വശക്തികള്‍ നേരത്തേ മുസ്്ലിം പ്രദേശങ്ങളില്‍ അനുവര്‍ത്തിച്ച അതേ തന്ത്രം ഇന്ത്യയിലും സംഘ്ശക്തികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്‍െറ ചരിത്രവും അവര്‍ക്കറിയാം.
തീവ്രവാദത്തെ ചെറുക്കാന്‍ ചെച്നിയയില്‍ പുടിനും ഈജിപ്തില്‍ അല്‍സീസിയും സ്വീകരിച്ച രീതികള്‍തന്നെ ഇവിടെയും പിന്തുടരണമെന്നാണ് നേരത്തേതന്നെ മോദിക്കും ആര്‍.എസ്.എസിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഓള്‍ ഇന്ത്യ തന്‍സീമെ ഉലമായെ ഇസ്്ലാം എന്ന സംഘടനയുടെ സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. അല്‍സീസിയുടെ കൊട്ടാര വിദൂഷകരും ബംഗ്ളാദേശില്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരെ നിശ്ശബ്ദത പുലര്‍ത്തുന്നവരുമായ പുരോഹിതരുമാണ് ഇന്ത്യയിലെ ഭരണാധികാരികളോട് ചേര്‍ന്നുനില്‍ക്കുന്ന പുരോഹിതര്‍ക്കൊപ്പം അതിഥികളായി എത്തിയത് എന്നതില്‍നിന്നുതന്നെ വ്യക്തമാണ് ആഗോള സൂഫി സമ്മേളനത്തിന്‍െറ ഉദ്ദേശ്യശുദ്ധി. അതുകൊണ്ടുതന്നെയാണ് സൂഫി ഫോറത്തിന്‍െറ ആത്മീയ സമ്മേളനത്തെ ജംഇയ്യതുല്‍ ഉലമ, ദയൂബന്ദ് പ്രസ്ഥാനം പോലുള്ള പ്രമുഖ മുസ്്ലിം മുഖ്യധാര തള്ളിക്കളഞ്ഞത്. ആത്മീയ തന്ത്രങ്ങളിലൂടെ മുസ്്ലിം സമൂഹത്തെയും പൊതുസമൂഹത്തെയും എളുപ്പത്തില്‍ വിധേയപ്പെടുത്താമെന്ന മോഹം അത്ര പെട്ടെന്ന് പൂവണിയിക്കാനാവുന്നതല്ല എന്നുതന്നെയാണ് സര്‍ക്കാര്‍ കാര്‍മികത്വത്തില്‍ നടന്ന ഡല്‍ഹി സമ്മേളനത്തോടുള്ള തണുത്ത പ്രതികരണം വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.