ഐ.എസും ആര്‍.എസ്.എസും

ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്ന മതപണ്ഡിതസംഘടനയുടെ വേദിയില്‍ പ്രസംഗിക്കെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ആര്‍.എസ്.എസിനെയും ഐ.എസിനെയും തുല്യരീതിയില്‍ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ടത് സംഘ്പരിവാറിനെ തെല്ളൊന്നുമല്ല ക്ഷോഭിപ്പിച്ചിരിക്കുന്നത്. പ്രസ്താവന പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് മാപ്പുപറയണമെന്ന് പാര്‍ലമെന്‍റിനകത്തും പുറത്തും ബി.ജെ.പി മുറവിളി കൂട്ടുന്നുവെങ്കിലും പ്രസംഗത്തിന്‍െറ കോപ്പിയും വിഡിയോയും സഭയുടെ മേശപ്പുറത്തുവെച്ച് അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ചിരിക്കുകയാണ് രാജ്യസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍. ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഇതേച്ചൊല്ലി വാഗ്വാദങ്ങളും നടന്നു. ‘ആര്‍.എസ്.എസിനെ എതിര്‍ക്കുന്നതുപോലത്തെന്നെ ഐ.എസ് പോലുള്ള സംഘടനകളെയും നാം എതിര്‍ക്കണം. ഇസ്ലാമിലുള്ളവര്‍ തെറ്റായ പ്രവര്‍നങ്ങളിലേര്‍പ്പെടുന്നുണ്ടെങ്കില്‍ അവരും ആര്‍.എസ്.എസിനേക്കാള്‍ ഒട്ടും കുറവല്ല’ എന്നാണത്രെ ഗുലാംനബി പ്രസംഗിച്ചത്. ഒരു മനുഷ്യനും മറ്റൊരു മനുഷ്യനുമിടയില്‍ അകല്‍ച്ച സൃഷ്ടിക്കുന്നവര്‍ ഏതു മതക്കാരായാലും അവരോട് ഏറ്റുമുട്ടണമെന്നും അത്തരക്കാരെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ മതേതര ശക്തികളും ഒന്നിക്കണമെന്നുമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രസംഗത്തിന്‍െറ തനിപ്പകര്‍പ്പ് ഗുലാംനബി ആസാദ് സഭയുടെ മേശപ്പുറത്തുവെച്ച സ്ഥിതിക്ക് അദ്ദേഹം എന്താണ് പറഞ്ഞതെന്നതിനെക്കുറിച്ച വിവാദത്തിന് പ്രസക്തിയില്ല. എന്നാല്‍, പറഞ്ഞത് വസ്തുതാപരമായി ശരിയാണോ എന്ന കാര്യത്തില്‍ വിവാദവും സംവാദവുമാവാം.
പശ്ചിമേഷ്യയിലെ ഇറാഖ്-സിറിയന്‍ മേഖലയില്‍ സമീപകാലത്ത് പ്രത്യക്ഷപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ അഥവാ ദാഇശ് എന്ന സായുധ ഭീകരപ്രസ്ഥാനം തങ്ങള്‍ അവിശ്വാസികളും ശത്രുക്കളുമായി കാണുന്ന എല്ലാവരെയും ഉന്മൂലനം ചെയ്ത് തങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമുള്ള ഒരു ഖിലാഫത്ത് സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നതും അതിനാണ് ചോരപ്പുഴ ഒഴുക്കിക്കൊണ്ടിരിക്കുന്നതും. പക്ഷേ, ഐ.എസിനെ പൂര്‍ണമായും തള്ളിപ്പറയാത്ത ഒരു മുസ്ലിം രാജ്യമോ മതസംഘടനയോ പാര്‍ട്ടിയോ ഇല്ല. എന്നിട്ടും അവര്‍ നിലനില്‍ക്കുക മാത്രമല്ല നാശം വിതച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അതിന്‍െറ പിന്നില്‍ ഇസ്ലാമിന്‍െറയും മുസ്ലിംകളുടെയും മനുഷ്യസമൂഹത്തിന്‍െറയാകെയും ശത്രുക്കളാണെന്ന് തിരിച്ചറിയാന്‍ സാമാന്യബുദ്ധി മതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകരും തന്നെ സമ്മതിച്ചപോലെ ഐ.എസിന് വേരോട്ടം ലഭിച്ചിട്ടില്ലാത്ത രാജ്യമാണ് 14 ശതമാനം മുസ്ലിംകളുള്ള ഇന്ത്യ. ഐ.എസ് വിപത്തിനെക്കുറിച്ച് സൂക്ഷ്മവും നിതാന്തവുമായ നിരീക്ഷണം നടത്തുന്ന നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ ഏതാനുംപേരെ സംശയത്തിന്‍െറ പേരില്‍ കസ്റ്റഡിയിലെടുത്തതല്ലാതെ ഐ.എസിന്‍െറ ഒരു ശൃംഖലയും രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിന് തെളിവുകളില്ല. എന്നിട്ടും ഐ.എസിനെപ്പോലുള്ള സംഘടനകളെ എതിര്‍ക്കുകയും ഉന്മൂലനം ചെയ്യുകയും വേണമെന്ന് പ്രമുഖ മതസംഘടനയുടെ വേദിയില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്യണമെങ്കില്‍, മതേതരത്വം കടുത്ത ഭീഷണാവസ്ഥയിലായ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ ആ ഭീഷണിയെ ശക്തിപ്പെടുത്തുന്ന ഒരു പ്രവണതയും മതന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുണ്ടാവരുത് എന്ന ബോധ്യത്തിലാവണം. അവരാകട്ടെ ഫാഷിസ്റ്റ് ശക്തികളുടെ അസഹിഷ്ണുതാപരമായ ചെയ്തികളെ നിരന്തരം നേരിടേണ്ടിവരുകയുമാണ്. തീവ്ര സങ്കുചിത ദേശീയതയുടെ വക്താക്കള്‍ രാജ്യം ഭരിക്കുമ്പോള്‍ അവരോടുള്ള അതേ എതിര്‍പ്പ് ഐ.എസിനോടും വേണമെന്നാണ് ദേശീയ മുസ്ലിം നേതാവ് പറഞ്ഞതിന്‍െറ പൊരുള്‍. ഇത് മാപ്പുപറയാന്‍ മാത്രം കുറ്റകരമായ പരാമര്‍ശമാണെന്ന് നിഷ്പക്ഷമതികള്‍ക്ക് തോന്നുകയില്ല. അത് രാജ്യം ഭരിക്കുന്ന ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്ന ആരോപണത്തിലും കഴമ്പില്ല.
ഐ.എസും ആര്‍.എസ്.എസും തമ്മില്‍ തെല്ലും സാമ്യതയില്ല എന്ന് വാദിക്കാന്‍ അതിന്‍െറ പ്രവര്‍ത്തകര്‍ക്കും സമാന മനസ്കര്‍ക്കും മാത്രമേ കഴിയൂ. മുസ്ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും അവരോട് സൗമനസ്യം കാട്ടുന്ന മതേതര പാര്‍ട്ടികളെയും മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിലത്തെന്നെ അവര്‍ണ ദലിത് വിഭാഗങ്ങളെപ്പോലും അസഹിഷ്ണുതയോടെ വീക്ഷിക്കുകയും ഇകഴ്ത്തുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയും ചെയ്യുന്ന ഒരാത്യന്തിക പ്രസ്ഥാനത്തെക്കുറിച്ച് സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ദേശസ്നേഹസംഘം എന്നെങ്ങനെ സമ്മതിച്ചുകൊടുക്കും? സഹിഷ്ണുതയിലും സമാധാനപരമായ സംവാദങ്ങളിലും ആശയപ്രചാരണങ്ങളിലും വിശ്വസിക്കുന്നവരാണ് ഹിന്ദുത്വവാദികളെങ്കില്‍ രാജ്യത്തിന്‍െറ അഭിമാനമായ ഒരുന്നത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഭിഭാഷകവേഷം കെട്ടിയ സംഘികള്‍ മര്‍ദിച്ചവശരാക്കാന്‍ തുനിഞ്ഞിറങ്ങിയതിന്‍െറ ന്യായീകരണമെന്ത്? രാജ്യത്ത് ഇന്നോളം നടമാടിയ വംശീയ കലാപങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് അന്വേഷണ കമീഷനുകള്‍ വിധിയെഴുതിയ മിലിറ്റന്‍റ് സംഘത്തെ ഐ.എസിനോട് സദൃശപ്പെടുത്താതിരിക്കുന്നതെങ്ങനെ? ഐ.എസിനെ ഒരിക്കലും എവിടെയും പൊറുപ്പിക്കാനാവില്ല. അതേപോലത്തെന്നെയാണ് മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയെ വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തി ഹിറ്റ്ലറുടെ ജര്‍മനിയോ മുസോളിനിയുടെ ഇറ്റലിയോ ആക്കിമാറ്റാന്‍ പ്രതിജ്ഞയെടുത്തവരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.