ആണവചോര്‍ച്ച ഉയര്‍ത്തുന്ന ആശങ്കകള്‍

ഗുജറാത്തിലെ കാക്രാപാര്‍ ആണവശാലയിലെ ഒന്നാം യൂനിറ്റിലുണ്ടായിട്ടുള്ള ചോര്‍ച്ച ആശങ്കസൃഷ്ടിച്ചിരിക്കുന്നു. റിയാക്ടര്‍ തണുപ്പിക്കാനുപയോഗിക്കുന്ന ഘനജലം ചോരുന്നതായി കഴിഞ്ഞ വെള്ളിയാഴ്ച മനസ്സിലായ ഉടനെ യൂനിറ്റ് അടച്ചിടുകയും ആണവശാലയില്‍ അടിയന്തരാവസ്ഥ വിളംബരം ചെയ്യുകയുമുണ്ടായി. അണുവികിരണമൊന്നും ഉണ്ടായിട്ടില്ലെന്ന് ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.പി.സി.ഐ.എല്‍) വ്യക്തമാക്കിയിരിക്കുന്നു. ആണവോര്‍ജ നിയന്ത്രണ ബോര്‍ഡും (എ.ഇ.ആര്‍.ബി) ഇറക്കിയ പ്രസ്താവനയില്‍, അപകടകരമായ പ്രസരണമൊന്നും ആണവശാലക്ക് പുറത്തേക്കുണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ആപദ്ഘട്ടത്തില്‍ പ്രവര്‍ത്തനം സ്വയംനിലക്കുന്ന സംവിധാനം കാര്യക്ഷമമായി നടന്നതിനാല്‍ അപകടമൊന്നുമില്ളെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ആണവശാലയിലെ സുരക്ഷാസംവിധാനങ്ങളെല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട്.
എങ്കിലും ജപ്പാനിലെ ഫുകുഷിമ ആണവദുരന്തത്തിന്‍െറ അഞ്ചാം വാര്‍ഷികദിനത്തിലുണ്ടായ ഈ ചോര്‍ച്ച, ആണവോര്‍ജത്തെക്കുറിച്ചും ആണവശാലകളെക്കുറിച്ചുമുണ്ടായിരുന്ന ആശങ്കകള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. ഫുകുഷിമയിലെ ദുരന്തം സൂനാമിയുടെ പ്രത്യാഘാതമായിരുന്നെങ്കിലും അതിലും ശീതീകരണ സംവിധാനത്തിന്‍െറ തകര്‍ച്ചയാണ് പ്രശ്നമായത്. തുടക്കത്തില്‍ അധികൃതര്‍ നിസ്സാരമാക്കിയ ചോര്‍ച്ച പിന്നീട് അതിഗുരുതരമെന്ന് വിലയിരുത്തപ്പെട്ടു. ഫുകുഷിമയിലെ പാഠമുള്‍ക്കൊണ്ട്, കാക്രാപാറില്‍ അധിക സുരക്ഷാസജ്ജീകരണമൊരുക്കിയിരുന്നു. അന്ന് ഫുകുഷിമയിലെ ദായ്ച്ചി റിയാക്ടറില്‍ ഉണ്ടായതുപോലുള്ള തുടര്‍ ആഘാതങ്ങള്‍ ഇവിടെയുണ്ടായിട്ടില്ല. എങ്കില്‍പോലും വിശദമായ പരിശോധനപോലത്തെന്നെ ലഭ്യമായ വിവരങ്ങള്‍ തുറന്നുപറയലും ആവശ്യമാണ്. സുതാര്യതയില്ലായ്മ വലിയ വീഴ്ചയായിപ്പോയെന്ന് ജപ്പാന്‍ ആണവശാല അധികൃതര്‍ പിന്നീട് സമ്മതിക്കേണ്ടിവന്നതും നമുക്ക് പാഠമാകണം. റഷ്യയിലെ ചെര്‍ണോബില്‍ ആണവദുരന്തം നടന്ന 25ാം വര്‍ഷത്തിലാണ് ഫുകുഷിമ ദുരന്തം. ഓരോ തവണയും സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താറുണ്ടെങ്കിലും പൂര്‍ണ സുരക്ഷിതത്വമെന്ന ഒന്ന് ഇതുവരെ പ്രാപ്യമായിട്ടില്ലെന്നാണ് അനുഭവം. അതുകൊണ്ടുതന്നെ, സുരക്ഷ ശക്തിപ്പെടുത്തലും കാര്യങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തലും പോലത്തെന്നെ പ്രധാനമാണ് ആണവോര്‍ജത്തെ അത്യാവശ്യമായി ഗണിക്കുന്ന ഊര്‍ജനയം പുന$പരിശോധിക്കലും. ചെര്‍ണോബിലിനുശേഷം ഏറെ സുരക്ഷ ഈ മേഖലയിലുണ്ടായി എന്ന് അധികൃതര്‍ ഭാവിച്ചിരിക്കെയാണല്ളോ, ആണവോര്‍ജ പ്രമുഖരായ ജപ്പാനില്‍തന്നെ സൂനാമിയും ഭൂകമ്പവും വന്ന് ധാരണകളെ അട്ടിമറിച്ചുകളഞ്ഞത്. അതോടെ, ജപ്പാനടക്കം ഒരുപാട് രാജ്യങ്ങള്‍ ആണവോര്‍ജത്തെ ആശ്രയിക്കുന്നതില്‍നിന്ന് പിന്‍വലിയാന്‍ തുടങ്ങി. അമേരിക്കതന്നെ ആണവോര്‍ജം ഉപേക്ഷിച്ചുവരുമ്പോള്‍ ഇന്ത്യ അവിടത്തെ ആണവസാമഗ്രി നിര്‍മാതാക്കളുടെയും യു.എസ് സര്‍ക്കാറിന്‍െറയുമൊക്കെ സമ്മര്‍ദത്തിനുവഴങ്ങി ആണവക്കരാര്‍ ഒപ്പുവെക്കുകയാണ് ചെയ്തത്.
അന്ന് പ്രതിപക്ഷത്തായിരുന്ന ഇപ്പോഴത്തെ ഭരണകക്ഷികള്‍ക്ക് യു.പി.എ സര്‍ക്കാറിന്‍െറ ആ തെറ്റുതിരുത്താനുള്ള ഓര്‍മപ്പെടുത്തല്‍കൂടിയാണ് കാക്രാപാറിലുണ്ടായിട്ടുള്ള ചോര്‍ച്ച. ഭരണമേറ്റശേഷം നരേന്ദ്ര മോദി പഴയ ആണവക്കരാറുകള്‍ക്ക് തുടര്‍ച്ച തേടുകയാണ് ഇതുവരെ ചെയ്തുവന്നിട്ടുള്ളത്. കൂടങ്കുളത്തും മറ്റും ജനങ്ങളുയര്‍ത്തിയ ചെറുത്തുനില്‍പുകളെ അധികൃതര്‍ എല്ലാ കാലത്തും അടിച്ചമര്‍ത്താനാണ് ശ്രമിച്ചുവരുന്നത്; ആണവശാലകളുടെ അപകടം ചൂണ്ടിക്കാണിച്ച സന്നദ്ധസംഘടനകളെ നിശ്ശബ്ദരാക്കാനും ശ്രമമുണ്ടായി. ഉല്‍പാദനവും സംസ്കരണവുമെല്ലാം അപകടം സൃഷ്ടിക്കാവുന്ന ഒരേയൊരു ഊര്‍ജമായാണ് ആണവോര്‍ജം അറിയപ്പെടുന്നത്. അപകടം പിണഞ്ഞാലാകട്ടെ, അത് ദൂരവ്യാപകമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അതുകൊണ്ട്, കൂടുതല്‍ ആണവശാലകള്‍ തുടങ്ങുന്നതിനുപകരം ഉള്ളതുതന്നെ ചുരുക്കിക്കൊണ്ടുവരുകയാണ് ശരിയായ നയമെന്ന് ആണവ വിദഗ്ധര്‍ പറയുന്നു. സൗരോര്‍ജം, കാറ്റ് തുടങ്ങിയ ബദല്‍ വൈദ്യുതികളാണ് നമുക്ക് കരണീയം. 2020ഓടെ 20,000 മെഗാവാട്ട് ആണവോര്‍ജശേഷി നേടുകയെന്ന ലക്ഷ്യം പാരിസ് കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ നാം പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഇതുവരെയുള്ള അനുഭവംവെച്ചുകൊണ്ട് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് ആണവശാലകള്‍ പ്രവര്‍ത്തനക്ഷമമാകാന്‍ ഇതിലുമേറെ സമയം വേണ്ടിവരുമെന്നാണത്രെ; വഴിമാറി ചരിക്കുകയാണ് ഉചിതമെന്നും. നാം ഇതിനകം തുടങ്ങിവെച്ച അന്തര്‍ദേശീയ സൗരോര്‍ജസഖ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ത്വരിതമാക്കുകയും ചെയ്യുന്ന രീതിയില്‍ നമ്മുടെ മുന്‍ഗണനകള്‍ മാറ്റിയെഴുതുകയാണ് നല്ലത്. കാക്രാപാര്‍ നല്‍കുന്ന സൂചനയും അതാണ് -ഇതേ റിയാക്ടറിലാണല്ലോ 1994ലും ചെറുതല്ലാത്ത അത്യാഹിതമുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.