വംശവെറിയുടെയും വര്‍ഗീയവൈരത്തിന്‍െറയും വിശ്വരൂപം കൈയൊഴിക്കാനും വയ്യ. എങ്കിലോ സമൂഹപിന്തുണ വര്‍ധിപ്പിക്കുകയും വേണം- തൊണ്ണൂറു വയസ്സു കഴിഞ്ഞ ആര്‍.എസ്.എസിന്‍െറ അഖില ഭാരതീയ പ്രതിനിധിസഭ കഴിഞ്ഞ ദിവസം രാജസ്ഥാനിലെ നാഗോറില്‍ സമാപിച്ചത് ഈ നിസ്സഹായാവസ്ഥ പ്രകടമാക്കുന്ന തീരുമാനങ്ങളുമായാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ തറവാടുസംഘടനയുടെ ഉന്നതാധികാര സഭ പ്രക്ഷുബ്ധമായ ദേശീയ രാഷ്ട്രീയസാഹചര്യത്തിലാണ് ചേര്‍ന്നതെങ്കിലും രാജ്യത്തെ അലട്ടുന്ന അത്തരം കാര്യങ്ങളിലേക്കൊന്നും കടന്നില്ളെന്നുതന്നെയല്ല, നിലപാടില്ലായ്മ വ്യക്തമാക്കുന്ന കൃത്യതയില്ലാത്ത ചില നിര്‍ദേശങ്ങള്‍കൂടി ‘സ്വന്തം’ ഗവണ്‍മെന്‍റിനു മുന്നില്‍ സമര്‍പ്പിച്ചു കടമ തീര്‍ക്കുന്നതു പോലെയായി കാര്യങ്ങള്‍. തീവ്രദേശീയതയെന്ന സംഘിവികാരം പ്രതിഫലിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങളും ആഹ്വാനങ്ങളുമാണ് പ്രതിനിധിസഭയിലേറെയും മുഴങ്ങിക്കേട്ടത്. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ ‘ദേശവിരുദ്ധ ശക്തികള്‍’ കയറിക്കൂടുന്നതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ട ആര്‍.എസ്.എസ് ദേശീയമൂല്യങ്ങള്‍ പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കുന്ന തരത്തില്‍ വിദ്യാഭ്യാസത്തില്‍ മാറ്റംവേണമെന്ന് നിര്‍ദേശിച്ചിരിക്കുന്നു. ഗവണ്‍മെന്‍റ് മുന്‍കൈയെടുത്ത് നടപ്പാക്കേണ്ട സേവനങ്ങളില്‍ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഗവണ്‍മെന്‍റ് മുഴു സേവനരംഗങ്ങളും കൈയൊഴിഞ്ഞ ആഗോളീകരണ കാലത്ത് കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങളുടെ മുന്‍കൈയില്‍ നടപ്പാക്കാന്‍ പുതിയ പദ്ധതികള്‍ സമര്‍പ്പിക്കുന്നതിലെ പരിഹാസ്യത ആര്‍.എസ്.എസിനുതന്നെ ബോധ്യമുണ്ടെന്ന് പ്രമേയങ്ങളില്‍നിന്നു വായിച്ചെടുക്കാം.
തീവ്രദേശീയതയുടെ വക്താക്കളായ ആര്‍.എസ്.എസ്, നരേന്ദ്ര മോദിയുടെ ബി.ജെ.പി ഗവണ്‍മെന്‍റ് മുന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകളെ തോല്‍പിക്കുന്നവിധം ഉദാരസാമ്പത്തികനയങ്ങളെ പിന്തുടരുന്നതിലോ, സാമ്പത്തിക മൂലധനശക്തികളുടെ പുതിയ ഏജന്‍റായി മാറിയതിലോ ഒരെതിര്‍പ്പും ഇന്നോളം പ്രകടിപ്പിച്ചിട്ടില്ല. സംഘ്പാരമ്പര്യം വിട്ടൊരു ഭരണമില്ല എന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സമ്മേളനപ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയതിനു തെളിവായി ഉദാഹരിച്ചതൊക്കെ ദേശീയത അടിച്ചേല്‍പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷം മോദിസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളാണ്. സംഘ്പരിവാറിന്‍െറ ആക്രമണോത്സുക ദേശീയത തീവ്രയത്ന പരിപാടിയാക്കി മാറ്റുന്നതില്‍ ഗവണ്‍മെന്‍റിനുള്ള ശുഷ്കാന്തി മാത്രമേ ആര്‍.എസ്.എസിനും നോട്ടമുള്ളൂ. അതിനപ്പുറം സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ ഭരണം ഏതു വഴി പോകുന്നു എന്നത് പരിവാറിന് പ്രശ്നമല്ല. പരവിദ്വേഷത്തിനും ‘ആഭ്യന്തരശത്രുക്കളായി’ നേരത്തേ ചാപ്പകുത്തിയ വിഭാഗങ്ങളെ അരികുകളിലേക്കൊതുക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന ദേശീയതയെ ഭരണത്തിനുള്ള ഉപാധിയാക്കി മാറ്റുന്നതെങ്ങനെയെന്ന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി ഗവണ്‍മെന്‍റുകള്‍ക്ക് ദിശാബോധം നല്‍കാന്‍ ആര്‍.എസ്.എസിന് സാധിക്കുന്നില്ല. സ്വകാര്യമേഖലക്ക് എന്നോ തീറെഴുതിക്കഴിഞ്ഞ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെട്ട നിലവാരത്തില്‍ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാക്കണമെന്നും അതിനു ശക്തമായ നിയന്ത്രണസംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നുമാണ് നാഗോര്‍ സമ്മേളനം അംഗീകരിച്ച രണ്ടു പ്രമേയങ്ങള്‍. വൈദ്യരംഗത്ത് സൗജന്യനിരക്കിലുള്ള മരുന്ന് മുതല്‍ ആയുര്‍വേദം, യൂനാനി എന്നിവയടക്കമുള്ള വൈദ്യവിദ്യാഭ്യാസം വരെ എല്ലാവര്‍ക്കും തരപ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ‘വ്യാപം’ കുംഭകോണമടക്കം വിദ്യാഭ്യാസരംഗത്തെ അഴിമതിവത്കരിക്കുന്നതില്‍ കുപ്രസിദ്ധി സൃഷ്ടിച്ച ബി.ജെ.പി ഭരണകൂടത്തെ നിയന്ത്രിക്കാന്‍ സംഘ്പരിവാറിന് കഴിഞ്ഞിട്ടില്ല. സേവനമേഖലകള്‍ ഒന്നൊന്നായി സ്വകാര്യ കുത്തകകള്‍ക്ക് ഒഴിഞ്ഞുകൊടുക്കുന്ന മോദി ഗവണ്‍മെന്‍റിന്‍െറ പുത്തന്‍നയത്തിലും എതിര്‍പ്പോ വിമര്‍ശമോ സംഘ് ഉന്നയിച്ചിട്ടില്ല. ഇതൊന്നും കാര്യമാക്കാതെയുള്ള സംഘ്പരിവാറിന്‍െറ പുത്തന്‍ സേവനനിര്‍ദേശങ്ങള്‍ പരിവാറിനകത്തുതന്നെ പരിഹാസ്യതയുണര്‍ത്താന്‍ പോന്നതാണ്.
സ്വയംസേവകരുടെ വേഷം കാക്കിനിക്കറിനു പകരം തവിട്ടു പാന്‍റ്സായി മാറുന്നതാണ് രണ്ടുനാള്‍ പ്രതിനിധിസഭാ സമ്മേളനത്തിന്‍െറ സുപ്രധാന തീരുമാനമായി മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നത്. ഹൈന്ദവാചാരങ്ങളിലും ദേവാലയങ്ങളിലും ആണിനും പെണ്ണിനും തുല്യാവകാശം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്താനുള്ള തീരുമാനമാണ് മറ്റൊന്ന്. മാസങ്ങള്‍ക്കുമുമ്പ് മഹാരാഷ്ട്രയില്‍ നാസിക്കിലെ ത്രിംബകേശ്വര്‍ ക്ഷേത്രത്തില്‍ ഭൂമാത റാണരാഗിണി ബ്രിഗേഡിന്‍െറ വനിതാസംഘത്തെ തടഞ്ഞതിനെ തുടര്‍ന്ന് ഹിന്ദുക്ഷേത്രങ്ങളിലെ പെണ്‍പ്രവേശം വിവാദമായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ യാഥാസ്ഥിതിക ആചാരങ്ങള്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആര്‍.എസ്.എസ് ഒന്നും പറഞ്ഞില്ല. പകരം അക്കാര്യം തുടര്‍ന്നും വിശദമായ ചര്‍ച്ചക്കു വെക്കാനാണ് തീരുമാനം. പുതുകാലത്ത് പുതുതലമുറയെ ആകര്‍ഷിക്കാനാണ് നിക്കറൊഴിവാക്കി സ്വയംസേവകരെ പാന്‍റ്സ് ഇടീക്കുന്നത്. പെണ്ണവകാശങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ സജീവമാകുകയും ക്ഷേത്രപ്രവേശത്തിന് അനുമതി തേടി സ്ത്രീകള്‍ കോടതി കയറുകയും ചെയ്ത സാഹചര്യത്തിലാണ് തുല്യാവകാശ ചര്‍ച്ചകള്‍ ക്ഷേത്രത്തോളം വ്യാപിപ്പിക്കാനുള്ള തീരുമാനം. പാരമ്പര്യത്തോട് കലഹിക്കാന്‍ വയ്യ. അതോടൊപ്പം പുതിയ കാലത്തോട് പുറന്തിരിഞ്ഞു നില്‍ക്കാനുമാവുന്നില്ല. ഈ നിവൃത്തികേടില്‍നിന്നു കരകയറാനുള്ള ചെപ്പടിവിദ്യകളാണ് സംഘ്പരിവാര്‍ തേടുന്നത്. പരദ്വേഷവും നിര്‍മൂലനവും കൈമുതലാക്കിയവര്‍ വേഷഭൂഷകളും ഹാവഭാവങ്ങളും മാറ്റിയതുകൊണ്ടുമാത്രം സ്വീകാര്യത നേടാമെന്നു കരുതുന്നത് ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച അജ്ഞതയെന്നേ പറയാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.