പുറംമോടിയുള്ള ബജറ്റ്

കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ക്ക് മുമ്പത്തേക്കാള്‍ ഊന്നല്‍നല്‍കുന്ന കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞ പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടുള്ള മോശമല്ലാത്ത ഒന്നാണ്. പല സംസ്ഥാനങ്ങളിലും അടുത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്, ബജറ്റിനെ സ്വാധീനിച്ചിരിക്കാം. ഏതായാലും അതിന്‍െറ നല്ല വശങ്ങളെ കാണാതിരുന്നുകൂടാ. ഗ്രാമീണ മേഖല, അടിസ്ഥാന സൗകര്യ വികസനം, ധനകാര്യ മേഖലാ പരിഷ്കരണം തുടങ്ങിയ രംഗങ്ങളെ ബജറ്റ് പ്രത്യേകം പരിഗണിച്ചിരിക്കുന്നു. മൊത്തത്തില്‍ ആഘോഷിക്കാവുന്ന കുറെ കാര്യങ്ങള്‍ മന്ത്രി എടുത്തുപറഞ്ഞിട്ടുണ്ട്. ബജറ്റിലെ നല്ല വശങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ ചോദിക്കേണ്ടിവരുന്നു -എത്രത്തോളം യാഥാര്‍ഥ്യനിഷ്ഠമാണ് നമ്മുടെ ബജറ്റും അതിലെ സമീപനങ്ങളും?

ഒന്നാമതായി ബജറ്റ് രാജ്യത്തിന്‍െറ സമഗ്രമായ സാമ്പത്തികരേഖയാണെന്ന് പറയാവുന്ന സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. ആസൂത്രിത സമ്പദ് വ്യവസ്ഥയില്‍നിന്ന് വിപണി സമ്പദ്ക്രമത്തിലേക്ക് ചുവടുമാറിയതോടെ സര്‍ക്കാറും അതിന്‍െറ ധനകാര്യ സമീപനങ്ങളും നേതൃപദവി ഒഴിഞ്ഞ് ഇടനിലക്കാരായിവരുന്നു. തന്നെയുമല്ല, വന്‍ സാമ്പത്തികച്ചെലവുള്ള പദ്ധതികള്‍വരെ ബജറ്റിന് പുറത്ത് പ്രഖ്യാപിക്കുന്ന പ്രവണത തുടങ്ങിയിട്ടുണ്ട്. രണ്ടാമതായി സാമ്പത്തിക സര്‍വേയും അതിലധിഷ്ഠിതമായ ബജറ്റുമെല്ലാം വസ്തുതാ കഥനമെന്ന പദവി വിട്ട് രാഷ്ട്രീയ പ്രചാരണമെന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പലപ്പോഴും ബജറ്റ് അവതരണത്തില്‍ സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍, പ്രാധാന്യം അങ്ങനെ എടുത്തുപറയാത്ത മറ്റു കാര്യങ്ങള്‍ക്കായിരിക്കും.

കേന്ദ്ര ബജറ്റിലെ ഗണ്യമായ ചെലവിനമായ പ്രതിരോധം ഇക്കുറി ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കാതെ വിട്ടത് അതിന് പ്രചാരണ പ്രാധാന്യം ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല. ഏതായാലും ഇത്തരം ധനരേഖകള്‍ വരെ ചില ഭാഗങ്ങള്‍ മറച്ചും മറ്റു ചിലത് പൊലിപ്പിച്ചും കാട്ടുന്നത് പ്രചാരണത്തെ സഹായിക്കുമെങ്കിലും യഥാതഥ ചിത്രം നല്‍കില്ല. ബജറ്റിനാധാരമായ സാമ്പത്തിക സര്‍വേക്കുപോലും ഈ പോരായ്മയുണ്ട്. കഴിഞ്ഞ വര്‍ഷം സര്‍വേ തയാറാക്കിയ സാമ്പത്തികോപദേഷ്ടാവ് ഗോപാല്‍ സുബ്രഹ്മണ്യന്‍ പറഞ്ഞത്, രാജ്യങ്ങളുടെ ചരിത്രത്തില്‍ വിരളമായി മാത്രം സംഭവിക്കുന്ന ഇരട്ടയക്ക വളര്‍ച്ചയിലേക്ക് നാം പോവുകയാണ്, അതിന്‍െറ ഭാഗമായി 2015-16ല്‍ എട്ടര ശതമാനം വരെ വളര്‍ച്ച ആഭ്യന്തരോല്‍പാദനത്തിലുണ്ടാകുമെന്നാണ്. ഇക്കൊല്ലത്തെ സര്‍വേയില്‍ ആ അവകാശവാദം ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ സാമ്പത്തിക മേഖലയെ പിറകോട്ട് വലിക്കുന്ന ഘടകങ്ങളെപ്പറ്റിയാണ് ഏറെ പറഞ്ഞത്. ഇക്കൊല്ലത്തെ പ്രതീക്ഷിത വളര്‍ച്ചനിരക്ക് ഏഴരശതമാനത്തില്‍ നില്‍ക്കുമെന്നും സര്‍വേ സമ്മതിച്ചു.

ആഗോളമാന്ദ്യവും ഇന്ത്യയിലെതന്നെ തുടര്‍ച്ചയായ വരള്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ ഇതുപോലും നേട്ടമാണെന്നതില്‍ സംശയമില്ല. നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും കീഴ്ത്തട്ടിലുള്ളവരെ വിട്ട് അതിസമ്പന്നര്‍ക്ക് നികുതി ചുമത്തുന്നതുമൊക്കെ ശരിയായ ദിശയിലുള്ള നീക്കങ്ങള്‍തന്നെ. അതേസമയം, ബജറ്റിന്‍െറ അടിസ്ഥാന തത്ത്വങ്ങളും രാഷ്ട്രീയ സമ്മര്‍ദങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നിടത്ത് ജെയ്റ്റ്ലി രാഷ്ട്രീയത്തോട് രാജിയാവുകയാണ് ചെയ്യുന്നത്. ധനവിനിമയവും നികുതിഘടനയും സബ്സിഡിയുമൊക്കെ യുക്തിസഹമാക്കാനുള്ള മോഹം ബജറ്റില്‍ അങ്ങിങ്ങായി നിഴലിട്ടുനില്‍ക്കുന്നുണ്ട്. നികുതിവെട്ടിപ്പ് ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍തന്നെ നിര്‍ദേശിച്ചിരിക്കുന്നു.

എന്നാലോ, സുപ്രീംകോടതി ഇടപെടേണ്ടിവന്ന ഏറ്റവും വലിയ നികുതിവെട്ടിപ്പിനെ അഭിമുഖീകരിക്കുന്ന യാതൊന്നും കാണുന്നില്ല. ഒരുലക്ഷത്തിപ്പതിനാലായിരം കോടി രൂപ വരുന്ന വായ്പകള്‍ വിവിധ കോര്‍പറേറ്റ് കമ്പനികള്‍ ബാങ്കുകളില്‍ തിരിച്ചടക്കാതെ ഇരിക്കുകയാണ്. ആ വന്‍സ്രാവുകളെ പിടികൂടി നിയമത്തിനുകീഴില്‍ കൊണ്ടുവരാന്‍ എന്ത് നടപടിയാണ് എടുക്കാന്‍ പോകുന്നത്? 25,000 കോടി രൂപ ബാങ്കുകള്‍ക്ക് ‘മൂലധനം വീണ്ടെടുക്കാന്‍’ നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. കോര്‍പറേറ്റുകള്‍ നല്‍കേണ്ട പണം കിട്ടാക്കടമായി കണക്കാക്കി ജനങ്ങളില്‍നിന്ന് അല്‍പാല്‍പമായി പിരിച്ചെടുക്കുമെന്നല്ളേ ഇതിനര്‍ഥം? സബ്സിഡിയെ നിരുത്സാഹപ്പെടുത്തുന്ന നയം തുടരുന്നതായി കാണുന്നു. അതേസമയം, ‘നിക്ഷേപ പ്രോത്സാഹനം’ (ഇന്‍സെന്‍റിവ്) എന്ന പേരില്‍ കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കുന്നു.

2008-09ല്‍ വ്യവസായങ്ങളെ രക്ഷിക്കാനെന്നുപറഞ്ഞ് അന്നത്തെ സര്‍ക്കാര്‍ മൂന്നുലക്ഷം കോടി രൂപ വകയിരുത്തിയിരുന്നു. കര്‍ഷകരുടെ ഋണബാധ്യത ഏറ്റെടുക്കാന്‍ രണ്ടുലക്ഷം കോടിയുടെ ആവശ്യം ഇന്നുണ്ട്. റബര്‍കൃഷിയെ രക്ഷിക്കാന്‍ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. രാജ്യപുരോഗതിയുടെ ഒരു അളവുകോല്‍ തൊഴില്‍രംഗത്തെ വളര്‍ച്ചയാണ്. പതിനഞ്ചരക്കോടിയോളം യുവാക്കള്‍ തൊഴിലന്വേഷകരായുണ്ട്. തൊഴില്‍സാധ്യത കുറഞ്ഞ സംരംഭങ്ങള്‍ കൂടുതല്‍ തുടങ്ങിയതുകൊണ്ടൊന്നും തൊഴിലവസരം കൂടില്ല. തൊഴിലുറപ്പ് പദ്ധതിയും നേരിയ ആശ്വാസമേ ആകൂ. ഇവിടെയും പരിഹാരം കാര്‍ഷിക മേഖലയാണ്. ആ രംഗത്തെ ബജറ്റ് നീക്കിയിരിപ്പ്, ആവശ്യവുമായി തട്ടിച്ചാല്‍ നന്നേ കുറവും. മുന്‍ഗണനകളെപ്പറ്റി ധാരണ ഇരിക്കെതന്നെ അവ പാലിക്കാനാവാതെ കുഴങ്ങുന്ന സര്‍ക്കാറിന്‍െറ ചിത്രമാണ് ബജറ്റിന്‍െറ സുന്ദരമായ മുഖപടത്തിന് പിന്നാലെ മറഞ്ഞിരിക്കുന്നതെന്ന് തോന്നുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.