ഇന്ത്യയിലെ ഏറ്റവും വലുതും എന്നാല്‍, സാമൂഹികമായി ഏറ്റവും പിന്നാക്കവുമായ മതന്യൂനപക്ഷമായാണ് മുസ്ലിംകള്‍ അറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തരം അമ്പത് വര്‍ഷത്തെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ യു.പി.എ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന ജസ്റ്റിസ് രജീന്ദ്രര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച രേഖകള്‍ സമുദായത്തിന്‍െറ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ അടിവരയിടുന്നതുമായിരുന്നു. പല സംസ്ഥാനങ്ങളിലും പട്ടികജാതി-പട്ടിക വര്‍ഗങ്ങളേക്കാള്‍ ദയനീയമാണ് ന്യൂനപക്ഷത്തിന്‍െറ സ്ഥിതി എന്നും സ്ഥിതിവിവരക്കണക്കുകള്‍ നിരത്തി സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുകയുമുണ്ടായി. എന്നാല്‍, അന്നത്തെ മുഖ്യപ്രതിപക്ഷവും ഇന്നത്തെ ഭരണപക്ഷവുമായ ബി.ജെ.പി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളഞ്ഞു. തന്മൂലം ഹിന്ദുത്വ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സ്ഥിതി മെച്ചപ്പെടുത്താന്‍ ഒരുവിധ നടപടിയും ഉണ്ടായതുമില്ല. എന്നാല്‍, ദേശീയതലത്തിലും മതേതര സര്‍ക്കാറുകള്‍ നിലവിലിരുന്ന സംസ്ഥാനങ്ങളിലും ക്രിയാത്മകമായ ചില നടപടികള്‍ ഉണ്ടായി. കേരളത്തില്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെ ഇതിനായി നിയോഗിക്കുകയും കമ്മിറ്റി പുരോഗമനപരമായ ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്തു. ഈ നിര്‍ദേശങ്ങളില്‍ ചിലത് നടപ്പാക്കാനുള്ള നിശ്ചയദാര്‍ഢ്യവും സര്‍ക്കാര്‍ പ്രകടിപ്പിച്ചു.
ഇതിനെല്ലാംപുറമെ മൊത്തത്തില്‍ സമുദായത്തില്‍ പ്രകടമായ പുനര്‍വിചിന്തനത്തിന്‍െറയും വീണ്ടെടുപ്പ് ബോധത്തിന്‍െറയും ഫലമായിക്കൂടി 2001-2011 കാലയളവില്‍ രാജ്യത്ത് മുസ്ലിം വിദ്യാര്‍ഥികളുടെ എണ്ണം 44 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ കാണിക്കുന്നു. ദേശീയതലത്തില്‍ 72 ശതമാനമാണ് 5-19 പ്രായപരിധിയിലുള്ള മുസ്ലിം വിദ്യാര്‍ഥികളുടെ സംഖ്യ. അവരില്‍തന്നെ പെണ്‍കുട്ടികളാണ് ഏറെ മുന്നില്‍- 53 ശതമാനം വര്‍ധന. ആണ്‍കുട്ടികളുടെ എണ്ണത്തില്‍ 37 ശതമാനവും വര്‍ധന രേഖപ്പെടുത്തി. ജനസംഖ്യയില്‍ 27 ശതമാനം വരുന്നു ബംഗാള്‍ മുസ്ലിംകളുടെ സര്‍ക്കാര്‍ സര്‍വിസുകളിലെ പ്രാതിനിധ്യം അസാധാരണമാംവിധം താഴ്ന്നതായാണ് സച്ചാര്‍ കമ്മിറ്റി അടയാളപ്പെടുത്തിയിരുന്നത്. എന്നാല്‍, 2011ല്‍നിന്ന് 2014ല്‍ എത്തുമ്പോഴേക്ക് സാമുദായിക പ്രാതിനിധ്യം മൂന്നിരട്ടി വര്‍ധിച്ചതായി പ്രമുഖ സ്ഥാപനമായ സ്നാപ് നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരിക്കുന്നു. സര്‍ക്കാര്‍ സര്‍വിസിലെ എ.ബി.സി.ഡി ഗ്രൂപ്പുകളില്‍ മൊത്തമായ മുസ്ലിം പ്രാതിനിധ്യം 5.92 ശതമാനത്തില്‍നിന്നുയര്‍ന്ന് 17.4ല്‍ എത്തി. എ ഗ്രൂപ്പില്‍ വളര്‍ച്ച 8.20 ശതമാനത്തില്‍നിന്ന് 22.07ലേക്ക് ഉയര്‍ന്നപ്പോള്‍ സി, ഡി ഗ്രൂപ്പുകളില്‍ യഥാക്രമം 5.29, 1.72 ശതമാനത്തില്‍നിന്ന് 16.32, 13.93 ശതമാനവും ഉയര്‍ന്നു. ഇടതുപക്ഷ സര്‍ക്കാറിന്‍െറ അവസാന നാളുകളില്‍ തന്നെ ന്യൂനപക്ഷ സമുദ്ധാരണ നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീടുവന്ന തൃണമൂല്‍ സര്‍ക്കാര്‍ അത് ഊര്‍ജിതമാക്കിയതിന്‍െറ ഫലമാണ് ഈ വളര്‍ച്ചയെന്നും സ്നാപ് ചൂണ്ടിക്കാട്ടുന്നു. ഇതിലേക്ക് വഴിയൊരുക്കിയത് സംസ്ഥാനത്ത് നിലിവില്‍ വന്ന ന്യൂനപക്ഷ കോച്ചിങ് സ്ഥാപനങ്ങളാണെന്നും പഠനത്തിലുണ്ട്. അതോടൊപ്പം മുസ്ലിംകളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് ഉദ്യോഗങ്ങളില്‍ അവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സഹായകമായി.
എത്രതന്നെ ദരിദ്രമോ പിന്നാക്കമോ ആയ സമുദായമായിരുന്നാലും വിദ്യാഭ്യാസത്തിലൂടെയല്ലാതെ വളര്‍ച്ചയോ ഉയര്‍ച്ചയോ സാധ്യമല്ളെന്ന സന്ദേശമാണ് ഉപര്യുക്ത കണക്കുകള്‍ നല്‍കുന്നത്. രാജ്യത്ത് താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലത്തെിയവരെന്ന് സച്ചാര്‍ കമ്മിറ്റി വിലയിരുത്തിയ കേരളത്തിലെ മുസ്ലിംകള്‍ കൈവരിച്ച നേട്ടങ്ങള്‍ക്കു പിന്നിലും വിദ്യാഭ്യാസപരമായ ഉണര്‍വുതന്നെയാണ് പ്രഥമവും പ്രധാനവുമായി പ്രവര്‍ത്തിച്ചതെന്ന വസ്തുത നിഷേധിക്കാനാവില്ല. വിശിഷ്യ, സ്ത്രീവിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം കുതിച്ചുചാട്ടം തന്നെ സംഭവിച്ചിരിക്കുന്നു കേരളത്തില്‍. മുന്നാക്ക സമുദായങ്ങളോടൊപ്പമത്തൊന്‍ ഇനിയും ഒരുപാടുദൂരം സഞ്ചരിക്കേണ്ടതുണ്ടെങ്കിലും വിവിധ മത-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ നിരന്തര ബോധവത്കരണത്തിന്‍െറയും പ്രവര്‍ത്തനങ്ങളുടെയും ഫലമായിട്ടാണ് മത്സരരംഗത്ത് ഒരു കൈനോക്കാന്‍ ഏറ്റവും വലിയ പിന്നാക്ക സമുദായത്തിന് സാധ്യമായത്. അതോടൊപ്പം ചൂണ്ടിക്കാട്ടേണ്ടതാണ് അനാരോഗ്യകരമായ മത്സരങ്ങള്‍ക്കും അനാവശ്യ വിവാദങ്ങള്‍ക്കും നിസ്സാരപ്രശ്നങ്ങളുടെ പേരിലുള്ള പടലപ്പിണക്കങ്ങള്‍ക്കുവേണ്ടി സമുദായം ധൂര്‍ത്തടിക്കുന്ന ഊര്‍ജത്തിന്‍െറയും സമ്പത്തിന്‍െറയും കാര്യം.
ആദര്‍ശം അനുശാസിക്കുന്ന വിശാല വീക്ഷണവും സഹനവും വിട്ടുവീഴ്ചയും സംയമനവും വേണ്ടവിധം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ എന്തെല്ലാം ഭീഷണികളും പ്രതിബന്ധങ്ങളുമുണ്ടായിരുന്നാലും രാഷ്ട്ര പുനര്‍നിര്‍മാണ പ്രക്രിയയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ എത്രയോ മഹത്തരമായ പങ്കുവഹിക്കാന്‍ സമുദായം പ്രാപ്തമായേനെ. ദേശീയതലത്തില്‍ ചിന്തിക്കുമ്പോള്‍ മുന്നിലുള്ള വെല്ലുവിളി അങ്ങേയറ്റം കടുത്തതായിരിക്കത്തെന്നെ, അതേപ്പറ്റിയോര്‍ത്ത് വിലപിക്കുകയും നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്യുന്നതിനുപകരം വെല്ലുവിളികളെ നേരിട്ട്, സ്വന്തംകാലില്‍ നില്‍ക്കാനുള്ള ശേഷി കഠിനാധ്വാനത്തിലൂടെയും ബുദ്ധിപൂര്‍വമായ നീക്കങ്ങളിലൂടെയും ആര്‍ജിച്ചെടുക്കുകയാണ് രക്ഷാമാര്‍ഗമെന്ന് തിരിച്ചറിയണം. എത്രത്തോളം പണിയെടുക്കുന്നുവോ അത്രത്തോളം ഫലമുണ്ടെന്ന് അനുഭവം തെളിയിച്ചിരിക്കെ, വിധിയെ പഴിച്ച് കാലംകഴിക്കുന്നതില്‍ ഒരര്‍ഥവുമില്ല, നീതീകരണവുമില്ല. ‘ഒരല്‍പം നനവ് കിട്ടിയാല്‍ ഈ മണ്ണ് ഏറെ ഫലപുഷ്ടമാണ്’ എന്ന് മഹാകവി ഇഖ്ബാല്‍ പാടിയത് വെറുതെയല്ലല്ളോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.