യോഗ സാംസ്കാരിക അധിനിവേശത്തിന്‍െറ ഉപകരണമാകരുത്

2014സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിവസമായി ആചരിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. മനസ്സിന്‍െറയും ശരീരത്തിന്‍െറയും ഏകതയെ പ്രതിനിധാനംചെയ്യുന്ന, 5000 വര്‍ഷം പഴക്കമുള്ള, മഹത്തായ പാരമ്പര്യത്തിന്‍െറ ഭാഗമാണ് യോഗ എന്ന് പ്രധാനമന്ത്രി ആ പ്രഭാഷണത്തില്‍ പറഞ്ഞു. മനുഷ്യന്‍െറ പൊതുസ്വത്തായ ഈ പൈതൃകം മുഴുവന്‍ ലോകജനതയുടെയും ജീവിതശൈലിയുടെ ഭാഗമാവുക എന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് അന്താരാഷ്ട്ര യോഗദിനം എന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നത്. 2014 ഡിസംബര്‍ 11ന് ചേര്‍ന്ന യു.എന്‍ ജനറല്‍ അസംബ്ളി ഈ നിര്‍ദേശം സ്വീകരിക്കുകയും 2015 മുതല്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുക എന്ന പ്രമേയം അംഗീകരിക്കുകയും ചെയ്തു. അങ്ങനെ കഴിഞ്ഞ വര്‍ഷം ആദ്യ അന്താരാഷ്ട്ര യോഗദിനം വര്‍ധിച്ച ആര്‍ഭാടത്തോടെ ഇന്ത്യയില്‍ ആചരിച്ചു. ലോകത്തിന്‍െറ പല ഭാഗങ്ങളിലും അന്നേ ദിവസം യോഗ പരിശീലന പരിപാടികള്‍ നടന്നു. പ്രധാനമന്ത്രിതന്നെ മുന്നിട്ടിറങ്ങിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

ഇത്തവണയും ജൂണ്‍ 21 യോഗദിനമായി ആചരിക്കാന്‍ കേന്ദ്ര ആയുഷ് വകുപ്പിന്‍െറ നിര്‍ദേശമുണ്ടായിരുന്നു. പ്രസ്തുത നിര്‍ദേശത്തിന്‍െറ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്‍െറ കീഴില്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല യോഗദിനാചരണ ഉദ്ഘാടന പരിപാടി വലിയ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. ‘സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം...’ എന്ന ഋഗ്വേദത്തിലെ ഏക്യ സൂക്തത്തിലെ മന്ത്രങ്ങള്‍ ചൊല്ലിയാണ് യോഗ പരിപാടികള്‍ ആരംഭിച്ചത്. പരിപാടിയില്‍ പങ്കെടുത്തവരെക്കൊണ്ട് ഉദ്യോഗസ്ഥര്‍ ഇത് ചൊല്ലിക്കുകയായിരുന്നു. ഉദ്ഘാടകയായ സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തന്നെ ഈ നടപടിയെ ചോദ്യംചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു. മതേതര സര്‍ക്കാറിന് കീഴില്‍ നടക്കുന്ന പരിപാടി മതേതര മുദ്രകളോടെയായിരിക്കണം നടത്തേണ്ടത് എന്നായിരുന്നു മന്ത്രിയുടെ പക്ഷം. വിവിധ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരും വിശ്വാസമില്ലാത്തവരും യോഗയില്‍ പങ്കെടുക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്‍െറ മാത്രം കീര്‍ത്തനം ചൊല്ലുന്നത് ശരിയല്ല എന്നതായിരുന്നു മന്ത്രിയുടെ പക്ഷം. കീര്‍ത്തനം ചൊല്ലിയതിനെക്കുറിച്ച് സദസ്സില്‍വെച്ചുതന്നെ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വാക്കാല്‍ വിശദീകരണം ചോദിക്കുകയും ഉദ്ഘാടനപ്രസംഗത്തില്‍ തന്‍െറ നിലപാട് പറയുകയും ചെയ്തു. കേന്ദ്ര ആയുഷ് വകുപ്പ് നല്‍കിയ പ്രോട്ടോകോളിന്‍െറ ഭാഗമാണ് മേല്‍ കീര്‍ത്തനങ്ങള്‍ എന്നതായിരുന്നു ഉദ്യോഗസ്ഥ വിശദീകരണം.

കെ.കെ. ശൈലജയുടെ പ്രസ്താവനയെ ചോദ്യംചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉടന്‍ രംഗത്തുവരുന്നു. കുമ്മനത്തിന്‍െറ നിലപാട് മനസ്സിലാക്കാവുന്നത് മാത്രമാണ്. എന്നാല്‍, കോണ്‍ഗ്രസുകാരനായ ഉമ്മന്‍ ചാണ്ടി, ഋഗ്വേദകീര്‍ത്തനം എല്ലാവരും ചൊല്ലണമെന്ന് വാശി പിടിക്കുന്ന ബി.ജെ.പി നിലപാടിനോടൊപ്പം നില്‍ക്കുന്നത് മനസ്സിലാക്കാന്‍ കഴിയാത്തതാണ്. യോഗ മഹത്തായ കാര്യമാണ് എന്ന് വിചാരിക്കുന്നവരാണ് സംഘ്പരിവാര്‍. അവര്‍ക്ക് അങ്ങനെ വിചാരിക്കാനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഐക്യരാഷ്ട്രസഭയെക്കൊണ്ട് അന്തര്‍ദേശീയ യോഗ ദിവസം പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് വലിയ സാംസ്കാരിക വിജയമായി അവര്‍ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. ലോകത്ത് പല രാജ്യങ്ങള്‍ക്കും അവരുടേതായ ആയോധനകലകളും വ്യായാമ മുറകളുമുണ്ട്. ആ ഇനത്തില്‍പെട്ട ഒന്നാണ് ഇന്ത്യയിലെ യോഗ. അത് ഭരണകൂടസംവിധാനമുപയോഗിച്ച് പ്രചരിപ്പിക്കുന്നതിലും തെറ്റുപറയാന്‍ പറ്റില്ല. പക്ഷേ, അതില്‍ മതത്തിന്‍െറയും പ്രത്യേക വിശ്വാസങ്ങളുടെയും ഘടകങ്ങള്‍ ഒൗദ്യോഗികതലത്തില്‍ അടിച്ചേല്‍പിക്കുമ്പോള്‍ അത് പ്രതിഷേധാര്‍ഹമാണ്. വിശ്വാസപരമായ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാണത്. ആ നിലയില്‍ കെ.കെ. ശൈലജ ഉയര്‍ത്തിപ്പിടിച്ചത് ശരിയായ മതേതര നിലപാടും ഭരണഘടനാ മൂല്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ്.

തടിയന്മാരും മടിയന്മാരുമായ ആളുകള്‍ക്കു മാത്രം ആവശ്യമുള്ള കാര്യമാണ് യോഗ എന്നാണ് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് പ്രതികരിച്ചത്. പാടത്തും പറമ്പിലും ശരീരം വിയര്‍ത്ത് പണിയെടുക്കുന്ന സാധാരണക്കാര്‍ക്ക് യോഗ അറിയില്ല; അറിയേണ്ട ആവശ്യവുമില്ല. അതായത്, ശരീരമിളകി പണിയെടുക്കാത്ത ഉപരിവര്‍ഗക്കാരുടെ നേരമ്പോക്ക് മാത്രമാണ് യോഗ എന്നാണ് ലാലുവിന്‍െറ നിലപാട്. അതേസമയം, ലോക സംഗീതദിനമായ ജൂണ്‍ 21 ആ നിലയില്‍ ആചരിക്കാന്‍ ആഹ്വാനംചെയ്യുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ ചെയ്തത്. അതായത്, യോഗയെ മുന്‍നിര്‍ത്തിയുള്ള സംഘ്പരിവാറിന്‍െറ സാംസ്കാരിക കടന്നുകയറ്റത്തിനെതിരെയുള്ള സര്‍ഗാത്മക പ്രതിരോധം തീര്‍ക്കുകയായിരുന്നു ബിഹാറില്‍നിന്നുള്ള സോഷ്യലിസ്റ്റ് നേതാക്കള്‍.

അതേസമയം, തങ്ങളുടേതായ രീതിയില്‍ യോഗ പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടാണ് കേരളത്തില്‍ സി.പി.എം ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്. ഹൈന്ദവവിശ്വാസികളായ ഉപരിവര്‍ഗത്തെ പലതരം ആത്മീയ ഗോഷ്ടികള്‍ കാട്ടി കൈപ്പിടിയിലൊതുക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ സി.പി.എം അകപ്പെട്ട നിസ്സഹായതയുടെ കാരണമായാണ് ഇത്തരം പരിപാടികള്‍ വരുന്നത്. സംഘ്പരിവാറിന്‍െറ സാംസ്കാരിക അധിനിവേശത്തെ ചെറുക്കാന്‍ ഇത് ഉപകരിക്കുമെങ്കില്‍ അത്രയും നല്ലത്. അപ്പോഴും ഇതുതന്നെയാണോ ശരിയായ പ്രതിരോധവഴി എന്നതിനെക്കുറിച്ച സംവാദങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.