രഘുറാം രാജന്‍െറ പിന്മടക്കം

കുത്തിയും പുകച്ചും പുറത്തുചാടിക്കാന്‍ കാത്തുനില്‍ക്കാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) ഗവര്‍ണര്‍ രഘുറാം രാജന്‍ ഇനിയൊരു ഊഴത്തിനുകൂടി തയാറില്ളെന്നും അമേരിക്കയിലെ അക്കാദമികവൃത്തിയിലേക്ക് തിരികെ പോകുകയാണെന്നും പ്രഖ്യാപിച്ചിരിക്കുന്നു. രാജന്‍െറ സാമ്പത്തികപരിഷ്കരണങ്ങളുടെ സാംഗത്യം മുതല്‍ ദേശക്കൂറുവരെ ചോദ്യംചെയ്ത് മനംമടുപ്പിച്ചുള്ള തിരിച്ചയപ്പാണിതെന്നു പറയാം. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് സ്ഥാനമേറ്റ അദ്ദേഹത്തിന്‍െറ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങളും സാമ്പത്തികപരിഷ്കരണ സംരംഭങ്ങളും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, സഹമന്ത്രി ജയന്ത് സിന്‍ഹ, വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുടെ മാത്രമല്ല, പ്രധാനമന്ത്രിയുടെ തന്നെ അതൃപ്തിക്കിടയാക്കി. വിവാദങ്ങളുടെ തോഴനായ സുബ്രമണ്യന്‍ സ്വാമി ബി.ജെ.പിക്കുവേണ്ടി രഘുറാം രാജനെ ചിത്രവധം ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്. ബി.ജെ.പിയുടെ കുറെ നേതാക്കള്‍ അതേറ്റു പാടുന്നുമുണ്ട്്. ഈ സമ്മര്‍ദങ്ങള്‍ക്കിടെയാണ് ലോകംകണ്ട മികച്ച സാമ്പത്തികശാസ്ത്രജ്ഞനെന്നു കീര്‍ത്തികേട്ട രാജന്‍ മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം സ്വയം സുരക്ഷിതപാതയൊരുക്കി രംഗമൊഴിയുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.
2013ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ വരുമ്പോള്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 68.80 എന്ന റെക്കോഡ് നിരക്കിലേക്ക് കൂപ്പുകുത്തിയിരുന്നു. പണപ്പെരുപ്പം കുത്തനെ കൂടിയും വിദേശനാണ്യ നിക്ഷേപം വന്‍ തകര്‍ച്ചയിലുമായി സാമ്പത്തികരംഗം തകരുകയാണെന്ന പ്രതീതിയിലിരിക്കെയാണ് ആഗോള സാമ്പത്തികമാന്ദ്യം നേരത്തേ പ്രവചിച്ച രാജന്‍ ബാങ്കിന്‍െറ കടിഞ്ഞാണ്‍ കൈയേല്‍ക്കുന്നത്. അന്താരാഷ്ട്ര നാണയനിധിയിലെ പ്രായംകുറഞ്ഞ മുഖ്യ സാമ്പത്തികവിദഗ്ധനും കേന്ദ്രഗവണ്‍മെന്‍റിന്‍െറ സാമ്പത്തികോപദേഷ്ടാവുമായിരുന്ന അദ്ദേഹത്തിന്‍െറ നിരീക്ഷണങ്ങളും പരിഷ്കരണസംരംഭങ്ങളും ആഗോള വിദഗ്ധരുടെ അംഗീകാരം നേടി. നിഗമനങ്ങളിലൂന്നിയ മുട്ടുശാന്തിക്കു പകരം യാഥാര്‍ഥ്യബോധത്തോടെയുള്ള പ്രായോഗികപരിഹാരനിര്‍ദേശങ്ങളാണ് സാമ്പത്തികപ്രതിസന്ധിക്ക് അദ്ദേഹം പകരം വെച്ചത്. കണക്കിലെ കളികള്‍കൊണ്ട് ഓട്ടയടച്ച് സാമ്പത്തികവളര്‍ച്ചയെന്നു ഒച്ചവെക്കുന്ന പതിവുരീതിക്ക് മാറ്റംവരുത്തി ക്രമപ്രവൃദ്ധമായ സാമ്പത്തികസുസ്ഥിതി വിഭാവന ചെയ്യുന്ന പരിഷ്കരണമാണ് കേന്ദ്രബാങ്കില്‍ അദ്ദേഹം നടത്തിയത്. പണപ്പെരുപ്പം നിയന്ത്രിച്ചും ചാഞ്ചാടിക്കൊണ്ടിരുന്ന രൂപയുടെ മൂല്യം സ്ഥിരപ്പെടുത്തിയും ബാങ്കിനെ വളര്‍ച്ചയുടെ പടവിലത്തെിച്ചാണ് വിടവാങ്ങുന്നതെന്ന അദ്ദേഹത്തിന്‍െറ അവകാശവാദത്തെ വിദഗ്ധര്‍ അക്ഷരംപ്രതി ശരിവെക്കുന്നു. പണപ്പെരുപ്പം കുറച്ചും വിദേശ നാണ്യശേഖരം ഉയര്‍ത്തിയും അദ്ദേഹം ആവിഷ്കരിച്ച പുതിയ സാമ്പത്തികനയം ഏറെ വിജയിച്ചു. പണപ്പെരുപ്പം അഞ്ചു ശതമാനത്തിലും കുറച്ചുകൊണ്ടുവരാനും വിദേശനാണ്യശേഖരം 2013 ആഗസ്റ്റിലെ 27,500 കോടി ഡോളറില്‍ നിന്ന് 363.23 ബില്യണ്‍ ഡോളറായി റെക്കോഡ് ഉയര്‍ച്ചയിലത്തെിക്കാനും പരിഷ്കരണം സഹായിച്ചു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്ക് വര്‍ധിപ്പിച്ച നടപടി വ്യാപകമായ വിമര്‍ശം വിളിച്ചുവരുത്തിയെങ്കിലും ഫലപ്രാപ്തി ബോധ്യപ്പെട്ടതോടെ വിമര്‍ശകര്‍ ഒച്ചയടക്കി. മൊബൈല്‍ ഫോണ്‍ വഴിയുള്ള പേമെന്‍റ് രീതി പോലുള്ള ആഗോള ബാങ്ക് സേവനസംവിധാനങ്ങളിലൂടെ ബാങ്ക് വ്യവഹാരങ്ങളെ ലളിതമാക്കി. ബാങ്കിങ് മേഖലയുടെ ശുദ്ധീകരണം ലക്ഷ്യമിട്ട് 2017 മാര്‍ച്ചിനുള്ളില്‍ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാന്‍ രാജന്‍ നിര്‍ദേശം നല്‍കി. കിട്ടാക്കടം രേഖപ്പെടുത്താനും അതിന്‍െറ വര്‍ധനക്കനുസരിച്ച് നീക്കിയിരിപ്പ് കൂട്ടാനും നിര്‍ദേശം നല്‍കി. വന്‍കിട കോര്‍പറേറ്റുകളുടെ സ്വാര്‍ഥതയുടെ കടയ്ക്കു കത്തിവെക്കുന്ന തീരുമാനം അവരുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്ന ഗവണ്‍മെന്‍റിനെയും അലോസരപ്പെടുത്തുമെന്നുറപ്പ്.
മുഖംനോക്കാതെയുള്ള ഇത്തരം നടപടികള്‍ക്കൊപ്പം രാജ്യത്തിന്‍െറ സാമ്പത്തികസ്ഥിതി സംബന്ധിച്ച വെട്ടിത്തുറന്ന വെളിപ്പെടുത്തലുകളും സാമ്പത്തികപുരോഗതിക്ക് ഊനംതട്ടിക്കുന്ന സാമൂഹികപ്രശ്നങ്ങളെക്കുറിച്ച നിരീക്ഷണങ്ങളും അധികാരികള്‍ക്ക് ദഹിച്ചില്ല. വളര്‍ച്ചനിരക്കിലെ അവകാശവാദങ്ങളുമായി കേന്ദ്രഭരണാധികാരികള്‍ കത്തിക്കയറുമ്പോള്‍ ‘കണ്ണുപൊട്ടന്മാരുടെ ലോകത്തെ ഒറ്റക്കണ്ണനെ’ന്ന് ഇന്ത്യയെ രാജന്‍ വിശേഷിപ്പിച്ചത് പ്രായോഗികമതിയെന്ന നിലക്കാണ്. എന്നാല്‍, അവകാശവാദങ്ങളില്‍ അധികാരമുറപ്പിക്കുന്നവര്‍ക്ക് അത് പിടിച്ചില്ല. കയറ്റുമതി കേന്ദ്രിതവളര്‍ച്ചയെ പിന്തുടര്‍ന്ന ചൈനയെ പതിറ്റാണ്ടുകള്‍ക്കിപ്പുറം പിന്തുടരുന്ന പരിഹാസ്യതയാണ് ‘മേക് ഇന്‍ ഇന്ത്യ’ പരിപാടിയെന്നു ചൂണ്ടാന്‍, സ്റ്റോപ് വിട്ട ബസിനു പിന്നാലെ എന്തിന് ഓടുന്നു എന്നാണ് അദ്ദേഹം ചോദിച്ചത്. ദാദ്രി ഗോമാംസ കൊലപാതകത്തില്‍ സാമൂഹികസുരക്ഷിതത്വമില്ലായ്മ സാമ്പത്തികവളര്‍ച്ച തടയുമെന്ന സത്യം വിളിച്ചുപറഞ്ഞതിന് രാഷ്ട്രീയം പറയേണ്ടെന്ന് ബി.ജെ.പി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അധികാരശക്തികൊണ്ട് മാത്രം നാട് വളരണമെന്നില്ളെന്ന് ഹിറ്റ്ലറുടെ ജര്‍മനി ഉദാഹരിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത് മോദി വിമര്‍ശമായി ചിത്രീകരിക്കപ്പെട്ടതും ബി.ജെ.പിയുടെ അതൃപ്തി വളര്‍ത്തി. ഈ അസ്വാരസ്യങ്ങളാണ് സ്വാമിയെ പോലുള്ളവരെ മുന്നില്‍ നിര്‍ത്തി രഘുറാം രാജനെ പുകച്ചുചാടിക്കുന്നതിലേക്ക് നയിച്ചത്. കേന്ദ്രബാങ്കിന്‍െറ അധ്യക്ഷനെന്ന നിലയില്‍ പരിഷ്കരണങ്ങള്‍ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ രണ്ടു ഊഴം നല്‍കുന്ന പതിവുണ്ട്. രാജന്‍െറ നാലു മുന്‍ഗാമികള്‍ക്കും ലഭിച്ച ഈ ആനുകൂല്യം നിഷേധിക്കുമെന്നു കണ്ട് ഒരു മുഴം നീട്ടിയെറിഞ്ഞതാണ് രാജന്‍. റിസര്‍വ് ബാങ്കിനെ വേറിട്ട പരിഷ്കരണപാതയിലേക്കു നയിച്ച രഘുറാം രാജനെ നഷ്ടപ്പെടുത്തുന്നത് ദേശീയനഷ്ടമാണെന്നും ശതകോടി ഡോളര്‍ വിദേശനിക്ഷേപം പുറത്തേക്കൊഴുകുമെന്നുമൊക്കെയുള്ള വിദഗ്ധരുടെ മുറവിളിക്കു കേന്ദ്രം ചെവികൊടുക്കണമെന്നില്ല. അധികാരമര്‍മങ്ങളില്‍ യോഗ്യരെ വിട്ട് സ്വന്തക്കാരെ പ്രതിഷ്ഠിക്കുകയാണ് എന്‍.ഡി.എ നയം. കാരണം, രാജന്‍ പറഞ്ഞതുപോലെ, സംഘ്പരിവാറിന് ഊറ്റംകൊള്ളാന്‍ അധികാരത്തിന്‍െറ ഊക്ക് മതി, മിടുക്ക് വേണമെന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.