ബി.ജെ.പി നേതാക്കള്‍ക്ക് സദ്ഭാവം, സന്തുലനം, സംയമനം, സമന്വയം, സകാരാത്മകം, സംവേദനം, സംവാദം എന്നീ ഏഴു പെരുമാറ്റച്ചട്ടങ്ങള്‍ നിര്‍ദേശിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം അലഹബാദില്‍ സമാപിച്ചപ്പോള്‍ രണ്ടുദിവസത്തെ യോഗപരിപാടികള്‍ ശ്രദ്ധിച്ചവരെല്ലാം മൂക്കത്ത് വിരല്‍വെച്ചുപോവും. മോദിയുടെ ഏഴിന പെരുമാറ്റച്ചട്ടങ്ങളില്‍ ഒന്നുപോലും പ്രതിഫലിക്കുന്നതായിരുന്നില്ല അമിത് ഷായുടെ കാര്‍മികത്വത്തില്‍ ഹിന്ദുത്വ പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മുഴങ്ങിയ പ്രസംഗങ്ങളും പാസാക്കിയ പ്രമേയങ്ങളും എന്നതുതന്നെ കാരണം. ഏറ്റവും വലിയ സംസ്ഥാനമായ യു.പിയില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ലാക്കാക്കി തീവ്രവര്‍ഗീയ ധ്രുവീകരണത്തിലൂടെ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ എവ്വിധം സമാഹരിക്കാമെന്നതിന്‍െറ പ്രായോഗിക പരിപാടികളാണ് യോഗം മുഖ്യമായും ചര്‍ച്ച ചെയ്തത്.
തദടിസ്ഥാനത്തില്‍ കൈക്കൊണ്ട തീരുമാനമോ? പശ്ചിമ യു.പിയിലെ കയ്രാനയില്‍ സംഭവിച്ചതെന്ന് പറയപ്പെടുന്ന ഹിന്ദു അഭയാര്‍ഥി പ്രവാഹത്തെ പൊക്കിപ്പിടിച്ച് വന്‍ പ്രചാരണ കോലാഹലങ്ങളും അന്വേഷണ പ്രഹസനങ്ങളും കരുപ്പിടിപ്പിക്കാനും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ നേട്ടം കൊയ്യാനായത് മുസഫര്‍ നഗറില്‍ യാദൃച്ഛികമായുണ്ടായ രണ്ട് കൊലപാതകങ്ങളില്‍ പിടിച്ചുകയറി സംസ്ഥാനമാകെ നടത്തിയ വര്‍ഗീയ ധ്രുവീകരണ പ്രചാരണത്തിന്‍െറ ഫലമായിരുന്നു. അന്ന് ഈ പ്രചാരണ യുദ്ധത്തില്‍ പരാജയപ്പെട്ട സമാജ്വാദി പാര്‍ട്ടി തന്നെയാണിപ്പോഴും യു.പി ഭരണത്തില്‍ തുടരുന്നത് എന്നതുകൊണ്ട് മുസ്ലിം ഭൂരിപക്ഷ ഗ്രാമമായ കയ്രാനയില്‍ ഹിന്ദുക്കള്‍ അരക്ഷിതരായതിനാല്‍ അവരുടെ 350 കുടുംബങ്ങള്‍ നാടുവിട്ടു എന്ന കള്ളക്കഥ മതി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറാന്‍ എന്ന് അമിത് ഷായുടെ സൃഗാല ബുദ്ധിയില്‍ ഉദിച്ച തന്ത്രമാണ് ദേശീയ നിര്‍വാഹക സമിതിയും ഒറ്റക്കെട്ടായി അംഗീകരിച്ചിരിക്കുന്നത്.
ശംലി ജില്ലയിലെ കയ്രാനയില്‍നിന്ന് ഹിന്ദു കുടുംബങ്ങള്‍ കൂട്ടപലായനം ചെയ്തിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ചത് ആ പ്രദേശം ഉള്‍ക്കൊള്ളുന്ന മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പി എം.പിയായ ഹുകും സിങ്ങാണ്. അയാള്‍ വെടിപൊട്ടിച്ചതോടെ അതേപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ ഭരണകൂടം നിയോഗിച്ച നാല് പ്രത്യേക സംഘങ്ങള്‍ വീടുകള്‍തോറും കയറി അന്വേഷണം നടത്തിവരുകയാണ്. അതിനിടയില്‍ പൊലീസ് നല്‍കുന്ന വിവരമനുസരിച്ച് പലായനം ചെയ്തതായി പറയപ്പെടുന്നവരില്‍ നാലുപേര്‍ പണ്ടേ മരിച്ചുപോയവരാണ്; 68 പേര്‍ ജോലി തേടിയും മറ്റും വര്‍ഷങ്ങള്‍ക്കുമുമ്പ് നാടുവിട്ടവരും. 1998 മുതല്‍ 2011 വരെയുള്ള 15 വര്‍ഷ കാലയളവിലാണ് 132 കുടുംബങ്ങള്‍ കയ്രാന വിട്ടത്. ഇപ്രകാരം വിട്ടുപോയവരില്‍ ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും ഉണ്ടുതാനും. ഇതൊന്നും ഒരു പുതിയ സംഭവംപോലെ കയ്രാനക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കോ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കോ അറിയാത്തതല്ല; വെള്ളം പരമാവധി കലക്കി മീന്‍പിടിക്കുകയാണല്ളോ ലക്ഷ്യം.
കേരളത്തില്‍ സി.പി.എം നടത്തുന്ന അക്രമങ്ങളെ അപലപിക്കുന്ന ദേശീയ നിര്‍വാഹകസമിതി പ്രമേയത്തിന്‍െറ സ്ഥിതിയും ഇതുപോലത്തെന്നെ. പ്രതികളെ നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവന്നും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയും കേരള മുഖ്യമന്ത്രി ഭരണഘടനാ ബാധ്യത നിറവേറ്റണമെന്നാവശ്യപ്പെട്ട ബി.ജെ.പി നേതൃത്വം ആര്‍.എസ്.എസിന്‍െറ കരങ്ങളാല്‍ നിഷ്ഠുരമായി കൊലചെയ്യപ്പെട്ടവരെ തീര്‍ത്തും കണ്ടില്ളെന്ന് നടിച്ചിരിക്കുകയാണ്. കേരളത്തില്‍ പൊതുവെയും കണ്ണൂരില്‍ വിശേഷിച്ചും പതിറ്റാണ്ടുകളായി തുടരുന്ന സി.പി.എം-ആര്‍.എസ്.എസ് സംഘട്ടനങ്ങളും കൊലപാതക പരമ്പരയും എത്രയുംപെട്ടെന്ന് അവസാനിപ്പിക്കണമെന്നും ജനാധിപത്യത്തില്‍ കൈയാങ്കളി രാഷ്ട്രീയത്തിന് നീതീകരണമില്ളെന്നും സമാധാന പ്രേമികളും മനുഷ്യസ്നേഹികളുമായ എല്ലാവരും നിരന്തരം ആവശ്യപ്പെട്ടുവരുന്നതാണ്. ഇരു കക്ഷികളെയും ഒരു മേശക്കു ചുറ്റും കൊണ്ടുവന്ന് ‘യുദ്ധ വിരാമ’ത്തിനും സമാധാന പുന$സ്ഥാപനത്തിനുമുള്ള ശ്രമങ്ങളും പല തലത്തിലും പലവട്ടം നടന്നതുമാണ്. പക്ഷേ, വെടിനിര്‍ത്തല്‍ നിരന്തരം ലംഘിക്കപ്പെട്ടു. കഴിഞ്ഞ പതിറ്റാണ്ടുകാലത്ത് കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്ട്രീയത്തിന്‍െറ പേരില്‍ 41 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. മരിച്ചവരില്‍ 19 പേര്‍ സി.പി.എമ്മുകാരും 17 ആര്‍.എസ്.എസുകാരും രണ്ട് എന്‍.ഡി.എഫുകാരും മൂന്ന് മുസ്ലിം ലീഗുകാരുമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ കണക്കുകള്‍ കാണിക്കുംപ്രകാരം കൊലപാതകങ്ങള്‍ ഏകപക്ഷീയമായിരുന്നില്ളെന്നു മാത്രമല്ല കൊല്ലപ്പെട്ട 19 പേര്‍ മാര്‍ക്സിസ്റ്റുകാരായിരുന്നുതാനും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന സംഭവങ്ങളിലും ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ടത് രണ്ട് സി.പി.എമ്മുകാരാണ്. എന്നിരിക്കെ തീര്‍ത്തും നീചമായ ഈ കൊലപാതകങ്ങളെ മൊത്തം അപലപിക്കുകയല്ലാതെ തങ്ങളുടെ ഭാഗത്തുണ്ടായ ആള്‍നഷ്ടത്തെപ്പറ്റി മാത്രം പെരുമ്പറ മുഴക്കുകയും തങ്ങളുടെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുണ്ടായ ദുരിതങ്ങളെക്കുറിച്ച് മാത്രം തെളിവെടുപ്പ് നടത്താന്‍ ദേശീയ വനിതാ കമീഷനെ നിയോഗിക്കുകയും ചെയ്യുകയുമാണോ രാജ്യം അടക്കിഭരിക്കുന്ന ‘ഒരേയൊരു ദേശീയ കക്ഷി’ ചെയ്യേണ്ടത്? ഇരുപാര്‍ട്ടികളും അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും ആത്മാര്‍ഥമായി വിചാരിച്ചാല്‍ ഈ രക്തരൂഷിത പരമ്പര ആ നിമിഷം അവസാനിപ്പിക്കാനാവുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? അതിന് മുതിരാതെ, 2019ല്‍ കേരളവും ബി.ജെ.പിയുടെ കാല്‍ക്കീഴില്‍ വരണമെന്ന ലാക്കോടെയുള്ള നീക്കങ്ങളും പ്രചാരണ കോലാഹലങ്ങളും മറ്റെന്തായാലും രാജ്യത്തിന്‍െറ നന്മയോ നല്ലതായ ഭാവിയോ ഉദ്ദേശിച്ചുള്ളതല്ല, തീര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.