കൊതുകുകള്‍ നാടുവാണീടും കാലം

അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റും അനിമേറ്ററുമായിരുന്ന വിന്‍സര്‍ മക്ഗേയുടെ പേര്, അനിമേഷന്‍ സിനിമയുടെ ചരിത്രം പഠിക്കുന്നവര്‍ ഓര്‍ത്തിരിക്കും. അദ്ദേഹത്തിന്‍െറ കലാസൃഷ്ടികളില്‍ ശ്രദ്ധേയമായതാണ് 1912ല്‍ പുറത്തിറങ്ങിയ ‘ഒരു കൊതുക് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്’ (ഹൗ എ മൊസ്ക്വിറ്റോ ഓപറേറ്റ്സ്) എന്ന അനിമേഷന്‍ സിനിമ. പലവിധത്തില്‍ മനുഷ്യജീവിതത്തില്‍ ചൊറിയന്‍ ശല്യമായി ഇടപെട്ടുകൊണ്ടിരിക്കുന്ന, സര്‍വവ്യാപിയായ  സാന്നിധ്യമാണ് കൊതുക് എന്നു പറയുന്നത്. മനുഷ്യ ചരിത്രത്തിലെങ്ങും അതിന്‍െറ സാന്നിധ്യം കാണാം. സാഹിത്യത്തിലും പാട്ടിലും സിനിമയിലുമെല്ലാം അതിടം പിടിച്ചിട്ടുമുണ്ട്. പ്രത്യക്ഷത്തില്‍ ആളൊരു നിസ്സാര പാറ്റയാണെങ്കിലും മനുഷ്യന്‍ വലിയ ഭയത്തോടെയാണ് കക്ഷിയെ കാണുന്നത്. ഉണര്‍വിലും ഉറക്കത്തിലും മനഷ്യജാതിയെ ഭയപ്പെടുത്തി നിര്‍ത്താന്‍ കൊതുകിന് സാധിക്കുന്നുണ്ട്. മനുഷ്യന് ഇനിയും പരാജയപ്പെടുത്താന്‍ പറ്റിയിട്ടില്ലാത്ത വലിയ വെല്ലുവിളി തന്നെയാണ് കൊതുക് എന്ന കാര്യത്തില്‍ സംശയമില്ല.
ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളിയാണ് സികാ വൈറസ്. ബ്രസീലിലെ റിയോ ഡെ ജനീറോയില്‍ ആഗസ്റ്റില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് മേളക്കുമേല്‍ പോലും കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ് സികാ വൈറസിന്‍െറ വ്യാപനം. നഗരങ്ങളില്‍ പാര്‍ക്കുന്ന ഈഡിസ് ഈജിപ്തി എന്ന് വിളിക്കപ്പെടുന്ന ഒരിനം കൊതുകുകള്‍ പരത്തുന്ന ഈ വൈറസ്, ബ്രസീലില്‍ മാത്രം ആയിരക്കണക്കിന് ഗര്‍ഭസ്ഥശിശുക്കളെ ബാധിച്ചു കഴിഞ്ഞു. ലോകാരോഗ്യ സംഘടനയടക്കമുള്ള സാര്‍വദേശീയ എജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുകളും പ്രതിരോധ നടപടികള്‍ക്കുള്ള ആഹ്വാനവും നല്‍കിയിരിക്കുന്നു. സികാ വൈറസുമായി ബന്ധപ്പെട്ട് ആഗോളതലത്തിലാണ് വാര്‍ത്തകള്‍ വരുന്നതെങ്കില്‍, കൊതുകുകള്‍ സൃഷ്ടിക്കുന്ന മറ്റു പല രോഗങ്ങള്‍ ഓരോ നാടുകളിലും വലിയ ഭീതിയായി നിലനില്‍ക്കുന്നുണ്ട്. ഒരു വര്‍ഷം 390 മില്യന്‍ ആളുകള്‍ക്ക് കൊതുകു കടി കാരണം ഡെങ്കിപ്പനി ബാധ ഏല്‍ക്കുന്നതായാണ് കണക്കുകള്‍. ഓരോ കാലാവസ്ഥാ ഭേദത്തോടൊപ്പവും ഓരോ നാട്ടിലും കൊതുകുകള്‍ പരത്തുന്ന പല മട്ടിലുള്ള വലിയ രോഗങ്ങളുടെ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുകയാണ്.
നമ്മുടെ കേരളം, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വൃത്തിയിലും ശുചിത്വത്തിലും വലിയ മുന്നേറ്റമുണ്ടാക്കിയ നാടാണ്. ഇവിടത്തെ പൊതുജനാരോഗ്യ സൂചികകളാവട്ടെ, വികസിത നാടുകളുടേതുമായി ചേര്‍ന്ന് നില്‍ക്കും വിധം മുന്നേറിയവയാണ്. പക്ഷേ, ഏതാനും വര്‍ഷങ്ങളായി പലവിധ മാറാരോഗങ്ങളുടെയും സാംക്രമികരോഗങ്ങളുടെയും വാര്‍ത്തകള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. മഴക്കാലം തുടങ്ങുമ്പോള്‍ പുതിയ രോഗക്കാലം തുടങ്ങുന്നതുപോലെയാണ്. ഡെങ്കിപ്പനി, ചികുന്‍ ഗുനിയ തുടങ്ങിയ പുതിയ പല രോഗങ്ങളുമായി നമ്മള്‍ നിത്യപരിചയക്കാരായി. കോഴിക്കോട്ട് എലത്തൂരില്‍ അഞ്ച് പേര്‍ക്ക് സെറിബ്രല്‍ മലേറിയ എന്ന് സംശയിക്കുന്ന മാരകരോഗം ബാധിച്ച വാര്‍ത്ത കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. തലച്ചോറിനെ ബാധിക്കുന്ന ഈ മാരകരോഗം അനോഫിലസ് പെണ്‍കൊതുകുകള്‍ വഴി പടരുന്നതാണത്രെ.
ബഹിരാകാശവും കടന്ന് മറ്റ് ഗ്രഹങ്ങളിലടക്കമത്തെുന്ന വികസന നീക്കങ്ങള്‍ മനുഷ്യന്‍ നടത്തുമ്പോഴും ഒരു അടിക്ക് തീരുന്ന വളരെ നിസ്സാരനായ ഒരു ജീവിക്ക് മുന്നില്‍ നാം പരാജയപ്പെടുകയാണ്. ആരോഗ്യ ഗവേഷണരംഗങ്ങളില്‍ പുരോഗതി നേടുമ്പോള്‍തന്നെ പുതിയ പുതിയ രോഗങ്ങള്‍ പുതിയ രീതിയില്‍ നമ്മെ കടന്നാക്രമിക്കുന്നു. എന്തുകൊണ്ടിത് എന്ന് ഗൗരവത്തില്‍ ആലോചിക്കേണ്ടതില്ളേ? സര്‍വപ്രതാപിയും ശക്തിമാനും ആയിരിക്കുമ്പോഴും മനുഷ്യാ നീ നിസ്സാരനാണ് എന്ന് ഓര്‍മിപ്പിക്കാനുള്ള ദൈവിക ഇടപെടലാണോ ഇത്? പുരോഗതിയുടെയും വികസനത്തിന്‍െറയും കാര്യത്തിലുള്ള നമ്മുടെ അഹംഭാവങ്ങള്‍ക്ക് മേലുള്ള ചൊറിച്ചിലുണ്ടാക്കുന്ന നുള്ളുകളാണോ ഓരോ കൊതുകുകടിയും? പുരോഗതിയെക്കുറിച്ച നമ്മുടെ മുന്‍ഗണനകള്‍ മാറ്റിയെഴുതേണ്ടതുണ്ടെന്ന ഓര്‍മപ്പെടുത്തലുകളാണോ അവ? പലവിധ രോഗങ്ങളെയും നിഷ്കാസനം ചെയ്തു എന്ന് അഹങ്കരിക്കുമ്പോഴാണ് പുതിയ രോഗങ്ങളെ കുറിച്ച വാര്‍ത്തകള്‍ നാം കേട്ടുകൊണ്ടേയിരിക്കുന്നത്. വൃത്തിയിലും സംസ്കാരത്തിലും മുന്നേറിയെന്ന് അവകാശപ്പെടുമ്പോഴാണ് മൂളിപ്പാട്ടുമായി കൊതുകുകളുടെ സംഘം നമ്മെ വന്ന് വളയുന്നത്.
സാമൂഹിക ശുചിത്വം, പൊതുജനാരോഗ്യം തുടങ്ങിയവയുടെ കാര്യത്തില്‍ ഗൗരവത്തിലുള്ള പുനരാലോചനകള്‍ നാം നടത്തിയേ മതിയാവൂ. ആരോഗ്യ, ശുചീകരണ, പരിസ്ഥിതി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് സംയോജിതമായി ചെയ്യേണ്ട ഒത്തിരി കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സര്‍ക്കാറിന്‍െറ മുന്നില്‍ പ്രധാന കര്‍മപരിപാടിയായി സാമൂഹിക ശുചിത്വവും കൊതുക്നിര്‍മാര്‍ജനവും രോഗപ്രതിരോധ സംവിധാനങ്ങളും വരേണ്ടതുണ്ട്. കൊതുകുകള്‍ക്കും വൈറസുകള്‍ക്കും മുന്നില്‍ പരാജയപ്പെട്ടുപോകുന്ന ഒരു ജനതയായിപ്പോകരുത് നമ്മള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.