മാറാത്ത കള്‍ട്ടു ദീനം

2014 ഏപ്രിലില്‍ മധ്യപ്രദേശിലെ സാഗറില്‍നിന്നു ന്യൂഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ധര്‍ണക്കുപോകുന്ന വഴിമധ്യേ ഉത്തര്‍പ്രദേശിലെ മഥുരയിലത്തെിയപ്പോള്‍ രണ്ടു നാള്‍ തങ്ങാന്‍ ഇടംചോദിച്ചതാണ് സ്വാധീന്‍ ഭാരത് സുഭാഷ് സേനയുടെ തലവന്‍ രാംവൃക്ഷ് യാദവും ഇരുനൂറോളം വരുന്ന അനുയായികളും. എന്നാല്‍, ആ രണ്ടു നാള്‍ രണ്ടു വര്‍ഷത്തിലേക്കും അനുയായികളുടെ എണ്ണം ഇരുനൂറില്‍നിന്ന് മൂവായിരത്തിലേക്കും വളര്‍ന്ന കള്‍ട്ടിന്‍െറ അനധികൃതതാവളം കഴിഞ്ഞ വ്യാഴാഴ്ച കോടതി ഉത്തരവുപ്രകാരം രണ്ടു നാളെടുത്ത് അധികൃതര്‍ ഒഴിപ്പിച്ചപ്പോള്‍ വെളിച്ചത്തുവന്നത് രാഷ്ട്രത്തിന്‍െറ അഖണ്ഡതയും പരമാധികാരവും നിരാകരിച്ച് 280 ഏക്കറില്‍ സ്വതന്ത്രരാജ്യം സ്ഥാപിച്ച അധോലോകസംഘത്തിന്‍െറ പ്രതിലോമപ്രവര്‍ത്തനങ്ങള്‍. അന്തരിച്ച സുഭാഷ് ചന്ദ്രബോസും ബാബാ ജയ് ഗുരുദേവും ജീവിച്ചിരിക്കുന്നുവെന്ന വിശ്വാസത്തോടെ അവരുടെ പ്രതിപുരുഷവേഷം കെട്ടി രാംവൃക്ഷ്യാദവ് നടത്തിയ വിദ്രോഹപ്രവൃത്തികള്‍ അയാളുടെയും 24 അനുയായികളുടെയും മരണത്തോടെ വിസ്മൃതിയിലാകാനേ വഴിയുള്ളൂ.

രാജ്യത്തിന്‍െറ ജനാധിപത്യസംവിധാനത്തെ വെല്ലുവിളിച്ച്, തെരഞ്ഞെടുപ്പ് രീതികളെ അപഹസിച്ച് 2012ല്‍ ഒരു നാള്‍ മുഴുവന്‍ മഥുരയിലെ ജവഹര്‍ബാഗില്‍ ധര്‍ണ സമരം നടത്തിയയാളാണ് യാദവ്. പ്രധാനമന്ത്രി, രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യാനും കറന്‍സി ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തായിരുന്നു പരിപാടി. ‘ബോസ് സേന’യെന്നും ‘സ്വതന്ത്ര ഭാരത’ത്തിനായുള്ള വിധിക് വൈചാരിക് ക്രാന്തി സത്യഗ്രഹിയെന്നും പേരിട്ട പാര്‍ട്ടിക്കു കീഴില്‍ ജവഹര്‍ബാഗില്‍ സ്ഥാപിച്ച ‘സ്വതന്ത്രരാജ്യ’ത്ത് മൂന്നു നേരം ഭക്ഷണം സൗജന്യമാണ്. പഞ്ചസാരയും മുന്തിരിയുമൊക്കെ വിറ്റത് കുറഞ്ഞ സബ്സിഡി നിരക്കില്‍. മാത്രമല്ല, പെട്രോള്‍ 40 ലിറ്ററും ഡീസല്‍ 60 ലിറ്ററും ഒരു രൂപക്ക് കിട്ടണമെന്ന ‘ജനകീയാവശ്യ’വുമുയര്‍ത്തി. ബാബാ ജയ് രാംദേവിന്‍െറ മഥുര ആശ്രമം പിന്തുടര്‍ച്ചക്കാരനെന്ന നിലയില്‍ പതിച്ചെടുത്ത ഇയാള്‍ക്ക് ബെന്‍സ്, ബി.എം.ഡബ്ള്യു ഇനങ്ങളിലടക്കം 150 കോടി രൂപ വിലയുള്ള കാറുകളും സഹസ്രകോടികളുടെ വിലമതിക്കുന്ന ഭൂസ്വത്തും ലഭിച്ചു. അതിക്രമങ്ങളുടെ പേരില്‍ അന്വേഷിച്ചത്തെുന്ന അധികൃതരെയൊക്കെ വിരട്ടിയോടിച്ചിരുന്ന യാദവിന്‍െറ സങ്കേതത്തില്‍നിന്ന് 47 പിസ്റ്റളുകളും 178 ഹാന്‍ഡ് ഗ്രനേഡുകളുമടക്കം വമ്പിച്ച ആയുധസന്നാഹവും കണ്ടെടുത്തു.

ദേശവും ദേശസ്നേഹവും ദ്രോഹവുമൊക്കെ അതിവൈകാരികതയില്‍ വിലയിരുത്തപ്പെടുകയും തങ്ങള്‍ക്കു പിടിക്കാത്തവരെ തല്ലാനും കൊല്ലാനും ഊരുവിലക്കാനുമുള്ള ആയുധമായി യഥേഷ്ടം പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യയിലാണ് ഇത്തരം അധോലോകക്കാരുടെ ‘സ്വതന്ത്രരാജ്യങ്ങള്‍’ വളര്‍ന്നുവികസിക്കുന്നത്. ദേശദ്രോഹം സംശയിക്കപ്പെട്ടാല്‍ പോലും അറസ്റ്റും ജാമ്യമില്ലാ കേസും പതിറ്റാണ്ടുകളുടെ വിചാരണത്തടവും ജീവിതത്തിന്‍െറ മുക്കാലേ മുണ്ടാണിയും കവര്‍ന്നെടുത്ത ശേഷം വെറുതെ വിടലുമൊക്കെയായി കര്‍ശന ശിക്ഷാവിധികള്‍ നിലവിലിരിക്കെയാണ് കോടതിവിധി നടപ്പാക്കാനത്തെിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ചു കൊന്നു പിന്തിരിപ്പിക്കാന്‍ കെല്‍പുള്ള കള്‍ട്ടുസംഘങ്ങള്‍ വിലസുന്നത്. ദേശീയപതാകയെയും ഗാനത്തെയും പരിഗണിക്കുന്നതില്‍, ദേശീയഭൂപടത്തിന്‍െറ അവതരണത്തില്‍ ഒക്കെ സംഭവിക്കുന്ന അതിസൂക്ഷ്മമായ വ്യതിയാനങ്ങള്‍പോലും ദേശദ്രോഹ വിസ്ഫോടനവാര്‍ത്തകളായി മാറുന്ന നാട്ടില്‍ പക്ഷേ, യാദവിന്‍െറ സ്വതന്ത്രരാജ്യം കൗതുകവാര്‍ത്തയുടെ പരിഗണനയാണ് നേടിയത്. ജവഹര്‍ലാല്‍ നെഹ്റു കലാശാല വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തില്‍ സര്‍ക്കാറിനെയും സംഘ്പരിവാറിനെയും ചൊടിപ്പിച്ചത് അവരുടെ ‘ആസാദി’ (സ്വാതന്ത്ര്യ) മുദ്രാവാക്യമായിരുന്നല്ളോ.

എന്നാല്‍, സര്‍ക്കാര്‍ ഭൂമി 280 ഏക്കര്‍ വെട്ടിപ്പിടിച്ച് സ്ഥാപിച്ച സ്വതന്ത്രരാജ്യത്തെ തൊടാന്‍ പ്രാദേശിക-സംസ്ഥാന ഭരണകൂടങ്ങള്‍ മിനക്കെട്ടില്ല എന്നു തന്നെയല്ല, ഈ സംഘത്തിന് തിടംവെച്ച് വളരാനുള്ള സൗകര്യങ്ങളെല്ലാം അവര്‍ ഒരുക്കിക്കൊടുത്തു എന്നതാണ് നേര്. അനധികൃത കൈയേറ്റങ്ങളുടെ പേരില്‍ മാത്രമല്ല, അത് അന്വേഷിക്കാന്‍ ചെന്ന ഉദ്യോഗസ്ഥരുടെ നേര്‍ക്ക് നടത്തിയ അതിക്രമങ്ങളുടെ പേരിലും നിരവധി കേസുകള്‍ നിലവിലുണ്ട്. എന്നാല്‍, അതിലൊന്നും ഒരു നടപടിയുമുണ്ടായില്ല. മഥുര ബാര്‍ അസോസിയേഷന്‍ മുന്‍പ്രസിഡന്‍റ് വിജയ്പാല്‍ സിങ് തോമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സ്വീകരിച്ച ഹൈകോടതി രാംവൃക്ഷ് യാദവിന്‍െറ ‘സ്വതന്ത്രരാജ്യം’ തകര്‍ക്കാനുള്ള നിര്‍ദേശം നല്‍കിയതോടെയാണ് അഖിലേഷ് യാദവ് സര്‍ക്കാറിന് നില്‍ക്കക്കള്ളിയില്ലാതായത്. എന്നിട്ടും മതിയായ തയാറെടുപ്പുകളില്ലാതെ ഓപറേഷനു മുതിര്‍ന്നതാണ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം ജീവന്‍ പൊലിയാന്‍ ഇടയാക്കിയത്. സുഭാഷ് ബോസ് സേനക്ക് സംസ്ഥാനഗവണ്‍മെന്‍റില്‍ നിര്‍ണായകമായ സ്വാധീനമുള്ളതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. അതിനെ ശരിവെക്കുന്നതാണ് മഥുരയിലെ സംഭവവികാസം.

ആള്‍ദൈവങ്ങളും കള്‍ട്ടുകളും അധോലോകസംഘങ്ങളും ഇന്ത്യയില്‍ പുതിയ കഥയല്ല. രാഷ്ട്രീയനേതൃത്വത്തിന് അവരുമായുള്ള ദുരൂഹബന്ധങ്ങള്‍ക്കും പഴക്കമേറെ. ദേശീയതയുടെ അടയാളങ്ങള്‍ കൊണ്ടാടപ്പെടുകയും അപരവേട്ടക്കുള്ള ആയുധമായിത്തീരുകയും ചെയ്യുന്ന ‘സംഘകാല’ത്തും ഈ അവിഹിത അക്രമകൂട്ടുകെട്ടിന് അപായമൊന്നുമില്ല. കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള ഉദ്യമത്തില്‍ പ്രധാനമന്ത്രി സ്വിറ്റ്സര്‍ലന്‍ഡു വരെ എത്തിയിരിക്കുന്നു. എന്നാല്‍, സ്വന്തം മൂക്കിനു താഴെ കള്ളദൈവങ്ങളുടെ മറപറ്റി വികസിക്കുന്ന അധോലോകസംഘങ്ങള്‍ കൂടുതല്‍ തിടംവെച്ചു വളരുകയാണ്. അവര്‍ക്കു മുന്നില്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ദുര്‍ബലരായിത്തീരുന്നു. ഈ ദൗര്‍ബല്യത്തില്‍നിന്നു അത്രവേഗം ഇന്ത്യ കരകയറില്ളെന്ന് വീണ്ടുമുറപ്പിക്കുന്നതായി മഥുര ഓപറേഷന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.