അസാധ്യം എന്നത് സ്വന്തം കരുത്ത് അന്വേഷിക്കാന്‍ തയാറാകാത്ത ചെറുമനുഷ്യരുടെ പദപ്രയോഗം മാത്രമാണ്. അസാധ്യത വസ്തുതയല്ല. അഭിപ്രായപ്രകടനം മാത്രം. അസാധ്യത എന്നാല്‍ കരുത്തും ധീരതയുമാണെനിക്ക്. അസാധ്യമായി ഒന്നുംതന്നെയില്ല –മുഹമ്മദ് അലി
ജൂണ്‍ പത്ത് വെള്ളിയാഴ്ച രാവിലെ സ്വന്തം നാട്ടില്‍ ഒൗദ്യോഗിക ബഹുമതികളോടെയുള്ള ഖബറടക്കത്തോടെ, ഇടിക്കൂട്ടിലെ ഇതിഹാസം മുഹമ്മദ് അലിക്ക് ലോകം വീരോചിത വിടവാങ്ങല്‍ നല്‍കുകയാണ്. മുഹമ്മദ് അലിയെപ്പോലെ ലോകത്ത് ഇത്രയേറെ ആദരവും സ്നേഹവും ആര്‍ജിച്ചെടുത്ത കായികതാരം അത്യപൂര്‍വമാണ്. കരുത്തും മെയ്്വഴക്കവും ബുദ്ധിയും ഒത്തുചേര്‍ന്ന അപൂര്‍വ പ്രതിഭ, ഇടിക്കൂട്ടിലെ ഇതിഹാസവും കഴിഞ്ഞ ശതാബ്ദത്തിലെ ഏറ്റവും മികച്ച കായികതാരവുമായിരുന്നു അദ്ദേഹം. ജനസമൂഹത്തെയും ആരാധകവൃന്ദത്തെയും ത്രസിപ്പിക്കുന്ന വിജയങ്ങളുടെ കൊടുമുടിയേറുന്ന ഏതൊരു കായികതാരത്തിന്‍െറയും വര്‍ണശബളമയമായ സഞ്ചാരമായിരുന്നില്ല മുഹമ്മദ് അലിക്ക് ഇത്രയേറെ ആദരവും സ്നേഹവും കരഗതമാക്കാന്‍ ഇടവരുത്തിയത്.
ജീവിതത്തോടും ആശയങ്ങളോടും പുലര്‍ത്തിയ സത്യസന്ധതയും അവക്കുവേണ്ടി സ്വന്തം കരിയര്‍തന്നെ ത്യജിക്കാന്‍ കാണിച്ച ചങ്കൂറ്റവുമാണ് മുഹമ്മദ് അലിയെ വര്‍ത്തമാനകാലചരിത്രത്തിലെ മഹാനാക്കുന്നത്. ‘അമേരിക്കയെ ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാക്കുകയാണ് എന്‍െറ ലക്ഷ്യം. അതിനുവേണ്ടിയാണ് ഞാന്‍ റഷ്യക്കാരനെയും പോളണ്ടുകാരനെയും ഇടിച്ചിട്ടത്’ എന്ന് റോം ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞ് ആഹ്ളാദത്തോടെ സംസാരിച്ച പതിനെട്ടുകാരന്‍, തൊലിനിറം കറുത്തതായതിനാല്‍ എത്ര മഹത്തായ നേട്ടം നേടിയാലും ഭക്ഷണം വിളമ്പാന്‍ വിസമ്മതിക്കുന്ന വെളുത്ത പരിചാരകരുടെ രാജ്യമാണ് അമേരിക്കയെന്ന് പ്രഖ്യാപിച്ചാണ് ആ ഒളിമ്പിക് പതക്കം ജെഫേഴ്സണ്‍ കൗണ്ടി പാലത്തില്‍നിന്ന് ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞത്. 1967ല്‍ വിയറ്റ്നാമിനോട് യുദ്ധംചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ വിയറ്റ്നാമുകാര്‍ ആരും തന്നെ കാപ്പിരിയെന്ന് വിളിച്ചിട്ടില്ളെന്നും അമേരിക്കന്‍ സാമ്രാജ്യദാസ്യത്തിനുവേണ്ടി മൈലുകള്‍ സഞ്ചരിച്ച് ജീവത്യാഗം ചെയ്യാന്‍ തന്നെ കിട്ടില്ളെന്നും പറഞ്ഞാണ് നിര്‍ബന്ധ സൈനിക സേവനത്തില്‍നിന്ന് വിട്ടുനിന്നത്.
നിലപാടുകളില്‍ ഉറച്ചുനിന്നതിന് കനത്ത വില നല്‍കേണ്ടിവന്നു മുഹമ്മദ് അലിക്ക്. കടുത്ത നടപടികള്‍ക്ക് വിധേയനായി. റിങ്ങില്‍ ഇടികൊണ്ടുനേടിയ ലോക കിരീടപട്ടം പിന്‍വലിക്കപ്പെട്ടു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകള്‍ ബോക്സിങ് ലൈസന്‍സുകള്‍ റദ്ദാക്കി. നിര്‍ബന്ധ സൈനികസേവന നിയമം ലംഘിച്ചതിന്‍െറ പേരില്‍ അഞ്ചുവര്‍ഷത്തെ തടവും പതിനായിരം ഡോളര്‍ പിഴയും വിധിച്ചു. നാലുവര്‍ഷത്തെ കരിയര്‍ നഷ്ടമായി. ഒടുവില്‍ 1971ല്‍ സുപ്രീംകോടതി അലിയെ കുറ്റമുക്തനാക്കി. വിയറ്റ്നാമിലെ തോല്‍വി ആ വിധിക്കുമുമ്പേ സംഭവിച്ചിരുന്നു; അലിയുടെ നിലപാടിനെ സാധൂകരിച്ചുകൊണ്ട്. സ്വന്തം ബോധ്യങ്ങള്‍ക്കനുസരിച്ച് പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും കോടിക്കണക്കിന് ഡോളര്‍ പരിത്യജിച്ചവനാണ് മുഹമ്മദ് അലിയെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ പറയുന്നത് മുഖസ്തുതിയല്ളെന്ന് ചുരുക്കം. സാമൂഹികനീതിയുടെ കാവലാളായും പൗരാവകാശപ്രക്ഷോഭകനായും വര്‍ണവിവേചനത്തിനെതിരെയുള്ള ചെറുത്തുനില്‍പ് പ്രതീകമായും ജീവിതത്തിന്‍െറ വിവിധ സന്ധികളില്‍ അദ്ദേഹത്തെ എഴുന്നേല്‍പിച്ചുനിര്‍ത്തിയത് ബോധ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനീതിയോടുള്ള അടങ്ങാത്ത അമര്‍ഷവുമായിരുന്നു.
ഇടിക്കൂട്ടില്‍ എതിരാളിയെ മുഷ്ടികൊണ്ട് തകര്‍ക്കുന്നതിനെക്കാള്‍ ശക്തമായി തന്‍െറ നിലപാടുകൊണ്ട് വംശീയ മേല്‍ക്കോയ്മാ വര്‍ഗങ്ങളില്‍ അദ്ദേഹം പ്രകമ്പനം സൃഷ്ടിച്ചു. ആരാധകവൃന്ദം റിങ്ങിന് പുറത്ത് ആനന്ദനൃത്തം ചവിട്ടിയതിനേക്കാള്‍ ഹര്‍ഷോന്മാദത്തോടെ കറുത്ത വര്‍ഗക്കാരും മനുഷ്യാവകാശപ്രക്ഷോഭകരും ആ നിലപാടുകളില്‍നിന്ന് ആത്മാഭിമാനം വീണ്ടെടുത്തു. വര്‍ത്തമാനകാലചരിത്രത്തില്‍ മര്‍ദിതസമൂഹങ്ങളെ ഇത്രയേറെ പ്രചോദിപ്പിച്ച വ്യക്തിത്വമുണ്ടാകുമോ എന്നത് സംശയകരമാണ്. മര്‍ദിതരുടെ പ്രതിഷേധസ്വരമായിരുന്ന അലിയിലൂടെ ഒരു വലിയ ജനതതന്നെയായിരുന്നു ആത്മസാക്ഷാത്കാരം സിദ്ധിച്ചത്. മുന്‍ ബോക്സര്‍ ഫ്ളോയ്ഡ് മെയ്്വെതര്‍ തന്‍െറ അനുശോചനക്കുറിപ്പില്‍ ഇത് കൃത്യപ്പെടുത്തുന്നുണ്ട്: ‘മറ്റൊരു മുഹമ്മദ് അലി ഇനിയൊരിക്കലും ഉണ്ടാവുകയില്ല. ലോകത്തുടനീളമുള്ള കറുത്ത വംശജകര്‍ക്ക് അദ്ദേഹത്തെ ആവശ്യമായിരുന്നു. അദ്ദേഹം ഞങ്ങളുടെ ശബ്ദമായിരുന്നു’. കറുത്തവരോടും മര്‍ദിതരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് വേട്ടയാടിയ അതേ രാജ്യം പിന്നീട്, 1996ല്‍ അറ്റ്ലാന്‍റയില്‍ നടന്ന ഒളിമ്പിക്സ് ഉദ്ഘാടനദീപം തെളിയിക്കാനയച്ച് അനീതിക്ക് പ്രായശ്ചിത്തം ചെയ്തത് മറ്റൊരു ചരിത്രം.
ഹേ മനുഷ്യരേ, നിങ്ങളെ നാം സൃഷ്ടിച്ചത് ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ്. പരസ്പരം തിരിച്ചറിയാന്‍ മാത്രമാണ് നിങ്ങളെ ഭിന്ന വംശങ്ങളും ഗോത്രങ്ങളുമാക്കിയത്. അല്ലാഹുവിന്‍െറ അടുത്ത് ഏറ്റവും ആദരണീയന്‍ നിങ്ങളിലേറ്റവും സൂക്ഷ്മത പുലര്‍ത്തുന്നവനത്രെ എന്ന ഖുര്‍ആന്‍ വചനം സമത്വത്തെക്കുറിച്ച ഉള്‍ക്കാഴ്ച നല്‍കുകയും അദ്ദേഹത്തെ 1974ല്‍ ഇസ്്ലാമിലേക്ക് വഴിനടത്തുകയും ചെയ്തു. അതിലേക്ക് നയിച്ചത് മാല്‍കം എക്സുമായുള്ള സൗഹൃദവും നേഷന്‍ ഓഫ് ഇസ്്ലാമിലെ അംഗത്വവുമായിരുന്നു. ആഫ്രിക്കയിലെ, ഏഷ്യയിലെ, അറേബ്യയിലെ കോടിക്കണക്കിന് മനുഷ്യര്‍ നിന്നെ അന്ധമായി സ്നേഹിക്കുന്നു. അവരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് എപ്പോഴും നീ ബോധവാനായിരിക്കണം എന്ന, സുഹൃത്തും വഴികാട്ടിയുമായിരുന്ന മാല്‍കം എക്സിന്‍െറ ഉപദേശം അലി അവസാന ശ്വാസംവരെ കാത്തുസൂക്ഷിച്ചു. അതിന്‍െറ നിദര്‍ശനമായിരുന്നു, മുസ്്ലിംകള്‍ക്ക് അമേരിക്കയില്‍ നിരോധമേര്‍പ്പെടുത്തണമെന്ന ഡൊണാള്‍ഡ് ട്രംപിന്‍െറ വാദഗതിയുടെ മുനയൊടിച്ച പ്രസ്താവന. അലിയുടെ ഏറ്റവും ഒടുവിലത്തെ സാമൂഹിക ഇടപെടലും അതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.