ഗുല്‍ബര്‍ഗ് വിധിയിലെ നീതിയും നീതികേടും

രാജ്യത്തെയും ലോകത്തെയും ഞെട്ടിച്ച 2002 ഫെബ്രുവരിയിലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 14 വര്‍ഷത്തിനു ശേഷം പുറത്തുവന്ന പ്രത്യേക വിചാരണ കോടതിവിധി ഇരകളെ മാത്രമല്ല, നീതിയും മനുഷ്യാവകാശങ്ങളും പുലരണമെന്നാഗ്രഹിക്കുന്ന ആരെയും തൃപ്തിപ്പെടുത്തുന്നതല്ല. ഗുല്‍ബര്‍ഗ് സൊസൈറ്റി സമുച്ചയത്തില്‍ മറ്റ് 68 പേരോടൊപ്പം അതിക്രൂരമായി ചുട്ടുകരിക്കപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്സാന്‍ ജാഫരിയുടെ വിധവ സകിയ അനുസ്യൂതം നടത്തിയ നിയമയുദ്ധത്തിനുശേഷം സമ്പാദിച്ച ഈ വിധിയില്‍ വെറും 24 പേരാണ് ശിക്ഷാര്‍ഹരായി കോടതി കണ്ടത്തെിയിരിക്കുന്നത്. അവരില്‍തന്നെ 11 പേര്‍ മാത്രമാണ് കൊലക്കുറ്റത്തിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടവര്‍. ബാക്കി പ്രതികള്‍ക്ക് നിസ്സാര കുറ്റങ്ങളുടെ ശിക്ഷ മാത്രമേ ലഭിക്കാന്‍ പോകുന്നുള്ളൂ. ആയിരക്കണക്കില്‍വരുന്ന അക്രമിസംഘം സായുധരായി പാര്‍പ്പിടസമുച്ചയം ആക്രമിച്ചുതുടങ്ങിയപ്പോള്‍തന്നെ അറിയപ്പെട്ട രാഷ്ട്രീയ നേതാവായിരുന്ന ഇഹ്സാന്‍ ജാഫരി മുഖ്യമന്ത്രി നരേന്ദ്ര മോദിയടക്കം ഉത്തരവാദപ്പെട്ട എല്ലാവരെയും രക്ഷക്കായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജാഫരി ഇനിയും ചാവാത്തതില്‍ അദ്ഭുതം പ്രകടിപ്പിക്കുകയായിരുന്നുവത്രെ മുഖ്യമന്ത്രി. കലാപം ആളിപ്പടരുമ്പോള്‍ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ വീണ വായിക്കുക മാത്രമല്ല, എരിതീയില്‍ എണ്ണയൊഴിക്കുകകൂടി ആയിരുന്നു എന്ന് അന്ന് ഗുജറാത്ത് ഡി.ഐ.ജിയായ സഞ്ജയ് ഭട്ടിനെപ്പോലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

മോദി സര്‍ക്കാര്‍ കേസുകള്‍ ദുര്‍ബലമാക്കാനും തെളിവുകള്‍ നശിപ്പിക്കാനും പരമാവധി പണിയെടുത്തു എന്ന ആരോപണങ്ങള്‍ പല ഘട്ടങ്ങളിലും പല തലങ്ങളിലും ഉയര്‍ന്നതാണ്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ചില കേസുകള്‍ മഹാരാഷ്ട്രയിലേക്ക് മാറ്റേണ്ടതായിപ്പോലും വന്നു. 2008 മാര്‍ച്ചില്‍ ഗുല്‍ബര്‍ഗ് കൂട്ടക്കൊല അടക്കം 14 സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍െറ നേതൃത്വത്തില്‍ രൂപവത്കൃതമായ അഞ്ചംഗ പ്രത്യേക സമിതി പക്ഷേ, നരേന്ദ്ര മോദിയെ കുറ്റമുക്തനാക്കുകയാണ് ചെയ്തത്. തദടിസ്ഥാനത്തിലാണ് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ അവരോധിതനാകാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചതും. പ്രസ്തു ത റിപ്പോര്‍ട്ടിന്‍െറ വെളിച്ചത്തില്‍ 2008ല്‍ പ്രത്യേക കോടതി ആരംഭിച്ച കേസ് വിചാരണക്കൊടുവില്‍ ഇപ്പോള്‍ വിധി പുറത്തുവന്നപ്പോള്‍ ഗൂഢാലോചനക്കുറ്റംതന്നെ എല്ലാ പ്രതികളില്‍നിന്നും നീക്കിക്കളഞ്ഞിരിക്കുകയാണ്. ആയിരക്കണക്കില്‍ ആക്രമണകാരികള്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി വളഞ്ഞതും പെട്രോളൊഴിച്ച് 69 പേരെ ജീവനോടെ കത്തിച്ചുകളഞ്ഞതും ഒന്നും ആസൂത്രിതമോ ഗൂഢാലോചനയുടെ ഫലമോ ആയിരുന്നില്ളെന്നര്‍ഥം! ഗോധ്ര സംഭവത്തിന്‍െറ സ്വാഭാവിക പ്രത്യാഘാതങ്ങളില്‍ ഒന്നുമാത്രമായിരുന്നു അതെന്ന് ജനങ്ങള്‍ വിശ്വസിച്ചുകൊള്ളണം. കലാപനിയന്ത്രണത്തിന് കേന്ദ്ര സുരക്ഷാസേനയെ വിന്യസിപ്പിക്കാതിരുന്നതും യാദൃച്ഛികമായി കരുതണം. ഗൂഢാലോചനക്കുറ്റത്തില്‍നിന്ന് എല്ലാവരും മുക്തരാക്കപ്പെട്ടതോടെ ഗുജറാത്ത് ഹൈകോടതിയില്‍, ശിക്ഷിക്കപ്പെട്ട പ്രതികള്‍ ബോധിപ്പിക്കാന്‍ പോകുന്ന അപ്പീലിന്‍െറ ഗതി എന്താകുമെന്നതും കണ്ടറിയേണ്ടതാണ്.

11 പ്രതികള്‍ കൊലക്കുറ്റത്തിനും 13 പേര്‍ മറ്റ് കുറ്റങ്ങള്‍ക്കും ശിക്ഷാര്‍ഹരാണെന്ന വിധി ജുഡീഷ്യറിയുടെ നിഷ്പക്ഷതക്കും സ്വതന്ത്രമായ നിയമവാഴ്ചക്കും തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടുകയും ആശ്വസിക്കുകയും ചെയ്യുന്നുണ്ട്. തീര്‍ച്ചയായും ഘനാന്ധകാരത്തില്‍ വെളിച്ചത്തിന്‍െറ വെള്ളിരേഖകളായിത്തന്നെ അതിനെ കാണണം. അതിലേറെ അഭിനന്ദിക്കപ്പെടേണ്ടതാണ് സകിയ ജാഫരി എന്ന വൃദ്ധ വിധവയുടെ തളരാത്ത നിശ്ചയദാര്‍ഢ്യം. ചിലരെങ്കിലും ശിക്ഷിക്കപ്പെടുന്നതില്‍ സംതൃപ്തി പ്രകാശിപ്പിച്ച അവര്‍ വിട്ടയക്കപ്പെട്ടവരുടെ കാര്യത്തില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ടീസ്റ്റ സെറ്റല്‍വാദിനെപ്പോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും ഫാഷിസ്റ്റ് വെല്ലുവിളിയെ ഭയക്കാതെ നിയമപോരാട്ടത്തിന് ഇറങ്ങിത്തിരിച്ചവരാണ്. മാനവികതക്കും നീതിക്കും മതനിരപേക്ഷതക്കുംവേണ്ടിയുള്ള പോരാട്ടം ജീവിതദൗത്യമായി ഏറ്റെടുത്ത ചിലരെങ്കിലും ഈ രാജ്യത്തുണ്ടെന്നത് ചകിതരും ആശങ്കാകുലരുമായ മതന്യൂനപക്ഷങ്ങള്‍ക്കും മറ്റു ദുര്‍ബല വിഭാഗങ്ങള്‍ക്കും ആശ്വാസംപകരുന്നതാണ്.

പ്രത്യേക കോടതി വിട്ടയച്ച ബി.ജെ.പി നേതാവ് ബിപിന്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ള 36 പ്രതികളെ സാഘോഷം എതിരേറ്റ് ജയഭേരി മുഴക്കിയ വി.എച്ച്.പി പ്രഭൃതികളുടെ ഉന്മാദമാണ് മറുവശത്ത്. അതുപോലെ ന്യൂനപക്ഷ സമുദായക്കാര്‍ പ്രതികളാക്കപ്പെട്ട ഗോധ്ര കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ച ജുഡീഷ്യറി ഹിന്ദുത്വവാദികള്‍ പ്രതികളായ അഞ്ചു കേസുകളിലും ഒരാള്‍ക്കും തൂക്കുമരം വിധിച്ചിട്ടില്ളെന്നത് കേസന്വേഷണത്തിലെയും തെളിവുശേഖരണത്തിലെയും വിവേചനം വിളിച്ചോതുന്നതാണ്. പ്രമാദമായ കലാപക്കേസുകളില്‍പോലും വിചാരണ കോടതിയുടെ വിധിവരാന്‍ 14 വര്‍ഷം കഴിയേണ്ടിവന്നു എന്നതും ചീഫ് ജസ്റ്റിസിനെപ്പോലും കരയിച്ച  അവസ്ഥാവിശേഷത്തിന്‍െറ ബാക്കിപത്രമാണ്. ഏറെ ആസൂത്രിതമായി നടന്ന ഗൂഢാലോചനയുടെ അവസാനത്തെ തെളിവും നശിപ്പിക്കപ്പെടാന്‍ ഈ കാലവിളംബം കാരണമായിത്തീരുന്നു. ഇനി സുപ്രീംകോടതിയിലോളം നീളുന്ന അപ്പീലുകള്‍ കൂടിയാകുമ്പോള്‍ ദൈവത്തിന്‍െറ മരണാനന്തര ശിക്ഷയില്‍ വിശ്വാസമര്‍പ്പിക്കേണ്ടിവരും നീതി തേടുന്നവര്‍ക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.