തല മാറ്റിവെച്ചാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്നോ?

130 വയസ്സ് തികഞ്ഞ, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളിലൊന്നായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അതിന്‍െറ ചരിത്രത്തിലെ  ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത് എന്നകാര്യത്തില്‍ പക്ഷാന്തരമുണ്ടാവില്ല. പതിറ്റാണ്ടുകളോളം രാജ്യംഭരിച്ച പാര്‍ട്ടി ഇന്ന് അഞ്ചു സംസ്ഥാനങ്ങളിലായി കേവലം ഏഴു ശതമാനം പൗരന്മാരെ ഭരിക്കുംവിധം ശുഷ്കിച്ചിരിക്കുന്നു. മുഖ്യ എതിരാളിയായ ബി.ജെ.പിയാവട്ടെ, കേന്ദ്രഭരണത്തിന് പുറമെ പ്രധാനപ്പെട്ട ഒമ്പതു സംസ്ഥാനങ്ങളിലെ ഭരണം പിടിച്ചടക്കിക്കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പിലെ ദയാര്‍ഹമായ പരാജയത്തോടെ ‘കോണ്‍ഗ്രസ് മുക്ത ഭാരതം’എന്ന ബി.ജെ.പിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണോ എന്ന ഉത്കണ്ഠ വര്‍ധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ പുനര്‍വിചിന്തനത്തിനായുള്ള മുറവിളി ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയതില്‍ വലിയ കഴമ്പൊന്നുമില്ല.

കനത്ത പ്രഹരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നപ്പോഴെല്ലാം മുന്‍കാലങ്ങളിലും ആത്മവിചിന്തനവും പുന$പരിശോധനയുമൊക്കെ ആവശ്യപ്പെട്ട നേതാക്കള്‍ അധരവ്യായാമങ്ങള്‍ നടത്താറുണ്ട്. ഇത്തവണ അസമിലും ബംഗാളിലും കേരളത്തിലുമെല്ലാം കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനപ്പുറം തോല്‍വി നേരിടേണ്ടിവന്ന ഉടന്‍ നേതാക്കളായ ശശി തരൂരും ദിഗ്വിജയ് സിങ്ങുമൊക്കെ പാര്‍ട്ടിക്ക് ‘മേജര്‍ സര്‍ജറി’ വേണമെന്നാണ് വാദിച്ചത്. അത്തരമൊരു ശസ്ത്രക്രിയക്ക് പാര്‍ട്ടിക്ക് ആരോഗ്യമുണ്ടോ എന്നൊന്നും ഇവര്‍ ആലോചിച്ചിട്ടുണ്ടാവണമെന്നില്ല. പാര്‍ട്ടിയുടെ പതനംകണ്ട് കണ്ണീര്‍പൊഴിക്കുകയും മൂക്കുചീറ്റുകയും ചെയ്യുന്ന നേതാക്കള്‍ എല്ലാറ്റിനുമൊടുവില്‍ കണ്ടത്തെിയിരിക്കുന്ന പ്രതിവിധി തലമാറ്റല്‍ ശസ്ത്രക്രിയക്ക് വിധേയമാവുക എന്നതാണത്രെ. സോണിയ ഗാന്ധിക്കു പകരം രാഹുല്‍ ഗാന്ധിയെ എ.ഐ.സി.സി പ്രസിഡന്‍റാക്കുന്നതോടെ നവോന്മേഷം കൈവരുമെന്നും രാഷ്ട്രീയ പുനരുജ്ജീവനത്തിനുള്ള ശേഷി ആര്‍ജിക്കാനാവുമെന്നും ഇവര്‍ കണക്കുകൂട്ടുന്നുവെന്നാണ് ശ്രുതി.

പരാജയത്തില്‍നിന്ന് പരാജയത്തിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോഴും രോഗമറിഞ്ഞ് ചികിത്സതേടാനുള്ള വിവേകംപോലും കോണ്‍ഗ്രസിന് നഷ്ടപ്പെടുകയാണല്ളോ എന്ന് വ്യാകുലപ്പെടുകയാണ്  ആ പാര്‍ട്ടി നിലനിന്നുകാണാന്‍ ആഗ്രഹിക്കുന്ന വലിയൊരുവിഭാഗം. രാഹുല്‍ എന്ന ഒറ്റമൂലികൊണ്ട് ചികിത്സിച്ചു ഭേദമാക്കാനാവുന്നതാണോ കോണ്‍ഗ്രസിനെ പിടിപെട്ട മാരകരോഗം? ഒന്നരപ്പതിറ്റാണ്ടായി സോണിയയുടെയും രാഹുലിന്‍െറയും കൈകളിലാണ് പാര്‍ട്ടി. സംസ്ഥാനങ്ങളിലെ നിസ്സാരപ്രശ്നങ്ങള്‍ക്കുപോലും അന്തിമതീരുമാനം 10ാം നമ്പര്‍ ജന്‍പഥില്‍നിന്നാണ് എടുക്കാറ്. തെരഞ്ഞെടുപ്പ് കാമ്പയിനുകള്‍ക്ക് നേതൃത്വംകൊടുക്കുന്നത് അമ്മയും മകനും തന്നെ. ഇവരുടെ മേധാവിത്വത്തെ ചോദ്യംചെയ്യാന്‍ ഒരു വിരലും നീളാറില്ല. നിലവില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്ന രാഹുല്‍ അമ്മയില്‍നിന്ന് പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്നതോടെ രാഷ്ട്രീയപ്രതിയോഗികളെ നേരിടാനുള്ള കരുത്തും ഊര്‍ജവും ആവാഹിച്ചെടുക്കും എന്ന് കരുതുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല.

ജന്മസിദ്ധമായ കഴിവുകൊണ്ട് നേതൃപദവിയിലേക്ക് ഉയര്‍ന്നുവന്ന നേതാവല്ല രാഹുല്‍. ഞെക്കിപ്പഴുപ്പിച്ചതാണ്. രാജ്യത്താകമാനം അടിവേരും അടിത്തറയുമുള്ള കോണ്‍ഗ്രസ് പോലുള്ള ഒരു പഴഞ്ചന്‍ പാര്‍ട്ടിയെ കാലഘട്ടത്തിന്‍െറ വെല്ലുവിളികള്‍ക്കൊത്ത് മുന്നോട്ട് നയിക്കാനുള്ളശേഷിയും ശേമുഷിയും തനിക്കുണ്ടെന്ന് രാജീവ് പുത്രന് ഇതുവരെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഒരുപൊതുപ്രവര്‍ത്തകന് ഇണങ്ങാത്ത നിഗൂഢവും ദുരൂഹവുമായ സ്വകാര്യ ജീവിതത്തിന്‍െറ ഉടമകൂടിയാണിദ്ദേഹം. പാര്‍ലമെന്‍റ് സമ്മേളനത്തില്‍പോലും പങ്കെടുക്കാന്‍ കൂട്ടാക്കാതെ, മാസങ്ങളോളം അജ്ഞാതകേന്ദ്രത്തില്‍ കഴിഞ്ഞതും രാഷ്ട്രീയപ്രതിയോഗികള്‍ അതിന്‍െറപേരില്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചതും ആരും മറന്നിട്ടില്ല. നരേന്ദ്ര മോദി- അമിത് ഷാ അച്ചുതണ്ട്, അധികാരത്തിന്‍െറ സകല സൗഭാഗ്യങ്ങളും പ്രയോജനപ്പെടുത്തി ഹിന്ദുത്വരാഷ്ട്രീയത്തിന്‍െറ ചൊല്‍പടിയിലേക്ക് രാജ്യത്തെ പൂര്‍ണമായും കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തുതോല്‍പിക്കാന്‍ പ്രാപ്തമായ ഒരു രാഷ്ട്രീയനേതൃനിരയെ കണ്ടത്തെുന്നതിനു പകരം ഒരുവ്യക്തിയില്‍ മാത്രം എല്ലാമര്‍പ്പിച്ച് സമാശ്വാസം കൊള്ളുന്നതിലെ പോഴത്തം എന്നാണാവോ കോണ്‍ഗ്രസുകാര്‍ മനസ്സിലാക്കുക.

കോണ്‍ഗ്രസിനു പകരം മതേതര ലേബലുള്ള ഒരു ദേശീയ പാര്‍ട്ടിയോ പ്രവര്‍ത്തനക്ഷമമായ മുന്നണിയോ നമ്മുടെ മുന്നിലില്ല എന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്‍െറ ശിഥിലീകരണം മതേതര വിചാരഗതിക്കാരെ അങ്ങേയറ്റം ആശങ്കാകുലരാക്കുന്നത്. ബി.ജെ.പി കൊണ്ടുനടക്കുന്ന ഹിന്ദുത്വയെ മൃദുഹിന്ദുത്വകൊണ്ട് നേരിടാമെന്ന് ചിന്തിച്ചുതുടങ്ങിയ 1980കളുടെ രണ്ടാംപാദം തൊട്ടാണ് കോണ്‍ഗ്രസിന്‍െറ അടിത്തറ തകരാന്‍ തുടങ്ങിയത്. ഇപ്പോള്‍ അസമില്‍ നേരിട്ട തിരിച്ചടിതന്നെ ബി.ജെ.പി ഉയര്‍ത്തുന്ന ഭീഷണിയെ ചെറുത്തുതോല്‍പിക്കുന്നതില്‍ 35 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളുടെ പിന്തുണ ആര്‍ജിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ്. ബദ്റുദ്ദീന്‍ അജ്മലിന്‍െറ മൈനോറിറ്റി ഫ്രണ്ടുമായി സഖ്യത്തിലേര്‍പ്പെട്ടാല്‍ ബി.ജെ.പിയുടെ പക്ഷത്തേക്ക് ഹൈന്ദവ വോട്ടിന്‍െറ ഏകീകരണം ഉണ്ടാവുമെന്ന കണക്കുകൂട്ടലില്‍ ത്രികോണമത്സരത്തിന് തുനിഞ്ഞപ്പോള്‍ ഒന്നരപ്പതിറ്റാണ്ടായി കൈവശംവെച്ച അധികാരം നഷ്ടമായി. 

ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പിന്നാക്ക ദുര്‍ബല വിഭാഗങ്ങള്‍ക്കുമിടയില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന സ്വീകാര്യതയും വിശ്വാസ്യതയും  വീണ്ടെടുക്കാത്ത കാലത്തോളം അമരത്ത് ആരെ പ്രതിഷ്ഠിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല. അഴിമതിയിലും കുതികാല്‍വെട്ടിലും മറ്റു സകലമാന രാഷ്ട്രീയ ജീര്‍ണതകളിലും മുഖംകുത്തിനില്‍ക്കുന്ന ഒരു പാര്‍ട്ടിയെ സചേതനമാക്കണമെങ്കില്‍ ആമൂലാഗ്രം പുതുക്കിപ്പണിയുകയേ നിവൃത്തിയുള്ളൂ. അതിനു നേതൃത്വവും അണികളും തയാറുണ്ടോ എന്നതാണ് കാലം ഉന്നയിക്കുന്ന ചോദ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.