നിസാറുദ്ദീന്‍ അഹ്മദിന്‍െറ ജീവിതത്തിലെ 8150 ദിനങ്ങള്‍

‘എന്നെ പൊലീസ് പിടിച്ചുകൊണ്ടുപോവുമ്പോള്‍ എന്‍െറ ഇളയ പെങ്ങള്‍ക്ക് 12 വയസ്സായിരുന്നു. ഇന്ന് അവളുടെ കുട്ടിക്ക് 12 വയസ്സായി. ഒരു തലമുറക്കാലം അപ്പാടെ എന്നില്‍നിന്ന് വഴുതിപ്പോയി’ -ഇത് പറയുന്നത് നിസാറുദ്ദീന്‍ അഹ്മദ്. കര്‍ണാടകയിലെ കലബുറഗി സ്വദേശിയാണ്. 1994 ജനുവരി 15നാണ് അന്ന് ഫാര്‍മസി വിദ്യാര്‍ഥിയായിരുന്ന നിസാറിനെ ഹൈദരാബാദില്‍നിന്നത്തെിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോവുന്നത്. കോളജിലേക്ക് പോവുകയായിരുന്നു നിസാര്‍. മുന്നില്‍വന്ന് നിര്‍ത്തിയ വാഹനത്തില്‍നിന്ന് ഒരാള്‍ റിവോള്‍വര്‍ ചൂണ്ടുന്നു; നിസാറിനെ അകത്തേക്ക് വലിച്ചിടുന്നു. പിന്നെയെല്ലാം ചരിത്രം. ദിവസങ്ങള്‍ കഴിഞ്ഞാണ് ഹൈദരാബാദ് പൊലീസ് നിസാറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് എന്നവിവരം വീട്ടുകാര്‍ അറിയുന്നത്. ബാബരി മസ്ജിദ് തകര്‍ച്ചയുടെ വാര്‍ഷികദിനമായ 1993 ഡിസംബര്‍ ആറിന്, രാജസ്ഥാനിലെ കോട്ട, ഹൈദരാബാദ്, സൂറത്ത്, കാണ്‍പുര്‍ എന്നിവിടങ്ങളില്‍ തീവണ്ടിയിലുണ്ടായ സ്ഫോടനങ്ങളുടെ സൂത്രധാരന്‍ എന്ന കുറ്റമാരോപിച്ചാണ് നിസാറിനെയും സഹോദരന്‍ സഹീറിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത് (സഹീറിന് പിന്നീട് ആരോഗ്യകാരണങ്ങളാല്‍ 2008ല്‍ ജാമ്യം ലഭിച്ചു). അറസ്റ്റ് ചെയ്യപ്പെട്ടശേഷം പതിവുപോലെ മറ്റ് നിരവധി സ്ഫോടനക്കേസുകളിലും നിസാര്‍ പ്രതിചേര്‍ക്കപ്പെട്ടു. അവന്‍െറ  ജീവിതത്തില്‍നിന്ന് 8150 ദിവസങ്ങള്‍ ഭരണകൂടം കവര്‍ന്നെടുത്തു. കഴിഞ്ഞയാഴ്ച എല്ലാ കേസുകളില്‍നിന്നും കുറ്റമുക്തനാക്കിക്കൊണ്ട് നിസാറിനെ ജയ്പുര്‍ ഹൈകോടതി വെറുതെവിട്ടിരിക്കുകയാണ്. ഒരു മനുഷ്യന്‍െറ ജീവിതത്തിലെ വിലപ്പെട്ട 23 വര്‍ഷം കവര്‍ന്നെടുത്തശേഷം  കുഴപ്പമില്ല, ശരി പോയ്ക്കോളൂ എന്നാണ് ബഹുമാനപ്പെട്ട കോടതി പറഞ്ഞിരിക്കുന്നത്.
ഭീകരക്കുറ്റം ചാര്‍ത്തി തടവറക്കുള്ളില്‍ കെട്ടിയിടപ്പെട്ട രാജ്യത്തെ നൂറുകണക്കിന് മുസ്ലിം ജീവിതങ്ങളില്‍ ഒന്നുമാത്രമാണ് നിസാറുദ്ദീന്‍ അഹ്മദ്. സമാനമായ കേസുകളില്‍ ജയിലില്‍ കിടക്കുന്ന മറ്റുള്ളവര്‍ അനുഭവിക്കേണ്ടി വ(രു)ന്ന അതേ യാതനകളുടെ കഥകള്‍ തന്നെയാണ് നിസാറിനും പറയാനുള്ളത്. മകന്‍െറ മോചനത്തിനുവേണ്ടി സര്‍വംതുലച്ച് നിയമപോരാട്ടം നടത്തിയ പിതാവ് നൂറുദ്ദീന്‍ അഹ്മദ് മകന്‍ സ്വതന്ത്രമാകുന്നത് കാണാനുള്ള സ്വപ്നം പൂര്‍ത്തിയാവാതെ മരണത്തിന് കീഴടങ്ങി. കുടുംബസ്വത്ത് മുഴുവന്‍ നിയമപോരാട്ടത്തിനായി വിറ്റുതീര്‍ന്നു. നിസാറിന്‍െറ വാക്കുകളില്‍, ‘ഞാനിതാ ഒരു ജീവിക്കുന്ന ശവമായി നിങ്ങള്‍ക്കുമുന്നില്‍ നില്‍ക്കുന്നു’. ഡല്‍ഹിയില്‍നിന്നുള്ള ഇന്ത്യന്‍ എക്സ്പ്രസ് പത്രം പ്രസിദ്ധീകരിച്ച നിസാറിന്‍െറ ജീവിതകഥ (മേയ് 30) വായിച്ചാല്‍ ആരുടെയും കണ്ണ് നിറഞ്ഞുപോവും.
കേരളത്തിലെ രാഷ്ട്രീയനേതാവായ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവിതവും നിസാറിന്‍െറ ജീവിതവും തമ്മില്‍ സാമ്യതകളുണ്ട്. ഹുബ്ബള്ളി സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഏഴു വര്‍ഷങ്ങള്‍ക്കുശേഷം നിരപരാധിയെന്നുകണ്ട് വിട്ടയക്കപ്പെട്ട കോഴിക്കോട് മുക്കത്തെ യഹ്യ കമ്മുക്കുട്ടിയുടെയും സഹതടവുകാരുടെയും ജീവിതവും ഇതോട് ചേര്‍ത്തുവെക്കാവുന്നതാണ്. ഇത് നമുക്കറിയാവുന്ന ചില പേരുകള്‍മാത്രം. ജീവിതത്തിലെ നിറമുള്ള യൗവനം മുഴുവന്‍ തടവറക്കകത്ത് ചവച്ചരക്കപ്പെട്ട് നിരപരാധികളായി പുറത്തേക്ക്, ശൂന്യതയിലേക്ക് എറിയപ്പെടുന്ന ഇത്തരം ഒട്ടനവധി മനുഷ്യരുടെ കഥകള്‍ ഇടക്കിടക്ക് മുഖ്യധാരാ പത്രങ്ങളുടെ ഉള്‍പ്പേജുകളില്‍ സ്ഥാനംപിടിക്കാറുണ്ട്. ഈ കഥകള്‍ വായിച്ച് നാമെല്ലാം നെടുവീര്‍പ്പിടുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴും സമാനമായരീതിയില്‍ കേസുകളില്‍ കുടുക്കപ്പെട്ട് നൂറുകണക്കിനാളുകള്‍ ജയിലുകള്‍ക്കകത്ത് ദിനങ്ങള്‍ എണ്ണിത്തീര്‍ക്കുകയും ചെയ്യുന്നുണ്ട്.  ഇതൊക്കെ വായിച്ച് കസേരയിലിരുന്ന്, അയ്യോ, വലിയ മനുഷ്യാവകാശ ലംഘനമായിപ്പോയല്ളോ എന്ന് നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍തന്നെയാണ് ആളുകള്‍ ഇങ്ങനെ വീണ്ടും ഇരകളാക്കപ്പെടുന്നത് എന്ന് നമ്മള്‍ മനസ്സിലാക്കണം. പക്ഷേ, ആവര്‍ത്തിക്കുന്ന ഈ അസംബന്ധനാടകത്തിനുമാത്രം അറുതിയില്ല.
നമ്മുടെ നീതിന്യായവ്യവസ്ഥയുടെ കെടുകാര്യസ്ഥത, പൊലീസ് സംവിധാനങ്ങളുടെ മുസ്ലിംവിരുദ്ധത, ഭീകരവിരുദ്ധ പോരാട്ടം എന്ന പേരില്‍ നടക്കുന്ന കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവയുടെയൊക്കെ സര്‍വം തികഞ്ഞ ദൃഷ്ടാന്തമാണ് നിസാറുദ്ദീന്‍ അഹ്മദിന്‍െറ ജീവിതം. പക്ഷേ, ഈ പ്രശ്നം അങ്ങനെയങ്ങ് പരിഹരിക്കപ്പെടും എന്ന്  പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഭീകരവാദികളെന്ന് തോന്നുന്നവരെയൊക്കെ അനന്തകാലം അകത്ത് പൂട്ടിയിടണമെന്ന് വിചാരിക്കുന്നവരാണ് നാട് ഭരിക്കുന്നത്. അങ്ങനെ ജീവിതം മുട്ടിപ്പോയ നിസ്സഹായര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതൊക്കെ തീവ്രവാദമാണെന്ന് വിചാരിക്കുന്നവര്‍ പ്രതിപക്ഷത്തും ധാരാളമുണ്ട്. അങ്ങനെയൊരു കാലത്ത് മനുഷ്യാവകാശത്തെക്കുറിച്ചും ഉയര്‍ന്ന ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും സംസാരിക്കുകയെന്നതുതന്നെ വലിയ ജോലിയാണ്. അതിനാല്‍ നമുക്ക് നിസാറിനെപ്പോലുള്ള മനുഷ്യരെക്കുറിച്ച് പിന്നെയും പിന്നെയും സംസാരിച്ചുകൊണ്ടേയിരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.