മറയുന്നില്ല, ആ നക്ഷത്രം

ഒരു വറ്റുപോലും ഉപേക്ഷിക്കാത്ത, ഒരു വൃക്ഷശിഖരംപോലും വെറുതെ വെട്ടിയെടുക്കാത്ത ഇന്ത്യന്‍ ആദിവാസി ജീവിതശൈലിയാണ് തന്നെ അടിമുടി മാറ്റിമറിച്ചതെന്ന് മഹാശ്വേത ദേവി ഉറച്ചുവിശ്വസിച്ചിരുന്നു. ഒരുപക്ഷേ, ജീവിതത്തിന്‍െറ ഒരു ഘട്ടത്തില്‍ ബംഗാളിലെ ആദിവാസികളായ ഗോണ്ടുകള്‍ക്കും ഭീലുകള്‍ക്കുമിടയിലേക്ക് യാത്ര പോയില്ലായിരുന്നുവെങ്കില്‍, നന്ദിഗ്രാമിനും സിംഗൂരിനുമെതിരെ ശബ്ദമുയര്‍ത്തിയ, ബംഗാളില്‍ കൊടുങ്കാറ്റുയര്‍ത്തിയ മഹാശ്വേത ദേവി ഉണ്ടാകുമായിരുന്നില്ല.  ധാക്കയില്‍ ജനിക്കുകയും വിഭജനത്തിനുശേഷം കൊല്‍ക്കത്തയിലേക്ക് കുടിയേറുകയും ചെയ്ത  മഹാശ്വേത ദേവിയില്‍ വിഭജനത്തിന്‍െറ ചില മുറിവുകള്‍ എല്ലാ കാലത്തും അവശേഷിച്ചിരുന്നു. കവിയും നോവലിസ്റ്റുമായിരുന്ന അച്ഛന്‍ മനീഷ് ഘട്ടക്കിന്‍െറ ഇളയ  സഹോദരന്‍ വിഖ്യാത ചലച്ചിത്രസംവിധായകന്‍ ഋത്വിക് ഘട്ടക്കിനെ ആത്മഹത്യക്ക് തുല്യമായ അരാജക ജീവിതത്തിലേക്ക് നയിച്ചത്  വിഭജനത്തിന്‍െറ എപ്പോഴും നീറിക്കൊണ്ടിരുന്ന മുറിവുകളായിരുന്നുവെന്ന് മഹാശ്വേത മനസ്സിലാക്കിയിരുന്നു. ആ മുറിവുകളില്‍ ചിലത് മഹാശ്വേതയുടെ എഴുത്തുലോകത്തുമുണ്ട്.

എന്നാല്‍, ഇതിനിടയിലാണ് ഉപഭോഗാസക്തിയില്ലാത്ത, സ്ത്രീക്കും പുരുഷനും തുല്യത ലഭിക്കുന്ന, സ്വയംപര്യാപ്തമാകാന്‍ പൊരുതുന്ന ആദിവാസികളുടെ ജീവിതശൈലിയിലേക്ക് അവര്‍ ആകൃഷ്ടരായത്. ശാന്തിനികേതനിലെ പഠനകാലമാണ് അതിനു കളമൊരുക്കിയത്.  അതിലൂടെ ലഭിച്ച വെളിച്ചം പില്‍ക്കാലത്ത് അവരുടെ സാഹിത്യലോകത്തെ പൂര്‍ണമായും നിയന്ത്രിക്കുകയായിരുന്നു. എഴുത്തിന്‍െറ കലയിലും സൗന്ദര്യത്തിലും ഒരിക്കലും വിട്ടുവീഴ്ചക്ക് അവര്‍ തയാറായില്ല.  1084ന്‍െറ അമ്മ, കുഞ്ഞുമുണ്ടയും അവന്‍െറ അമ്പും, ഭാവനയിലെ ഭൂപടങ്ങള്‍, വനത്തിന്‍െറ അധികാരം, രുദാലി തുടങ്ങി അവരെഴുതിയ  എല്ലാ കൃതികളും എഴുത്തിന്‍െറ മാസ്മരികത പകര്‍ന്നു. ‘പരിഷ്കൃത സമൂഹത്തിന്‍െറ’ കാടുകളിലേക്കുള്ള കടന്നുകയറ്റവും അനിയന്ത്രിതമായ പ്രകൃതിവിഭവചൂഷണവും ആദിവാസികളെ പട്ടിണിക്കാരും ദരിദ്രരുമാക്കിയപ്പോള്‍ അവിടെയെല്ലാം ഓടിയത്തെി  പൊരുതാന്‍, എഴുത്തുകാര്‍ ആക്ടിവിസ്റ്റുകള്‍കൂടിയാണെന്ന് തെളിയിക്കാന്‍ അവര്‍ എന്നും മുന്നില്‍ നിന്നു. ബംഗാളിലെ ആദിവാസി മേഖലകളില്‍ മാത്രമല്ല, ബിഹാര്‍, ഛത്തിസ്ഗഢ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ആദിവാസി സമരങ്ങള്‍ക്കും അവര്‍ എഴുത്തുകൊണ്ടും പോരാട്ടവീര്യംകൊണ്ടും ഇന്ധനം നിറച്ചു. തിരസ്കൃതരായ ജനവിഭാഗങ്ങളെ ‘കുറ്റവാളി ഗോത്ര’ങ്ങളായി കാണുന്ന രീതിയെയും അവര്‍ ചോദ്യംചെയ്തു.

 ‘അരണ്യേര്‍ അധികാര്‍’ (വനത്തിലെ അധികാരം-1977) എന്ന നോവല്‍ മുതല്‍ ഒരു നിലക്കല്ളെങ്കില്‍ മറ്റൊരു നിലക്ക് ഭ്രാന്തമായ വികസന നയങ്ങളുടെ ഇരകളാക്കപ്പെടുകയും അതിനാല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് അവരുടെ നോവലുകളിലും ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും നിറഞ്ഞുനിന്നത്. ആധുനിക വികസനം കൂടുതല്‍ കൂടുതല്‍ അയിത്തജാതിക്കാരെ എങ്ങനെ ഉല്‍പാദിപ്പിക്കുന്നു എന്ന് നിരന്തരമായി അന്വേഷിക്കുകയും അത് തന്‍െറ സര്‍ഗരചനകളില്‍ രേഖപ്പെടുത്തുകയും ചെയ്ത അപൂര്‍വം ഇന്ത്യന്‍ എഴുത്തുകാരില്‍ ഒരാളായിരുന്നു അവര്‍. കുടിയേറ്റ തൊഴിലാളികള്‍, ദലിതുകള്‍, ഭൂരഹിതര്‍, ദരിദ്രരും ഉപേക്ഷിക്കപ്പെട്ടവരുമായ സ്ത്രീകള്‍, അവകാശങ്ങളൊന്നും ലഭിക്കാത്ത ആദിവാസികള്‍... ഇവരുടെ പ്രശ്നങ്ങളും ജീവിതവും പകര്‍ത്താന്‍ ശ്രമിച്ച് എന്നും വിമതശബ്ദത്തിന് ഉടമയാവുകയായിരുന്നു  അവര്‍. ആ ശബ്ദത്തെ അംഗീകരിച്ച് രാജ്യം അവര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.  സാമൂഹികപ്രവര്‍ത്തനത്തിന് മഗ്സസെ അവാര്‍ഡും സാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നല്‍കി. എന്നാല്‍, പുരസ്കാരങ്ങള്‍ അവരെ ഒരിക്കലും അധികാരത്തോടൊട്ടിനില്‍ക്കുന്ന ഒരാളാക്കി മാറ്റിയില്ല.  അതുകൊണ്ടാണ് ബലംപ്രയോഗിച്ച് കര്‍ഷകരുടെ ഭൂമി സ്വന്തമാക്കി കോര്‍പറേറ്റുകളുടെ ബിസിനസ് പദ്ധതികള്‍ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും കൊണ്ടുവരാന്‍  ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെ പ്രതിരോധിച്ച് തോല്‍പിക്കാന്‍ മഹാശ്വേത നിര്‍ഭയം മുന്നോട്ടുവന്നത്. ആ സമരങ്ങള്‍ ബംഗാളിലെ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്കേല്‍പിച്ച പ്രഹരം അങ്ങേയറ്റം കടുത്തതായിരുന്നു.

കേരളത്തിലും സമാന സംഭവങ്ങളോട് പ്രതികരിച്ചുകൊണ്ട് പലതവണ അവര്‍ എത്തുകയുണ്ടായി. 2008 മേയില്‍ മൂലമ്പിള്ളി കുടിയിറക്കലിനെതിരെയുള്ള സമരമുഖത്ത് എത്തി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തുറന്ന കത്തെഴുതാന്‍ അവര്‍ തയാറായി.  2010ല്‍ വിവിധ പരിസ്ഥിതിസമരങ്ങളുടെ സംയുക്ത കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുമത്തെി.  ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ കേരളത്തിന് പുറത്തുനിന്ന് കേട്ട ശബ്ദങ്ങളില്‍ ഒന്ന് ഈ എഴുത്തുകാരിയുടേതായിരുന്നു. അവരുടെ  1048ന്‍െറ അമ്മ (വിവ: കെ. അരവിന്ദാക്ഷന്‍), ബ്യാധ് ഖണ്ടാ (വിവ: ലീല സര്‍ക്കാര്‍), കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (വിവ: ആനന്ദ്) തുടങ്ങിയ  പുസ്തകങ്ങള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. ഈ വിവര്‍ത്തനങ്ങള്‍ അവരെ  മലയാളി  വായനക്കാരുമായി കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. എഴുത്തും ആക്ടിവിസവും ഒന്നിപ്പിക്കാന്‍ കഴിഞ്ഞ ഇതിഹാസ തുല്യമായ ജീവിതമായിരുന്നു അവരുടേത്.  ഋത്വിക് ഘട്ടക്കിന്‍െറ മേഘ ധാക്കാ താര (മേഘം മറച്ച നക്ഷത്രം)യിലെ അധ്യാപികയായ നായികക്ക് രോഗംമൂലം നഷ്ടപ്പെട്ട ജീവിതം കണ്ടുവളര്‍ന്ന മഹാശ്വേത എന്നും ഇരുട്ടിലേക്ക് മായുംമുമ്പ് നക്ഷത്രങ്ങളുടെ സൗന്ദര്യവും വെളിച്ചവും ഭൂമിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്. അങ്ങനെ സ്വയം നക്ഷത്രമായി മാറ്റപ്പെട്ട അവര്‍ നമുക്കിടയില്‍നിന്ന് മായുന്നില്ല. ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ അത്രയും പ്രവചനാത്മകമായാണ് അവര്‍ അവതരിപ്പിച്ചത് എന്നതിനാല്‍ പ്രത്യേകിച്ചും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.