യു.ഡി.എഫിലെ പ്രതിസന്ധി

കേരള സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇത$പര്യന്തമുള്ള പതിവ് തെറ്റിക്കാതെ ഭരണപക്ഷത്തെ താഴെ ഇറക്കി പ്രതിപക്ഷത്തെ അധികാരത്തിലേറ്റിയ ജനങ്ങള്‍ അസ്വാഭാവികമായി ഒന്നും ചെയ്തിട്ടില്ളെന്ന്് തിരിച്ചറിഞ്ഞു, തെറ്റുകള്‍ തിരുത്താനും, ജീവനുള്ള പ്രതിപക്ഷമായി സര്‍ക്കാറിന്‍െറ വീഴ്ചകളും പാളിച്ചകളും തുറന്നുകാട്ടി നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുമുള്ള യത്നത്തിലേര്‍പ്പെടാനാണ് യു.ഡി.എഫ് ദൃഢനിശ്ചയം ചെയ്യുകയെന്ന് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്നതാണ് മുന്നണിയുടെ പോക്ക്. തിരിച്ചടി കരുതിയിരുന്നതിനേക്കാള്‍ കനത്തതായി എന്നത് ശരിതന്നെ. സീറ്റുകളുടെ എണ്ണത്തില്‍ ഇടതുമുന്നണിക്കുണ്ടായ നേട്ടം ഗംഭീരമാണെന്നുള്ളതും സമ്മതിക്കാം. പക്ഷേ, ഇതിലും മോശമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന പാര്‍ട്ടിയാണ് യു.ഡി.എഫിലെ മുഖ്യ പങ്കാളി എന്നോര്‍ക്കണം. 1967ലെ തെരഞ്ഞെടുപ്പില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍െറ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയോടേറ്റുമുട്ടേണ്ടി വന്നപ്പോള്‍ വെറും ഒമ്പത് സീറ്റുകളിലൊതുങ്ങിയ ചരിത്രം കോണ്‍ഗ്രസിനുണ്ടെന്നിരിക്കെ ഉയിര്‍ത്തെഴുന്നേല്‍പ് സാധ്യമാണെന്ന കാര്യത്തില്‍ അതിന്‍െറ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സംശയമുണ്ടാവേണ്ടതില്ല. പക്ഷേ, ഇത്തവണത്തെ തിരിച്ചടി കോണ്‍ഗ്രസിനും മുന്നണിയിലെ ഘടകകക്ഷികള്‍ക്കും ഏല്‍പിച്ച ആഘാതം യു.ഡി.എഫിന്‍െറ ഭാവിയത്തെന്നെ പിടിച്ചുലക്കുന്ന പരുവത്തിലേക്കാണ് നീങ്ങുന്നതെന്ന് ജനങ്ങള്‍ ധരിക്കേണ്ടിവരുന്നു.

തിങ്കളാഴ്ച ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍നിന്ന് മുഖ്യ ഘടകകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസ്-എം വിട്ടുനിന്നു. കോണ്‍ഗ്രസിനോട്  പൊതുവെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് വിശേഷിച്ചും കെ.എം. മാണിക്കും പാര്‍ട്ടിക്കുമുള്ള അമര്‍ഷവും പ്രതിഷേധവുമാണ് കടുത്ത തീരുമാനത്തിന് നിമിത്തമായതെന്നാണ് കരുതപ്പെടുന്നത്. താന്‍ ധനമന്ത്രിപദം രാജിവെക്കേണ്ട സാഹചര്യത്തിലേക്ക് ബാര്‍കോഴ കേസിനെ എത്തിച്ചത് ചെന്നിത്തലയാണെന്നാണ് മാണിയുടെയും പാര്‍ട്ടിയിലെ പ്രമുഖരുടെയും വിലയിരുത്തലെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാവുന്നു. സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫിലേക്കോ കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എയിലേക്കോ തല്‍ക്കാലം ചേക്കേറാന്‍ വഴിതെളിയാത്തതുകൊണ്ടുമാത്രമാണ് ഐക്യജനാധിപത്യ മുന്നണിയില്‍ കെ.എം. മാണിയുടെ പാര്‍ട്ടി തുടരുന്നതെന്നാണ് സാമാന്യ ധാരണ. കഴിഞ്ഞ ദിവസത്തെ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ആഗസ്റ്റ് 7, 8 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കാനിരിക്കുന്ന കേരള കോണ്‍ഗ്രസ് ക്യാമ്പിന് ശേഷം യു.ഡി.എഫ് യോഗത്തില്‍ സംബന്ധിക്കാമെന്നും മാണി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസുമായുള്ള ബന്ധം സാധാരണനിലയിലാവാതെ പൂര്‍വസ്ഥിതി വീണ്ടെടുക്കാനാവുമെന്ന് കരുതിക്കൂടാ. അതാവട്ടെ, കോണ്‍ഗ്രസിന്‍െറ തന്നെ വീണ്ടെടുപ്പിനെ ആശ്രയിച്ചിരിക്കുന്ന കാര്യവുമാണ്.

കോണ്‍ഗ്രസ് നട്ടെല്ല് തകര്‍ന്ന് എഴുന്നേല്‍ക്കാനാവാത്ത പതനത്തിലാണുള്ളതെന്ന് തുറന്നടിക്കുന്നത് അതിന്‍െറ പ്രബല നേതാക്കള്‍ തന്നെയാണുതാനും. കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍, എ-ഐ ഗ്രൂപ്പുകളിലൊന്നിന്‍െറയും അംഗീകാരമില്ലാതെ പാര്‍ട്ടി ഹൈകമാന്‍ഡ് കെ.പി.സി.സിയുടെ തലപ്പത്ത് കെട്ടിയിറക്കിയ വി.എം. സുധീരന്‍െറ തലയില്‍ കെട്ടിയേല്‍പിക്കുന്നതിലാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല മുതല്‍ നേതാക്കളുടെ വ്യഗ്രത മുഴുവന്‍. കളങ്കിതരായ മന്ത്രിമാര്‍ ഉള്‍പ്പെടെ ചില നേതാക്കളെ സ്ഥാനാര്‍ഥിപ്പട്ടികയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സുധീരന്‍ ഹൈകമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയിരുന്നില്ളെങ്കില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിന്‍െറ രണ്ടാമൂഴം ഉറപ്പിക്കുമായിരുന്നു എന്നാണ് കേട്ടാല്‍ തോന്നുക. യഥാര്‍ഥത്തില്‍ അവരെ മാറ്റിനിര്‍ത്താത്തതാണ് തോല്‍വി ഇത്രയേറെ ഭീമമാവാന്‍ വഴിയൊരുക്കിയതെന്ന മറുപടി സുധീരന്‍െറ പക്ഷത്തുനിന്നുമുണ്ട്. അധികാരം കൈവിടുമെന്നുറപ്പായ അന്തിമഘട്ടത്തില്‍ നടത്തിയ അവിഹിത ഇടപാടുകളിലെ കനത്ത അഴിമതി ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ പരാജയകാരണം കേവലം സ്ഥാനാര്‍ഥിപ്പട്ടികയില്‍ തിരയുന്നത് വൃഥാ വ്യായാമമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരൊറ്റ സീറ്റും നേടാനാവാതെ സംപൂജ്യരായ ജനതാദള്‍(യു)വും ആര്‍.എസ്.പിയും വോട്ടിലും സീറ്റിലും കാര്യമായ നഷ്ടം സംഭവിച്ച മുസ്ലിംലീഗും കോണ്‍ഗ്രസിന്‍െറ നേരെതന്നെയാണ് തിരിയുന്നത്. വിഴുപ്പലക്കല്‍ മതിയാക്കി, സത്യസന്ധമായ പുന$പരിശോധനക്കും പുനരേകീകരണത്തിനും കോണ്‍ഗ്രസ് തയാറില്ളെങ്കില്‍ സ്വാഭാവികമായുണ്ടാവുന്ന ശൂന്യതയിലേക്ക് എന്‍.ഡി.എ കയറിവരാനുള്ള സാധ്യതയും നിരാകരിക്കപ്പെടുന്നില്ല.

കാര്യബോധവും ദീര്‍ഘദൃഷ്ടിയും ആജ്ഞാശക്തിയുമുള്ള ദേശീയ നേതൃത്വത്തിന്‍െറ അഭാവം കോണ്‍ഗ്രസിനെ അഭൂതപൂര്‍വമായി ക്ഷീണിപ്പിക്കുന്നുണ്ടെന്നത് വസ്തുതയാണ്. അത് മനസ്സിലാക്കി സംസ്ഥാനതലത്തിലെങ്കിലും മതനിരപേക്ഷ ജനാധിപത്യ ബദലിന്‍െറ റോളില്‍ കോണ്‍ഗ്രസിനെ വിശേഷിച്ചും യു.ഡി.എഫിനെ പൊതുവെയും ഉറപ്പിച്ചുനിര്‍ത്താനുള്ള ശ്രമകരമായ ദൗത്യമാണ് കോണ്‍ഗ്രസിന് നിര്‍വഹിക്കാനുള്ളത്. ഗ്രൂപ്പുകളി മൂര്‍ച്ഛിപ്പിച്ചും കണ്ണില്‍ കരടായവരെ പുകച്ചുചാടിച്ചും യു.ഡി.എഫ് ഘടകകക്ഷികളെ പിണക്കിയും മതനിരപേക്ഷ നിലപാടുകളില്‍ ചാഞ്ചല്യം കാട്ടിയും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് വഴങ്ങിയും ഇനിയങ്ങോട്ട് മുന്നോട്ടുനീങ്ങാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടുന്നുവെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ. അതേസമയം, കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ കുത്തിത്തിരിപ്പുകള്‍ മാത്രമാണ്, താനും പാര്‍ട്ടിയും നേരിട്ട തിരിച്ചടികളുടെ പിന്നില്‍ എന്ന് കെ.എം. മാണിയും വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ജനങ്ങള്‍ മുഖവിലക്കെടുക്കില്ല. എല്ലാവരും നഗ്നരായ കുളിമുറിയില്‍ ഒരാള്‍മാത്രം താന്‍ ഉടുത്തവനാണെന്ന് വിളിച്ചുകൂവുന്നത് പരിഹാസ്യമായാണ് കലാശിക്കുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.