ഓടജീവിതങ്ങളുടെ നിലവിളി

ഉദാരീകരണത്തിന്‍െറ പുത്തന്‍ സാമ്പത്തികനയത്തിന് തുടക്കമിട്ടതിന്‍െറ രജതജൂബിലിയാഘോഷിക്കുകയാണ് സട കൊഴിഞ്ഞ കോണ്‍ഗ്രസ്. മറുഭാഗത്ത് കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് മുന്നിട്ടിറങ്ങിയ ഭാരതീയ ജനതാപാര്‍ട്ടിയാകട്ടെ, നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യത്തെ പൂര്‍ണമായി കുത്തകകള്‍ക്ക് തുറന്നിട്ടിരിക്കുന്നു. സാമ്പത്തികപരിഷ്കരണത്തില്‍ കോണ്‍ഗ്രസിന്‍െറ ബി ടീം കളിക്കാനേ ബി.ജെ.പിക്ക് ആവുന്നുള്ളൂ. ആരായാലും കളിക്കുന്നത് കണക്കുകള്‍ വെച്ചുതന്നെ. നാടും നാട്ടാരും അനുഭവിക്കുന്ന ദുര്യോഗമെന്തായാലും കണക്കുകള്‍ കൊണ്ട് അതിന്‍െറ ഓട്ടയടക്കുന്നതില്‍ കോണ്‍ഗ്രസിന് പഠിക്കുകയല്ല, അവരെ കടത്തിവെട്ടുകയാണ് ബി.ജെ.പി. എന്നാല്‍, ഭരണക്കാരുടെ ഈ കണക്കുകളിലല്ല കാര്യം എന്നു തിരിച്ചറിയുമ്പോള്‍ ജനം കലാപത്തിന് കോപ്പുകൂട്ടും. ലോകമൊട്ടുക്കും നടന്ന് വീരവാദങ്ങളുടെ വെടിയുതിര്‍ക്കുന്നതില്‍ കേമത്തം തെളിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായി ദീര്‍ഘനാള്‍ വാണ ഗുജറാത്തില്‍തന്നെ ഈയടുത്തകാലത്ത് ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും ഒരുപോലെ കലാപമുയര്‍ത്തിയത് ഇതിന്‍െറ ഒന്നാന്തരം തെളിവാണ്. പൗരന്മാരിലെ അസംതൃപ്തരുടെ പ്രക്ഷോഭങ്ങളെ സ്റ്റേറ്റിന്‍െറ അധികാരമുഷ്കും രാഷ്ട്രീയ ചതുരുപായങ്ങളും ഉപയോഗിച്ച് അടിച്ചൊതുക്കാം; കണക്കുകള്‍ മായ്ച്ചും പെരുപ്പിച്ചും പ്രശ്നപരിഹാരമുണ്ടാക്കിയതായി സ്വയം സമാധാനിക്കാം. എന്നാല്‍, പ്രശ്നമത്രയും പിന്നെയും പുകഞ്ഞുകൊണ്ടിരിക്കുകയും രാജ്യത്തെ നാണം കെടുത്തുകയും ചെയ്യും.

മോദിയുടെ ‘നല്ല നാള്‍’ ഭരണത്തില്‍ ഇന്ത്യ നേരിടുന്ന സുപ്രധാനപ്രശ്നമാണ് വൃത്തിയും വെടിപ്പുമില്ലായ്മയെന്ന് ‘ശൗചാലയ’, ‘സ്വച്ഛഭാരത്’ കാമ്പയിനുകള്‍ ലോകത്തെ വിളിച്ചറിയിക്കുന്നുണ്ട്. എല്ലാവരും കക്കൂസുകള്‍ നിര്‍മിച്ചു കഴിഞ്ഞാല്‍ സ്വതന്ത്ര ഇന്ത്യ രക്ഷപ്പെട്ടു എന്നിടത്തോളമാണ് പ്രചാരവേലകളുടെ പോക്ക്. നല്ലതുതന്നെ. എന്നാല്‍, രാജ്യത്തിന്‍െറ ‘നാറുന്ന’ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിലോ അതുമൂലം നീറുന്ന ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിലോ ജനത്തെ ബോധവത്കരിക്കുന്ന ഗവണ്‍മെന്‍റിന് എത്രമാത്രം ശ്രദ്ധയുണ്ട് എന്നു വിലയിരുത്തുമ്പോള്‍ നിരാശയാണ് ബാക്കി. അവിടെ കണക്കുകള്‍ തരംപോലെ മറച്ചും മറിച്ചും ഉപായങ്ങളിലൂടെ രക്ഷപ്പെടുകയാണ് സര്‍ക്കാര്‍. ഫലമോ, നിയമംമൂലം നിരോധിക്കപ്പെട്ടിട്ടും സുപ്രീംകോടതി ഇടപെട്ടിട്ടും ആയിരക്കണക്കിന് ദലിതര്‍ മനുഷ്യമലം വാരിയും ഓടകളില്‍ മുങ്ങിക്കോരിയും ജീവിതം തള്ളിനീക്കേണ്ടി വരുന്നു. അധികൃതരാകട്ടെ, കണക്കുകള്‍ മായ്ച്ച് കണ്ണുംപൂട്ടി രക്ഷപ്പെടുന്നു.
കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന പട്ടികജാതിക്കാര്‍ക്കായുള്ള ദേശീയ കമീഷന്‍െറ അവലോകനയോഗത്തിലുമുണ്ടായി കണക്കുകള്‍ വെച്ചുള്ള ഈ കണ്ണുംപൂട്ടിക്കളി.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തുറന്ന കക്കൂസുകളുടെയും തോട്ടിപ്പണിയെടുക്കുന്നവരുടെയും കണക്കെടുക്കാനും അവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാനും സെക്രട്ടറിമാരും ഉന്നതോദ്യോഗസ്ഥരും ഒത്തുചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളിലെ പൊരുത്തക്കേടുകള്‍ കണ്ട്, കമീഷന്‍ അദ്ഭുതം കൂറി. രാജ്യത്തങ്ങോളമിങ്ങോളം ഇപ്പോഴും ഉപയോഗത്തിലുള്ള തുറന്ന കക്കൂസുകള്‍ മുഴുവന്‍ താനേ വൃത്തിയാകുകയാണോ എന്നായിരുന്നു കമീഷന്‍െറ സംശയം. കാരണം കക്കൂസുകളുടെയും തോട്ടിപ്പണിയിലേര്‍പ്പെട്ടിരിക്കുന്നവരുടെയും എണ്ണം തമ്മിലുള്ള പൊരുത്തക്കേട് കണ്ടായിരുന്നു ഈ ചോദ്യം. 1,57,321 എണ്ണം കക്കൂസുകളുള്ള തെലങ്കാനയില്‍ തോട്ടികള്‍ ഒരാള്‍ പോലുമില്ല. 4,391 എണ്ണം കക്കൂസുകളുള്ള ഛത്തിസ്ഗഢില്‍ മൂന്നുപേര്‍ മാത്രം. 39,362 എണ്ണമുള്ള മധ്യപ്രദേശില്‍ തോട്ടികള്‍ 36....ഇങ്ങനെ പോകുന്ന കണക്കുകള്‍ ചൂണ്ടിയാണ് കമീഷന്‍ ഉദ്യോഗസ്ഥരെ കളിയാക്കിയത്. കഴിഞ്ഞവര്‍ഷം ഗവണ്‍മെന്‍റ് പുറത്തിറക്കിയ ജാതിതിരിച്ച സാമൂഹിക, സാമ്പത്തിക സെന്‍സസ് അനുസരിച്ച് രാജ്യത്ത് 1,80,657 വീട്ടുകാര്‍ തോട്ടിപ്പണിയെ ആശ്രയിച്ചു ജീവിക്കുന്നു എന്ന കണക്കിരിക്കെയാണ് ഉദ്യോഗസ്ഥരുടെ ഈ നാണക്കേട് മറച്ചുപിടിക്കല്‍.

രാജ്യത്ത് നിരോധിക്കപ്പെട്ട ഈ വൃത്തിഹീനമായ വൃത്തിയിലേര്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഗവണ്‍മെന്‍റ് ബജറ്റില്‍ നീക്കിവെച്ച 470.19 കോടി രൂപയും ചെലവഴിച്ചതിന് രേഖയില്ല. ഗുജറാത്തിലെ ഉനയില്‍ ചത്ത കാലികളുടെ തൊലിയുരിച്ചതിന് ദലിതരെ തല്ലിച്ചതച്ചതിന് പിന്നാലെ പ്രമുഖ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ‘വികസിത ഗുജറാത്തി’ന്‍െറ മറുമുഖമാണ് വെളിച്ചത്തായത്. അഹ്മദാബാദ്, മെഹ്സാന, സുരേന്ദ്രനഗര്‍ എന്നിവിടങ്ങളിലെ 1589 ദലിത് ഗ്രാമങ്ങളിലെ 77 ശതമാനം മലം കോരിയും 97 ശതമാനം ശവങ്ങള്‍ അടക്കം ചെയ്തും കാലയാപനം നടത്തുന്നുവെന്നായിരുന്നു കണക്ക്. ഇത്തരം ജോലികള്‍ ചെയ്യുന്നവരെ മനുഷ്യരായി ഗണിക്കാനോ അവര്‍ക്ക് അര്‍ഹമായ സര്‍ക്കാര്‍ ജോലികളെക്കുറിച്ച് വിവരം നല്‍കാനോ പോലും സഹജീവികളായ ഇതര ജനവിഭാഗങ്ങളോ സര്‍ക്കാറോ തയാറാകുന്നില്ല.

തോട്ടിപ്പണി നിര്‍മാര്‍ജനത്തിന് യത്നിക്കുന്ന കൂട്ടായ്മയായ സഫായി കര്‍മചാരി ആന്ദോളന്‍ എന്ന സംഘടന കഴിഞ്ഞ ഏപ്രിലില്‍ വിവിധ സംസ്ഥാനങ്ങളിലെ 500 കേന്ദ്രങ്ങളില്‍ നടത്തിയ പര്യടനത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘ഞങ്ങളെ കൊല്ലുന്നത് നിര്‍ത്തുക’ എന്നായിരുന്നു. രണ്ടു കവിള്‍ മദ്യത്തിന്‍െറ മാത്രം ചെലവില്‍ സെപ്റ്റിക് ടാങ്കുകളിലും ഓടകളിലും മുങ്ങിത്താഴ്ന്ന് അഞ്ഞൂറു രൂപക്കുവേണ്ടി ആയുസ്സ് നശിപ്പിക്കേണ്ടി വരുന്നവരുടെ കൂട്ട നിലവിളിയായിരുന്നു അത്. കള്ളക്കണക്കുകള്‍ കൊണ്ട് ഈ നിലവിളിയുടെ വായ പൊത്തിപ്പിടിക്കുന്ന ഭരണാധികാരികള്‍ക്ക് എന്നാണാവോ നാറ്റക്കുണ്ടില്‍നിന്ന് ഈ പാവങ്ങളെയും ഈ നാടിനെയും രക്ഷപ്പെടുത്താനാവുക!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.