യഥാര്‍ഥ യുദ്ധക്കുറ്റവാളികള്‍

ഒന്നോ രണ്ടോ ഭരണാധികാരികളുടെ അധികാരപ്രമത്തതക്കും വികസനമോഹത്തിനും അഹന്തക്കും ലോകംതന്നെ കൊടുക്കേണ്ടിവന്ന കണക്കാക്കാനാവാത്ത വിലയുടെ പ്രകടമായ ഉദാഹരണമാണ് രണ്ടു ലോക യുദ്ധങ്ങള്‍. രണ്ടാം ലോക യുദ്ധത്തിന്‍െറ അതിഭയങ്കര കെടുതികളില്‍നിന്ന് ഏഴു പതിറ്റാണ്ടിനുശേഷവും മാനവ സമൂഹത്തിന് മുക്തിനേടാനായിട്ടില്ല. ഇതേ അനുഭവത്തിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 2003ലെ ബ്രിട്ടീഷ്-അമേരിക്കന്‍ ഭരണാധിപരായിരുന്ന ടോണി ബ്ളെയറുടെയും ജോര്‍ജ് ഡബ്ള്യു. ബുഷിന്‍െറയും സംയുക്ത ഓപറേഷനായറിയപ്പെടുന്ന ഇറാഖ് അധിനിവേശം. പ്രസിഡന്‍റ് സദ്ദാം ഹുസൈന്‍ കൂട്ട നശീകരണായുധങ്ങള്‍ കുന്നുകൂട്ടിയിരിക്കയാണെന്ന പച്ചക്കള്ളം ലോകത്തെക്കൊണ്ട് വിശ്വസിപ്പിച്ച് ബുഷും ബ്ളെയറും കൂടി നാറ്റോ സേനയെ ഇറാഖിലേക്കയച്ച് സ്ത്രീകളും കുഞ്ഞുങ്ങളും നിരപരാധികളായ സിവിലിയന്മാരുമടക്കം ലക്ഷക്കണക്കിനാളുകളെ കശാപ്പ് ചെയ്ത ഭീകരസംഭവത്തിന് ലോക ചരിത്രത്തില്‍ ഉദാഹരണങ്ങളില്ല. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പലതവണ ഇറാഖില്‍ അരിച്ചുപെറുക്കിയിട്ടും സംഹാരാത്മകമായ ഒരായുധവും ആണവോര്‍ജ ഉല്‍പാദനനിലയവും ഇറാഖില്‍ കണ്ടത്തെിയിരുന്നില്ല. ഏജന്‍സിയുടെ എല്ലാ ഉപാധികള്‍ക്കും വഴങ്ങാന്‍ സദ്ദാം സന്നദ്ധനുമായി വന്നു. അതിനൊന്നും പുല്ലുവില കല്‍പിക്കാതെ നാറ്റോ സേന, മുഖ്യമായും യു.എസ്-ബ്രിട്ടീഷ് പട ബഗ്ദാദിലത്തെി, ഇറാഖിനെ അക്ഷരാര്‍ഥത്തില്‍ നരകമാക്കിമാറ്റി.

സദ്ദാമിനെ  കുറ്റവിചാരണപോലും പൂര്‍ത്തിയാക്കാതെ തൂക്കിലേറ്റി. അത്യന്തം അമൂല്യമായ ചരിത്ര സ്മാരകങ്ങള്‍ വരെ നശിപ്പിക്കുകയോ സ്വദേശങ്ങളിലേക്ക് കട്ടുകടത്തുകയോ ചെയ്തു. എല്ലാം കെട്ടടങ്ങിയെന്ന് ബോധ്യമായപ്പോള്‍ നൂരി അല്‍മാലികിയെ തലപ്പത്തിരുത്തി ഒരു പാവ ഭരണകൂടത്തെ ബഗ്ദാദില്‍ പ്രതിഷ്ഠിച്ച് നാറ്റോ സേനയില്‍ ഒരു ഭാഗത്തെ പിന്‍വലിച്ചു. ജനാധിപത്യ മര്യാദകള്‍ പ്രാഥമികമായിപ്പോലും പരിചയിച്ചിട്ടില്ലാത്ത നൂരി അല്‍മാലികിയാവട്ടെ മനുഷ്യാവകാശ ധ്വംസനവും ശിയാ-സുന്നി വിവേചനവും സര്‍വശക്തിയും സംഭരിച്ച് അനുസ്യൂതം തുടര്‍ന്നപ്പോള്‍ ഇറാഖ് അശാന്തിയുടെ വറചട്ടിയിലേക്കാണ് വലിച്ചെറിയപ്പെട്ടത്. പിന്നീട് മാലികി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടുവെങ്കിലും ഇറാഖ് ശിയാ, സുന്നി, കുര്‍ദ് വിഭാഗീയതയുടെ പ്രതലത്തില്‍ മൂന്ന് രാജ്യങ്ങളാവുകയാണ് ഫലത്തില്‍ സംഭവിച്ചത്. ഇന്ന് മുസ്ലിം ലോകത്തിനും സമാധാന ലോകത്തിനാകെയും കടുത്ത ഭീഷണിയായി വളരുന്ന ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഭീകരസംഘം വാസ്തവത്തില്‍ അധിനിവേശാനന്തര ഇറാഖിലാണ് ജന്മംകൊണ്ടത്. ആ അര്‍ഥത്തില്‍ ഐ.എസ് സാമ്രാജ്യത്വത്തിന്‍െറ സന്തതിയാണുതാനും.

ഇത്രയും ഈയവസരത്തില്‍ അനുസ്മരിപ്പിക്കാന്‍ കാരണം ടോണി ബ്ളെയര്‍ എന്ന പ്രധാനമന്ത്രിയുടെ വിവേകശൂന്യമായ ചെയ്തിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സ്വന്തം രാജ്യമായ ബ്രിട്ടനിലെ ജനത അനുഭവിക്കേണ്ടിവന്നിരിക്കുന്നതെന്ന് അന്വേഷണ കമീഷന്‍ ഏഴുവര്‍ഷം നീണ്ട പഠനത്തിലൂടെ കണ്ടത്തെിയത് സായ്പിന്‍െറ നാട്ടില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ്. ബ്രിട്ടീഷ് സിവില്‍ സര്‍വിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന സര്‍ ജോണ്‍ ചില്‍കോട്ടിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഏഴു വര്‍ഷമെടുത്ത് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇറാഖിലേക്കുള്ള സൈനിക നീക്കം കടുത്ത തെറ്റായിപ്പോയെന്നും തെറ്റായ ഇന്‍റലിജന്‍സ് വിവരങ്ങളെ ആശ്രയിച്ചതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സദ്ദാം ഹുസൈന്‍ ഇറാഖില്‍ കൂട്ട നശീകരണായുധങ്ങള്‍ ഉല്‍പാദിപ്പിച്ചതിനോ ശേഖരിച്ചതിനോ കൃത്യമായ തെളിവുകളുണ്ടായിരുന്നില്ല. എന്നിട്ടും ഇറാഖ് അധിനിവേശത്തിന് യു.എന്‍ അനുമതി വാങ്ങാനുള്ള അമേരിക്കന്‍ തന്ത്രത്തിന് പാതയൊരുക്കിയതും അതില്‍ ബ്രിട്ടനെ പങ്കാളിയാക്കിയതും ടോണി ബ്ളെയറാണെന്ന് ചില്‍കോട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വാസ്തവത്തില്‍ അധിനിവേശത്തിന് ഒരു വര്‍ഷം മുമ്പുതന്നെ ഇക്കാര്യത്തില്‍ ബ്ളെയറും ബുഷും തമ്മില്‍ ധാരണയിലേര്‍പ്പെട്ടിരുന്നത്രെ. സൈനിക നീക്കത്തിലും അതിനുശേഷവും ഇറാഖിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിലും പ്രധാനമന്ത്രി ടോണി ബ്ളെയര്‍ പരാജയപ്പെടുകയാണുണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യു.എന്‍ രക്ഷാസമിതിയുടെ പൂര്‍ണ സമ്മതം പോലും ഈ നീക്കത്തിനുണ്ടായിരുന്നില്ല.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുന്‍ പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്ന മുറവിളി മുഴങ്ങുകയാണ് ബ്രിട്ടനില്‍. അദ്ദേഹത്തെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് വിവിധ കക്ഷികളില്‍പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചു എന്നതിന്‍െറ പേരില്‍ കണ്‍സര്‍വേറ്റിവ് എം.പി ഡേവിഡ് ഡേവിസ് പ്രമേയം അവതരിപ്പിക്കാന്‍ പോവുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ അദ്ദേഹത്തിന് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്്. ആയിരങ്ങളെ ഭൂമുഖത്തുനിന്ന് നാമാവശേഷമാക്കിയ ഇറാഖ് യുദ്ധം നിയമവിരുദ്ധമായിരുന്നെന്ന് അന്നത്തെ ഉപപ്രധാനമന്ത്രി ജോണ്‍ പ്രസ്കോട്ടും തുറന്നടിക്കുന്നു. 1,75,000ത്തോളം സിവിലിയന്മാരുടെ ജീവനെടുത്ത ഇറാഖ് യുദ്ധത്തിലേക്ക് നയിച്ച ആ തീരുമാനത്തെക്കുറിച്ച് ഓര്‍ക്കാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ളെന്നാണ് അദ്ദേഹം പരസ്യമായി വിലപിക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് ഭടന്മാരുടെ കുടുംബാംഗങ്ങള്‍ ബ്ളെയറിനെതിരെ നിയമയുദ്ധവും പ്രഖ്യാപിച്ചിട്ടുണ്ട്. സത്യത്തിനും നീതിക്കും എത്രയെങ്കിലും വിലകല്‍പിക്കുന്നുവെങ്കില്‍ ജോര്‍ജ് ഡബ്ള്യു. ബുഷിനെയും ടോണി ബ്ളെയറിനെയും യുദ്ധക്കുറ്റവാളികളായി വിചാരണ ചെയ്യുകയാണ് വേണ്ടത്.

ശിഥില യുഗോസ്ലാവ്യയില്‍ സെര്‍ബിയന്‍ സ്വേച്ഛാധിപതി മിലോസെവിച്ച് ചെയ്ത പൈശാചിക കൂട്ടക്കൊലകളുടെ പേരില്‍ അയാള്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണക്ക് വിധേയനായെങ്കില്‍ അതേ നീതി, ഇറാഖിലേക്ക് പട്ടാളത്തെ അയച്ച് ആ രാജ്യം തന്നെ തകര്‍ത്തുകളഞ്ഞ ഭരണാധിപരുടെ കാര്യത്തിലും നടപ്പാക്കേണ്ടതല്ളേ എന്ന ചോദ്യം തികച്ചും പ്രസക്തമാണ്. എന്നല്ല, അനന്തര ഫലങ്ങള്‍ വെച്ചുനോക്കിയാല്‍ ഇറാഖ് അധിനിവേശമാണ് പതിന്മടങ്ങ് കെടുതികള്‍ക്ക് നിമിത്തമായത്. രാഷ്ട്രാന്തരീയ രാഷ്ട്രീയത്തില്‍ ഇരട്ടത്താപ്പും രണ്ടുതരം ‘നീതി’യും തുടരുന്നേടത്തോളം കാലം ലോകത്ത് സമാധാനം കൈവരാന്‍ പോവുന്നില്ളെന്ന് തീര്‍ച്ച.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.